ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

സെബാസ്റ്റ്യന്‍ പോള്‍

എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ശകാരം അനുചിതവും അസ്ഥാനത്തുള്ളതുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഉദ്യോഗസ്ഥനെ ശാസിക്കുമ്പോള്‍ ജനപ്രതിനിധി കാണിക്കേണ്ടതായ അന്തസും ഔചിത്യവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബുവുമായി ഇടഞ്ഞുനില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാത്ത അതിഥിയായി ചെന്ന് മൈക്ക് വാങ്ങി അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല. എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പൊതുസമ്മേളനമായിരുന്നില്ല. സ്വന്തം നാട്ടില്‍ നിയമനം ലഭിച്ച എഡിഎം അങ്ങോട്ടു പോകാതെ അന്നു രാത്രി തൂങ്ങി മരിച്ചു. അനൗചിത്യം ക്രിമിനല്‍ കുറ്റമല്ലാത്തതിനാലും ആത്മഹത്യയ്ക്ക് പ്രേരകമായ വാക്കുകള്‍ പറഞ്ഞിട്ടില്ലാത്തതിനാലും ദിവ്യയ്‌ക്കെതിരെ എടുത്തുവെന്ന് പറയുന്ന ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അനൗചിത്യം മാപ്പാക്കപ്പെടുന്നുമില്ല. പ്രശ്‌നത്തിന് കാരണമായ പമ്പില്‍ ദിവ്യയ്ക്ക് വ്യക്തിപരമായ താത്പര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ സംയമനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. സംസാരം നന്നാകണമെന്ന് തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ തെറ്റിധരിക്കപ്പെടുമെങ്കിലും നമുക്ക് അതു മനസിലാകും. അത് പാലിക്കപ്പെടുന്നില്ല എന്നതാണ് ദുരവസ്ഥ. പകലന്തിയില്‍ ചാനല്‍ ചര്‍ച്ച കേള്‍ക്കുകയും സീരിയല്‍ കാണുകയും ചെയ്യുന്ന മലയാളി അന്തസ്സോടെ പെരുമാറുന്നതിനും അന്തസ്സോടെ സംസാരിക്കുന്നതിനും കഴിയാത്ത പ്രാകൃതമനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു. സിനിമയും വ്യത്യസ്തമായ സാംസ്‌കാരിക അനുഭവമാകുന്നില്ല.

ഇതിനര്‍ത്ഥം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ ന്യായീകരിച്ചുകൊണ്ട് ഞാന്‍ ആ ഉദ്യോഗസ്ഥനുമായി ഐക്യപ്പെടുന്നു എന്നല്ല. ഏതു സാഹചര്യത്തിലും ആത്മഹത്യ കൊലപാതകംപോലെതന്നെ ഗര്‍ഹണീയമാണ്. അഴിമതിയില്ലാത്ത ജനപ്രിയനായ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്ന് എല്ലാവരും പറയുന്നു. ദിവ്യയെ ഇകഴ്ത്തുന്നതിന് അല്പം അതിശയോക്തി ത്രാസിലെ ഒരു തട്ടില്‍ കൂട്ടിയിടുന്നതാകാം. നല്ല ഒതുക്കത്തില്‍ ദിവ്യ നല്‍കിയ അഴിമതിക്കാരന്‍ എന്ന വിശേഷണം അഴിമതിരഹിതരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് മരണാനന്തരം എല്ലാവരും പറയുന്ന നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകാം. നവീന്‍ ബാബുവിന്റെ മരണം യാഥാര്‍ത്ഥ്യമാണെങ്കില്‍ അതിന്റെ കാരണം നമുക്ക് അനായാസം കണ്ടെത്താനാവില്ല. ആത്മഹത്യ എന്നു കരുതുന്നത് കൊലപാതകമായേക്കാം. പൊതുജനവുമായി ഇടപഴകുന്ന ഉദ്യോഗസ്ഥന്‍ വിമര്‍ശവും ആക്ഷേപവും കേള്‍ക്കാന്‍ സന്നദ്ധനായിരിക്കണം. തൊട്ടാവാടിയെന്ന് സ്ത്രീകളെ വിളിക്കാറുണ്ട്. വിപുലമായ അധികാരം കൈയാളുകയും ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് തൊട്ടാവാടിയാകാന്‍ പാടില്ല. ദിവ്യയുടെ അത്ര ദിവ്യമല്ലാത്ത ശകാരത്തിനും ആക്ഷേപത്തിനും വിധേയനായി വ്രണിതനായ ഒരു സാധു മരണത്തില്‍ ആശ്വാസം കണ്ടെത്തിയെന്ന പൊതുനിലപാടിനോട് എനിക്ക് യോജിപ്പില്ല. പരീക്ഷയില്‍ തോല്‍ക്കുമ്പോഴും വീട്ടുകാര്‍ ശാസിക്കുമ്പോഴും കൗമാരപ്രായക്കാര്‍ ആത്മഹത്യ ചെയ്യാറുണ്ട്. മൊബൈല്‍ ഫോണ്‍ വിലക്കുന്നതുപോലും ആത്മഹത്യയ്ക്ക് കാരണമാകുന്ന കാലമാണ്. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ മാനസികമായ അനാരോഗ്യവും ദൗര്‍ബല്യവും പ്രകടിപ്പിക്കരുത്.

കേള്‍ക്കുന്നവന്‍ ആത്മഹത്യ ചെയ്താല്‍ സംസാരിക്കുന്നവന്‍ കുഴപ്പത്തിലാകുമെന്ന അവസ്ഥയില്‍ സംസാരം നിയന്ത്രിതമാകും. ഭവിഷ്യത്തിനെ ഭയന്നുള്ള സംസാരം സംസാരസ്വാതന്ത്ര്യത്തെ പരിമിതമാക്കും. അത് ജനാധിപത്യത്തിനുതന്നെ ദോഷകരമാണ്. കയര്‍ക്കാതെയും ഉദ്യോഗസ്ഥന്മാരോട് തട്ടിക്കയറാതെയും എപ്രകാരമാണ് പൊതുപ്രവര്‍ത്തകര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നത്? ഇപ്പോള്‍ അനാശാസ്യമെന്നു തോന്നുന്ന പ്രതികരണങ്ങള്‍ എംപി ആയിരുന്നപ്പോള്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ പുല്ലേപ്പടി മേല്‍പ്പാലത്തിന്റെ പണി നടക്കാതായപ്പോള്‍ തിരുവനന്തപുരത്ത് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയറോട് കയര്‍ത്ത് സംസാരിക്കുകയും ഓഫീസില്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നവീന്‍ ബാബുവിനെപ്പോലെ സാഹസത്തിനൊന്നും മുതിരാതിരുന്നത് എന്റെ ഭാഗ്യം. മാധവന്‍ മീശ പിരിച്ചാല്‍ എന്നതുപോലെ എംപി മുണ്ട് മടക്കിക്കുത്തിയാല്‍ എന്ന ഒരു പറച്ചില്‍ എറണാകുളം ഭാഗത്ത് അന്നുണ്ടായിരുന്നു.

ആത്മഹത്യയെ പരോക്ഷമായല്ല പ്രത്യക്ഷത്തില്‍ത്തന്നെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഇത്തരം പ്രതികരണങ്ങളുടെ ദോഷഫലം. ആത്മഹത്യയല്ല പ്രതിവിധി എന്ന സന്ദേശം നല്‍കേണ്ട മാധ്യമങ്ങള്‍ ബാലിശമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലും അപകീര്‍ത്തികരമായ ആരോപണങ്ങളും കേട്ട് മനം നൊന്ത് ഒരാള്‍ ആത്മഹത്യ ചെയ്താല്‍ എന്തായിരിക്കും പ്രതികരണം? ഇതൊരു സാങ്കല്പികമായ ചോദ്യമല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്തെ ഒരു ലോഡ്ജില്‍നിന്ന് ഒരു തഹസില്‍ദാരെ അനാശാസ്യവൃത്തിക്ക് പൊലീസ് പിടികൂടിയതായി പത്രത്തില്‍ വാര്‍ത്ത വന്നു. വാര്‍ത്തയില്‍ തഹസില്‍ദാറുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. അപമാനിതനായ തഹസില്‍ദാര്‍ നാട്ടിലേക്ക് മടങ്ങാതെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു. വാര്‍ത്ത നല്‍കിയ പത്രത്തിന് അന്നോ അതിനുശേഷമോ മനസ്താപമുണ്ടായതായി അനുഭവമില്ല. മി ടൂ കാലത്ത് ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായിപ്പോലും ഏതു പുരുഷനും കുറ്റാരോപിതനാകാന്‍ സാധ്യതയുള്ളതിനാല്‍ ആത്മഹത്യയ്ക്കും സാധ്യതയുണ്ട്. പരാതിയുള്ളവര്‍ ഈ സാധ്യത കണക്കിലെടുത്ത് നിശ്ശബ്ദരായിരിക്കണമെന്നു പറയാന്‍ കഴിയുമോ? നവീന്‍ ബാബുവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും എന്നാല്‍ ആത്മഹത്യയ്ക്ക് മൈനസ് മാര്‍ക്ക് നല്‍കുകയും ചെയ്യുന്ന സമീപനമാണ് മാധ്യമങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹവും സ്വീകരിക്കേണ്ടിയിരുന്നത്.

എല്ലാ ആത്മഹത്യയും ഒരുപോലെ പ്രതികരണം ഉണ്ടാക്കുന്നില്ല. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും അനുസൃതമാണ് പ്രതികരണം. ടുണീഷ്യയിലെ ഒരു ചെറുപട്ടണത്തില്‍ മുഹമ്മദ് ബുഅസീസി എന്ന തെരുവ് വ്യാപാരിയുടെ ആത്മഹത്യയാണ് പ്രസിദ്ധമായ മുല്ലപ്പൂ വിപ്‌ളവത്തിന് കാരണമായത്. പൊലീസും നഗരസഭയും ചേര്‍ന്നാണ് ആ കച്ചവടക്കാരന്റെ ആത്മഹത്യയ്ക്ക് കാരണമായ അവസ്ഥ സൃഷ്ടിച്ചത്. അയാള്‍ തീ കൊളുത്തി മരിച്ച ഇടത്ത് അയാളുടെ അമ്മ വന്ന് നിശ്ശബ്ദയായി നിന്നപ്പോള്‍ ചുറ്റും കൂടിയ ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വമ്പിച്ച ജനാവലിയായി മാറിയത്. ആ ദൃശ്യം അല്‍ ജസീറയിലൂടെ ലോകം കണ്ടപ്പോള്‍ അറബ് ലോകത്താകെ പടര്‍ന്നു കയറിയ വിപ്‌ളവത്തിന്റെ മുല്ലപ്പൂക്കള്‍ വിടര്‍ന്നു. ബുഅസീസിയെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പൊലീസുകാരല്ല അറബ് നാടുകളിലെ ഏകാധിപതികളാണ് വിപ്‌ളവത്തിന്റെ ഗന്ധം ശ്വസിച്ച് നിലംപതിക്കുകയോ പലായനം ചെയ്യുകയോ ചെയ്തത്.

റിട്ടയര്‍മെന്റിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ എഡിഎം തഹസില്‍ദാറായ ഭാര്യയും മക്കളും റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കേ മുറിയില്‍ കയറി ആത്മഹത്യ ചെയ്തു എന്നു കേള്‍ക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. അന്വേഷണം കഴിയുമ്പോള്‍ വ്യക്തത ഉണ്ടാകുമായിരിക്കും. അതിനുമുമ്പ് ദിവ്യയെ ക്രൂശിക്കണമെന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും അത് ഏറ്റുപിടിക്കുന്ന മാധ്യമങ്ങളുടെ കോറസിലും അപകടമുണ്ട്. മരണവാര്‍ത്തയില്‍ ആത്മഹത്യ എന്ന വാക്ക് സ്‌കാന്‍ഡിനേവിയന്‍ പത്രങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ആ രാജ്യങ്ങളിലെ ആത്മഹത്യാനിരക്കില്‍ ഗണ്യമായ കുറവ് വന്നതായ പഠന റിപ്പോര്‍ട്ട് നമ്മുടെ മുന്നിലുണ്ട്. മരിക്കുന്നതിനല്ല, ജീവിക്കുന്നതിനുള്ള പ്രേരണയും പ്രോത്സാഹനവുമാണ് മാധ്യമങ്ങളും പൊതുസമൂഹവും നല്‍കേണ്ടത്.

Latest Stories

70 ദശലക്ഷം ഡോളർ മൂല്യത്തിൽ നിന്ന് 20 ദശലക്ഷത്തിലേക്ക്; ഇഞ്ചുറി കാരണം സ്ഥാനം നഷ്ട്ടപ്പെട്ട് ക്ലബ് വിടാനൊരുങ്ങുന്ന ബാഴ്‌സലോണ താരം

എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ല; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം

ആലപ്പുഴ അപകടം, ബസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ; കേസെടുത്ത് കരീലക്കുളങ്ങര പൊലീസ്

മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിനെ പാളം തെറ്റിക്കുന്ന പ്രതിസന്ധിയുടെ ഉള്ളടക്കങ്ങൾ

പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് 

മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

മൂന്നേ മൂന്ന് ഓവറുകൾ കൊണ്ട് ഒരു തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ട് പ്രകോപിതൻ ആയപ്പോൾ സംഭവിച്ചത് ചരിത്രം; റെക്കോഡ് നോക്കാം

മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യം; കോണ്‍ഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി