ആദ്യം ചന്ദ്രികാ സോപ്പ്, ഇപ്പോള്‍ നിറപറ; ഏറ്റെടുക്കലിലൂടെ വിപ്രോ കേരളത്തില്‍ ചുവട് ഉറപ്പിക്കുന്നു; ദശകോടികളുടെ ആഗോള വിപണി ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ കെയര്‍ കമ്പനി

ഭക്ഷ്യ മേഖലയില്‍ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ് കമ്പനി. ഇതിന്റെ ആദ്യ ഭാഗമാണ് കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ നിറപറ ഏറ്റെടുത്തത്. 2003ല്‍ കേരളത്തില്‍ നിന്നുള്ള ചന്ദ്രികാ സോപ്പിനെ ഏറ്റെടുത്ത വിപ്രോ പുതിയ വിപണികളിലേക്ക് സോപ്പിന്റെ വ്യാപാരം വ്യാപിപ്പിച്ചിരുന്നു. ഇന്ന് ആയുര്‍വേദ സോപ്പ് വിപണിയില്‍ രാജ്യത്ത് നാലാം സ്ഥാനം ചന്ദ്രികയ്ക്കുണ്ട്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ 13ാം ഏറ്റെടുക്കലാണ് നിറപറ.

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്താലും ഉല്‍പാദന സൗകര്യങ്ങളും ഫാക്ടറികളും നിലവിലുള്ള ഉടമസ്ഥതയില്‍ തന്നെ തുടരും. നിറപറ ബ്രാന്‍ഡ് കൂടുതല്‍ വിപണികളിലേക്ക് വിപ്രോ വ്യാപിപ്പിക്കും. കാലടിയില്‍ 1976ല്‍ കെ.കെ. കര്‍ണന്‍ ആരംഭിച്ച റൈസ് മില്ലാണ് 46 വര്‍ഷം കൊണ്ടു വളര്‍ന്ന് വര്‍ഷം 400 കോടിയിലേറെ വിറ്റുവരവ് നേടി വിപണിയില്‍ ആധിപത്യം സ്ഥാപിച്ചത്.

വിവിധ അരി ബ്രാന്‍ഡുകളും മസാല കറിപൗഡറുകളും അച്ചാറുകളും മുറുക്ക്, ഏത്തയ്ക്ക വറ്റല്‍ പോലുള്ള ഇനങ്ങളും നിറപറ ബ്രാന്‍ഡില്‍ ഉല്‍പാദനം നടത്തുന്ന കെ.കെ.ആര്‍ ഗ്രൂപ്പിന്റേതായുണ്ട്. ഐടി രംഗത്ത് പ്രശസ്തമായ വിപ്രോ ഉപഭോക്തൃ മേഖലയിലും പ്രമുഖ ബ്രാന്‍ഡാണ്. ഏറ്റെടുക്കലിനു ശേഷവും നിറപറ എന്ന ബ്രാന്‍ഡ് പേര് അതുപോലെ തുടരുമെന്ന് വിപ്രോ കണ്‍സ്യൂമര്‍ ഗ്ലോബല്‍ സിഇഒ വിനീത് അഗര്‍വാള്‍ അറിയിച്ചു. നിലവില്‍ വിപ്രോ കണ്‍സ്യൂമറിന്റെ വിറ്റുവരവ് 8630 കോടിയാണ്.

നിറപറ ഇടയ്ക്ക് വെച്ച് നിര്‍മാണം അവസാനിപ്പിച്ച കറിപ്പൊടി, പുട്ട്‌പൊടി, അപ്പം, ഇഡ്ഡലി മാവ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ തുടങ്ങിയവ ഉടന്‍ തന്നെ വിപ്രോ വിപണിയില്‍ തിരിച്ചെത്തിക്കും. നിറപറ, ഗ്ലൂക്കോവിറ്റ, ഷോങ്ഷാന്‍ചൈന, സ്പ്‌ളാഷ്ഫിലിപ്പീന്‍സ്, കാന്‍വെദക്ഷിണാഫ്രിക്ക, ചന്ദ്രിക, നോര്‍ത്ത് വെസ്റ്റ് സ്വിച്ചസ്, ഉന്‍സ, യാഡ്ലി ഇന്ത്യ, അരമസ്‌ക്ക്, ക്ലീന്‍ റെ, എല്‍ഡി വാക്‌സ് സണ്‍സ്, യാഡ്ലി യുകെ, യൂറോപ്പ് എന്നിവയാണ് വിപ്രോ ഏറ്റെടുത്ത ബ്രാന്‍ഡുകള്‍.