ഭാരതീയ ന്യായ സംഹിത, ക്രിമിനല്‍ നിയമപരിഷ്‌കരണം ഉടച്ചുവാര്‍ക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തത് : ഡോ. സെബാസ്റ്റ്യൻ പോള്‍

ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും പ്രസിദ്ധീകൃതമാകുന്നതിന് ആറു വര്‍ഷം മുമ്പാണ് മക്കാളെയുടെ അധ്യക്ഷതയിലുള്ള നിയമ കമ്മീഷന്‍ നമുക്കായി കുറ്റവും ശിക്ഷയും തയാറാക്കിയത്. 1860ല്‍ പ്രാബല്യത്തില്‍ വന്ന മക്കാളെയുടെ സൃഷ്ടി ഇന്ത്യന്‍ ശിക്ഷാനിയമം എന്നറിയപ്പെട്ടു. ഇതും 1898ലെ ക്രിമിനല്‍ നടപടി നിയമവും 1872ലെ തെളിവുനിയമവും ചേര്‍ന്ന നമ്മുടെ ക്രിമിനല്‍ നിയമത്തിന്റെ ക്രോഡീകരണമാണ് 1857ലെ കലാപത്തിനുശേഷം ഇന്ത്യയില്‍ നടന്നത്. ക്രിമിനല്‍ നടപടി നിയമം 1973ല്‍ സമ്പൂര്‍ണമായി നവീകരിച്ച് പുനഃസൃഷ്ടിക്കപ്പെട്ടു.

ഭരണഘടനയ്ക്ക് നിരക്കാത്ത വ്യവസ്ഥകള്‍ ഭേദഗതി ചെയ്തും മാറുന്ന കാലത്തിന് അനുസൃതമായി വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തും 163 വര്‍ഷമായി നീതിനിര്‍വഹണത്തിലെ വേദപുസ്തകമായി നിലനില്‍ക്കുന്ന മക്കാളെയുടെ ഐപിസിക്ക് ചരമക്കുറിപ്പായി ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത എന്നാണ് പുതിയ ശിക്ഷാനിയമത്തിന്റെ പേര്. സിആര്‍പിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവുനിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ നിയമം. മൂന്ന് ബില്ലുകളും ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരസമിതിയുടെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബിജെപി രാജ്യസഭാംഗം ബ്രിജ് ലാല്‍ അധ്യക്ഷനായ സമിതിയുടെ പരിശോധന അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് പൂര്‍ത്തിയാകും. ബിജെപി ഭരണകാലത്തെ യന്ത്രവല്‍കൃത കുശിനിയില്‍ പാചകക്കാര്‍പോലും അറിയാതെ നിയമങ്ങള്‍ ഉടനടി ചുട്ടെടുക്കാന്‍ കഴിയും.

പഴയതിന്റെ പൂര്‍ണമായ നിരാസം നിര്‍ദിഷ്ടനിയമത്തില്‍ ഇല്ല. ഐപിസിയിലെ 175 വകുപ്പുകള്‍ ഭേദഗതി ചെയ്യുകയും എട്ട് വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും 22 വകുപ്പുകള്‍ റദ്ദാക്കുകയും ചെയ്യുന്നതാണ് പുതിയ ബില്ല്. ഇത്രയും മാറ്റം നിയമത്തില്‍ വരുത്തിയാല്‍ പോരേ? ദയയുള്ള നിയമമാണ് മക്കാളെ നിര്‍മിച്ചത്. ശിക്ഷിക്കുന്നതിനേക്കാള്‍ എങ്ങനെ ശിക്ഷിക്കാതിരിക്കാം എന്ന ചിന്തയിലാണ് കുറ്റത്തിന്റെ നിര്‍വചനവും നിര്‍ദിഷ്ട ശിക്ഷയും ക്രമപ്പെടുത്തിയിരിക്കുന്നത്. ദൈവികതയും മാനവികതയും ചേര്‍ന്ന സമീപനമാണ് കുറ്റപ്പെടുത്തലിന്റെ കാര്യത്തിലും ശിക്ഷയുടെ കാര്യത്തിലും മക്കാളെ സ്വീകരിച്ചത്. ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാന്‍ പ്രാപ്തിയില്ലാത്തവരോട് ക്ഷമിക്കണമെന്നായിരുന്നു കുരിശില്‍ കിടന്നുകൊണ്ടുള്ള യേശുവിന്റെ പ്രാര്‍ത്ഥന.

മെന്‍സ് റിയ എന്ന പ്രസിദ്ധമായ തത്ത്വം തന്റെ ശിക്ഷാനിയമത്തില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് കുറ്റം ചെയ്യുമ്പോഴുള്ള മനസിന്റെ അവസ്ഥയ്ക്ക് മെക്കാളെ പ്രാമുഖ്യം നല്‍കി. ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടുന്നതിനുള്ള 30 സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു അധ്യായംതന്നെ ഇന്ത്യന്‍ പീനല്‍ കോഡിലുണ്ട്. പോക്കറ്റടിക്കാര്‍ക്ക് വധശിക്ഷ നല്‍കിയിരുന്ന കാലത്തെ ഇംഗ്‌ളണ്ടില്‍നിന്നെത്തിയ മക്കാളെ ഇന്ത്യയില്‍ വധശിക്ഷയുടെ പ്രയോഗം പരിമിതപ്പെടുത്തി. സുപ്രീം കോടതി വീണ്ടും അക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അമിത് ഷായുടെ നിയമത്തില്‍ വധശിക്ഷ പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരുന്നെങ്കില്‍ മാനവികമായ സമീപനത്തിന്റെ പേരില്‍ നമുക്ക് നവനിയമത്തെ സ്വാഗതം ചെയ്യാമായിരുന്നു. പകരം എല്ലാ വകുപ്പുകളും കൂടുതല്‍ കഠിനമാക്കുന്ന സമീപനമാണ് ഷായുടേത്. റിമാണ്ട് കാലത്തെ പൊലീസ് കസ്റ്റഡി 15 ദിവസമെന്ന പരിധി ഒഴിവാക്കി. കുറ്റപത്രസമര്‍പ്പണമില്ലാതെ ഒരാളെ തടവില്‍ വയ്ക്കാവുന്ന കാലപരിധി 60 ദിവസത്തില്‍നിന്ന് 90 ദിവസമായി ഉയര്‍ത്തി.. യുഎപിഎ എന്ന ഡ്രാക്കോണിയന്‍ നിയമത്തിലെ അപലപിക്കപ്പെടുന്ന വ്യവസ്ഥകള്‍ പലതും പൊലീസിന് വര്‍ദ്ധിതമായ വിവേചനാധികാരം നല്‍കുന്ന പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അലോസരപ്പെടുത്തുന്ന രീതിയില്‍ പുതിയ നിയമങ്ങള്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ദുരുദ്ദേശ്യത്തോടെയുള്ള വീഴ്ചയാണ്. അവതരിപ്പിക്കപ്പെടുന്ന ബില്ലുകള്‍ ഇംഗ്‌ളിഷിലായിരിക്കണമെന്നത് ഭരണഘടനയുടെ നിര്‍ദേശമാണ്. അത് വകവയ്ക്കാതെ ഹിന്ദിയിലാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. ഐപിസി എന്നും സിആര്‍പിസി എന്നും പറഞ്ഞിരുന്നിടത്ത് ഇനി എന്താണ് പറയേണ്ടത്. സംസ്‌കൃതവും ഹിന്ദിയും ചേര്‍ത്തുള്ള പേരുകള്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. ശിക്ഷാനിയമത്തിലെ പല വകുപ്പുകളും ജനമനസില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. ഉദാഹരണം ഐപിസി 302. മറ്റൊന്ന് ഐപിസി 420. അവയുടെ ക്രമവും സംഖ്യയും തെറ്റിച്ചുകൊണ്ട് അനാവശ്യമായ കണഫ്യൂഷന്‍ നിര്‍ദിഷ്ട നിയമങ്ങളില്‍ ധാരാളമുണ്ട്. കൊളോണിയല്‍ അവശിഷ്ടമെന്ന ചാപ്പ കുത്തി എല്ലാം നിരാകരിക്കാനാവില്ല. റോമന്‍ നിയമത്തോളം നീളുന്ന വിശ്വപൈതൃകത്തിലാണ് നമ്മുടെ നിയമങ്ങള്‍ അധിഷ്ഠിതമായിരിക്കുന്നത്.

അവയെ ഹമ്മുറാബിയുടെ പ്രാകൃതനിയമവുമായി ബന്ധിപ്പിക്കുന്നതിനുള്ള ദുരുപദിഷ്ടതയാണ് പുതിയ നിര്‍ദേശങ്ങളില്‍ കാണുന്നത്. കുപ്പി പഴയതോ പുതിയതോ എന്നല്ല വീഞ്ഞിന്റെ വീര്യമാണ് നിര്‍ണയിക്കപ്പെടേണ്ടത്. ഐപിസിക്കു പകരം ബിഎന്‍എസ് എന്നാണോ പറയേണ്ടത്. അതോ, ഭാ.ന്യാ.സം എന്നോ? 302 എന്നതിനു പകരം 99 എന്നും 420 എന്നതിനു പകരം 316 എന്നുമാണ് ഇനി പറയേണ്ടത്. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ എന്ന പേര് നിലനിര്‍ത്തിക്കൊണ്ട് 1898ലെ നിയമം 1973ല്‍ ഉടച്ചുവാര്‍ത്ത മാതൃക മുന്നിലുണ്ടായിരുന്നിട്ടും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയ കല്‍പനാദാരിദ്ര്യത്തില്‍നിന്നുള്ള മുക്തിക്കുവേണ്ടി വിചിത്രമായ ശീര്‍ഷകങ്ങളാണ് അമിത് ഷാ കണ്ടെത്തിയത്.

പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങള്‍ ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞെങ്കിലും നാലു കാര്യങ്ങള്‍ മൗലികദോഷമായി നിലനില്‍ക്കുന്നു.. ശിക്ഷാനിയമത്തില്‍നിന്ന് രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞെങ്കിലും ഒഴിവാക്കിയത് 124എ എന്ന വകുപ്പ് മാത്രമാണ്. പകരം 150 എന്ന സംഖ്യയില്‍ അതിന്റെ പുനരധിവാസം നടത്തി.

രാജ്യദ്രോഹക്കുറ്റം പീനല്‍ കോഡില്‍നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് മഹാത്മ ഗാന്ധിയാണ്. 124എ എന്ന വകുപ്പും രാജ്യദ്രോഹം എന്ന വാക്കും മാത്രമാണ് അമിത് ഷാ നീക്കം ചെയ്തത്. പകരമായി ചേര്‍ത്ത രാഷ്ട്രത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ പഴയ വകുപ്പ് പുതിയ വാക്കുകളില്‍ നിലനിര്‍ത്തിയിരിക്കുന്നു. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഈ വകുപ്പ് ജനാധിപത്യത്തിന് ഹാനികരമാണെന്ന ആക്ഷേപത്തിന് അറുതിയായിട്ടില്ല. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കാമെന്നതാണ് രണ്ടാമത്തെ കാര്യം.

ആള്‍ക്കൂട്ടം കൊല നടത്തിയാല്‍ സന്നിഹിതരായിരുന്ന എല്ലാവരെയും വധശിക്ഷയ്ക്ക് വിധിക്കാമെന്ന വ്യവസ്ഥ വലിയ തോതില്‍ ദുരുപയോഗത്തിനും അപകടത്തിനും കാരണമാകും. ദാമ്പത്യത്തിലെ ലൈംഗികാതിക്രമം ഇപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല എന്നത് മൂന്നാമത്തെ പ്രശ്‌നം. അപകീര്‍ത്തി ഇപ്പോഴും ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തിയിരിക്കുന്നു എന്നത് നാലാമത്തെ ദോഷം. ആഗോളനിലപാടിന് അനുസൃതമായി അപകീര്‍ത്തിയുടെ ക്രിമിനല്‍ സ്വഭാവം ഒഴിവാക്കണമെന്ന ആവശ്യം ദീര്‍ഘകാലമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നു. പ്രയോഗത്തിലെ ദൂരവ്യാപകമായ ദുരുപയോഗസാധ്യതകള്‍ രാഹുല്‍ ഗാന്ധിയുടെ കേസില്‍ നാം കണ്ടു.

ആത്മനവീകരണത്തിനുള്ള അവസരം കുറ്റവാളിക്കു നല്‍കുന്നതിനു പകരം സമൂഹത്തിനും ഭരണകൂടത്തിനും തൃപ്തികരമാകും വിധം ശിക്ഷയുടെ ഉറപ്പും കാര്‍ക്കശ്യവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ നല്‍കിയാലും തൃപ്തി വരാത്ത പ്രാകൃതമായ മനസ് സമൂഹം നിലനിര്‍ത്തിയിട്ടുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ആള്‍ക്കൂട്ടത്തിന്റെ ആരവത്തിനൊത്ത് നീങ്ങുകയെന്നതല്ല നിയമനിര്‍മാതാക്കളുടെ ഉത്തരവാദിത്വം. ശിക്ഷയെ സംബന്ധിച്ച് റിഫര്‍മേറ്റീവ് തിയറിയിലേക്ക് ലോകം മുന്നേറുമ്പോള്‍ പല്ലിനു പല്ല് എന്ന റെട്രിബ്യൂട്ടീവ് തിയറിയിലേക്കാണ് നാം പിന്‍വാങ്ങുന്നത്. ജനാധിപത്യത്തില്‍ അവശ്യം വേണ്ടതായ വിയോജിപ്പിന്റെ ഇടങ്ങള്‍ പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്ന വലിയ ദോഷവും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ബിജെപിയുടെ അതിതീവ്രദേശീയതയുടെ പദാവലിയിലാണ് പുതിയ ശിക്ഷാനിയമം രൂപപ്പെടുത്തിയിരിക്കുന്നത്.

ലവ് ജിഹാദ് എന്ന വാക്കുപയോഗിക്കാതെ നിര്‍ദിഷ്ടനിയമത്തില്‍ ലവ് ജിഹാദ് എന്നറിയപ്പെടുന്ന പ്രവൃത്തി കുറ്റകരമാക്കിയിട്ടുണ്ട്. ഐഡന്റിറ്റി മറച്ചുവച്ചുകൊണ്ട് വ്യാജമായ ധാരണയുടെയും വാഗ്ദാനത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തുന്ന ലൈംഗികബന്ധവും വിവാഹവും പത്തു വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചീറ്റിങ്ങിനപ്പുറമുള്ള ഫ്രോഡ് ഫലപ്രദമായി കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. അത് പെണ്‍കുട്ടികളെ വശീകരിക്കുന്നതില്‍ മാത്രമായി പരിമിതപ്പെടുത്താനാവില്ല. കൊലപാതകത്തില്‍ കലാശിക്കുന്ന മന്ത്രവാദവും മതസ്പര്‍ശമുള്ള ആഭിചാരവൃത്തികളും തടയപ്പെടണം.
നിയമം കൂടെക്കൂടെ നവീകരിക്കണം. ആവശ്യത്തിന് അനുസൃതമായി നിയമം നിര്‍മിക്കപ്പെടണം. അതുകൊണ്ടാണ് പാര്‍ലമെന്റിലെ നിയമനിര്‍മാണവും കോടതിയിലെ നിയമവ്യാഖ്യാനവും അനുസ്യൂതം നടക്കുന്നത്. നിലവിലുള്ള നിയമത്തില്‍ അനാശാസ്യമായ വ്യവസ്ഥകള്‍ ഗൂഢമായി തിരുകിക്കയറ്റി ദുര്‍ഗ്രഹമായ പേരുകള്‍ നല്‍കുന്നതല്ല നിയമപരിഷ്‌കരണം. വാക്കുകള്‍ ശിക്ഷാര്‍ഹമാകാതിരിക്കുകയും പ്രവൃത്തി കുറ്റകരമാണെങ്കില്‍ ശിക്ഷിക്കപ്പെടുകയും വേണം.

എത്ര കഠിനമായ ശിക്ഷാസാധ്യതയും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹായകമല്ലെന്നിരിക്കേ പശ്ചാത്തപിക്കുന്നതിനുള്ള അവസരം കുറ്റവാളികള്‍ക്ക് നല്‍കുംവിധമാകണം ശിക്ഷയുടെ ക്രമീകരണം. വെള്ളത്തൂവല്‍ സ്റ്റീഫന്‍ ഒരു സാധ്യതയാണ്. അതിനുള്ള വഴികള്‍ അടയ്ക്കരുത്.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്