കാര്‍ട്ടൂണ്‍ പരിഹാസമാണ്; അറസ്റ്റല്ല പ്രതിവിധി

ചാര്‍ലി ചാപ്‌ളിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ കണ്ടതിനുശേഷമാണ് ലണ്ടനില്‍ ബോംബിടുന്നതിനുള്ള ഹിറ്റ്‌ലറുടെ തീരുമാനം ഉണ്ടായത്. ഏകാധിപതികള്‍ക്ക് നര്‍മം ആസ്വദിക്കുന്നതിനുള്ള പ്രാപ്തിയുണ്ടാവില്ല. ഉത്തര കൊറിയയിലെ കിം ജോങ് ഉന്‍ മുതല്‍ യുഎസിലെ ഡോണള്‍ഡ് ട്രംപ് വരെ ഇക്കാര്യത്തില്‍ ഒരേ ചേരിയിലാണ്. ജനാധിപത്യവാദിയായതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റുവിന് ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്നതിനും കാര്‍ട്ടൂണിസ്റ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞത്.

തമിഴ്‌നാട്ടില്‍ കാര്‍ട്ടൂണിസ്റ്റ് ജി ബാലയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. തിരുനെല്‍വേലിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മാഹുതി ചെയ്ത സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ബാലയുടെ കാര്‍ട്ടൂണ്‍. അത്തരം സംഭവങ്ങള്‍ പ്രതികരണം ആവശ്യപ്പെടുന്നു. തുണീസിയയിലെ ഒരു തെരുവുകച്ചവടക്കാരന്റെ ആത്മാഹുതിയോടുള്ള ദു:ഖാര്‍ത്തയായ അമ്മയുടെ പ്രതികരണത്തില്‍നിന്നാണ് വിപ്‌ളവത്തിന്റെ മുല്ലപ്പൂക്കള്‍ വിരിഞ്ഞത്. അത് പിന്നീട് അറബ് വസന്തമായി കത്തിപ്പടര്‍ന്നു. നിരവധി ഏകാധിപതികള്‍ അതില്‍ വെന്തെരിഞ്ഞു.
ബ്‌ളേഡ് മാഫിയയുടെ ഭീഷണി സഹിക്കാനാവാതെ തിരുനെല്‍വേലി കലക്ടറേറ്റിനു മുന്നില്‍ ആത്മാഹുതി ചെയ്ത ഒരു സാധു കുടുംബത്തിന്റെ ഒഴിവാക്കാനാകുമായിരുന്ന ദുരന്തത്തോടുള്ള ബാലയുടെ പ്രതികരണമാണ് കാര്‍ട്ടൂണായത്. കാര്‍ട്ടൂണ്‍ വരച്ചെങ്കിലും പ്രതിഷേധിക്കുന്നതിനുള്ള അവസരം തമിഴ്‌നാട്ടിലെന്നല്ല ഒരിടത്തും നിഷേധിക്കരുത്. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും തിരുനെല്‍വേലി കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും കാര്‍ട്ടൂണിലൂടെ അപമാനിതരായെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥരും പൊതുസേവകരും അപകീര്‍ത്തി എന്ന ആക്ഷേപവുമായി കോടതിയിലേക്ക് വരരുതെന്ന് തമിഴ്‌നാട്ടില്‍നിന്നു തന്നെയുള്ള ഒരു കേസിലാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. നഗ്നരാക്കപ്പെട്ട മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കറന്‍സികൊണ്ട് നാണം മറയ്ക്കുന്നതാണ് കാര്‍ട്ടൂണ്‍.
കേരളത്തിലെ കാര്‍ട്ടൂണുകള്‍ക്കൊപ്പം നിലവാരമുള്ള കാര്‍ട്ടൂണ്‍ ആണ് ബാലയുടേതെന്ന അഭിപ്രായം എനിക്കില്ല. കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യത്തില്‍ നിലവാരമില്ലാത്ത കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. നിലവാരമില്ലാത്ത കാര്‍ട്ടൂണ്‍ വരച്ചാല്‍ ഉടന്‍ അറസ്‌റ്റെന്ന നിലപാടിനോട് എനിക്കെന്നല്ല ആര്‍ക്കും യോജിക്കാനാവില്ല. വിമര്‍ശത്തിന്റെ നിലവാരം നിശ്ചയിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നത് സെന്‍സര്‍ഷിപ്പിന്റെ തുടക്കമാണ്.

കാര്‍ട്ടൂണിന്റെ പേരില്‍ നിയമസഭയുടെ അവകാശലംഘനം ആരോപിച്ച് ആനന്ദവികടന്‍ പത്രാധിപര്‍ ബാലസുബ്രഹ്മണ്യന്‍ ജയിലിലായത് എംജിആറിന്റെ കാലത്തായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ശിക്ഷ പിന്‍വലിക്കേണ്ടിവന്നു. അഴിമതിവിരുദ്ധ കാര്‍ട്ടൂണുകളുടെ പേരില്‍ അസീം ത്രിവേദിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുത്തത് 2012ലായിരുന്നു. 1949ല്‍ ശങ്കര്‍ വരച്ച കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ പുന:പ്രസിദ്ധീകരിച്ചപ്പോള്‍ പാര്‍ലമെന്റ് ഇളകിമറിഞ്ഞതും 2012ലായിരുന്നു. അംബേദ്കറെ ആക്ഷേപിച്ചുവെന്നതായിരുന്നു ഇളക്കത്തിനു കാരണം. അംബേദ്കര്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനു തോന്നാതിരുന്ന അസ്‌ക്യതയാണ് അറുപതു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വ്യാജഅനുയായികള്‍ക്കുണ്ടായത്. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും പരിഹസിക്കുന്ന ചാനല്‍ പരിപാടികള്‍ വേണ്ടെന്ന് ശ്യാം രംഗീലയ്ക്ക് മുന്നറിയിപ്പ് കിട്ടിയത് അടുത്ത കാലത്താണ്.
രാഷ്ട്രീയത്തിലെ ഭക്തിയും വീരാരാധനയും ഏകാധിപത്യത്തിലേക്ക് വഴി തുറക്കുമെന്നു പറഞ്ഞത് അംബേദ്കര്‍ തന്നെയാണ്. ഭരണഘടനാസഭയിലെ അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമായിരുന്നു അത്. മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിക്കണമെന്ന് ഇപ്പോള്‍ നരേന്ദ്ര മോദി പറയുന്നു. ഇന്ദിര ഗാന്ധിയും ഇതുതന്നെ പറഞ്ഞിട്ടുണ്ട്. നിയന്ത്രണത്തെക്കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍ വരാനിരിക്കുന്ന ശരിയായ നിയന്ത്രണത്തിന്റെ മുന്നറിയിപ്പാണത്. അപകീര്‍ത്തിയും കോടതിയലക്ഷ്യവും സംബന്ധിച്ച നിയമങ്ങള്‍ ആശയാവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കുംവിധം പ്രയോഗിക്കാനുള്ളതല്ല. തെറ്റായി പ്രയോഗിക്കപ്പെടാന്‍ സാധ്യതയുള്ള നിയമങ്ങളുടെ മുനയൊടിച്ച് മാറ്റിവയ്ക്കണം.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര