സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് അറിഞ്ഞിരിക്കാം

നമ്മള്‍ പലപ്പോഴും അറിയാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിരവധി സ്‌കോളര്‍ഷിപ്പുകളുണ്ട്. പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്കും സഹായത്തിന് അര്‍ഹരായവര്‍ക്കും ഇത് ലഭ്യമാകുന്നതിന് അവയിലോരോന്നും നമ്മള്‍ മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ആര്‍ക്കെങ്കിലുമൊക്കെ ഗുണം ചെയ്യുന്ന വിവരങ്ങളാണ്. സശ്രദ്ധം കേള്‍ക്കുക.

ഇന്‍സ്പയര്‍
സയന്‍സില്‍ ബിരുദപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പാണിത്. പ്ലസ് ടുവിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന രാജ്യത്തെ പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇതിനര്‍ഹര്‍. തുടര്‍ന്ന് പിജി പഠനത്തിനും സ്‌കോളര്‍ഷിപ്പ് തുടരും. ഇതിന് വരുമാനപരിധിയോ മറ്റ് നിബന്ധനകളോ ഇല്ല. യൂണിയന്‍ ഗവണ്‍മെന്റിന്റെ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കൊല്ലത്തില്‍ 30,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.inspiredst.gov.in സന്ദര്‍ശിക്കുക

ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്
വരുമാനപരിധിയില്ലാതെ പ്ലസ്സ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി പഠനത്തിനും തുടര്‍ന്ന പിജി കോഴ്‌സിനും ലഭിക്കും. എല്ലാ ഡിഗ്രി കോഴ്‌സുകള്‍ക്കും ബാധകം. 50 % പൊതുവിഭാഗത്തിനും 50% മറ്റ് വിഭാഗക്കാര്‍ക്കുമായി നല്‍കുന്നു. ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി ഒന്നാം വര്‍ഷം 12000 രൂപ, രണ്ടാംവര്‍ഷം 18000 രൂപ, മൂന്നാം വര്‍ഷം 24000 രൂപ, പിജി ഒന്നാം വര്‍ഷം 40000, രണ്ടാം വര്‍ഷം 60000 എന്നിങ്ങനെയാണ് സഹായം ലഭിക്കുക. www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക.

പ്രതിഭ സ്‌കോളര്‍ഷിപ്പ്
പ്ലസ്സ് ടുവിന് 90 ശതമാനത്തിലധികം മാര്‍ക്കുനേടി ഡിഗ്രി സയന്‍സ് വിഷയങ്ങള്‍ക്കു ചേരുന്നവര്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല. ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് മറ്റു സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കില്ല. ഡിഗ്രി ഒന്നാംവര്‍ഷം 12000, രണ്ടാം വര്‍ഷം 18000, മൂന്നാം വര്‍ഷം 24000, പിജി ഒന്നാംവര്‍ഷം 40000, രണ്ടാം വര്‍ഷം 60000 എന്നിങ്ങനെയാണ് ലഭിക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് www.kscstc.kerala.gov.in സന്ദര്‍ശിക്കുക.

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്
പ്ലസ്സ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി കോഴ്‌സിനും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം ആറുലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. 50 % സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. യൂണിയന്‍ ഗവണ്‍മെന്റിന്റെ മാനവശേഷി വകുപ്പാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തോളം പേര്‍ക്ക് ലഭിക്കും. ഡിഗ്ര#ി എല്ലാ വര്‍ഷവും 12000 രൂപയും പിജി പഠനകാലത്തേ 24000 രൂപ വീതവും ലഭിക്കും.  www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക.

മെറിറ്റ് കം മീന്‍സ്
മെറിറ്റ് അടിസ്ഥാനത്തില്‍ രാജ്യത്തെ ന്യൂനപക്ഷ ഡിഗ്രി, പിജി. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിയന്‍ ഗവണ്‍മെന്റിന്റെ ന്യൂനപക്ഷമ്രന്ത്രാലയത്തില്‍നിന്നും ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. കേരളത്തില്‍ 5000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.  സന്ദര്‍ശിക്കുക.

സ്റ്റേറ്റ് മെറിറ്റ്
സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി പിജി വിദ്യാര്‍ത്ഥികള്‍ക്ക്. വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ താഴെയായിരിക്കണം. ഡിഗ്രിക്ക് വര്‍ഷം തോറും 10000 രൂപയും പിജിക്ക് 18000 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtc.kerala.gov.in സന്ദര്‍ശിക്കുക.

സുവര്‍ണ്ണജൂബിലി
ബിപിഎല്‍ വിഭാഗക്കാര്‍ മാത്രമാണ് സുവര്‍ണ്ണജൂബിലി സ്‌കോളര്‍ഷിപ്പിനര്‍ഹര്‍. ഗവണ്‍മെന്റ് അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ ഡിഗ്രി പിജി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഓരോ സ്ഥാപനത്തിനും നിശ്ചിത എണ്ണം മാറ്റിവെച്ചിട്ടുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ കേരളത്തില്‍ പതിനായിരം പേര്‍ക്കാണ് ലഭിക്കുക. ഡയറക്ടറേറ്റ് ഓഫ് കോളേജ് എജ്യൂക്കേഷനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും പതിനായിരം രൂപവീതമാണ് ലഭിക്കുക. www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക.

പോസ്റ്റ് മെട്രിക്
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുമാത്രം. വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയായിരിക്കണം. പ്ലസ് ടു. ഡിഗ്രി. പിജി. പിഎച്ച് ഡി തുടങ്ങി എല്ലാ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ് ഇവയ്ക്കു പുറമേ അംഗീകൃത അണ്‍എയ്ഡയ് സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും. സംസ്ഥാനസര്‍ക്കാരാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മാസം തോറും 1000 രൂപയും കോഴ്‌സ് ഫീസും ലഭിക്കും. www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക.

അസ്പയര്‍
പിജി, എംഫില്‍, പിഎച്ച്ഡി ചെയ്യുന്നവര്‍ക്ക് ഹ്രസ്വകാല റിസേര്‍ച്ച് പ്രൊജക്റ്റ് ചെയ്യുന്നതിനുള്ള സ്‌കോളര്‍ഷിപ്പാണിത്. മറ്റ് നിബന്ധനകളില്ല. പിജിക്കാര്‍ക്ക് 10000, എംഫില്‍ കാര്‍ക്ക് 18000 പിഎച്ച്ഡിക്കാര്‍ക്ക് 32000 എന്നിങ്ങനെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക.

വിദ്യാസമുന്നതി
മുന്നോക്കവിഭാഗങ്ങളിലെ വാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് ഡിഗ്രി, പിജി, എംഫില്‍, പിഎച്ച്ഡി ഏതു വിഷയങ്ങള്‍ക്കും അപേക്ഷിക്കാം. ഡിഗ്രി തലത്തില്‍ 3000 പേര്‍ക്കും പിജി തലത്തില്‍ 2000 പേര്‍ക്കും പ്ലസ്സ് 2 തലത്തില്‍ 10000 പേര്‍ക്കും ലഭിക്കും. വര്‍ഷത്തില്‍ ഹയര്‍സെക്കന്ററിതലത്തില്‍ 3000 രൂപ, ഡിഗ്രി തലത്തില്‍ 5000 രൂപ, പിജിക്കാര്‍ക്ക് 6000 രൂപ എന്നിങ്ങനെ ലഭിക്കും.
കേരളാ സ്റ്റേറ്റ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ഫോര്‍ ഫോര്‍വേഡ് കമ്യൂണിറ്റീസ് ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kswcfc.org

സ്‌നേഹപൂര്‍വ്വം
മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പില്ലാത്ത കുട്ടികള്‍ക്ക് അപേക്ഷിക്കാം. മറ്റ് നിബന്ധകളില്ല. പ്ലസ് ടു, ഡിഗ്രി, പിജി തലത്തില്‍ ലഭിക്കും. കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പാണ് നല്‍കുന്നത്. മാസം 1000 രൂപ ലഭിക്കും. വിവരങ്ങള്‍ക്ക്. www.snehapoorvamonline@gmail.com

പിജി മെറിറ്റ്
ഡിഗ്രി തലത്തില്‍ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി പിജിക്ക് ചേരുന്നവര്‍ക്ക് ( ) മറ്റ് നിബന്ധനകള്‍ ഇല്ല. (ഗ്രേഡ് രീതിയില്‍ പഠനം നടത്തിയവര്‍ അതാത് യൂണിവേഴ്‌സിറ്റിയില്‍നിന്നും ലഭിക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങള്‍ കാണിക്കുന്ന പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി) മറ്റ് നിബന്ധനകളില്ല. യുജിസിആണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. കൊല്ലത്തില്‍ 20000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ugc.ac.in

ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ കാഴ്ച-കേള്‍വി-മറ്റ് ഭിന്നശേഷിക്കാര്‍ക്കുള്ള മാത്രം. വാര്‍ഷികവരുമാനം രണ്ടരലക്ഷത്തില്‍ താഴെയായിരിക്കണം. കാഴ്ചാസംബന്ധമായ ഭിന്നശേഷിക്കാര്‍ക്ക് ഇത് നാലര ലക്ഷം രൂപയാണ്. ഇ-ഗ്രാന്‍ഡ് ലഭിക്കന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല. പ്ലസ് ടു. ഡിഗ്രി, പിജി തലത്തില്‍ ലഭ്യമാണ്. പഠനകാലത്തെ മുഴുവന്‍ ചെലവും ഹോസ്റ്റല്‍ഫീയും ലഭിക്കും.  www.kswcfc.org

പിജി ഒറ്റ പെണ്‍കുട്ടി
പിജി കോഴ്‌സിനു ചേരുന്ന വീട്ടിലെ ഒറ്റ പെണ്‍കുട്ടിക്കുള്ള സ്‌കോളര്‍ഷിപ്പ്. സഹോദരനോ സഹോദരിയോ പാടില്ല. എന്നാല്‍ ഇരട്ട പെണ്‍കുട്ടികള്‍ക്കും ലഭിക്കും. മറ്റ് നിബന്ധനകളില്ല. ഇത് യുജിസി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. കൊല്ലത്തില്‍ 30000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ugc.ac.in

മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍നിന്ന് എസ് എസ് എല്‍സി പ്ലസ്സ് റ്റു പരീക്ഷകളില്‍ എ പ്ലസ്സ് നേടിയ ന്യൂനപക്ഷ ബിപിഎല്‍ കാര്‍ക്ക് അപേക്ഷിക്കാം. മൈനോറിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരാള്‍ക്ക് 10000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minoritywelfare.kerala.gov.in

പ്രീ മെട്രിക്
ഇതിന്റെ അവസാന തിയതി ഓഗസ്റ്റ് 31 ആണ്. ഗവണ്‍മെന്റ് അംഗീകൃ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. പരീക്ഷകളില്‍ 50 % ത്തില്‍ അധികം മാര്‍ക്ക് ലഭിച്ചിരിക്കണം. സംസ്ഥാനസര്‍ക്കാരാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകാര്‍ക്ക് കൊല്ലത്തില്‍ ആയിരം രൂപയും ആറുമുതല്‍ പത്തുവരെ ക്ലാസ്സുകാര്‍ക്ക് 5000 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഹിന്ദി സ്‌കോളര്‍ഷിപ്പ്
പഠിക്കുന്ന കോഴ്‌സില്‍ ഹിന്ദി ഒരു വിഷയമായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മറ്റു നിബന്ധനകള്‍ ഇല്ല. മാസം 500 രൂപ വീതം ലഭിക്കും. www.dcescholarship.kerala.gov.in

സി.എച്ച് മുഹമ്മദ് കോയ
ലാറ്റിന്‍, പരിവര്‍ത്തിത കൃസ്റ്റ്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്ക് ഡിഗ്രി, പിജി പഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ്. വാര്‍ഷികവരുമാനം ആറുലക്ഷത്തില്‍ താഴെ ആയിരിക്കണം. പഠനകാലത്ത് ഓരോ വര്‍ഷവും 5000 രൂപ വീതം ലഭിക്കും. ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ സ്റ്റൈഫന്റായി പ്രതിവര്‍ഷം 12000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in

എന്‍ സി സി സീനിയര്‍
പ്ലസ് ടു പഠനകാലത്ത് എന്‍സിസിയില്‍ അംഗമായിരിക്കുകയും 80 % അധികം ഹാജറും 65% ലധികം മാര്‍ക്കും ലഭിച്ച് ഡിഗ്രിക്ക് ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. 12000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nccscholarship.org

കെവിപിവൈ
അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ഡിഗ്രി പിജി പഠനത്തിന്. പ്ലസ്സ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ഈ പരീക്ഷ എഴുതി പാസ്സാകണം. പ്ലസ് റ്റുവിന് 80 ശതമാനം മാര്‍ക്ക് വേണം. മറ്റു നിബന്ധനകള്‍ ഇല്ല. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി പഠനകാലത്ത് മാസം 5000 രൂപയും പിജി പഠനകാലത്ത് മാസം 7000 രൂപയും ലഭിക്കും. ആഗസ്റ്റ് 31 നുമുമ്പ് അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvpy.org.in

യൂണിവേഴ്‌സിറ്റി മെറിറ്റ്.
യൂണിവേഴ്‌സിറ്റ#ി തലത്തില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങി പിജി പഠനം നടത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. മറ്റുനിബന്ധനകളില്ല. അതാത് യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകള്‍ നോക്കുക.