ഇ. ബാലാനന്ദന്‍: തൊഴിലാളി വര്‍ഗത്തിന്‍റെ ഗുരുനാഥന്‍

അരനൂറ്റാണ്ടു കാലത്തെ വ്യക്തിപരമായ അടുപ്പവും സൗഹാര്‍ദ്ദവുമാണ് ‘സ്വാമി’ എന്ന് സ്‌നേഹപൂര്‍വം അടുപ്പമുള്ളവര്‍ വിളിക്കുന്ന സഖാവ് ബാലാനന്ദനുമായുള്ളത്. ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനമായ സി.പി.ഐ എമ്മിന്റെ തലമുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗമായിരുന്നപ്പോഴും, സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരിക്കുമ്പോഴും ബാലാനന്ദന്റെ , സഖാക്കളോടുള്ള പെരുമാറ്റത്തില്‍ യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. സംഘടനാപരമായി ഏറ്റവും താഴെ ഘടകത്തിലുള്ള സഖാവായാലും, ഒരു ഘടകത്തിലും ഇല്ലാത്ത തൊഴിലാളിയായാലും സ്‌നേഹവാത്സല്യങ്ങളോടെ പെരുമാറാനും വിവരങ്ങള്‍ ചോദിച്ചറിയാനും സഖാവ് ആത്മാർത്ഥമായി ശ്രമിച്ചിരുന്നു.

1970-ല്‍ സി.ഐ.ടി.യു രൂപീകരണം മുതല്‍ സംസ്ഥാന സി.ഐ.ടി.യു സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ മതിയാവോളം അനുഭവിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എത്ര സങ്കീര്‍ണ്ണമായ തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലി മരുന്നു പോലെ പരിഹാരം കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശം തേടിച്ചെല്ലുന്ന സഖാക്കള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വഹിക്കുന്ന സ്ഥാനത്തിന്റെ വലിപ്പമല്ല, എളിമയാണ് ജനങ്ങളിലും സഖാക്കളിലും ബാലാനന്ദനോടുള്ള ആദരവിനും സ്‌നേഹബഹുമാനത്തിനും കാരണമാക്കിയത്.
കളമശേരിയിലെ അലുമിനിയം ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ച് തൊഴിലാളി യൂണിയന്‍ നേതാവായി, ഭാരതത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ ആകെ നേതാവായി വളര്‍ന്നുപന്തലിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം സംഭവബഹുലമായിരുന്നു.

1960-70കളില്‍ ഇന്ത്യയൊട്ടാകെ നടന്ന ചെറുതും വലുതുമായ പണിമുടക്ക് സമരങ്ങള്‍ – കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ആവശ്യാധിഷ്ഠിത മിനിമം വേതന സമരം, 1994-ലെ റെയില്‍വേ തൊഴിലാളി പണിമുടക്ക്, സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെയും പൊതുമേഖലാ, സ്വകാര്യമേഖല വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പണിമുടക്ക്, സംഘടിത – അസംഘടിത – പരമ്പരാഗത മേഖല തൊഴിലാളി പണിമുടക്ക്, കേരളത്തിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്, ഇതിലെല്ലാം കൈവരിച്ച നേട്ടങ്ങളാണ് ഇന്ന് ഇന്ത്യയില്‍ പണിയെടുക്കുന്നവന്‍ അനുഭവിക്കുന്ന സേവന-വേതന ആനുകൂല്യങ്ങള്‍. ഇതിലെല്ലാം സ. ബാലാനന്ദന്റെ കൈയൊപ്പുണ്ട്. നിയമസഭാംഗം, പാര്‍ലമെന്റ് മെമ്പര്‍ എന്നീ നിലകളില്‍ പണിയെടുക്കുന്നവരുടെ ശബ്ദം, ഏവരുടെയും ഹൃദയത്തില്‍ തറയ്ക്കുംവിധം അവതരിപ്പിക്കാറുള്ള സഖാവിന്റെ പ്രസംഗശൈലി എടുത്തുപറയേണ്ടതാണ്. പൊതുയോഗങ്ങളിലെ പ്രസംഗങ്ങള്‍ എതിരാളികളെപ്പോലും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.

എളിമയാര്‍ന്ന അദ്ദേഹത്തിന്റെ ജീവിതശൈലി നേരിട്ടനുഭവിക്കാനിടയായ ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുന്നു. എം.പി. ആയിരിക്കുമ്പോള്‍ താമസിക്കാന്‍ അനുവദിച്ചു കിട്ടിയ വി.പി. ഹൗസിലെ ഫ്‌ളാറ്റില്‍, ഒരു ഭാഗം ദേശാഭിമാനിക്ക് നല്‍കിയിട്ട് ഒരു മുറിയുംം അടുക്കളയും മാത്രം സ്വാമി ഉപയോഗിച്ചു. ശേഷിപ്പുള്ള സ്ഥലവും പാര്‍ട്ടി ഓഫീസിലെ സഖാക്കള്‍ക്ക് താമസിക്കാന്‍ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ തങ്ങേണ്ടി വന്ന ഞാന്‍ സ്വാമി താമസിക്കുന്നിടത്ത് എത്തി. രാത്രി തങ്ങാന്‍ സൗകര്യം വേണമെന്ന് ആവശ്യപ്പെടാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ തന്നെ, അദ്ദേഹം എ്‌ന്നോടു പറഞ്ഞു, ആ കട്ടിലില്‍ ഇന്ന് ആളില്ല. താന്‍ അവിടെ കിടന്നോളൂ. ആശ്വാസമായി. വെളുപ്പിന് അഞ്ചുമണിക്ക് മൂടിപ്പുതച്ചു കിടന്നുറങ്ങിയ എന്നെ ഒരാള്‍ തട്ടിവിളിച്ചു. ഉണര്‍ന്നു നോക്കിയപ്പോള്‍ ഒരു കട്ടന്‍ ചായയുമായി സ്വാമി നില്‍ക്കുന്നു. ചായ ഉണ്ടാക്കിയത് സ്വാമി തന്നെ ! അതാണ് ബാലാനന്ദന്‍.

അടിയന്തരാവസ്ഥയില്‍ ഒളിവില്‍ കഴിയുന്ന ഞങ്ങള്‍ രണ്ടാളും ഒരു കേന്ദ്രത്തി്ല്‍ കൂടെക്കൂടെ സംബന്ധിക്കാറുണ്ടായിരുന്നു. ഒളിവില്‍ കഴിഞ്ഞുകൊണ്ട് സി.ഐ.ടി.യു സംഘടനാ പ്രവര്‍ത്തനം നടത്തി. ഞാന്‍ പിടിക്കപ്പെട്ടപ്പോള്‍ സ്വാമി ഉള്‍പ്പെടെ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുക്കേണ്ട യോഗത്തിന്റെ കത്ത്, സ്വാമിക്ക് നല്‍കാനുള്ളത് എന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ഈ കത്ത് പൊലീസിന് കിട്ടിയാല്‍ സ്വാമിയെ പിടികൂടാനാകും. ഞാന്‍ പിടിക്കപ്പെട്ടതിലല്ല എന്റെ വ്യാകുലത. പൊലീസ് എന്നെ പരിശോധിക്കുമ്പോള്‍ ഈ കത്ത് കണ്ടെത്തും. അതോടെ സ്വാമിയും മറ്റു നേതാക്കളും ഒത്തുചേരുന്ന സ്ഥലവും സമയവും കൃത്യമായി മനസിലാകും. അവരെല്ലാം പിടിയിലാവും. ഒന്നരവര്‍ഷത്തെ ഒളിവുജീവിതത്തില്‍ പലതവണ ഒരുമിച്ചു കാണുകയും പരിപാടികള്‍ പ്ലാന്‍ ചെയ്ത് പിരിയുകയും ചെയ്ത ഞാന്‍, കോണ്‍ഗ്രസുകാര്‍ ഒറ്റുകൊടുത്തതിന്റെ ഫലമായാണ് അപ്രതീക്ഷിതമായി ഒളിത്താവളം വളഞ്ഞ് പൊലീസ് പിടിച്ചത്. എസ്.എ.പിക്കാര്‍ താമസിക്കുന്ന ക്യാമ്പില്‍ അവര്‍ക്കിടയില്‍ എന്നെ രാത്രി 12 മണിയോടെ കൊണ്ടിരുത്തി. അവിടെ എത്തിയ ശേഷമാണ് പോക്കറ്റിലെ കത്തിനെ കുറിച്ച് ഓര്‍ക്കുന്നത്. നശിപ്പിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഞാന്‍ ഏതോ ഭീകരജീവി എന്ന മട്ടിലാണ് എസ്.എ.പിക്കാരുടെ നോട്ടവും പെരുമാറ്റവും. പരിചയമുള്ള ഒരു മുഖവും കാണുന്നില്ല. കുറേസമയം കഴിഞ്ഞപ്പോള്‍, കണിയാപുരം സ്വദേശിയായ ഒരു എസ്.എ.പിക്കാരന്‍ എന്റെഅടുത്തുകൂടി നടന്നുപോകവെ ഞാന്‍ കിദര്‍ മുഹമ്മദിന്റെ അനുജനാണെന്ന് പറഞ്ഞുപോയി. കിദര്‍ മുഹമ്മദ് എന്നോടൊപ്പം കയര്‍ സമരത്തിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുള്ള ധീരനായ സഖാവായിരുന്നു. രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയി. അദ്ദേഹത്തിന്റെ സഹായം ഈ കത്ത് നശിപ്പിക്കുന്നതിലും തേടാമെന്ന് ആശിച്ചെങ്കിലും അയാള്‍ ഒന്നു നിന്നുതരാതെ, അടുപ്പം കാണിക്കാതെ നടന്നുപോയി. കിദറിന്റെ ഒരു ഗുണവും കാണിച്ചില്ല.

ലോക്കപ്പില്‍ അടയ്ക്കുന്നതിനു മുമ്പ്, എനിക്ക് കത്ത് നശിപ്പിക്കണം. എന്നെ ഈ ക്യാമ്പില്‍ കൊണ്ടെത്തിച്ചുപോയ ആറ്റിങ്ങലെ പൊലീസുകാര്‍ എന്റെ കൂടെയുണ്ടായിരുന്ന സഖാവിനെ തേടി പോയിരിക്കുകയാണ്. അത് സ. പിരപ്പന്‍കോട് മുരളിയായിരുന്നു. എന്നെ സ്‌റ്റേഷനില്‍ എത്തിച്ച ശേഷമാണ് ഒറ്റുകാര്‍ ഒരാള്‍ കൂടി ഉണ്ടെന്ന് വീണ്ടും പൊലീസിനോട് പറഞ്ഞത്. അവര്‍ തിരിച്ചുവന്നാല്‍ അന്നു രാത്രി എന്നെ ആറ്റിങ്ങല്‍ ലോക്കപ്പിലാക്കും. ഞാന്‍ പിടിയിലായതില്‍ എനിക്ക് ദു:ഖമില്ലായിരുന്നു. പക്ഷേ എന്റെ കൈയിലുള്ള കത്ത് അവര്‍ക്ക് കിട്ടിയാല്‍ സ്വാമിയും ഏതാനും നേതാക്കളും നാളെ പിടിയിലാവുമല്ലോ എന്നതായിരുന്നു എന്റെ വിഷമം. എന്റെ കണ്ണുകള്‍ എസ്.എ.പിക്കാരില്‍ പരതി നടന്നു, ദയാലുത്വം പ്രകടിപ്പിക്കുന്ന ഒരു ദൃഷ്ടിയെങ്കിലും കാണാന്‍.

അപ്പോഴാണ് കടയ്ക്കല്‍ നിവാസിയായ ഒരു എസ്.എ.പിക്കാരന്‍ എന്റെ ഏതാനും വാര അകലെ വന്നിട്ട് സഖാവ് ആനന്ദനല്ലേ എന്ന് ചോദിച്ചു. അതേ എന്റെ മറുപടി കേട്ടപ്പോള്‍ പറഞ്ഞു. എനിക്ക് സഖാവിനെ അറിയാം. എന്റെ സഹോദരിയുടെ വിവാഹത്തിന് സാര്‍ വന്നിട്ടുണ്ട്. ഞാന്‍ ചോദിച്ചു: ”പ്രകാശിനിയല്ലേ സഹോദരി” അതെ. ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഒരു അടുപ്പക്കാരനാണ് വിവാഹം കഴിച്ചത്. ഇത്രയുമായപ്പോള്‍ ഞാന്‍ ആംഗ്യം കാണിച്ചു ഒന്നടുത്തു നില്‍ക്കാന്‍ പറഞ്ഞു. ഒരപേക്ഷ അയാളുടെ മുന്നില്‍വെച്ചു. എന്റെ കൈയിലുള്ള കത്ത് ആരും കാണാതെ നശിപ്പിക്കണം. ആരും കാണാതെ എന്നെ ചേര്‍ന്നു നിന്ന് കത്ത് വാങ്ങണം. കേട്ടപ്പോള്‍ അയാള്‍ക്ക് ഭയം തോന്നി. എങ്കിലും എന്റെ സഹായാഭ്യര്‍ത്ഥന നിരസിക്കാന്‍ കഴിഞ്ഞില്ല. ക്യാമ്പിലുള്ള മറ്റുള്ളവരുടെ കണ്ണു വെട്ടിച്ച് കത്ത് അയാള്‍ വാങ്ങി. ആശ്വാസമായി.

എങ്കിലും നിശ്ചിത യോഗദിവസം കഴിയുന്നതു വരെ മനസ്സിന് ഒരു സമാധാനവും കിട്ടിയിരുന്നില്ല. യോഗദിവസം കഴിഞ്ഞപ്പോള്‍ ആശ്വാസമായി. കത്ത് കൈമാറി അരമണിക്കൂറിനകം ലോക്കപ്പിലേക്ക് മാറ്റി. ശാരീരിക പരിശോധന നടത്തി മാരകായുധങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. ലോക്കപ്പിനകത്ത് കുഴപ്പങ്ങള്‍ കാണിക്കുമെന്നു കരുതി ഒരു ഫ്‌ളഡ് ലൈറ്റ് ലോക്കപ്പിന് പുറത്തുകൊണ്ടു സ്ഥാപിച്ചു. ഉറക്കംകെടുത്തി. കത്ത് കൈമാറിയതിലുള്ള മനഃസന്തോഷത്തില്‍ ഫ്‌ളഡ് ലൈറ്റിന്റെ തുളച്ചുകയറുന്ന പ്രകാശവും മൂട്ടകടിയൊന്നും എന്നെ അലോസരപ്പെടുത്തിയില്ല.

Read more

തൊഴിലാളി പ്രവര്‍ത്തനത്തില്‍ എന്റെ ഗുരുനാഥനായി കാത്തുസൂക്ഷിക്കുന്ന പേരാണ് സ്വാമിയുടേത് – സഖാവ് ബാലാനന്ദന്‍. സഖാവിന്റെ ധീരസ്മരണയ്ക്കു മുന്നില്‍ ആയിരം രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.