വ്യവസായ ഭീമനായ ഗൗതം അദാനിയുടെ കമ്പനില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ആരോപിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയ യുഎസ് ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്സനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റായി ഡെണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുന്നതിന് മുമ്പാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് ശ്രദ്ധേയമാണ്.
ബൈഡന്‍ ഭരണകാലത്ത് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ രേഖകള്‍ സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് തിടുക്കപ്പെട്ട് ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. തങ്ങള്‍ക്കെതിരെ ഡ്രംപ് ഭരണകൂടം നടപടികള്‍ ശക്തമാക്കുമെന്ന് ഭയന്നാണ് അടച്ചുപൂട്ടലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് വാര്‍ത്ത വന്ന ഉടന്‍ അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 8.80 ശതമാനം വരെ ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസ് 7.70 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 7 ശതമാനവും നേട്ടമുണ്ടാക്കി. അദാനി എനര്‍ജി സൊല്യൂഷന്‍സ് 6.60 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെതിരേയും യുഎസ്. കമ്പനിയായ നികോലയ്ക്കുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ല- എന്തെങ്കിലും ഭീഷണിയോ ആരോഗ്യപ്രശ്നമോ വ്യക്തിപരമായ വലിയ വിഷയങ്ങളോ ഒന്നുമില്ല. ഹിന്‍ഡന്‍ബര്‍ഗിനെ എന്റെ ജീവിതത്തിലെ ഒരു അധ്യായമായാണ് കണക്കാക്കുന്നത്, അല്ലാതെ എന്നെ നിര്‍വചിക്കുന്ന മുഖ്യമായ സംഗതി ആയല്ല, ആന്‍ഡേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.
2024 ജനുവരി 24-നാണ് അദാനി ഗ്രൂപ്പിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തെത്തുന്നത്. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പറേറ്റ് ഭരണസംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അദാനി എന്റര്‍പ്രൈസസിന് എട്ടുവര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണെന്നും വിപണിയില്‍ വലിയ തോതില്‍ കൃത്രിമം നടക്കുന്നുവെന്നും ആരോപണത്തിലുണ്ടായിരുന്നു. ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്ത ഏഴുകമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തെത്തിയതോടെ വിഷയം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഏറ്റെടുത്തു. ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടി നേരിടുകയും ചെയ്തു.
ഈ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവുണ്ടാക്കി. ഗൗതം അദാനിയുടെ വ്യക്തിഗത സമ്പത്തില്‍ 100 ബില്യനിലധികം ഡോളറിന്റെ നഷ്ടമുണ്ടായി. 2023 ജനുവരി 24ന് 19.19 ലക്ഷം കോടി രൂപയായിരുന്ന 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം, ഫെബ്രുവരി 27ന് 7 ലക്ഷം കോടി രൂപയ്ക്ക് താഴെയായി.
ഹിന്‍ഡന്‍ബര്‍ഗോ അല്ലെങ്കില്‍ മറ്റുള്ളവരോ പറയുന്ന ആരോപണങ്ങള്‍ ശരിയായി പരിശോധിക്കാതെ തെളിവായി ഉപയോഗിക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി പിന്നീട് പറഞ്ഞു. പതിയെ അദാനി ഷെയറുകള്‍ തിരിച്ചുകയറി. ഇലക്ട്രിക് വാഹന കമ്പനിയായ നികോള കോര്‍പറേഷനിലെ തട്ടിപ്പ് ആരോപണങ്ങള്‍ 2020ല്‍ പുറത്തുകൊണ്ടുവന്നതും ചര്‍ച്ചയായി. നികോള സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടന്‍ പിന്നീട് രാജിവച്ചു. 2019ല്‍ ഇറോസ് ഇന്റര്‍നാഷനലിലെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.