കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് പുതിയ മരുന്ന് കണ്ടെത്തി ടാറ്റയുടെ കീഴിലുള്ള ആശുപത്രി. ടാറ്റ മെമ്മോറിയല്‍ ആശുപത്രിയാണ് കഴിക്കാവുന്ന കീമോതെറാപ്പി മരുന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രീവാള്‍ എന്നു പേരിട്ട മരുന്ന് രാജ്യത്തെ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഉടന്‍ എത്തിക്കുമെന്ന് ടാറ്റ അറിയിച്ചു.
മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലും നവിമുംബൈയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് ആന്‍ഡ് എജുക്കേഷന്‍ ഇന്‍ കാന്‍സറും സംയുക്തമായി ബെംഗളൂരുവിലെ ഐ.ഡി.ആര്‍.എസ്. ലാബുമായി ചേര്‍ന്നാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യയില ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള പതിനായിരത്തോളം കുട്ടികളില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്കായി ദ്രവരൂപത്തിലുള്ള കീമോതെറാപ്പി മരുന്ന് യൂറോപ്പിലും അമേരിക്കയിലും നേരത്തേ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ലഭ്യമായിരുന്നില്ലെന്ന് ടാറ്റ മെമ്മോറിയല്‍ സെന്ററിലെ ഡയറക്ടര്‍ ഡോ. ബാനാവലി വ്യക്തമാക്കി.
കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്കായി കഴിക്കാവുന്ന, രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിതെന്ന് ടാറ്റ മെമ്മോറിയല്‍ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ മരുന്ന് പൊടിരൂപത്തിലുള്ളതാണ്. കുട്ടികളുടെ ശരീരഭാരത്തിന് ആനുപാതികമായി കൃത്യമായ ഡോസ് നല്‍കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണമായി കാണുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയ്ക്കാണ് മരുന്ന് ഉപയോഗിക്കാന്‍ സാധിക്കുകയെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Read more
മരുന്നിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഐ.ഡി.ആര്‍.എസ്. ലാബ്‌സ് ആണ് ഇത് വിതരണം ചെയ്യുക.