യുപിഐ സംവിധാനത്തിലെ തകരാര്‍, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ താറുമാറാക്കി; ജനം കടകളില്‍ കുടുങ്ങി കിടന്നു; ഒടുവില്‍ പരിഹാരം

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) ഉണ്ടായ സാങ്കേതിക തകരാര്‍ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ മണിക്കൂറുകളോളം നിശ്ചലമാക്കി. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എന്‍പിസിഐ) ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നു യുപിഐ പ്രവര്‍ത്തനം താറുമാറായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തകരാര്‍ പരിഹരിച്ചത്. യുപിഐ പണമിടപാടു നടത്താന്‍ ശ്രമിച്ചവര്‍ കടകളില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയെത്തി.

പണമിടപാടുകളില്‍ തടസ്സം നേരട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു. യുപിഐ പൂര്‍വ സ്ഥിതിയിലായെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ആറു മണിക്കുശേഷമാണു പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മൂവായിരത്തോളം പരാതികള്‍ റജിസ്റ്റര്‍ ചെയ്യതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പണമിടപാടുകള്‍ രാജ്യവ്യാപകമായി തടസ്സപ്പെട്ടിരുന്നു. പണം കൈമാറുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നെന്നായിരുന്നു 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു. സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയിരുന്നു.