കേന്ദ്ര ബജറ്റ്; അമൃതകാല യാത്രയിൽ കർഷകർക്ക് അവഗണന

ഡോ ജോസ് ജോസഫ്

സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷത്തിലേക്കുള്ള ‘അമൃത കാല ‘യാത്രയുടെ ബ്ലൂ പ്രിൻറ് എന്നു വിശേഷിപ്പിച്ചു കൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2022-23 ലെ കേന്ദ്ര ബജറ്റിൽ കർഷകർക്കും കാർഷിക മേഖലയ്ക്കും തികഞ്ഞ അവഗണന. ഗ്രാമീണ മേഖലയും നഗരണങ്ങളും തമ്മിലുള്ള ഡിജിറ്റൽ ഡിവൈഡ് ഒന്നു കൂടി വർധിപ്പിക്കുന്ന ബജറ്റിൽ കാർഷിക മേഖലയിൽ ഉല്പാദന വർധനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യമിടുന്ന വൻ പദ്ധതികൾ ഒന്നും തന്നെയില്ല.

നെല്ല് – ഗോതമ്പ് സംഭരണത്തിനായി 2.37 ലക്ഷം കോടി രൂപ 163 ലക്ഷം കർഷകർക്ക് നൽകുമെന്നതാണ് കർഷകർക്കു വേണ്ടി ബജറ്റിൽ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനം.2021-22 ലെ ഖാരിഫ്, റാബി സീസണുകളിലായി 1208 ലക്ഷം ടൺ നെല്ലും ഗോതമ്പും സംഭരിക്കുന്നതിന് കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന തുകയാണിത്. എന്നാൽ കഴിഞ്ഞ ബജറ്റിൽ കുറഞ്ഞ താങ്ങുവില നൽകിയുള്ള സംഭരണത്തിനു വേണ്ടി വകയിരുത്തിയിരുന്നത് 2.48 ലക്ഷം കോടി രൂപയായിരുന്നുവെന്നത് പരിഗണിക്കുമ്പോൾ ഈ പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമാകും.രാജ്യത്ത് 22 കാർഷിക വിളകളാണ് കുറഞ്ഞ താങ്ങുവില നൽകി സംഭരിക്കുന്നത്. മറ്റു വിളകൾ കൂടുതലായി സംഭരിക്കുന്നതിനെക്കുറിച്ച്‌ ധനമന്ത്രി നിശബ്ദയാണ്. വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചെങ്കിലും എല്ലാ പ്രധാന കാർഷിക ഉല്പന്നങ്ങൾക്കും കുറഞ്ഞ താങ്ങു വില നിയമപരമായ ബാധ്യതയായി പ്രഖ്യാപിക്കണമെന്നതാണ് കർഷകർ ഇപ്പോഴും ഉന്നയിക്കുന്ന പ്രധാന ആവശ്യം.ഇതിൽ കുറഞ്ഞ താങ്ങുവിലയ്ക്ക് കോർപ്പറേറ്റുകളും കച്ചവടക്കാരും കർഷകരിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങിയാൽ അത് കുറ്റമായി കണക്കാക്കി ശിക്ഷ നൽകണം.എന്നാൽ കർഷകരുടെ ഈ ആവശ്യം ബജറ്റിൽ പരിഗണിച്ചിട്ടില്ല.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടു വർഷങ്ങളിലും കാർഷിക മേഖല മികച്ച വളർച്ച നേടി. ഈ വർഷത്തെ സാമ്പത്തിക സർവ്വെ പ്രകാരം 3.6 ശതമാനമായിരുന്നു 2020-21 ലെ കാർഷിക വളർച്ചാ നിരക്ക്.2021-22 ൽ പ്രതീക്ഷിക്കുന്നത് 3.9 ശതമാനം വളർച്ചാ നിരക്കാണ്. എന്നാൽ കാർഷിക മേഖലയിലെ മികച്ച വളർച്ചാ നിരക്ക് കർഷകരുടെ വരുമാന വർധനവിൽ പ്രതിഫലിച്ചിട്ടില്ല.2020-ഓടെ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016-17 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി നടത്തിയ പ്രഖ്യാപനം.കഴിഞ്ഞ അഞ്ചു വർഷവും മോദി സർക്കാരിൻ്റെ ഏറ്റവും വലിയ അവകാശവാദവും ഇതായിരുന്നു.എന്നാൽ ഈ ലക്ഷ്യത്തിന് അടുത്തെന്നുമെത്താൻ സർക്കാരിനായിട്ടില്ല. കർഷക വരുമാനം വർധിപ്പിക്കാൻ നിയോഗിച്ച അശോക് ദൽവായി കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം ഈ ലക്ഷ്യം നേടാൻ പ്രതിവർ വർഷം കുറഞ്ഞത് 10 ശതമാനം വളർച്ചയെങ്കിലും കാർഷിക മേഖല കൈവരിക്കണമായിരുന്നു.അതുണ്ടായില്ല.കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ ബജറ്റുകളിൽ തുടർച്ചയായി ആവർത്തിച്ചിരുന്നു. എന്നാൽ അമൃതകാല യാത്രയിൽ ഈ ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വാഗ്ദാനം പാടെ മറന്നു.

കാർഷിക കുടുംബങ്ങളുടെ സ്ഥിതി വിലയിരുത്താൻ ദേശീയ സാമ്പിൾ സർവ്വെ ഓഫീസ് നടത്തിയ 2019 ലെ 70-മത് വട്ടം സർവ്വെ പ്രകാരം 2019 ൽ ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിൻ്റെ ശരാശരി പ്രതിമാസ വരുമാനം 10218 രൂപയായിരുന്നു. 2014ലെ സർവ്വെയിൽ ഇത് 6426 രൂപയായിരുന്നു. അഞ്ചു വർഷത്തിനിടയിലുണ്ടായ വരുമാന വർധനവു് 27 ശതമാനം മാത്രമാണ്. എന്നാൽ ഇന്ധന വിലക്കയറ്റം, രാസവളങ്ങളുടെയും മറ്റ് നിവേശ ക വസ്തുക്കളുടെയും വിലക്കയറ്റം ,പൊതു വിലക്കയറ്റം തുടങ്ങിയവ തട്ടിക്കിഴിക്കുമ്പോൾ കർഷകരുടെ യഥാർത്ഥ വരുമാനം താഴോട്ടാണ് പോയിരിക്കുന്നത്. ചെറുകിട കർഷകരുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് ഇപ്പോൾ കൂലിപ്പണിയാണെന്ന് എൻഎസ് എസ് ഓ സർവ്വെ വ്യക്തമാക്കുന്നു. പ്രതിമാസ വരുമാനമായ 10218 രൂപയുടെ 40 ശതമാനവും കൂലിപ്പണിയിൽ നിന്നാണ്. വിളകളിൽ നിന്നുള്ള വരുമാനം 37 ശതമാനം മാത്രമാണ്. വിളകൾ കൃനിലനിൽപ്പിനായി കർഷകർ കൂലിപ്പണിക്കാരായി മാറുന്നു എന്നതാണ് സമകാലിക ഇന്ത്യയിലെ യാഥാർത്ഥ്യം.ഇതിനു പരിഹാരം കാണാനുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല.

രാസ വസ്തുക്കൾ ഉപയോഗിക്കാത്ത ജൈവ കൃഷി രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കും എന്നതാണ് ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം.ഇത് മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങളുടെ ആവർത്തനമാണ്.ഗംഗാ നദിയുടെ അഞ്ചു കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ കർഷകരുടെ വയലുകളിലായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. വ്യാപകമാക്കും.പ്രകൃതി കൃഷി, ചെലവില്ലാ പ്രകൃതി കൃഷി, ജൈവകൃഷി, ആധുനിക കൃഷി, മൂല്യവർധനവ്, മാനേജ്മെൻറ് തുടങ്ങിയവ ഉൾപ്പെടുത്തി കാർഷിക കോഴ്സുകളുടെ സിലബസ് പരിഷ്ക്കരിക്കാൻ കാർഷിക യൂണിവേഴ്സിറ്റികളെ പ്രോത്സാഹിപ്പിക്കും.എന്നാൽ ജൈവകൃഷിക്ക് പ്രത്യേക കോഴ്സുകൾ തുടങ്ങുന്നതിനു പകരം മുഖ്യധാരാ കോഴ്സുകളിൽ പ്രാമുഖ്യം നൽകുന്നത് വിദ്യാഭ്യാസ നിലവാരം തകർക്കും.

കർഷകരുടെ ഇടയിൽ ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി കിസാൻ ഡ്രോൺ പദ്ധതി നടപ്പാക്കും.ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും കാർഷികോല്പാദനം വിലയിരുത്താനും കീടനാശിനികളും പോഷകങ്ങളും തളിക്കുന്നതിനും ഡ്രോൺ ഉപയോഗം വ്യാപകമാക്ക സംയുക്ത നിക്ഷേപ മാതൃകയിൽ നബാർഡിൽ പ്രത്യേക നിക്ഷേപ ഫണ്ട് രൂപീകരിക്കും.കാർഷികോല്പന്നങ്ങളുടെ മൂല്യശൃംഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കാർഷിക ഗ്രാമീണ സ്റ്റാർട്ട് അപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ഈ ഫണ്ട് വിനിയോഗിക്കും. കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാടകയ്ക്കു നൽകുക, കർഷകരുടെ ഉല്പാദക സംഘടനകളെ സഹായിക്കുക, വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സാങ്കേതിക വിദ്യ കൈ മാറുക തുടങ്ങിയവയായിരിക്കും ഈ സ്റ്റാർട്ട് അപ്പുകളുടെ പ്രധാന ദൗത്യങ്ങൾ.

പഴം-പച്ചക്കറി വിളകളുടെ മികച്ച ഇനങ്ങൾ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സമഗ്രമായ പാക്കേജ് നടപ്പാക്കും. ഇവയുടെ സംസ്ക്കരണവും മൂല്യവർധനവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഐക്യരാഷ്ട്രസഭ 2022 ചെറു ധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്, രാജ്യത്തിനകത്തും പുറത്തും ബ്രാണ്ടിംഗ് നടത്തി ചെറു ധാന്യങ്ങളുടെ ഉപയോഗം വർധിപ്പിക്കും.ചെറു ധാന്യങ്ങളുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുന്നതിനും മൂല്യവർധനവിനും കേന്ദ്രം സഹായം നൽകും. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുന്നതിന് എണ്ണക്കുരു വിളകൾക്കു വേണ്ടി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കും. കർഷകർക്ക് ഹൈടെക് – ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പൊതുമേഖലയിലെ കാർഷിക ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ അഗ്രി ടെക് കമ്പനികളും ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള ഒരു പദ്ധതി തുടങ്ങും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പി എം ഗതി ശക്തിയുടെ ഭാഗമായി കർഷകരുടെ ഉല്പനങ്ങൾ കൊണ്ടു പോകുന്നതിനും മറ്റും റെയിൽവേ സേവനം കൂടുതൽ വിപുലീകരിക്കും. ‘ഒരു സ്റ്റേഷൻ ഒരു ഉല്പന്നം ‘ എന്ന ആശയത്തിന് കൂടുതൽ പ്രചാരം നൽകും.പരമ്പരാഗത റോഡുകൾക്കു ബദലായി ദേശീയ റോപ് വേ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ഭാഗമായി റോപ് വികസനത്തിന് മലമ്പ്രദേശങ്ങളിൽ പർവത് മാല പദ്ധതി നടപ്പാക്കും 44605 കോടി രൂപ ചെലവിൽ കെൻ – ബെട്വാ നദീ സംയോജന പദ്ധതി നടപ്പാക്കും.ഇത് 9.08 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനം എത്തിക്കും. മറ്റ് 5 നദീസംയോജന പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും തയ്യാറാക്കിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൃഷി ഉൾപ്പെടെ എല്ലാ മേഖലകളിലും കാർബൺ ഉപഭോഗം കുറച്ചു കൊണ്ടുള്ള സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കും.നടപ്പാക്കും.താപോർജ്ജ നിലയങ്ങളിൽ അഞ്ചു മുതൽ എഴുശതമാനം വരെ കർഷകരുടെ വിള അവശിഷ്ടങ്ങൾ പെല്ലറ്റ് രൂപത്തിൽ കത്തിക്കും.ഇത് വിളയുടെ അവശിഷ്ടങ്ങൾ വയലുകളിൽ കത്തിക്കുന്നതു കൊണ്ടുള്ള മലിനീകരണം കുറയ്ക്കും. കർഷകർക്ക് കൂടുതൽ വരുമാനം നൽകും .കാർഷിക വനവൽക്കരണവും സ്വകാര്യ വനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരും.കാർഷിക വനവൽക്കരണം നടപ്പാക്കാൻ താല്പര്യമുള്ള പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ട കർഷകർക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകും

കാർഷിക മേഖലയിലുള്ള മൂലധന നിക്ഷേപം ഉയർത്തുമെന്ന് ഈ വർഷത്തെ സാമ്പത്തിക സർവ്വെയിൽ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ മൂലധന നിക്ഷേപത്തിന് കോർപ്പറേറ്റുകളെ കൂടുതൽ ആശ്രയിക്കുന്ന നിലപാടാണ് ബജറ്റിൽ. കാർഷിക ഗവേഷണ വികസന പദ്ധതികൾക്കും വിഹിതം കുട്ടിയിട്ടില്ല.കോവിഡിൻ്റെയും ഗ്രാമീണ സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽ കർഷകരുടെ കൈകളിലേക്ക് നേരിട്ട് കൂടുതൽ പണം എത്തിക്കാനുള്ള ശ്രമവും ബജറ്റിൽ ഇല്ല. രാജ്യത്തെ 11 കോടി കർഷകർക്ക് വർഷം 6000 രൂപ വീതം പി എം കിസ്സാൻ സമ്മാൻ നിധിയുടെ ഭാഗമായി വിതരരണം ചെയ്തതായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ തുക 2022-23 ലെ ബജറ്റിൽ വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി