വിപ്ലവത്തിന്‌ പ്രതീകങ്ങള്‍ വേണം; പ്രതിരോധത്തിന്റെ പ്രതീകമാണ് ബീഫ്

മെനു കാര്‍ഡിലെ ഐറ്റം മാത്രമായിരുന്ന ബീഫ് പൊടുന്നനെ പ്രതിരോധത്തിന്റെ പ്രതീകമായി. വിപ്‌ളവങ്ങള്‍ക്ക് പ്രതീകങ്ങള്‍ ആവശ്യമുണ്ട്. ഫ്രഞ്ച് വിപ്‌ളവത്തിന് തുടക്കമിട്ടത് മേരി അന്‍ടോയ്‌നറ്റിന്റെ കേക്കായിരുന്നു. വോള്‍ട്ടയറും റൂസോയും മൊണ്ടെസ്‌ക്യൂവും പിന്നീട് കടന്നുവന്നവരാണ്. ബോസ്റ്റണില്‍ കടലിലെറിഞ്ഞ തേയിലപ്പെട്ടികളില്‍നിന്ന് അമേരിക്കന്‍ സ്വാതന്ത്ര്യയുദ്ധത്തിന്റെ തുടക്കമായി. ചമ്പാരണിലെ നീലമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ചുവപ്പിച്ചത്. ഇപ്പോള്‍ ബീഫ് ഇന്ത്യയില്‍ ജനാധിപത്യമുന്നേറ്റങ്ങളിലെ രുചികരമായ വിഭവമായി. തെരുവിലും കാമ്പസുകളിലും നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ ഫാഷിസത്തിനെതിരായ യുദ്ധപ്രഖ്യാപനങ്ങളാണ്.

ഭരണഘടന നല്‍കിയിട്ടില്ലാത്ത അധികാരമാണ് ഈ വിഷയത്തില്‍ കേന്ദ്രം പ്രയോഗിക്കുന്നത്. നേരേ സാധിക്കാത്തത് പിന്നിലൂടെ സാധ്യമാക്കുന്നതിന് കളറബിള്‍ ലെജിസ്‌ളേഷന്‍ എന്നു പറയും. അത് അനുവദനീയമല്ല. കാലിച്ചന്തയുടെ നിയന്ത്രണത്തിലൂടെ കശാപ്പുശാലകളെയും തദ്വാര മാംസവിപണിയെയും ജനതയുടെ ആഹാരശീലത്തെയും നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ സാധൂകരിക്കണമെങ്കില്‍ ഭരണഘടനയെ അപായകരമാംവിധം വലിച്ചു നീട്ടേണ്ടിവരും. അപ്രായോഗികവും അപരിഷ്‌കൃതവും നിയമവിരുദ്ധവുമായ ചട്ടങ്ങളാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍േറതായി പരസ്യപ്പെടുത്തിയ വിജ്ഞാപനത്തിലുള്ളത്.

കാര്‍ഷിക സംസ്‌കാരത്തെയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെയും തകരാറിലാക്കുന്ന കാലിസംരക്ഷണച്ചട്ടങ്ങള്‍ ഫെഡറലിസത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും അപകടത്തിലാക്കുന്നു. ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നിയമനിര്‍മാണമാണ് കേന്ദ്രം ഏറ്റെടുത്തത്. പ്രത്യക്ഷത്തില്‍ ചെയ്യാന്‍ കഴിയാത്തത് പരോക്ഷമായി ചെയ്യുന്ന ഏര്‍പ്പാട് ഭരണഘടനയോടുള്ള നിന്ദയാണ്.

കന്നുകാലികളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം കേന്ദ്രത്തിനില്ല. ജന്തുക്കളോടുള്ള ക്രൂരത തടയല്‍ സമവര്‍ത്തി ലിസ്റ്റില്‍ പെട്ട വിഷയമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യാധികാരമുള്ള വിഷയമാണിത്. അതിന്റെ അടിസ്ഥാനത്തില്‍ 1960ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമുണ്ട്. അതിനു അനുബന്ധമായി ചട്ടങ്ങള്‍ രൂപപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് വലിയ കൈയേറ്റമാണ് കേന്ദ്രം നടത്തിയത്. കശാപ്പിനുള്ള കച്ചവടം നിരോധിച്ചത് കച്ചവടംതന്നെ ഇല്ലാതാക്കും. കറന്‍സി ഒരു രാത്രി പൊടുന്നനെ മൂല്യശൂന്യമായതുപോലെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. വെളിപ്പെടുത്താത്ത ഉന്നങ്ങളിലേക്കുള്ള വെടിയാണ് സര്‍ക്കാര്‍ പൊട്ടിക്കുന്നത്. മനുഷ്യന്‍ സമൂഹജീവിതം ആരംഭിച്ച നാള്‍ മുതല്‍ കാലി കൈമാറ്റം ചെയ്യാവുന്ന സ്വത്തായിരുന്നു. അടിയന്തിരഘട്ടങ്ങള്‍ തരണം ചെയ്യുന്നതിനുള്ള കരുതല്‍ കൂടിയായിരുന്നു ഗോക്കള്‍.
ഗോസംരക്ഷകര്‍ പശുവിനൊപ്പം പോത്തിനെയും സംരക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 26,684 കോടി രൂപയുടെ മാട്ടിറച്ചി ഇന്ത്യ കയറ്റി അയച്ചു. ഇനി അതുണ്ടാവില്ല. നാട്ടില്‍ ഇറച്ചി ഭക്ഷിക്കുന്നവരുടെ കാര്യം വേറെ. കറവ തീര്‍ന്നാല്‍ കാലികളെ എന്തു ചെയ്യണമെന്ന ചോദ്യമുണ്ട്. വെള്ളാനകളെപ്പോലെ മറ്റൊരു മൃഗവര്‍ഗത്തെയുണ്ടാക്കി പോറ്റാനാവില്ല. അവയെ മൂക്കുകയറില്ലാതെ തെരുവിലേക്ക് അഴിച്ചു വിടേണ്ടി വരും. തുകല്‍ വ്യവസായം മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം വരെ അനുബന്ധവ്യവസായങ്ങളുള്ള മേഖലയാണിത്.

മൃഗസംരക്ഷണം സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്. സംസ്ഥാന ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള അനന്യാധികാരം അനുഛേദം 246(3) അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ളതാണ്.
നിര്‍ദേശകതത്വത്തെ അടിസ്ഥാനമാക്കി ഗോവധം നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളുണ്ട്. അത്തരം നിരോധനങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നിരോധനം അടിച്ചേല്‍പിക്കാന്‍ ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനാവില്ല. വ്യക്തത ആവശ്യമില്ലാത്ത ഇക്കാര്യത്തില്‍ കേന്ദ്രത്തെ പ്രതിരോധിക്കുന്നതിന് കേരളവും സമാനമായ നിലപാടുള്ള സംസ്ഥാനങ്ങളും കോടതിയെ സമീപിക്കണം.

എന്നാല്‍ എന്തായിരിക്കും കോടതിയുടെ നിലപാട്? മദ്രാസ് ഹൈക്കോടതി പ്രസ്താവ്യമായ നിലയില്‍ പോസിറ്റീവായ നിലപാട് സ്വീകരിച്ചപ്പോള്‍ കേരളത്തിലെ ബിഹാറുകാരനായ ചീഫ് ജസ്റ്റീസ് ഒന്നും മനസിലാകാത്തതുപോലെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയ യൂത്ത് കോണ്‍ഗ്രസുകാരനായ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. റോഡില്‍ കശാപ്പ് നടത്തി പ്രതിഷേധം ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലുള്ള രണ്ടാമത്തെ വീഴ്ചയാണ് കോടതിയില്‍ കണ്ടത്. പ്രതിരോധത്തെ അകത്തുകയറി തകര്‍ക്കുന്ന പരിപാടിയാണ് ഉത്തരേന്ത്യയില്‍ ബീഫ് നിരോധത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്.
സമ്പദ്‌വ്യവസ്ഥയെയും തൊഴില്‍രംഗത്തെയും പ്രതികൂലമായി ബാധിക്കുന്ന ക്രൂരതാനിരോധനച്ചട്ടങ്ങള്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

സ്വയംപ്രഖ്യാപിത ഗോപാലകന്മാര്‍ നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്ന നാട്ടില്‍ ഇത്തരത്തിലുള്ള ചട്ടങ്ങള്‍ അക്രമികള്‍ക്ക് നല്‍കുന്ന സാധ്യതകള്‍ വലുതാണ്. മദ്യനിരോധനം മദ്യമാഫിയകള്‍ക്ക് വളരാനിടം നല്‍കുന്നതുപോലെ മാംസനിരോധനം മാംസമാഫിയകളെ സൃഷ്ടിക്കും.

നിയമത്തിന് അനുബന്ധമാകേണ്ട ചട്ടങ്ങള്‍ നിയമത്തിന് ബദലാകരുത്. 1960ലെ കേന്ദ്ര നിയമത്തിന് ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത് നിയമം പ്രയോഗക്ഷമമാക്കുന്നതിനുവേണ്ടിയാണ്. അറവുശാലയിലേക്കുള്ള യാത്രയിലും മൃഗങ്ങളോട് ക്രൂരത പാടില്ല. മാംസവ്യാപാരത്തില്‍ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തണം. നിയമനിര്‍മാണത്തോളമെത്തുന്ന വിജ്ഞാപനത്തിനു പകരം പുതിയ നിര്‍ദേശങ്ങളുമായി പാര്‍ലമെന്റിനെ സമീപിക്കുകയായിരുന്നു ഉത്തമം. അവധാനതയോടെ സമീപിച്ചില്ലെങ്കില്‍ പാളിപ്പോകാവുന്ന വിഷയമാണിതെന്ന ജാഗ്രത വിജ്ഞാപനത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാകണം.

പോത്തിനെയും എരുമയെയും ഒഴിവാക്കിയതുകൊണ്ട് ദുരുപദിഷ്ടമായ വിജ്ഞാപനത്തിലെ ഭരണഘടനാപരമായ ന്യൂനതയ്ക്ക് പരിഹാരമാവില്ല. ഈ ന്യൂനതയാണ് കോടതികളില്‍ ശക്തമായി അവതരിപ്പിക്കേണ്ടത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം ഭക്ഷ്യാവശ്യത്തിന് മൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്നു. അനാവശ്യമായി അവയെ വേദനിപ്പിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യരുതെന്നാണ് നിയമം പറയുന്നത്. നിയമത്തിലെ 11(3) വകുപ്പിന് വിരുദ്ധമായ വിജ്ഞാപനമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പതിനൊന്നാം വകുപ്പ് ഭക്ഷണത്തിനുവേണ്ടിയും ഇരുപത്തിയെട്ടാം വകുപ്പ് മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയും മൃഗവധം അനുവദിച്ചിരിക്കുന്നു. നരബലിക്കു ബദലായി സ്വീകരിക്കപ്പെട്ട ആശയമാണ് മൃഗബലി. അതിന്റെ ഓര്‍മയിലാണ് മുസ്‌ലീങ്ങള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. അനുകമ്പയോടെയും അനുഷ്ഠാനപ്രകാരവും മൃഗങ്ങളെ വധിക്കുന്ന രീതിയാണ് ഇസ്‌ലാമിലുള്ളത്. യജ്ഞപശുവിനെ ശ്വാസം മുട്ടിച്ച് ക്രൂരമായി കൊല്ലുന്ന രീതിയായിരുന്നു ബ്രാഹ്മണ്യത്തിന്റെ യാഗശാലകളില്‍ ഉണ്ടായിരുന്നത്. അവരുടെ പിന്‍മുറക്കാരാണ് ഗോശാലകളില്‍ പശുക്കളെ പട്ടിണിക്കിട്ട് കൊല്ലുന്നത്. പശുവിനെ കൊന്നാല്‍ പത്തു വര്‍ഷം തടവുശിക്ഷയുള്ള സംസ്ഥാനത്താണ് ഗോശാലകളില്‍ എണ്ണായിരം പശുക്കള്‍ പട്ടിണിയിലും രോഗത്തിലും ചത്തത്.

മൃഗങ്ങള്‍ക്കുവേണ്ടിയുള്ളതാണ് 1960ലെ കേന്ദ്ര നിയമം. 1890 മുതല്‍ പ്രാബല്യത്തിലുള്ളതാണ് ആ നിയമം. മാംസം കഴിക്കുന്ന രാജ്യങ്ങളിലും മൃഗങ്ങളോടുള്ള ക്രുരത തടയുന്ന നിയമമുണ്ട്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെയിന്‍ പ്രഖ്യാതമായ കാളപ്പോര് നിര്‍ത്തലാക്കുന്നു. എന്നാല്‍ ഏറ്റവും രുചികരമായി ബീഫ് കഴിക്കണമെങ്കില്‍ സ്‌പെയിനില്‍ പോകണം.

പരിഷ്‌കൃതലോകം പരിഹസിക്കുന്ന രീതിയില്‍ ഇന്ത്യ നിയന്ത്രണങ്ങളുടെയും നിരോധനങ്ങളുടെയും നാടായി മാറുന്നു.
അടുക്കള വഴിയാണ് ആഗോളീകരണം കടന്നുവന്നത്. അന്ന് അടുക്കള തിരിച്ചുപിടിക്കല്‍ സമരമുണ്ടായി. ഇന്ന് ഫാഷിസ്റ്റുകളുടെ വരവും അടുക്കളയിലൂടെയാണ്. അവര്‍ക്ക് പരിശോധിക്കാനുള്ളതല്ല നമ്മുടെ കറിയും കറിച്ചട്ടിയും.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ