മികച്ച ജോലി സാധ്യതകളും, ഉപരിപഠന സാധ്യതകളുമൊക്കെ മുന്നിൽ കണ്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവർ നിരവധിയാണ്. ആദ്യകാലത്ത് തൊഴിൽ സാധ്യതകളുമായി അറബ് രാഷ്ട്രങ്ങളാണ് ഇന്ത്യക്കാരെ പ്രത്യേകിച്ചും മലയാളികളെ ആകർഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും സാധ്യതകളുടെ വാതിലുകൾ തുറന്നിടുകയാണ്. അത്തരത്തിൽ കുടിയേറ്റ പ്രോത്സാഹന പദ്ധതികൾ ഒരുക്കിയിട്ടുള്ള ഒരു യൂറോപ്യൻ രാജ്യമാണ് സ്വീഡൻ. മികച്ച പഠന – തൊഴിൽ സാധ്യതകളാണ് സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ വാഗ്ദാനം ചെയ്യുന്നത്.സ്റ്റോക്ഹോം ആണ് സ്വീഡൻറെ തലസ്ഥാനം.
ഉപരിപഠന സാധ്യതകൾ
ഉപരിപഠനത്തിന് മികച്ച സാധ്യതകളാണ് സ്വീഡൻ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേകിച്ചും സാങ്കേതിക വിദ്യാഭാസം, സോഷ്യൽ വർക്ക്, നഴ്സിംഗ്, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. യൂറോപ്യൻ യൂണിയനിലെ വിദ്യാർത്ഥികൾക്ക് സ്വീഡനിൽ ഫീസ് ഇളവ് ലഭിക്കും. ഏകദേശം 80000 മുതൽ 150,000 ക്രോണ വരെ വിവിധ കോഴ്സുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. ഇത് ഏകദേശം 7 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരും.
അതോടൊപ്പം താമസ ചിലവും ഭക്ഷണ ചിലവും വഹിക്കുകയും വേണം. വിവിധ കോഴ്സുകൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നുണ്ട്. സ്കോളർഷിപ്പിന് അർഹത നേടാനായാൽ ചിലവിൽ വലിയ കുറവ് വരുത്താനാവും. യൂണിവേഴ്സിറ്റികളിൽ നേരിട്ട് അപേക്ഷ നൽകുകയോ, ഏജൻസികൾ വഴി അഡ്മിഷൻ ഉറപ്പാക്കുകയോ ചെയ്യാനാവും.
തൊഴിൽ സാധ്യതകൾ
സ്വീഡൻ വിദേശ കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഇളവുകൾ വാഗ്ദാനം ചെയ്തത് കൂടുതൽ പേരെ ആകർഷിക്കുന്ന നയം പിന്തുടരുന്ന രാജ്യമല്ല സ്വീഡൻ. അതുകൊണ്ട് തന്നെ ജോലി സാധ്യതകൾ ഉദ്യോഗാർത്ഥികൾ കണ്ടെത്തേണ്ട സാഹചര്യമുണ്ട്. മറ്റൊരു പ്രധാന സാധ്യത സ്വീഡനിൽ വിദ്യാർത്ഥിയായി എത്തിയ ശേഷം സ്റ്റേ ബാക്ക് ഓപ്‌ഷൻ ഉപയോഗപ്പെടുത്തി ജോലി കണ്ടെത്തുക എന്നതാണ്.
വർക്ക് പെർമിറ്റാണ് സ്വീഡനിൽ ജോലി ചെയ്യാൻ ആദ്യം വേണ്ടത് ഇതിനായി കമ്പനികളിൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കമ്പനി തന്നെ വർക്ക് പെർമിറ്റ് നൽകും. മറ്റൊരു സാധ്യത ഷെൻഗെൻ വിസ മുഖേന സ്വീഡനിലെത്തി ജോലി അന്വേഷിക്കുക എന്നതാണ്. ഈ കാലയളവിൻ വിസ, യാത്ര ചെലവുകൾക്ക് ഒപ്പം താമസം, ഭക്ഷണം എന്നിവയുടെ ചിലവും വഹിക്കേണ്ടിവരും. സന്ദർശന വിസയിൽ എത്തുന്നവർ ജോലി ലഭിച്ചാൽ രാജ്യം വിട്ട് പുറത്ത് പോയ ശേഷം തൊഴിൽ വിസയിൽ മടങ്ങി എത്തേണ്ടതാണ്.
ജോലി അന്വേഷിക്കാനുള്ള ചില മാർഗങ്ങൾ ;
പ്രാഥമിക അന്വേഷണത്തിനായി ഗൂഗിളിനെ ആശ്രയിക്കാം. ഏത് മേഖലയിലെ ജോലിയാണോ അന്വേഷിക്കുന്നത് അതിന് പ്രാധാന്യം നൽകി സ്വീഡനിലെ സാധ്യതകൾ തിരയുക.സാമൂഹിക മാധ്യമങ്ങൾ, ലിങ്ക്ഡ് ഇൻ പോലെയുള്ള സാധ്യതകളും ജോലി കണ്ടുപിടിക്കാൻ ഉപയോഗപ്രദമാണ്. ശേഷം ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുമായി ഇമെയിൽ ബന്ധം ആരംഭിക്കുക.
മറ്റൊരു പ്രധാന വഴി സ്വീഡൻറെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക എന്നതാണ്. തൊഴിൽ ഒഴിവുകളുടെ വിവരങ്ങളും, ഏതൊക്കെ മേഖലകൾക്ക് തൊഴിലാളികളെ കൂടുതലായി ആവശ്യമുണ്ട് എന്നും ഇതിൽ നിന്ന് മനസിലാക്കാം. തുടരന്വേഷണങ്ങളിലേക്ക് നയിക്കുന്ന വിവരങ്ങൾ വെബ്‌സൈറ്റുകൾ നൽകാറുണ്ട്. യൂറസ് – എന്ന യൂറോപ്യൻ തൊഴിലന്വേഷണ നെറ്റ്‌വർക്ക് സാധ്യതകളും ഉപയോഗിക്കാനാകും. യൂറോപ്യൻ ജോബ് മൊബിലിറ്റി പോർട്ടലും ഒഴിവുകൾ കാണിക്കും. അല്ലെങ്കിൽ ഔദ്യോഗിക പങ്കാളിത്തമുള്ള റിക്രൂട്ടിങ് കമ്പനികളും സജീവമാണ്.
കേരളത്തിലുള്ള അംഗീകൃത ഏജൻസികൾ വഴിയും സ്വീഡനിൽ ജോലി തേടാനാകും. വിദ്യാഭാസ്യ യോഗ്യത, തൊഴിൽ പരിചയം, ഭാഷാ പരിജ്ഞാനം തുടങ്ങിയവ സ്വീഡനിൽ ജോലിക്ക് പരിഗണിക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലോ നോർഡിക് രാജ്യങ്ങളിലോ ഉള്ള പൗരന്മാർക്ക് സ്വീഡനിൽ ജോലി ചെയ്യുന്നതിന് വർക്ക് പെർമിറ്റ് ആവശ്യമില്ല. അവർക്ക് സ്വീഡനിൽ ജോലി വേഗം കണ്ടെത്താൻ കഴിയും. എന്നാൽ ഇന്ത്യക്കാർ വർക്ക് പെർമിറ്റ് നേടേണ്ടത് വളരെ പ്രധാനമാണ്.
വർക്ക് പെർമിറ്റ് എങ്ങിനെ നേടാം?
അപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യുക എന്നതാണ് ആദ്യ ഘട്ടം. ഏത് മേഖലയിൽ, ഏത് സ്ഥാപനത്തിൽ ജോലി വേണോ അവിടെ അപേക്ഷ സമർപ്പിക്കുക. കമ്പനി ആവശ്യപ്പെടുന്ന മാനദണ്ഡം അനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ടത് പ്രധാനമാണ്. ജോലി വാഗ്ദാനം നേടുക എന്നതാണ് അടുത്ത പടി. അപേക്ഷ നൽകുന്ന കമ്പനി നിങ്ങൾക്ക് ഒരു ഓഫർ വാഗ്ദാനം ചെയ്‌താൽ സ്വീഡനിലേക്കുള്ള യാത്ര എളുപ്പമാകും.
തുടർന്ന് പ്രോസസ്സിംഗ് ഏജൻസികളുടെ സഹായത്തോടെയോ അല്ലാതെയോ വിസ പ്രോസസ്സിംഗ് നടത്തുക. ഇതിന് വിസ, എമിഗ്രെഷൻ ക്ലീറൻസ് തുടങ്ങിയ രേഖകൾ ആവശ്യമാണ്. ഏജൻസികളുടെ സഹായം എടുക്കുമ്പോൾ സർവീസ് ചാർജ് നൽകേണ്ടി വരും. അതോടൊപ്പം വിസ പ്രോസസ്സിംഗ് ഫീസും ഉണ്ടാകും. വിസയ്ക്കുള്ള അപേക്ഷ ഓൺലൈൻ വഴിയും സ്വീഡൻ കോൺസുലേറ്റ് വഴി നേരിട്ടും നൽകാനാകും.
വിസ
റെഗുലർ വർക്ക് വിസയാണ് സ്വീഡനിൽ പ്രചാരത്തിലുള്ളത്. വർക്ക് പെർമിറ്റ്, ജോബ് ഓഫർ, മിനിമം 13000 സ്വീഡിഷ് ക്രോണ ശമ്പളം, ആരോഗ്യ പരിരക്ഷ, സോഷ്യൽ സെക്യൂരിറ്റി, താമസ സൗകര്യം എന്നിവയും ഉണ്ടെങ്കിൽ വർക്ക് വിസ ലഭ്യമാകും.
ലോകത്തിലെ തന്നെ ഏറ്റവും സാമ്പത്തിക സുരക്ഷിതത്വമുള്ള രാജ്യങ്ങളിലൊന്നാണ് സ്വീഡൻ. ആഗോള മാനവിക വികസന സൂചികയിൽ സ്വീഡൻ 7 ആം സ്ഥാനത്താണ്. 60000 ഡോളറിന് മുകളിലാണ് രാജ്യത്തെ പ്രതിശീർഷ വരുമാനം. സ്വീഡിഷ് ആണ് ഇവിടുത്തെ പ്രധാന ഭാഷ. ഇംഗ്ലീഷ് വലിയ തോതിൽ പ്രയോഗത്തിലുണ്ട്, ഒപ്പം ഫിന്നിഷും ഉപയോഗിക്കുന്നു.
സ്വീഡിഷ് ക്രോണ ആണ് സ്വീഡൻറെ കറൻസി, ഒരു ക്രോണ ഏകദേശം 8 ഇന്ത്യൻ രൂപയ്ക്ക് അടുത്ത് വരും. സ്വീഡനിൽ ജോലിക്കോ, പഠനത്തിനോ പ്രവേശനം ലഭിക്കാൻ സ്വീഡിഷ് പഠിക്കണം എന്ന് നിർബന്ധമില്ല. എന്നാൽ പിന്നീട് സാമൂഹിക ജീവിതത്തിൽ സ്വീഡിഷ് അറിവ് നിർണ്ണായക ഘടകം ആയേക്കും. അതുകൊണ്ടുതന്നെ ഭാഷ പഠനത്തിന്റെ കാര്യത്തിൽ മടി വിചാരിക്കേണ്ടതില്ല.