കമ്പനിയുടെ ലാഭം ഉയര്‍ന്നതോടെ ജീവനക്കാര്‍ക്ക് വന്‍ അനുകൂല്യങ്ങളുമായി ടാറ്റ സ്റ്റീല്‍. 2022-2023 വര്‍ഷത്തെ വാര്‍ഷിക ബോണസായി ജീവനക്കാര്‍ക്ക് മൊത്തം 314.70 കോടി രൂപ നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍ അറിയിച്ചു. ജീവനക്കാരില്‍ ഏറ്റവും കൂറവ് ബോണസ് 42,561 രൂപയും കൂടിയ ബോണസ് 4,61,019 രൂപയും ആയിരിക്കും.
ടാറ്റ വര്‍ക്കേഴ്സ് യൂണിയനുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടാറ്റ സ്റ്റീലിന്റെ പുതിയ പ്രഖ്യാപനം.
ടാറ്റ സ്റ്റീലിലെ ഭൂരിഭാഗം ജീവനക്കാരും 2015-ലെ ബോണസ് (ഭേദഗതി) നിയമത്തില്‍ പറഞ്ഞിരിക്കുന്ന പരിധിയേക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണ്. പക്ഷേ, അവര്‍ക്ക് ഈ നിയമപ്രകാരം ബോണസ് നല്‍കേണ്ട. എന്നാല്‍ ടാറ്റ സ്റ്റീല്‍ യൂണിയനൈസ്ഡ് വിഭാഗത്തിലെ എല്ലാ ജീവനക്കാര്‍ക്കുംബോണസ് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്.
മാനേജ്മെന്റിന് വേണ്ടി സിഇഒയും എംഡിയുമായ ടി വി നരേന്ദ്രന്‍, വൈസ് പ്രസിഡന്റ് (എച്ച്ആര്‍എം) ആത്രയി സന്യാല്‍, മറ്റ് സീനിയര്‍ എക്സിക്യൂട്ടീവുകള്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് ടിഡബ്ല്യുയു പ്രസിഡന്റുമായ സഞ്ജീവ് കുമാര്‍ ചൗധരിയും ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ സിംഗും മറ്റ് ഭാരവാഹികളും ഒപ്പുവച്ചു. ജംഷഡ്പൂര്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍, രാകേഷ് പ്രസാദിന്റെ സാന്നിധ്യത്തിലാണ് വാര്‍ഷിക ബോണസ് ഒപ്പുവെക്കല്‍ നടന്നത്.