ജോലി നേടാം മികച്ച പാക്കേജുകളിൽ; തൊഴിൽ സാധ്യതകളുമായി മാൽദീവ്സ് കാത്തിരിക്കുന്നു

ഇന്ത്യക്ക് തൊട്ടടുത്ത് തെക്ക് പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് മാൽദിവ്സ്. മാൽദിവ്സ് മലയാളികളെ സംബന്ധിച്ച് വളരെയടുത്തുള്ള ഒരു കുഞ്ഞൻ രാഷ്ട്രമാണ് ഇത്.  നിരവധി ദ്വീപുകൾ ഒന്നിക്കുന്ന ഈ ദ്വീപ സമൂഹത്തിൻറെ തലസ്ഥാനം മാലി ആണ്. നിരവധി ഇന്ത്യക്കാർ ഈ രാജ്യത്തേക്ക് ജോലി തേടി എത്താറുണ്ട്. 26 കുഞ്ഞൻ ദ്വീപുകൾ ചേർന്ന പവിഴപ്പുറ്റ് സമൂഹമാണ് ഈ രാജ്യം. അതുകൊണ്ട് തന്നെ ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് മാൽദിവ്സ്.

സാമ്പത്തിക സുരക്ഷിതത്വമോ, ജീവിത സാഹചര്യമോ യൂറോപ്യൻ രാജ്യങ്ങളെ പോലെ ഉയർന്ന നിലയിൽ അല്ല. നികുതിയും, ജീവിത ചെലവും താരതമ്യേന കുറവ് ആയതുകൊണ്ട് തന്നെ സമ്പാദ്യ സാധ്യത കൂടുതലുള്ള ഒരു തൊഴിൽ വിപണി കൂടിയാണ് ഇവിടം. ജോലിക്ക് മികച്ച ശമ്പളം ഉറപ്പുനൽകുന്ന രീതി ആണ് ഈ രാജ്യത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഘടകം. ടൂറിസം, ആരോഗ്യ മേഖല, അധ്യാപനം, എൻജിനിയർ, സോഫ്റ്റ് വെയർ, ബ്യൂട്ടീഷ്യൻ തുടങ്ങി വിവിധ മേഖലകളിൽ ഇവിടെ വിപുലമായ ജോലി സാധ്യതകൾ ഉണ്ട്.

മാൽദിവ്സ് ആളോഹരി വരുമാനം ഏകദേശം 29000 ഡോളറിന് അടുത്താണ്. അതേസമയം ധനികരും ദരിദ്രരും തമ്മിലുള്ള അകലം വളരെ കൂടുതലുമാണ്. മാനവ വികസന സൂചികയിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വയ്ക്കാൻ ഈ രാജ്യത്തിന് കഴിയുന്നുണ്ട് എന്നതും ശ്രദ്ധേയം. മാനവ വികസന സൂചികയുടെ ആഗോള റാങ്കിങ്ങിൽ 90 ആം സ്ഥാനമാണ് ഈ രാജ്യത്തിന് ഉള്ളത്. ഉയർന്ന സ്കോർ ആയ .747 ആണ് മാൽദിവ്സ് അവസാനം നേടിയ എച്ച് ഡി ഐ ഇൻഡക്‌സ് പോയിൻറ്. ഏകദേശം 5 ലക്ഷത്തിന് മുകളിലാണ് ഇവിടുത്തെ ജനസംഖ്യ. ഇസ്ലാം ആണ് ഇവിടുത്തെ ഭൂരിപക്ഷം ജനതയും പിന്തുടരുന്ന മതം. ദിവേഹി എന്ന തദ്ദേശ ഭാഷയ്ക്ക് ഒപ്പം ഇംഗ്ലീഷും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. മാൽദിവിയൻ റുഫിയ ആണ് ഉപയോഗത്തിലുള്ള കറൻസി. അതേസമയം വിദേശ വിനോദ സഞ്ചാരികളിൽ നിന്നും അമേരിക്കൻ ഡോളർ സ്വീകരിക്കുന്ന രീതിയും ഇവിടെയുണ്ട്. ഒരു മാൽദിവിയൻ റുഫിയ ഏകദേശം 5.3 ഇന്ത്യൻ രൂപയ്ക്ക് തുല്ല്യമാണ്.

മാൽദിവ്സ് തുറക്കുന്ന സാധ്യതകൾ

അധ്യാപനം, ആരോഗ്യ മേഖല, നിർമ്മാണ മേഖല, സോഫ്റ്റ് വെയർ എഞ്ചിനിയർ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ ജോലി സാധ്യത നിരവധിയാണ്. ഇവ കണ്ടെത്താൻ ഏജൻസികളുടെ സഹായം തേടുകയോ, നേരിട്ട് പോയി അന്വേഷിക്കുന്ന രീതിയോ സാധ്യമാണ്. ഓൺലൈൻ മുഖേന ജോലി സാധ്യതകൾ കണ്ടെത്തി പോകാനും കഴിയും. അധ്യാപകർക്ക് ഏകദേശം 600 മുതൽ 800 ഡോളർ വരെയാണ് ശമ്പളം. ഇത് ഏകദേശം 50,000 മുതൽ 70,000 രൂപ വരെ വരും. ഒപ്പം താമസ, ഭക്ഷണ അലവൻസുകളും ലഭിക്കും. മിക്കവാറും സ്കൂളുകൾ കോൺട്രാക്ട് അടിസ്ഥാനത്തിലാകും ആദ്യം ജോലിക്ക് എടുക്കുക. തുടർന്ന് സ്കൂൾ മാറുകയോ, കരാർ പുതുക്കുകയോ ചെയ്യാം.

അതാത് വിഷയങ്ങളിൽ ബിരുദം ആണ് ഇവിടെ സ്കൂളുകളിൽ പഠിപ്പിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത. അതോടൊപ്പം ചിലപ്പോൾ ബി എഡ് ചോദിക്കാറുണ്ട്. ബി എഡ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് വർഷാവർഷം ശമ്പള വർധനവും ഉറപ്പ് നൽകുന്നുണ്ട്. വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളതും ജോലിക്ക് ഗുണം ചെയ്യും. ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, ജോഗ്രഫി, ടൂറിസം, മാനേജ്‌മന്റ്, ശാസ്ത്രം, ഗണിതം തുടങ്ങി വിവിധ മേഖലകളിൽ ജോലി സാധ്യതകൾ ഉണ്ട്. അധ്യാപന മേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവർത്തി പരിചയവും ജോലി ലഭിക്കാൻ ആവശ്യമാണ്.

നഴ്‌സ് മേഖലയും ഇവിടെ മികച്ച ശമ്പള വാദ്ഗാനം ആണ് നൽകുന്നത്. വർഷത്തിൽ ഏകദേശം 10 ലക്ഷം മുതൽ 12 ലക്ഷം വരെ ശമ്പളം ലഭിക്കുന്ന തരത്തിലാണ് പാക്കേജുകൾ. ഇതും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും. എൻജിനിയർ, സോഫ്റ്റ്‌വെയർ, തുടങ്ങിയ മേഖലകളിൽ ജോലി ഒഴിവുകൾക്ക് അനുസരിച്ച് പുതിയ സാധ്യതകൾ തുറക്കും. സാമാന്യം മികച്ച ശമ്പള പാക്കേജുകളും ഉറപ്പ് നൽകുന്നു. നഴ്സിംഗ് ജോലിക്ക് പ്രസ്തുത മേഖലയിൽ തൊഴിൽ പരിചയം ഉണ്ടെങ്കിൽ മികച്ച ഓഫറുകൾ ലഭിക്കാൻ സഹായകം ആകും.

വിനോദ സഞ്ചാര മേഖലയിലാണ് പിന്നീട് ഏറ്റവുമധികം ജോലി ഒഴിവുകൾ ഉള്ളത്. ഹോട്ടൽ മനേജ്മെന്റ് പഠിച്ചതും, പരിചയ സമ്പത്ത് ഉള്ളവർക്കും നിരവധി സാധ്യതകൾ ഇവിടെയുണ്ട്. മാൽദിവ്സ് ഏറ്റവുമധികം വിദേശനാണ്യം നേടുന്ന മേഖല വിനോദ സഞ്ചാരം ആയതുകൊണ്ട് തന്നെ ഈ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം രാജ്യം നൽകുന്നുണ്ട്. ഇവിടെനിന്നുള്ള പരിചയ സമ്പത്തും, സർട്ടിഫിക്കറ്റും മറ്റ് രാജ്യങ്ങളിലേക്ക് പോകാനും ഉപകരിക്കും.

വിനോദ സഞ്ചാരികളുടെ പറുദീസ

ലോകത്തിലെ തന്നെ മികച്ച ടൂറിസം ഡെസ്റ്റിനേഷൻ ആണ് കടലിന് നടുവിലെ ഈ കുഞ്ഞൻ രാജ്യം. ബോട്ടിങ്, ഡൈവിംഗ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഒപ്പം കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന മറ്റ് ഉല്ലാസ മാർഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വിമാന മാർഗം വളരെ വേഗത്തിൽ എത്താൻ കഴിയുന്ന രാജ്യം എന്ന പ്രത്യേകതയും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി രാജ്യം സന്ദർശിക്കുക വഴി ജോലി തേടാനും കഴിയും.

പവിഴ പുറ്റുകളാൽ ചുറ്റപ്പെട്ട ഈ ദ്വീപ് കാഴ്ചയിൽ തന്നെ മനം മയക്കുന്ന അനുഭൂതി സമ്മാനിക്കും. അവധിക്കാലം ചിലവഴിക്കാൻ നിരവധി സെലിബ്രറ്റികൾ എത്തുന്ന സ്ഥലം കൂടിയാണ് മാൽദിവ്സ്.

 ജീവിതവും, ചിലവും

കുഞ്ഞൻ ദ്വീപുകൾ നിറഞ്ഞ ഈ രാജ്യത്ത് ചെറിയ സ്ഥലങ്ങൾ മാത്രമാണ് ഉള്ളത്. മൊത്തത്തിൽ ഏകദേശം 300 കിലോമീറ്റർ ചുറ്റളവ് ആണ് ഇവിടെയുള്ള കര. ഒരു ദ്വീപിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ബോട്ടിനെ ആശ്രയിക്കണം. ഒപ്പം ദ്വീപുകൾ ആയതിനാൽ ഇന്റർനെറ്റ് കണക്ഷൻ അത്ര വിപുലമല്ല എന്നതും ഇവിടുത്തെ പ്രതിസന്ധിയാണ്. അതായത് സ്ഥിരമായി ഇന്റർനെറ്റ് സേവനം ലഭിക്കാൻ അല്പം ചെലവ് ഏറും എന്ന് അർത്ഥം. ഒപ്പം താമസ ചിലവും താരതമ്യേന കൂടുതലാണ്. എന്നാൽ മിക്കവാറും ജോലികൾക്ക് ഒപ്പം താമസ, ഭക്ഷണ അലവൻസ് നൽകുന്നുണ്ടാകും.

മാത്രമല്ല സാധാരണ പ്രതീക്ഷകൾ അനുസരിച്ചുള്ള ഹോട്ടലോ ഭക്ഷണ രീതിയോ അല്ല ഇവിടെ. തനതായ ഭക്ഷണ രീതിയും, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ആണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ പ്രത്യേക താല്പര്യം സൂക്ഷിക്കുന്നവർ സ്വയം പാചകം ചെയ്യുന്ന രീതിയാണ് ഇവിടെ മിക്കവാറും പിന്തുടരുന്നത്. ഇവിടുത്തെ ഭക്ഷണത്തിൽ മത്സ്യം ഒരു പ്രധാന ഘടകമാണ്. വിവിധ തരത്തിലുള്ള മത്സ്യ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. വിപണിയിൽ മീനിന് വിലയും താരതമ്യേന കുറവാണ് എന്നതും ശ്രദ്ധേയം.

ഒപ്പം ദ്വീപ് ആയതിനാൽ കടലിലെ കാലാവസ്ഥാ വ്യതിയാനം നല്ല രീതിയിൽ ബാധിക്കും എന്നതും പ്രത്യേകതയാണ്. ഇത് ചില ഘട്ടങ്ങളിൽ വിമാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കും നയിക്കാൻ ഇടയുണ്ട്. കൊച്ചിയിൽ നിന്നും മാൽദിവ്സിലേക്ക് കപ്പൽ സർവീസും ഉണ്ട്. ഏകദേശം 15000 രൂപയ്ക്ക് മുകളിലാണ് യാത്രയ്ക്ക് ചിലവ്. 24 മണിക്കൂർ വരെ യാത്രാ ദൈർഖ്യം ഉണ്ടാകും. കൂടുതൽ ലഗ്ഗേജ് കൊണ്ടുപോകണമെങ്കിൽ ഈ വഴി കൂടുതൽ ഉപകാരപ്രദം ആയിരിക്കും. ഒപ്പം കപ്പൽ യാത്രയുടെ പുതുമയും ആസ്വദിക്കാം.

ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നത് ഈ ദ്വീപുകളുടെ നിലനിൽപ്പിനെ ബാധിക്കുന്നു എന്ന തരത്തിലുള്ള ചില പഠനങ്ങളും മുൻപ് പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ ജീവിത സാധ്യതകൾ അന്വേഷിച്ച് ഇന്ത്യയിലേക്ക് വരുന്ന മാൽദിവ്സി ജനതയും ഉണ്ട്. എന്നാൽ അടുത്തെങ്ങും സമുദ്രനിരപ്പ് ഉയരുന്നത് ഈ രാജ്യത്തിന് ഭീഷണി ആകില്ലെന്നും, അത് കുറെ വർഷങ്ങൾക്ക് ശേഷം മാത്രം സംഭവിക്കാൻ സാധ്യത ഉള്ളതാണ് എന്നും പറയുന്ന പഠനങ്ങളും നിലവിലുണ്ട്.

ഈ കുഞ്ഞൻ രാഷ്ട്രം തുറക്കുന്നത് നിരവധി സാധ്യതകൾ ആണ്. ഇവിടെയുള്ള പ്രവർത്തി പരിചയം മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഒപ്പം ഒരു അന്താരാഷ്ട്ര തൊഴിൽ പരിചയം നേടാനും കഴിയും. ജീവിത സാഹചര്യമോ, സ്ഥിരതാമസം ആക്കാനോ കൂടുതൽ പേർ മാൽദിവ്സ് തിരഞ്ഞെടുക്കുന്നില്ല എങ്കിലും മികച്ച ജോലിയും, സമ്പാദ്യവും നൽകാൻ ഇവിടം സഹായിക്കും. ഒപ്പം തുടർന്നുള്ള സാധ്യതകൾക്ക് വഴി തുറക്കാനും ഈ പരിചയം സഹായിക്കും.