സി.ബി.എസ്.ഇ 10, 12-ാം ക്ലാസ് പരീക്ഷാതിയതികള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തിയതികള്‍ വ്യാജം

കോവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പുതുക്കിയ പരീക്ഷാതിയതികള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കാത്തത് എന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്ന് അഞ്ചു മണിക്ക് പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, ജൂലൈ ഒന്നിന് സിബിഎസ്ഇ പരീക്ഷകള്‍ തുടങ്ങും എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തിയതികള്‍ വ്യാജമാണെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവച്ചത്. അതിനിടെ, ഫെബ്രുവരിയില്‍ നടന്ന സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം തുടങ്ങിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നു. സിബിഎസ്ഇയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൂല്യനിര്‍ണയം വീടുകളില്‍ നടക്കുന്നത്.