രാജ്യത്ത് ഏറെ പ്രചാരമുള്ള ബ്രാന്റായ വുഡ്‌ലാന്റിന് ഭീഷണിയുമായി റിലയന്‍സ് അജിയോ എത്തുന്നു. നേരത്തെ റിലയന്‍സ് റീടെയിലിന്റെ തലപ്പത്തേക്ക് ഇഷ അംബാനി എത്തിയ ശേഷം നിരവധി പ്രമുഖ ബ്രാന്റുകള്‍ റിലയന്‍സിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലേക്കെത്തിയിരുന്നു. ഒടുവിലായി റിലയന്‍സ് കൈകോര്‍ത്തിരിക്കുന്ന അമേരിക്കന്‍ ബ്രാന്റാണ് വുഡ്‌ലാന്റിന് ഭീഷണിയാകുമെന്ന വിലയിരുത്തലുകളുള്ളത്.
പ്രമുഖ അമേരിക്കന്‍ പാദരക്ഷ നിര്‍മ്മാതാക്കളായ ടിംബര്‍ ലാന്റുമായാണ് റിലയന്‍സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റിലയന്‍സ് അജിയോ വഴിയായിരിക്കും ടിംബര്‍ ലാന്റ് ഇന്ത്യയിലേക്കെത്തുക. ഇതോടെ വിപണിയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുക വുഡ്‌ലാന്റ് ആണെന്നാണ് വിലയിരുത്തലുകള്‍.
നേരത്തെ ഇന്ത്യന്‍ വിപണിയില്‍ ടിംബര്‍ ലാന്റ് എത്തിയിരുന്നെങ്കിലും കടുത്ത മത്സരവും വുഡ്‌ലാന്റുമായുള്ള നിയമ പോരാട്ടങ്ങളും കാരണം ടിംബര്‍ ലാന്റിന് ഇന്ത്യയില്‍ അനുകൂല വിപണി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റിലയന്‍സിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത്തവണ ടിംബര്‍ ലാന്റിന്റെ തിരിച്ചുവരവ്.
ടിംബര്‍ ലാന്റ് തിരിച്ചുവരുന്നതോടെ ഇന്ത്യയിലെ പാദരക്ഷ വിപണിയില്‍ കടുത്ത മത്സരം അരങ്ങേറുമെന്നാണ് വിലയിരുത്തല്‍. 2009ല്‍ തന്നെ റിലയന്‍സ് ടിംബര്‍ ലാന്റുമായി ഒരു ലൈസന്‍സിംഗ് വിതരണ കരാര്‍ ഒപ്പുവച്ചിരുന്നു.