എന്താണ് ജി.എസ്.ടി, അത് നടപ്പാക്കുമ്പോള്‍ സമ്പദ്ഘടനയ്ക്ക് എന്തു സംഭവിക്കും?

രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങളിലൊന്നാണ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജി.എസ്.ടി) അല്ലെങ്കില്‍ ചരക്ക് സേവന നികുതി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജി.എസ്.ടി നിലവില്‍ വരുന്നതോടെ രാജ്യത്ത് ഉത്പന്നങ്ങള്‍ക്ക് ഏകീകൃത വിലയും നികുതിയുമായിരിക്കും ബാധകമാകുക. ഒരു ഉത്പന്നത്തിന് ഓരോ സംസ്ഥാനത്തും ഓരോ വില എന്ന സമ്പ്രദായം ഇല്ലാതാകും. ജി.എസ്.ടി. ഓരോ ഇന്ത്യക്കാരെയും ഓരോ രീതിയിലായിരിക്കും ബാധിക്കുക എങ്കിലും ഇത്തരം മാറ്റങ്ങള്‍ താളപ്പിഴകളില്ലാത്ത സാമ്പത്തിക ക്രമത്തിലേക്കുള്ള കാല്‍വെയ്പ്പായിട്ടാണ് വിഗദ്ധര്‍ വിലയിരുത്തുന്നത്.

എന്താണ് ശരിക്കും ജി.എസ്.ടി

നിലവിലെ സങ്കീര്‍ണ്ണമായ പരോക്ഷ നികുതി സമ്പ്രാദയങ്ങള്‍ക്ക് പകരമായി നികുതിയെ ഏകീകരിക്കാനുള്ള പദ്ധതിയാണ് ജി.എസ്.ടി. ഈ നികുതി സമ്പ്രദായം നടപ്പാക്കുമ്പോള്‍ ഇല്ലാതാകുന്നവയില്‍ ചിലത് ഇവയൊക്കെയാണ്.

– എക്‌സൈസ് ഡ്യൂട്ടി

– സര്‍വീസ് ടാക്‌സ്

– സിവിഡി അല്ലെങ്കില്‍ കൗണ്ടര്‍വെയ്‌ലിംഗ് ഡ്യൂട്ടി

– സ്‌പെഷ്യല്‍ അഡീഷ്ണല്‍ ഡ്യൂട്ടി ഓഫ് കസ്റ്റംസ്

– സര്‍ചാര്‍ജ്, സെസ്സ്

– ലോക്കല്‍ സെയില്‍സ് ടാക്‌സ്

(VAT, സിഎസ്ടി, എന്‍ട്രി ടാക്‌സ്, പര്‍ച്ചേസ് ടാക്‌സ്, ലക്ഷ്വറി ടാക്‌സ്, ലോട്ടറി ടാക്‌സ് തുടങ്ങിയവ) ഇതില്‍ ലോട്ടറിയുടെ കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്.

ജി.എസ്.ടി.യെ ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ഡെസ്റ്റിനേഷന്‍ (ഉത്പന്നം എത്തിച്ചേരുന്ന സ്ഥലം) അല്ലെങ്കില്‍ കണ്‍സംപ്ഷന്‍ (ഉപഭോഗം) ടാക്‌സ് എന്ന് പറയാം. ഉദാഹരണം പറഞ്ഞാല്‍ ഒരു കമ്പനി കേരളത്തിലുണ്ടാക്കുന്ന ആട്ടയോ മൈദയോ തമിഴ്‌നാട്ടിലാണ് വില്‍ക്കുന്നതെങ്കില്‍ നികുതി ചുമത്തുന്നതും പിരിക്കുന്നതും തമിഴ്‌നാട്ടില്‍നിന്നായിരിക്കും. അതായത് ഇത്തരത്തില്‍ ചുമത്തുന്ന നികുതിയുടെ വരുമാനം ഉത്പാതക സംസ്ഥാനത്തിനാകില്ല പകരം ഉപഭോഗ സംസ്ഥാനത്തിനായിരിക്കും.

ജി.എസ്.ടി ബാധകമാകുന്നത് ?

നികുതിനിര്‍വചനത്തിന്റെ കീഴില്‍വരുന്ന ഒരു സേവനമോ ഉത്പന്നമോ പ്രതിഫലം വാങ്ങി വിതരണം ചെയ്യുകയോ വിനിമയം ചെയ്യുകയോ ചെയ്യുമ്പോഴാണ് ജി.എസ്.ടി. ബാധകമാകുന്നത്. രണ്ടു തരത്തിലാണ് ഇന്ത്യയില്‍ ജി.എസ്.ടി. നിലവില്‍ വരുന്നത്. കേന്ദ്രത്തിന് ചുമത്താന്‍ സാധിക്കുന്ന കേന്ദ്ര ചരക്കുസേവന നികുതി അല്ലെങ്കില്‍ സി.ജി.എസ്.ടി, സംസ്ഥാനത്തിന് ചുമത്താന്‍ സാധിക്കുന്ന സംസ്ഥാന ചരക്കുസേവന നികുതി അല്ലെങ്കില്‍ എസ്.ജി.എസ്.ടി എന്നിവയാണത്. ഇവ കൂടാതെ എെ.ജി.എസ്.ടിയും നിലവിലുണ്ട്. അന്തര്‍സംസ്ഥാന ചരക്ക് സേവന കൈമാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന നികുതിയാണ് ഐ.ജി.എസ്.ടി അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്.

ജിഎസ്ടി വരുമ്പോള്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയ്ക്ക് എന്ത് സംഭവിക്കും ?

ജിഎസ്ടി നടപ്പിലാക്കി കഴിയുമ്പോള്‍ ആവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയുമെങ്കിലും പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെയും ഇതരസേവനങ്ങളുടെയും തുക വര്‍ദ്ധിക്കും.

ഉത്പന്നങ്ങളുടെ നിരക്ക് വിഭജനം

അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നത്. അവശ്യസാധനങ്ങള്‍ക്ക് ജിഎസ്ടിയില്‍നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്. കല്‍ക്കരി, പഞ്ചസാര, ചായ,കാപ്പി, മരുന്നുകള്‍, എണ്ണ, ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതിയാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ജ്യൂസുകള്‍, പച്ചക്കറി ജ്യൂസുകള്‍, പാല് ഉത്പന്നങ്ങള്‍, ബയോഗ്യാസ് ഇന്ധനം, ഫെര്‍ട്ടിലൈസര്‍, പ്രോസസ്ഡ് ഫുഡ് എന്നിവയ്ക്ക് 12 ശതമാനം നികുതിയും ക്യാപിറ്റല്‍ ഗുഡ്സ്, ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍മീഡിയറീസ്, ഹെയര്‍ ഓയില്‍, സോപ്പ്, ടൂത്ത്പേസ്റ്റ് എന്നിവയ്ക്ക് 18 ശതമാനം നികുതിയും, എ.സി. ഫ്രിഡ്ജ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയവയ്ക്ക് 18 ശതമാനം നികുതിയും കാറുകള്‍ക്ക് 28 ശതമാനം നികുതിയുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കാറുകളില്‍ ചെറുകാറുകള്‍ക്ക് 1 മുതല്‍ മൂന്നു ശതമാനം വരെ സെസും ആഢംബര കാറുകള്‍ക്ക് 15 ശതമാനം സെസും അധികമായി ചുമത്തിയിട്ടുണ്ട്. കാറുകളുടെ നികുതി നിരക്കിനൊപ്പമാണഅ പാന്‍ മസാല, പുകയില ഉത്പന്നങ്ങള്‍, സോഡനിറച്ച ഡ്രിങ്കുകള്‍ എന്നിവയ്ക്ക് നികുതി നിശ്ചയിച്ചിരിക്കുന്നത്. വിലയുടെ 28 ശതമാനം നികുതിയ്ക്കൊപ്പം സെസും കൂട്ടിയായിരിക്കും ഇവയ്ക്ക് വില നിശ്ചയിക്കുക.

സേവനങ്ങളുടെ നിരക്ക് വിഭജനം

വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, താമസത്തിനുള്ള വീടുകള്‍, ആയിരം രൂപയ്ക്ക് താഴെ റേറ്റ് താരീഫുള്ള ഹോട്ടലുകള്‍ ലോഡ്ജുകള്‍ എന്നിവയ്ക്ക് നികുതിയില്‍നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്.

ചരക്കുകടത്തല്‍, സ്ലീപ്പര്‍ ക്ലാസ് ഒഴികെയുള്ള റെയില്‍വേ ടിക്കറ്റ്, എക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, യൂബര്‍ പോലുള്ള ടാക്സി അഗ്രഗേഷന്‍ സേവനങ്ങള്‍, പ്രിന്റ് മീഡിയയിലെ പരസ്യങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വര്‍ക്ക് കോണ്‍ട്രാക്ടുകള്‍, ബിസിനസ് ക്ലാസ് വിമാന യാത്ര, ടെലികോം സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, റെസ്റ്റോറന്റ് സേവനങ്ങള്‍, 1000 ത്തിനും 5000 ത്തിനും മധ്യേ താരിഫ് റേറ്റുള്ള ഹോട്ടലുകളും ലോഡ്ജുകളും എന്നിവയ്ക്ക് 12 മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.

സിനിമാ ടിക്കറ്റുകള്‍, ബെറ്റിംഗ്, വാതുവെയ്പ്, 5000 ത്തിന് മുകളില്‍ ചാര്‍ജുള്ള ഹോട്ടലുകള്‍ ലോഡ്ജുകള്‍ എന്നിവയ്ക്ക് 28 ശതമാനം നികുതിയാണ് ശുപാര്‍ശ ചെയ്തിരുന്നത്. സിനിമാ ടിക്കറ്റുകളുടെ കാര്യത്തില്‍ നൂറു രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനം നികുതിയെ ഈടാക്കുകയുള്ളു. നൂറു രൂപയ്ക്ക് മുകളിലുള്ളവയ്ക്കാണ് 28 ശതമാനം ജിഎസ്ടി ചുമത്തുന്നത്.

ജിഎസ്ടിയ്ക്ക് പുറത്തുള്ളവ

നിലവില്‍ ജിഎസ്ടിയുടെ പുറത്താണ് പെട്രോളിയം ഉത്പന്നങ്ങളും മദ്യവും. പെട്രോളിയം ക്രൂഡ്, ഹൈസ്പീഡ് ഡീസല്‍, മോട്ടോര്‍ സ്പിരിറ്റ്, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, നാച്ചുറല്‍ ഗ്യാസ് എന്നിവയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്ന സമയം മുതലെ ജിഎസ്ടി ചുമത്തി തുടങ്ങുകയുള്ളു. മദ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിവര്‍ഷം 10 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള ചെറുകിട സംരംഭങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള ചെറുകിട സംരംഭകര്‍ക്ക് 20 ലക്ഷം രൂപയാണ് പ്രതിവര്‍ഷ വരുമാന സ്ലാബ്.

ആന്റി പ്രൊഫിറ്റീറിംഗ് മെഷര്‍ (കൊള്ളലാഭം കൊയ്യാതിരിക്കാനുള്ള നടപടികള്‍)

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കി കഴിയുമ്പോള്‍ വിപണിയിലുള്ള വസ്തുക്കള്‍ക്ക് വില വര്‍ദ്ധിക്കാതിരിക്കാനും നികുതി കുറച്ചതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആന്റി പ്രൊഫിറ്റീറിംഗ് മെഷര്‍ നടപ്പാക്കിയിട്ടുണ്ട്. ജിഎസ്ടി പ്രകാരം നികുതി അടയ്ക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇത്തരം ആളുകള്‍ നികുതിയില്‍ തട്ടിപ്പ് നടത്തുന്നുണ്ടോയെന്നും ജനങ്ങളില്‍നിന്ന് അധിക നികുതി ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു കോടി രൂപ വരെ നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നവരെ പിടിച്ചാല്‍ അത് ജാമ്യം ലഭിക്കുന്ന വകുപ്പിലുള്ള കുറ്റകൃത്യമാണ്. രണ്ടുകോടി രൂപയ്ക്ക് മുകളിലേക്ക് ജാമ്യമില്ലാ കുറ്റമാണ് ടാക്സ് ഇവേഷന്‍.

ജി.എസ്.ടി നേട്ടങ്ങള്‍

  1. സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ദ്ധിക്കും, ജിഡിപിയില്‍ ആനുപാതിക വര്‍ദ്ധനവുണ്ടാകും
  2. നികുതി ഏകീകൃതമാകുമ്പോള്‍ അത് വിപണിയില്‍ പ്രതിഫലിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുകയും ചെയ്യും
  3. രാജ്യം ഒറ്റ വിപണിയായി മാറുന്നു
  4. പല ലയറുകളിലുള്ള ടാക്‌സിന് പകരം ഉപയോഗിക്കുന്ന ആള്‍ മാത്രം നികുതി അടയ്ക്കുന്ന രീതി.
  5. നികുതി വ്യവസ്ഥയിലെ അഴിമതി ഇല്ലാതാകും ഉദ്യോഗസ്ഥ തല ഭീഷണികളും മറ്റും ഇല്ലാതാകും.
  6. ആഭ്യന്തര വിപണിയില്‍ ഉത്പാദന ചിലവ് കുറയുന്നതിന് അനുസരിച്ച് കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ജി.എസ്.ടി കോട്ടങ്ങള്‍

  1. കേന്ദ്രം കൂടുതല്‍ ശക്തമാകും, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാന നഷ്ടം സംഭവിക്കും
  2. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നികുതി വിഹിതത്തില്‍ തര്‍ക്കങ്ങളുണ്ടാക്കിയേക്കാം.
  3. ഡിജിറ്റലൈസേഷന് വേണ്ടി വരുന്ന ചിലവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമോ എന്ന ആശങ്ക
  4. ജിഎസ്ടി നടപ്പാക്കുമ്പോള്‍ പണപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്.
  5. നേരത്തെ ഒന്നരകോടി രൂപവരെ വാര്‍ഷിക വിറ്റുവരുമാനമുളള വ്യാപാരികള്‍ സെയില്‍സ് ടാക്സ് അടച്ചാല്‍ മതിയായിരുന്നു. ഇനിമുതല്‍ 20 ലക്ഷത്തിനുമേല്‍ വിറ്റുവരവുളള എല്ലാവരും ജി.എസ്.ടിയുടെ ഭാഗമായി നികുതി അടയ്‌ക്കേണ്ടി വരും.