കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍ണ്ണമായ വര്‍ദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ലോണുകളിലും 38% വര്‍ധനവുണ്ടായി.

കെ-സ്റ്റോര്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൂര്‍ണമായും പ്രശ്നരഹിതമായിരിക്കും സംരംഭങ്ങള്‍ എന്ന ധാരണ വേണ്ട. പക്ഷെ അവയെ മറികടക്കാനുള്ള സഹായം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. വെളിച്ചെണ്ണ, പ്രാദേശിക വിഭവമായ ചക്കയുടെ ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളില്‍ പുതിയ സാധ്യതകളുണ്ട്.

കേരളത്തില്‍ നിരവധി പുതിയ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഇവയൊക്കെയും സംരംഭകര്‍ പ്രയോജനപ്പെടുത്തണം. അവരവരുടെ പരിചിതമേഖലയ്ക്ക് അനുസരിച്ചായിരിക്കണം സംരംഭങ്ങള്‍ ആരംഭിക്കേണ്ടത്. എടുത്തുചാടി സംരംഭങ്ങള്‍ ആരംഭിക്കരുത്, അതിനാവശ്യമായ പഠനങ്ങള്‍ നടത്താനും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയവര്‍ക്കായി ചെറുകിട/ ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ അസാപ് കേരള നടപ്പിലാക്കുന്ന ”സംരംഭം” പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.

കേരളത്തിലെ എട്ട് ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംരംഭം പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികള്‍, സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍, നോര്‍ക്ക ഭാരവാഹികള്‍ കൂടാതെ പ്രവാസി ഫോറം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും വിദഗ്ധരുമായുള്ള ഇന്ററാക്ടിവ് സെഷനും സംഘടിപ്പിച്ചു.