സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാത്തതു നിരാശാജനകം; ബജറ്റില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കാനുള്ള ശ്രമമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വളരെ ഉയര്‍ന്ന നിരക്കിലായതിനാല്‍ വലിയ തോതിലുള്ള സ്വര്‍ണ കള്ളക്കടത്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം .പി. അഹമ്മദ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ തീരുവ കുറയ്ക്കാത്തതു നിരാശാജനകമാണ്. ഇപ്പോള്‍ 15 ശതമാനമാണ് ഫലത്തില്‍ ഇറക്കുമതി തീരുവ. അത് കുറയ്ക്കാതെ കള്ളക്കടത്തും നിയമവിരുദ്ധ കച്ചവടവും നിയന്ത്രിക്കാന്‍ കഴിയില്ല. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ ഇക്കാര്യം പരിഗണിക്കണം.
ലാബില്‍ നിര്‍മിക്കുന്ന ഡയമണ്ടുകളുടെ പ്രോത്സാഹനത്തിന് ഗവേഷണ-വികസന വിഭാഗം ആരംഭിക്കാനായി ഒരു ഐ.ഐ.ടിക്ക് സഹായം നല്‍കാനുള്ള പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ലാബ് ഡയമണ്ട ് സീഡിന്റെ ഡ്യൂട്ടി കുറച്ചതും നല്ല തീരുമാനമാണെന്നും എം.പി. അഹമ്മദ് പറഞ്ഞു.

കേന്ദ്ര ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണെന്നും ആഗോളമായി സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനിടയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിട്ടുള്ളത്.

Read more

സമ്പദ്രംഗത്ത് പ്രയാസകരമായ സാഹചര്യത്തിലൂടെയാണു രാജ്യം കടന്നുപോകുന്നത്. അടുത്ത വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച ആറു മുതല്‍ 6.8 ശതമാനം മാത്രമാണ്. മൂലധനച്ചെലവുകള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ 33 ശതമാനം ഉയര്‍ന്ന വിഹിതം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതനുസരിച്ച് അടുത്ത വര്‍ഷം 10 ലക്ഷം കോടി രൂപയാണ് ഈ മേഖലയില്‍ ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും അത് സഹായകമാകും. ആദായനികുതി നിരക്കില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇടത്തരം വരുമാനക്കാര്‍ക്ക് വലിയ നേട്ടമാകുമെന്നും അദേഹം പറഞ്ഞു.