ലോകംചുറ്റാന്‍ ഇത്ര ദിവസം വേണ്ടിവരും? കുറഞ്ഞത് 80 ദിവസമെങ്കിലും എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. വെറും 43 ദിവസം കൊണ്ട് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഫ്രഞ്ച് പൗരനായ ഫ്രാന്‍കോയ്‌സ് ഗബാര്‍ട്ട്. 42 ദിവസങ്ങളും പതിനാറ് മണിക്കൂറും നാല്‍പ്പത് മിനുട്ടും 35 സെക്കന്റുമാണ് ലോകം ചുറ്റിക്കാണാന്‍ ഗബാര്‍ട്ടിന് വേണ്ടി വന്നത്.
ഫ്രാന്‍സിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഉഷന്ത് ദ്വീപിനും ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറ് ഭാഗമായ ലിസാര്‍ഡ് പോയിന്റിനും ഇടയിലുള്ള ഫിനിഷിംഗ് ലൈനില്‍ ബോട്ടടുപ്പിച്ചാണ് ഗബാര്‍ട്ട് ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.ഒറ്റക്ക് ലോകം ചുറ്റി സഞ്ചരിച്ചു എന്ന നാലാം ലോക റെക്കോര്‍ഡാണ് ഗബാര്‍ട്ടിന്റേത്. തനിക്ക് മുന്‍പുള്ള മൂന്നുപേരേക്കാള്‍ ഏറ്റവും മികച്ച ഫിനിഷിങ് ടൈമാണ് രണ്ട് കുട്ടികളുടെ പിതാവായ ഗബാര്‍ട്ട് കാഴ്ചവച്ചത്.
72 ദിവസവും 22 മണിക്കൂറുമാണ് ആദ്യ ലോക റെക്കോര്‍ഡ്. ഫ്രഞ്ച് പൗരനായ നാവികന്‍ 2004 ലാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഈ നേട്ടത്തെ ഒരു വര്‍ഷത്തിന് ശേഷം നാവികയായ എലന്‍ മാക്അതുര്‍ ബ്രേക്ക് ചെയ്തു. 72 ദിവസവും 14 മണിക്കൂറുമാണ് എലന്‍ ലോകം ചുറ്റിക്കാണാന്‍ എടുത്തത്. പതിനൊന്ന് വര്‍ഷങ്ങള്‍ വേണ്ടി വന്നു പുതിയ റെക്കോര്‍ഡ് പിറക്കാന്‍. 2016 ല്‍ കാവല്ലെ എന്ന നാവികന്‍ 49 ദിവസവും മൂന്ന് മണിക്കൂറും കൊണ്ട് പുതിയ റെക്കോര്‍ഡിനുടമയായി. 43 ദിവസങ്ങള്‍ കൊണ്ട് ലോകം ചുറ്റിയ ഗാബര്‍ട്ട് കാവല്ലെയും മറികടന്ന് ചരിത്രം കുറിക്കുകയായിരുന്നു.