കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട വന്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ച് കയറി സ്വകാര്യബാങ്കായ യെസ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 123 ശതമാനം വളര്‍ച്ചയോടെ 451 കോടി രൂപയുടെ ലാഭമാണ് ബാങ്ക് നേടിയത്. 202 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ ലാഭം. പുതിയ കണക്കുകള്‍ പുറത്തു വന്നതോടെ ഓഹരി വിപണിയിലും യെസ് ബാങ്ക് കുതിച്ച് തുടങ്ങി. ഇന്ന് യെസ് ബാങ്ക് ഓഹരികള്‍ 8 ശതമാനത്തോളമാണ് ഉയര്‍ന്നത്. 27.50 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച യെസ് ബാങ്ക് ഓഹരികള്‍ 28.55 രൂപവരെ ഉയര്‍ന്നിട്ടുണ്ട്.

പുതിയ കണക്കുകള്‍ അനുസരിച്ച് വായ്പകള്‍ 13.8 ശതമാനം വര്‍ധിച്ച് 2.27 ലക്ഷം കോടി രൂപയിലും നിക്ഷേപങ്ങള്‍ 22.5 ശതമാനം ഉയര്‍ന്ന് 2.6 ലക്ഷം കോടി രൂപയിലുമെത്തി.

Read more

കഴിഞ്ഞപാദത്തില്‍ കിട്ടാക്കടം കുറഞ്ഞത് ബാങ്കിന് ആശ്വാസമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 2.2 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.8 ശതമാനത്തില്‍ നിന്ന് 0.6 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. യെസ് ബാങ്ക് ഓഹരികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.