സെബാസ്റ്റ്യന്‍ പോള്‍
ശബ്ദം രേഖപ്പെടുത്തുന്ന ടേപ് റിക്കോര്‍ഡര്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. പ്രാകൃതമായ അവസ്ഥയിലും ആ ഉപകരണം പത്രപ്രവര്‍ത്തനത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി. ഡോ. സാമുവല്‍ ജോണ്‍സണെപ്പോലെ നല്ല ഓര്‍മ്മശക്തിയുള്ളവരാണ് അതിനുമുമ്പ് റിപ്പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്നത്. ഒരു ഇന്റര്‍വ്യൂ പൂര്‍ണമായി ഓര്‍ത്തിരുന്ന് പിന്നീട് കടലാസിലേക്ക് പകര്‍ത്താന്‍ പ്രാപ്തിയുള്ള റിപ്പോര്‍ട്ടര്‍മാര്‍ അക്കാലത്തുണ്ടായിരുന്നു. ചുരുക്കെഴുത്തിലെ പ്രാവീണ്യവും അവര്‍ക്ക് തുണയായി. അഭിമുഖഭാഷണം റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഓഫ് ദ് റെക്കോഡ് എന്ന തത്ത്വമുണ്ടായത്. പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദ്ദേശത്തോടെ അഭിമുഖഭാഷണവേളയില്‍ പറയുന്ന കാര്യങ്ങളാണ് ഓഫ് ദ് റെക്കോഡ്. അത് രേഖയിലുണ്ടാവില്ല. രേഖയില്‍ ഇല്ലാത്തത് പ്രസിദ്ധീകരിക്കാന്‍ പാടില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പറഞ്ഞതെന്തെന്ന് തര്‍ക്കമുണ്ടാക്കാന്‍ കഴിയാത്ത വിധം ഇപ്പോള്‍ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വ്യക്തതയുള്ള ടേപ് റിക്കോര്‍ഡറാണ്. രേഖപ്പെടുത്താതെ ആരും ഒന്നും സംസാരിക്കുന്നില്ല. പത്രപ്രവര്‍ത്തനത്തിലെ അടിസ്ഥാനതത്ത്വങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ അനുവര്‍ത്തിക്കുന്ന പത്രമാണ് ദ് ഹിന്ദു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിക്യാമറ വ്യാപകമായപ്പോഴും വേഷപ്രച്ഛന്നരായ റിപ്പോര്‍ട്ടര്‍മാര്‍ നടത്തുന്ന സ്റ്റിങ് ഓപറേഷനെ അംഗീകരിക്കാത്ത യാഥാസ്ഥിതികപത്രമാണ് ദ് ഹിന്ദു. ബോഫോഴ്‌സ് കാലത്തും അവര്‍ രേഖകളെ മാത്രമാണ് വാര്‍ത്താസൃഷ്ടിക്ക് ആധാരമാക്കിയത്.
അങ്ങനെയുള്ള പത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഒരു പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതും അപകടകരവുമായ ആ പരാമര്‍ശങ്ങള്‍ പിണറായി വിജയന്‍ പറഞ്ഞെങ്കില്‍ത്തന്നെ സാധാരണഗതിയില്‍ എഡിറ്റ് ചെയ്തു കളയുന്നതാണ് ദ് ഹിന്ദുവിന്റെ രീതി. എന്നിട്ടും ഈ വയ്യാവേലി എടുത്ത് പത്രം എന്തിനാണ് തലയില്‍ വച്ചത്. തെറ്റ് സമ്മതിച്ച് നിരുപാധികം ഖേദം പ്രകടിപ്പിച്ചതുകൊണ്ട് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. പിണറായി വിജയന്‍ ഓഫ് ദ് റെക്കോഡായിപ്പോലും പറഞ്ഞ കാര്യമല്ല ദ് ഹിന്ദു പ്രസിദ്ധപ്പെടുത്തിയത്. ഖേദം നിരുപാധികവും നിര്‍വ്യാജവും ആയിരിക്കാം. പക്ഷേ സംഭവത്തിലെ ദുരൂഹത നീക്കാന്‍ അത് പര്യാപ്തമായില്ല.
ചര്യകളും മര്യാദകളും അപഭ്രംശമില്ലാതെ പാലിക്കുന്നു എന്നതു മാത്രമല്ല ദ് ഹിന്ദുവിന്റെ പ്രത്യേകത. ദേശാഭിമാനിയുടെ ഇംഗ്‌ളിഷ് പതിപ്പ് എന്ന പരിഹാസം കേള്‍ക്കത്തക്കവിധം ഇടതുപക്ഷാഭിമുഖ്യം പ്രകടിപ്പിക്കുന്ന പത്രമാണത്. പിണറായി വിജയനു ദോഷകരമാകുന്ന ഒന്നും അവര്‍ ചെയ്യില്ല. അങ്ങനെയുള്ള പത്രത്തിന് ഡല്‍ഹി ഉള്‍പ്പെടെ എവിടെവച്ചും പിണറായി വിജയനുമായി ഒരു അഭിമുഖം വേണമെന്നു തോന്നിയാല്‍ അത് തരപ്പെടുത്തുന്നതിന് ഇടനിലക്കാരന്റെ ആവശ്യമില്ല. ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ വരത്തക്കവിധം ദ് ഹിന്ദുവില്‍ ഒരു ഇന്റര്‍വ്യൂ വരണമെന്ന് പിണറായി വിജയനു തോന്നിയാല്‍ പിആര്‍ ഏജന്‍സിയെ വിളിക്കുന്നതിനു പകരം എഡിറ്റര്‍ സുരേഷ് നമ്പാത്തിനെ വിളിച്ചാല്‍ മതി. അങ്ങനെ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. കാര്യങ്ങള്‍ ഇത്ര ലളിതമായിരിക്കേ മാധ്യമങ്ങളില്‍ വരുന്ന പിആര്‍ ഏജന്‍സിയെ സംബന്ധിക്കുന്ന വാര്‍ത്തകളും അവയോടുള്ള സിപിഎം വക്താക്കളുടെ പ്രതികരണവും കാണുമ്പോഴാണ് ഡെന്മാര്‍ക്കില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിപ്പോകുന്നത്.
ഈ പ്രശ്‌നത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരി പിണറായിയുമായി അഭിമുഖം നടത്തിയ ഡല്‍ഹിയിലെ ദ് ഹിന്ദു ലേഖികയാണ്. മലയാളിയായ ഇവര്‍ പിണറായിയുടെ അഭിമുഖം നേരത്തെയും എടുത്തിട്ടുണ്ട്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയ ഈ വനിത പത്രത്തിന്റെ പ്രഖ്യാപിതനയത്തിനും പത്രപ്രവര്‍ത്തനത്തിലെ പൊതുവായ തത്ത്വത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ചു. അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് പത്രമാണ്. സാധാരണഗതിയില്‍ നടപടി ഉണ്ടാകേണ്ടതുമാണ്. അതവരുടെ കാര്യം. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എഡിറ്റര്‍ സാമാന്യം ദീര്‍ഘമായ വിശദീകരണം പത്രത്തില്‍ നല്‍കി. തെറ്റ് പറ്റിയതില്‍ അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഇതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തിയാകും. ഇവിടെ അതുണ്ടാകാത്തത് ദുരുദ്ദേശ്യവും ദുഷ്ടലാക്കും പലര്‍ക്കും ധാരാളമായുള്ളതുകൊണ്ടാണ്. അസൗകര്യങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. തിരുത്ത് എന്ന പ്രാഥമികമായ മര്യാദ പത്രം സാമാന്യം നന്നായി കാണിച്ചാല്‍ അവിടെ കാര്യങ്ങള്‍ക്ക് അവസാനമുണ്ടാകണം. പ്രസ് കൗണ്‍സിലില്‍ പരാതിപ്പെട്ടാല്‍ എന്ത് തീരുമാനം ഉണ്ടാകുമായിരുന്നുവോ അത് കാലവിളംബമില്ലാതെ പത്രം സ്വമേധയാ സ്വീകരിച്ചുകഴിഞ്ഞു. ആ ലേഖികയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് വിശദീകരിക്കാനുള്ളത് എന്നുകൂടി അറിഞ്ഞാല്‍ കാര്യങ്ങള്‍ക്ക് വ്യക്തതയും പൂര്‍ണതയും ഉണ്ടാകുമായിരുന്നു. പ്രസക്തമായ ആ വിശദീകരണം നമുക്ക് ലഭ്യമായിട്ടില്ല. കുരുത്തക്കേട് കാണിച്ചതിനുശേഷം നിശ്ശബ്ദമായിരിക്കുന്നതിനുള്ള സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകര്‍ക്കില്ല.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പാര്‍ട്ടിയുടെ വക്താക്കളും വ്യക്തമാക്കാന്‍ ശ്രമിക്കുന്നതുപോലെ ഈ അഭിമുഖത്തിനു പിന്നില്‍ പിആര്‍ ഏജന്‍സി ഇല്ലെങ്കില്‍ കെയ്‌സന്‍ എന്ന പേര് എങ്ങനെ വാര്‍ത്തകളില്‍ ഇടംപിടിച്ചു? ദ് ഹിന്ദു തന്നെയാണ് ഈ പേരിന് സ്ഥിരീകരണം നല്‍കിയത് എന്നതിനാല്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടണം. വന്‍കിട കമ്പനികളുടെ പബ്‌ളിക് റിലേഷന്‍സ് ജോലികള്‍ ചെയ്യുന്ന ഈ കമ്പനിയുടെ രണ്ട് പ്രതിനിധികള്‍ അഭിമുഖവേളയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നുവെന്ന് ദ് ഹിന്ദു പറയുന്നു. അതെങ്ങനെ സംഭവിച്ചു. അസ്വാഭാവികമാണ് അവരുടെ അനുവദിക്കപ്പെട്ട സാന്നിധ്യം. അവരോട് കടക്കൂ പുറത്ത് എന്ന് സൗമ്യമായ രീതിയില്‍ മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി പറയണമായിരുന്നു. 2021ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് എന്റെ പുസ്തകം {പീലാത്തോസ് എഴുതിയത് എഴുതി} തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നടത്താമെന്ന് സമ്മതിച്ചിരുന്നു. ഞാനും പുസ്തകം മുഖ്യമന്ത്രിയില്‍നിന്ന് സ്വീകരിക്കാന്‍ നിയുക്തനായ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസും ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ മുറിയിലിരിക്കുമ്പോഴാണ് മുന്‍നിശ്ചയമനുസരിച്ച് ഏഷ്യാനെറ്റിന്റെ സിന്ധു സൂര്യകുമാര്‍ അഭിമുഖത്തിനായി എത്തിയത്. ഞാനും ജില്ലാ സെക്രട്ടറിയും ആ മുറിയില്‍ കാഴ്ചക്കാരായി ഇരുന്നതുകൊണ്ട് ഒന്നും സംഭവിക്കുമായിരുന്നില്ല. ഞങ്ങളോട് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി പറയുമായിരുന്നില്ല. പക്ഷേ ഞങ്ങള്‍ രണ്ടുപേരും ഔചിത്യത്തിന്റെ പേരില്‍ അഭിമുഖം കഴിയുംവരെ മുറിക്ക് പുറത്തിറങ്ങി നിന്നു.
കേരള ഹൗസിലെ ദ് ഹിന്ദു അഭിമുഖത്തില്‍ പത്രവുമായോ പിണറായി വിജയനുമായോ ബന്ധമില്ലാത്ത രണ്ടു പേരുണ്ടായിരുന്നു. അവര്‍ പിആര്‍ ഏജന്‍സിയുടെ ആളുകളായിരുന്നു. അവരിലൊരാളാണ് മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ തിരുകിക്കയറ്റിയത്. അയാളെ കുറ്റപ്പെടുത്താന്‍ പിണറായി തയാറാകുന്നില്ല. പിതൃസമാനമായ വാത്സല്യത്തോടെയാണ് ഒരു മുന്‍ സിപിഎം എംഎല്‍എയുടെ ഈ മകനെക്കുറിച്ച് പിണറായി സംസാരിച്ചത്. പണ്ട് സാന്തിയാഗോ മാര്‍ട്ടിന്റെ ദേശാഭിമാനി ബോണ്ട് വിവാദം ഉണ്ടായപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ വേണുവിനെതിരെ കഠിനമായ വാക്കുകള്‍ ഉപയോഗിക്കാതെ ”ആ ചെറുപ്പക്കാരന്റെ അവിവേകം” എന്നു മാത്രമാണ് പിണറായി പറഞ്ഞത്. അപ്രകാരം പട്ടില്‍ പൊതിഞ്ഞ ശകാരംപോലും തന്നെ വെട്ടിലാക്കിയ സുബ്രഹ്‌മണ്യനെതിരെ പിണറായി നടത്തിയില്ല. വീണ്ടും ഡെന്മാര്‍ക്കിനെക്കുറിച്ചുതന്നെ വെറുതെ ഓര്‍ത്തുപോകുന്നു.
ദ് ഹിന്ദുവിന്റെ അമ്മത്തൊട്ടിലില്‍ സുഖമായി ഉപേക്ഷിച്ചു പോകാമായിരുന്ന പാപച്ചുമടാണ് പാര്‍ട്ടിയും പാര്‍ട്ടിയുടെ ന്യായീകരണവിഭാഗവും ചേര്‍ന്ന് സ്വന്തം ചുമലിലേറ്റിയത്. പബ്‌ളിക് റിലേഷന്‍സ് എന്നു കേട്ടപ്പോഴാണ് എല്ലാവരും ബേജാറിലായത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് പി ആറോ എന്ന ചോദ്യം കേട്ട് എല്ലാവരും വിരണ്ടുപോയി. മാധ്യമങ്ങളുടെ സമഗ്രാധിപത്യം സംഭവിച്ചുകഴിഞ്ഞിരിക്കുന്ന ആധുനികകാലത്ത് പ്രതിച്ഛായ സൃഷ്ടിക്കുന്നതും അപഹരിക്കുന്നതും പിആര്‍ ഏജന്‍സികളാണ്. അതൊരു പ്രൊഫഷണല്‍ പ്രവര്‍ത്തനമാണ്. പ്രോപ്പഗാണ്ടയ്ക്കുവേണ്ടി കര്‍ദ്ദിനാള്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്ന വത്തിക്കാനില്‍ മാര്‍പാപ്പയുടെ പ്രതിച്ഛായ നന്നാക്കുന്നതിനും പിആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നരേന്ദ്ര മോദി പിആര്‍ പ്രതിച്ഛായാനിര്‍മിതിയുടെ ടെക്സ്റ്റ്ബുക് ഉദാഹരണമാണ്. പരിപ്പുവടയുടെ കാലം കഴിഞ്ഞുവെന്നു പറഞ്ഞ ഇ പി ജയരാജനെ പരിഹസിച്ചവര്‍ പാര്‍ട്ടിയെ ഭൂതകാലത്തിന്റെ അടുക്കളക്കോലായയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവരാണ്.
Read more
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുന്ന ഡീപ്‌ഫേക് വരെ എത്തിനില്‍ക്കുന്ന സത്യാനന്തരകാലത്ത് അല്പം പബ്‌ളിക് റിലേഷന്‍സ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും വേണ്ടിവരും. ഒരേ പിആര്‍ ഏജന്‍സിക്ക് ഡോണള്‍ഡ് ട്രംപിനു വേണ്ടിയും കമല ഹാരിസിനു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ആധുനിക പബ്‌ളിക് റിലേഷന്‍സിന്റെ പ്രത്യേകത. എന്തെങ്കിലും കേള്‍ക്കുമ്പോള്‍ ചൂളിപ്പോകുന്നവരാകരുത് കമ്യൂണിസ്റ്റുകാര്‍. അവര്‍ക്ക് പരിചയമില്ലാത്ത പലതും ചേര്‍ന്നതാണ് ആധുനികകാലം. സത്യാനന്തരകാലത്തും സത്യംതന്നെയാണ് മികച്ച പ്രതിരോധം എന്നതിനു തെളിവായി മാറുകയാണ് പിണറായി വിജയനെതിരെ ഉയരുന്ന പിആര്‍ ഏജന്‍സി വിവാദം.