ഭഗത് സിംഗിനെ ഏറ്റെടുക്കും മുമ്പ് സംഘികള്‍ അറിയണം, വിപ്ലവകാരിയും ഒറ്റുകാരനും തമ്മിലുള്ള വ്യത്യാസം

സംഘപരിവാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കാത്ത സ്വാതന്ത്ര്യ സമര പോരാളികള്‍ കുറവാണ്. ആര്‍എസ്എസ്സിന്റെ തന്നെ പ്രത്യയശാസ്ത്രം വെടിവെച്ച് വീഴ്ത്തിയ മഹാത്മാഗാന്ധിയേയും, ആര്‍എസ്എസ്സിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും അവര്‍ തങ്ങളുടെതാക്കി നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എത്രമേല്‍ ശ്രമിച്ചിട്ടും സംഘപരിവാരത്തിന് തൊടാന്‍ കഴിയാത്ത രണ്ട് ചരിത്ര വ്യക്തിത്വങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. ഡോ. അംബേദ്ക്കറും, ഭഗത് സിംഗും

അസ്പര്‍ശ്യരായി മാറ്റി നിര്‍ത്തിയവരെ സംബന്ധിച്ച് ഹിന്ദുയിസം എന്നത് veritable chamber of horrors ആണെന്ന് പറഞ്ഞ, ഹിന്ദുയിസത്തിന്റെ എക്കാലത്തെയും വലിയ വിമര്‍ശകനായ ഡോ. അംബേദ്ക്കറിനോട് ആദ്യകാലത്തൊന്നും യാതൊരു മമതയും ആര്‍എസ്എസ്സിനുണ്ടായിരുന്നില്ല. എണ്‍പതുകള്‍ക്ക് ശേഷം ദളിത് രാഷ്ട്രീയം ഇന്ത്യയില്‍ അവഗണിക്കാനാകാത്ത ശക്തിയായപ്പോഴാണ് ഹിന്ദുത്വം അംബേദ്ക്കറെ തങ്ങളുടെ വേദികളില്‍ പടമാക്കാന്‍ ശ്രമിച്ചു തുടങ്ങിയത്. എങ്കിലും അത്ര എളുപ്പത്തില്‍ സ്വാംശീകരണം സാദ്ധ്യമാകുന്നതായിരുന്നില്ല, ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം ഡോ. ബി ആര്‍ അംബേദ്ക്കര്‍. എങ്കിലും അവര്‍ ആ ശ്രമം തുടരുന്നു. അപഹാസ്യരായിട്ടാണെങ്കിലും.

ഭഗത്‌സിംഗാണ് ഹിന്ദുത്വം ഇത്തരത്തില്‍ സ്വന്തം ആളായിട്ട് അവതരിപ്പിക്കുന്ന മറ്റൊരു ചരിത്ര പുരുഷന്‍. ഹിന്ദുത്വം ബ്രിട്ടീഷ് കൊളോണിയലിസത്തിന് വേണ്ടിയുള്ള വിഭാഗീയത ഉത്പാദിപ്പിച്ചെടുക്കുമ്പോള്‍ ഭഗത് സിംഗ് തന്റെ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിലായിരുന്നു. ജന്മനാ വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ് എന്ന് ആലങ്കാരികമായി പറയാം. അദ്ദേഹത്തിന്റെ കുടുംബം ഗദ്ദാര്‍ മുവ്‌മെന്റുമായി ബന്ധപ്പെട്ടിരുന്നു. ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊല അദ്ദേഹത്തെ കടുത്ത കൊളോണിയന്‍ വിരുദ്ധനാക്കി. നിസ്സഹരണ സമരം പിന്‍വലിച്ചത് ഉള്‍പ്പെടെയുളള ഗാന്ധിയുടെ നടപടികളില്‍ അസ്വസ്ഥനായ ഭഗത് സിംഗ് പിന്നീട് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ ചേര്‍ന്നു. റഷ്യന്‍ വിപ്ലവത്തിന് ശേഷം സംഘടനയെ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ലെനിന്റെയും സോവിയറ്റ് വിപ്ലവത്തിന്റെയും കടുത്ത ആരാധകനായിരുന്ന ഭഗത് സിംഗ് ദേശീയത ഉള്‍പ്പെടെയുള്ള ആശയങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിലനിന്നിരുന്ന മുഖ്യ ആഖ്യാനങ്ങളുടെ വിമര്‍ശകനമായി. വിമര്‍ശനവും സ്വാതന്ത്ര്യ ചിന്തയും വിപ്ലവകാരികള്‍ക്ക് ഒഴിവാക്കാനാവാത്തത് ആണെന്നതായിരുന്നു അദ്ദേഹത്തെ മുന്നോട്ടു കൊണ്ടുപോയ പ്രധാന ആശയം.

നിരീശ്വരവാദിയും മാര്‍ക്‌സിസ്റ്റുമായ ഭഗത് സിംഗ് ഇന്ത്യയുടെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഉജ്ജ്വലമായ മാതൃകയായി മാറുകയും ചെയ്തു. പ്രശസ്ത ചരിത്രകാരനായ ബിപിന്‍ ചന്ദ്ര, ഭഗത് സിംഗിന്റെ ‘ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി’ എന്ന പുസ്തകത്തിന് 1979ല്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ പറഞ്ഞു: ‘ഭഗത് സിംഗ് ഇന്ത്യയുടെ ഏറ്റവും മഹാനായ സ്വാതന്ത്ര്യ പോരാളിയും സോഷ്യലിസ്റ്റ് വിപ്ലവകാരിയും മാത്രമായിരുന്നില്ല. അദ്ദേഹം ആദ്യകാല മാര്‍ക്‌സിസ്റ്റ് ചിന്തകനുമായിരുന്നു. എന്നാല്‍ ഈ വശം അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. കാരണം വര്‍ഗീയവാദികളും പ്രതിലോമ വാദികളുമെല്ലാം യാതൊരു തത്വദീക്ഷയുമില്ലാതെ അദ്ദേഹത്തിന്റെ ആശയങ്ങളെ തങ്ങള്‍ക്ക് വേണ്ടി  ഉപയോഗിക്കുകയായിരുന്നു’

ഇതു തന്നെയാണ് സംഘപരിവാരം ഭഗത് സിംഗിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ ചെയ്യുന്നത്. ചരിത്രത്തിലുളള അവിശ്വാസവും ചരിത്രം വളച്ചൊടിക്കുന്നതിലുള്ള ഹിന്ദുത്വത്തിന്റെ ശേഷിയും ഇതില്‍ പ്രതിഫലിക്കുന്നു. 1931 യുവാക്കളെ മാര്‍ക്‌സിസവുമായി പരിചയപ്പെടുത്തി കൊണ്ട് ഭഗത് സിംഗ് പറഞ്ഞു ‘വിപ്ലവം എന്നാല്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയെ പൂര്‍ണമായും തകര്‍ക്കലാണ്. അതിന് പകരമായി സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കലാണ് ലക്ഷ്യമിടേണ്ടത്. അതിന് അധികാരം പിടിക്കുകയാണ് ആവശ്യം. ആദര്‍ശാത്മകമായ വ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ അധികാരം ഉപയോഗിക്കണം’ (ക്രിസറ്റഫര്‍ ജാഫര്‍ലറ്റ്: https://thewire.in/politics/bhagat-singh-christophe-jaffrelot-revolutionary-passions).

കൊളോണിയലിസത്തിന്റെ ഒറ്റുകാരനെ തങ്ങളുടെ ചരിത്രത്തെ ഭഗത് സിംഗിനെ പോലുള്ളവരെ ഉപയോഗിച്ച് മറച്ചുപിടിക്കാനാണ് സംഘപരിവാരത്തിന്റെ ശ്രമം. എന്നാല്‍ ഇത് എളുപ്പമല്ല. ഹിന്ദുത്വത്തിന്റെ ആചാര്യനായ വിഡി സവര്‍ക്കരും വിപ്ലവകാരിയായ ഭഗത് സിംഗും ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെ നില്‍ക്കുന്നുവെന്നതിന് തെളിവായി ഹാജരാക്കാവുന്നത് ഇരുവരും ബ്രിട്ടീഷ് ഭരണകൂടത്തിന് രണ്ട് സാഹചര്യങ്ങളില്‍ എഴുതിയ കത്തുകളാണ്.

1931ല്‍ ലാഹോര്‍ ജയിലില്‍ നിന്ന് ഭഗത് സിംഗ് എഴുതിയ കത്തും സവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ നിന്നയച്ച കത്തുകളും ഇതിന്റെ തെളിവാണ്.

വധശിക്ഷ കാത്ത് കഴിയുന്ന ഭഗത് സിംഗ് പഞ്ചാബ് ഗവര്‍ണര്‍ക്കായിരുന്നു എഴുതിയത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന കൊളോണിയല്‍ ഭരണകൂടത്തിന്റെ ആരോപണം ശരിവെച്ച ഭഗത് സിംഗ് എഴുതി: ‘ഇന്ത്യന്‍ ജനതയേയും ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളെയും കൊള്ളയടിച്ച് വളരുന്ന സംഘങ്ങള്‍ ഉള്ള കാലത്തോളം യുദ്ധം തുടരും. ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യന്‍ ഉപരി വര്‍ഗത്തിലെ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞാലും യുദ്ധം തുടരുക തന്നെ ചെയ്യും. പല കാലങ്ങളില്‍ പല രൂപത്തില്‍ യുദ്ധം മുന്നോട്ട് കൊണ്ടുപോകും. സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെടുകയും നിലവിലുള്ള സാമുഹിക ക്രമം പൂര്‍ണമായി ഇല്ലാതാക്കപ്പെടുന്നതും വരെ യുദ്ധം തുടരും. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വ ചൂഷണത്തിന്റെയും ദിനങ്ങള്‍ എണ്ണപ്പെട്ടു. പോരാട്ടം തുടങ്ങിയത് ഞങ്ങളല്ല, ഞങ്ങള്‍ ഇല്ലാതാവുന്നതോടെ പോരാട്ടം അവസാനിക്കുകയുമില്ല. പോരാട്ടം ചരിത്രത്തിലെ അനിവാര്യതയാണ്. നിങ്ങളുടെ കോടതി പറഞ്ഞത് ഞങ്ങള്‍ യുദ്ധം നടത്തിയെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ യുദ്ധ തടവുകാരാണെന്നുമാണ്. അങ്ങനെ തന്നെ ഞങ്ങളെ പരിഗണിക്കണം. അതുകൊണ്ട് തൂക്കി കൊല്ലുന്നതിന് പകരം ഞങ്ങളെ വെടിവെച്ച് കൊല്ലണം'(shahidbhagatsingh.org)

ഇനി ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നവരുടെ സൈദ്ധാന്തിക ആചാര്യനായ വിഡി സവര്‍ക്കര്‍ അന്തമാന്‍ തടവറയില്‍ നിന്ന് എഴുതിയ കത്തുകള്‍ കൂടി നോക്കണം. ആറ് കത്തുകളാണ് അയാള്‍ ബ്രീട്ടീഷ് ഭരണകൂടത്തിന് എഴുതിയത്. 1913 ല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് അയച്ച കത്തില്‍ അയാള്‍ ഇങ്ങനെ അപേക്ഷിച്ചു, ‘ഉദാരമായ ദയാവായ്പാല്‍ എന്നെ ജയില്‍ മോചിതനാക്കുകയാണെങ്കില്‍ ബ്രീട്ടീഷ് സര്‍ക്കാരിന്റെ വിനീത വിധേയനായി മാത്രമായിരിക്കും ഞാന്‍ പ്രവര്‍ത്തിക്കുക. ഞങ്ങളെ വിട്ടയക്കുകയാണെങ്കില്‍ ഞങ്ങളുടെ കുടുംബങ്ങളും ബ്രീട്ടീഷ് സര്‍ക്കാരിനോട് നന്ദിയുള്ളവരായിരിക്കും. എങ്ങനെയാണ് പൊറുക്കേണ്ടത് എന്നറിയുന്ന സര്‍ക്കാരാണ് ഇത്. എന്നെ ജയില്‍ മോചിതനാക്കുകയാണെങ്കില്‍ വഴിതെറ്റിയ യുവാക്കളെ തിരികെ കൊണ്ടുവരും. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏത് തലത്തിലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്. വഴി തെറ്റിപ്പോയ മകന് രക്ഷാകര്‍ത്താവായ സര്‍ക്കാരിലേക്കല്ലാതെ മറ്റെന്ത് ആശ്രയമാണുള്ളത്.’

Read more

ഇതാണ് എല്ലാകാലത്തും സംഘപരിവാരം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോട് സ്വീകരിച്ച സമീപനം. ഈ ചരിത്രത്തെ മറച്ചുപിടിക്കാനാണ് അവര്‍ ധീരവിപ്ലവകാരികളെ തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ അധികാരത്താല്‍ മായ്ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഭഗത് സിംഗിന്റെ മനുഷ്യ വിമോചനം സ്വപ്‌നം കാണുന്ന കത്തും, സവര്‍ക്കരിന്റെ സാമ്രാജ്യത്തോടുള്ള മാപ്പപേക്ഷയും ഇപ്പോഴും സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്. തിരുത്താന്‍ കഴിയാത്ത ചരിത്രവും മായ്ക്കാന്‍ കഴിയാത്ത രേഖകളും ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കി കൊണ്ടേയിരിക്കുന്നു.