ബജറ്റ് ഏശിയില്ല, ഓഹരി കമ്പോളം കനത്ത പതനത്തിൽ

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യവ്യാപാര ദിനത്തിൽ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ളോസ് ചെയ്തു. സെന്‍സെക്സ് 792.82  പോയിന്റ് താഴ്ന്ന് 38,720.57-ലും നിഫ്റ്റി252 .55 പോയിന്റ് നഷ്ടത്തോടെ 11,558.60 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. ഒട്ടു മിക്ക കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ്. വിപണിയുടെ പ്രതീക്ഷക്കൊത്ത് ബജറ്റ് ഉയർന്നില്ലെന്ന നിഗമനമാണ് വൻ ഇടിവിലേക്ക് നയിച്ചത്.

ഓട്ടോ, ബാങ്കിംഗ്, ധനകാര്യ, മീഡിയ, മെറ്റല്‍ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. ബജാജ് ഫിന്‍സീവിന്‍റെ ഓഹരികളില്‍ 10 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. ഹിറോ മോട്ടോകോര്‍പ്പിനും നഷ്ടമുണ്ടായി. അതേസമയം യെസ് ബാങ്ക്, ടി സി എസ്, ജെ എസ് ഡബ്യു, എച്ച് സി എല്‍ ടെക്ക് എന്നിവയുടെ ഓഹരികള്‍ ലാഭത്തിലാണ് തിങ്കളാഴ്ച വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Read more

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ നിർദേശങ്ങളോടുള്ള നിരാശയാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം വർധിപ്പിക്കൽ, ഉയർന്ന ആസ്തിമൂല്യമുള്ള വ്യക്തികളിൽ നിന്ന് ഈടാക്കുന്ന ആദായനികുതിയിന്മേലുള്ള സർചാർജ് കുത്തനെ വർധിപ്പിക്കൽ തുടങ്ങിയ ബജറ്റ് നിർദേശങ്ങളാണ് വിപണിയിലെ തിരിച്ചടിക്കു കാരണമെന്നാണ് വ്യക്തമാകുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും രണ്ട് ശതമാനത്തിലധികം ഇന്ന് ഇടിഞ്ഞു.