മെച്ചപ്പെട്ട ജോലി സാധ്യതകൾ, ഉപരിപഠനം, നൊമാഡ് വിസ ; അവസരങ്ങളുടെ വാതിൽ തുറന്ന് ജപ്പാൻ

വിദേശരാജ്യങ്ങളിൽ മെച്ചപ്പെട്ട ജോലിയും നേടി ജീവിതം സുരക്ഷിതമാക്കാൻ ചെയ്യാൻ സ്വപ്നം കാണുന്നവർ നിരവധിയാണ്. അത്തരം ആഗ്രഹങ്ങൾ സഫലമാക്കാൻ ഇടം അന്വേഷിക്കുന്നവർക്ക് ജപ്പാൻ അവസരങ്ങളുടെ വാതിൽ തുറക്കുന്നു. കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ്  ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും അറിയപ്പെടുന്ന ജപ്പാൻ. മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശസ്വപ്നങ്ങൾ കാണുന്നവരുടെ പട്ടികയിൽ ജപ്പാൻ ഇടംപിടിക്കുക സ്വാഭാവികമാണ്.

വിദേശിയർക്കുള്ള തൊഴിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ജപ്പാൻ സർക്കാർ തീരുമാനമെടുത്തതോടെ തന്നെ രാജ്യത്ത് തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ട്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യമാണ് ജപ്പാന്‍. വിദേശികളായ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വിസ നടപടിക്രമങ്ങളിലടക്കം മാറ്റം വരുത്താനാണ് ജപ്പാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികൾക്ക് ദീർഘകാല തൊഴിൽ വിസ ലഭ്യമാക്കുന്ന മൂന്ന് മേഖലകളാണ് ജപ്പാനിൽ നിലവിൽ ഉള്ളത്. എന്നാൽ ഇത് 12 ആയി വിപുലപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. വാർദ്ധക്യം കൂടിവരുന്ന ജപ്പാനിൽ നിരവധി മേഖലകളിൽ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ കുടിയേറ്റത്തോട് അത്ര നല്ല സമീപനമല്ല ജപ്പാൻ സർക്കാരിനുള്ളത്.ആ സമീപനത്തിലാകും പുതിയ മാറ്റങ്ങൾ കൊണ്ടു വരിക.തൊഴിലാളികൾക്ക് ദീർഘകാലത്തേക്ക് താമസിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന തരത്തിലായിരിക്കും മാറ്റങ്ങൾ വരുത്തുക. ഭക്ഷ്യ ഉൽപ്പാദനം പോലുള്ള മേഖലകളെ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തൊഴിൽ സാധ്യതകൾ

നേരത്തെ കൃഷി, നഴ്‌സിംഗ് കെയർ, സാനിറ്റേഷൻ തുടങ്ങിയ 14 മേഖലകളിൽ വിദഗ്ധ തൊഴിലാളികൾക്ക് ജപ്പാൻ വിസ നൽകിയിരുന്നു.2019 ൽ തൊഴിൽ നിയമത്തിൽ വരുത്തിയ മാറ്റത്തെ തുടർന്നായിരുന്നു ആ നടപടി.എന്നാൽ, നിർമാണ, ഷിപ്പിംഗ് മേഖലകളിലൊഴികെ മറ്റെല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് കുടുംബാംഗങ്ങളില്ലാതെയുള്ള താമസം അഞ്ച് വർഷത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. പക്ഷെ പ്രായമായവരെ പരിചരിക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനത്തിന് കീഴിൽ ദീർഘനേരം താമസിക്കാൻ അനുവാദം നൽകുന്നുണ്ട്. ജപ്പാനിലെ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും നിലവിൽ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ ഉൽപ്പാദനം, ഭക്ഷ്യ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലേക്ക് ദീർഘകാല തൊഴിൽ വിസകൾ വിപുലീകരിക്കുന്നതിലൂടെ ഇന്ത്യക്കാർക്കും പുതിയ തൊഴിവസരങ്ങളിൽ നേട്ടം ലഭിക്കും.

വിസ ലഭിക്കാൻ എന്തും ചെയ്യണം?

ജപ്പാനിൽ വിസ ലഭിക്കാൻ ജോലി തിരയുന്നവരാണെങ്കിൽ ജപ്പാനിലെ പ്രൊഫഷണൽ വിസയെ പറ്റി അറിയേണ്ടതുണ്ട്. ജെ-ഫൈൻഡ് (J-FIND), ജെ-സ്കിപ് (J-SKIP) എന്നിങ്ങനെ 2 തൊഴിൽ പ്രൊഫഷണൽ വിസകളാണ് ജപ്പാൻ സർക്കാർ അനുവദിക്കുന്നത്. ഈ വിസ വഴിയാണ് ജപ്പാനിൽ തൊഴിൽ പ്രൊഫഷണൽ വിസയ്ക്ക് അപേക്ഷിക്കാനും തൊഴിൽ നേടുന്നത് വരെ ജപ്പാനിൽ തുടരാനും സാധിക്കുന്നത്. മികച്ച വിദേശ ഉന്നത വിദ്യാഭ്യാസ സർവകലാശാലകളിൽ നിന്നുള്ള ഉന്നത ബിരുദധാരികൾ, ഗവേഷകർ, എൻജിനീയർമാർ, മാനേജർമാർ എന്നിവർക്കാണ് വിസകൾ ലഭിക്കുക.

ജെ-ഫൈൻഡ് വിസ ജെ-ഫൈൻഡ് വിസ തൊഴിൽ അന്വേഷക വിസയാണ്. ഇതിലൂടെ, മികച്ച വിദേശ സർവകലാശാലകളിൽ നിന്നുള്ള ഉന്നത ബിരുദധാരികൾക്ക് തൊഴിൽ തേടി ദീർഘകാല താമസം അനുവദിക്കും. നിലവിലെ വിസ ചട്ടങ്ങൾ അനുസരിച്ച് ബിരുദധാരികൾക്ക് 90 ദിവസം താമസിക്കാം. 2 വർഷത്തേക്ക് നീട്ടുകയും ചെയ്യാം. ജെ-ഫൈൻഡ് വിസ വഴി ജപ്പാനിലേക്ക് എത്തുന്നവർക്ക് ഏകദേശം 200,000 യെൻ കയ്യിലുണ്ടാവണം. ഏകദേശം 1,20,367 രൂപയോളം വരും.ജെ-സ്കിപ് വിസ ജെ-സ്കിപ് വിസയ്ക്ക് കീഴിൽ ഗവേഷകർ, എൻജിനീയർമാർ എന്നിവർക്ക് ജോലിക്കും ജപ്പാനിലേക്ക് കുടിയേറാനും ചെയ്യാനും സാധിക്കും.

അപേക്ഷകരായ ഗവേഷകർക്കും എൻജിനീയർമാർക്കും ബിരുദാനന്തര ബിരുദവും വാർഷിക വരുമാനം 20 ദശലക്ഷം യെന്നും ഉണ്ടെങ്കിൽ അല്ലെങ്കിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും 20 ദശലക്ഷം യെനോ അതിൽ കൂടുതലോ വരുമാനവുമുണ്ടെങ്കിൽ അപേക്ഷിക്കാം. മാനേജർമാർക്ക് കുറഞ്ഞത് 5 വർഷമോ അതിൽ കൂടുതലോ പരിചയവും 40 ദശലക്ഷം യെൻ വാർഷിക വരുമാനവും ഉണ്ടായിരിക്കണം. രണ്ട് വിസകളിലും, ഭാര്യാഭർത്താക്കന്മാർക്കും കുടുംബാംഗങ്ങൾക്കും താമസിക്കാൻ അനുവാദമുണ്ട്.

പ്രത്യേക തൊഴിലിന് വേണ്ടിയല്ലാതെ രാജ്യത്ത് എവിടെയും എന്ത് ജോലിയും ചെയ്യാന്‍ അനുമതി കൊടുക്കുന്ന ഡിജിറ്റല്‍ നൊമാഡ് വിസ എന്ന പുതിയ വിസ സമ്പ്രദായം ആരംഭിക്കുവാനും പദ്ധതിയുണ്ട്. അതുപോലെ തന്നെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഓഫീസ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പെര്‍മനെന്റ് റസിഡന്‍സ് നല്‍കുന്നതിനുള്ള നടപടികളും ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിദ്യാഭ്യാസം

തൊഴിലിടത്തിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും വിദേശ വിദ്യാർഥികൾക്കായുള്ള പുതിയ അവസരങ്ങൾ ജപ്പാൻ ഒരുക്കുന്നുണ്ട്.. 2033 ഓടെ 4 ലക്ഷം വിദേശ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുക എന്നതാണ് ജപ്പാന് മുന്നിലുള്ള ലക്ഷ്യം. രാജ്യത്തുണ്ടായിരുന്ന വിദേശികളിൽ നിരവധിപ്പേർ കൊവിഡ് കാലത്ത് സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയിരുന്നു. ജപ്പാനിലെ തൊഴില്‍ ശക്തിയില്‍ ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലധികം കുറവുണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാനായി വിദേശത്ത് നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനവും അതിനുശേഷം രാജ്യത്ത് തൊഴില്‍ ചെയ്യാനുള്ള സാഹചര്യവും ഒരുക്കാനാണ് സര്‍ക്കാർ പരിശ്രമിക്കുന്നത്.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ മികവും, ആരോഗ്യ മേഖലയിലെ പുരോഗതിയും വിദേശികളെ ജപ്പാനിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.ഏതു മേഖലയിലായാലും താരതമ്യേന മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്ന നാടാണ് ജപ്പാൻ. അതുകൊണ്ടു തന്നെ ജോലി ഉറപ്പാക്കിയാൽ സുന്ദരമായ ജീവിതവും ഇവിടെ കെട്ടിപ്പടുക്കാൻ സാധിക്കും.ജാപ്പനീസ് ആണ് ഇവിടെ ഭാഷയെങ്കിലും വിദേശികൾ അക്കാര്യത്തിൽ നിർബന്ധമില്ല‌. പക്ഷെ ഇഗ്ലീഷ് ഭാഷയുടെ കാര്യത്തിൽ ജപ്പാനും തുടക്കക്കാരാണെന്നത് ചില പ്രതിസന്ധികൾക്ക് വഴിവച്ചേക്കാം എന്നു മാത്രം.