കനയ്യ കുമാര്‍ പോയാലും, സിപിഐയ്ക്ക് ഇനി എന്ത് സംഭവിക്കാന്‍

കഴിഞ്ഞ ദിവസം ഒരു വെബ് പോര്‍ട്ടലില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിലെ പ്രധാന നേതാക്കളിലൊരാളും സാമൂഹ്യ ശാസ്ത്രകാരനുമായ യോഗേന്ദ്ര യാദവ് നല്‍കിയ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അദ്ദേഹം പറയുന്ന ഒരു കാര്യം ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന്, തെരഞ്ഞെടുപ്പ് പ്രവചനത്തിന് മുതിരാതെ അദ്ദേഹം എടുത്ത നിലപാട് ഇതായിരുന്നു. ബിജെപിയാണ് ജയിക്കുന്നതെങ്കില്‍ ആ ജയത്തിന്റെ മാര്‍ജിന്‍ വല്ലാതെ കുറയ്ക്കുകയെന്നതും അവര്‍ തോല്‍ക്കുകയാണെങ്കില്‍ അതിന്റെ ആഘാതം വര്‍ധിപ്പിക്കുകയുമാണ് തന്റെ രാഷ്ട്രീയത്തിന്റെ ലക്ഷ്യം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയം ഇന്നകപ്പെട്ടിടുളള അവസ്ഥയില്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് കൈകൊള്ളാവുന്ന പ്രായോഗിക സമീപനമാണെന്ന് തോന്നുന്നു. എന്നാല്‍ യാദവിന്റെ നിലപാട് നമ്മുടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നുമില്ല. അവര്‍ ബിജെപിയും തൃണമൂലും മല്‍സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സ്വന്തം അസ്ഥിത്വം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കും (സിപിഎം). ഫാസിസ്റ്റ് വിരുദ്ധ വാചോടോപങ്ങള്‍ക്ക് ഒരു കുറവും വരുത്തില്ലെങ്കിലും ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തി തെളിയിക്കുമെന്ന് പറയും (അസറുദ്ദീന്‍ ഒവൈസി). മുസ്ലീം വോട്ട് ഭിന്നിപ്പിക്കും. അങ്ങനെ ഫാസിസ്റ്റുകളായ എതിരാളികളെ പരാജയപ്പെടുത്തുന്നതിനുതകുന്ന സമീപനങ്ങള്‍ക്ക് പകരം സ്വന്തം രാഷ്ട്രീയത്തിന്റെ സങ്കുചിത്വങ്ങളെ ആവിഷ്‌ക്കരിക്കാനാണ് പലരുടെയും ശ്രമം.

ഇത്രയും പറഞ്ഞത് സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ്. നേരത്തെ സിപിഐയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നായിരുന്നു ബിഹാര്‍. പിന്നീട് നക്‌സല്‍ ബാരിയ്ക്ക് ശേഷം വിവിധ എംഎല്‍ ഗ്രൂപ്പുകള്‍ക്കായി സ്വാധീനം. സിപിഐ ലിബറേഷന്‍ ബിഹാറിലെ പല മേഖലകളിലും സ്വാധീനമുള്ള ഇടതു പാര്‍ട്ടിയായി. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ലമെന്ററി ഇടതുപാര്‍ട്ടിയും ലിബറേഷന്‍ തന്നെ.
ഇന്ത്യന്‍ ക്യാമ്പസുകള്‍ ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പ് തുടങ്ങിയപ്പോഴാണ് കനയ്യ കുമാര്‍ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി. എസ്എഫ്‌ഐയ്ക്കും എഐഎസ്എഫിനും സ്വാധീനം കുറഞ്ഞ ഒരു ഘട്ടത്തിലാണ് അദ്ദേഹം സിപിഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായി രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റാകുന്നത്. ദേശീയ തലത്തില്‍ പാര്‍ലമെന്ററി രംഗത്ത് തീര്‍ത്തും അപ്രസക്തമായി പോയ ഒരു പാര്‍ട്ടിയ്ക്ക് വലിയ ആശ്വാസമായിരുന്നു കനയ്യ. വിദ്യാര്‍ത്ഥി നേതാവെന്ന നിലയിലും ഹിന്ദുത്വത്തിനെതിരായ യുവത്വത്തിന്റെ പോരാട്ടത്തിന്റെ കുന്തമുനയെന്ന നിലയിലും കനയ്യ കുമാര്‍ മാറി. അദ്ദേഹവും ഉമര്‍ ഖാലിദും ഫാസിസ്റ്റുകളെ അസ്വസ്തരാക്കി. ഭരണകൂടം ജയിലിലടച്ചു. ഉമര്‍ഖാലിദ് ഇപ്പോഴും തടവറയില്‍ തന്നെ.

രാഷ്ട്രീയ ഇച്ഛാശക്തിയും വ്യക്തതയമുളള കനയ്യയുടെ നിലപാടുകള്‍ ബിഹാറില്‍ ഇടതുപക്ഷത്തിനും സിപിഐയ്ക്കും ഗുണം ചെയ്യുമെന്ന് കരുതി. കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും വലിയ മാര്‍ജിനില്‍ ബിജെപിയോട് തോറ്റു. പക്ഷെ ദേശീയ നേതാവെന്ന നിലയില്‍ കനയ്യ കുമാറിന്റെ ഗ്ലാമറിന് ഇടിവൊന്നും തട്ടിയില്ല. അദ്ദേഹം സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായി മാറി. അവിടെ നിന്നാണ് കനയ്യ കോണ്‍ഗ്രസിലേക്ക് പോകുന്നതെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. ആദ്യം ഇതൊക്കെ നിഷേധിച്ച സിപിഐയുടെ നേതൃത്വം ഇപ്പോള്‍ പക്ഷെ കാര്യങ്ങള്‍ കൈവിട്ടുവെന്ന് മനസ്സിലാക്കിയ അവസ്ഥയിലാണെന്ന് തോന്നുന്നു.

ഇനി മുകളില്‍ പറഞ്ഞ യോഗേന്ദ്ര യാദവിന്റെ പ്രസ്താവനയിലേക്ക് വരാം. ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ മുഖ്യ വൈരുദ്ധ്യമെന്താണ്. അത് ബിജെപിയും അതിനെതിരായ ശക്തികളുമാണ്. ഈ പോരാട്ടത്തിലൂടെ ബിജെപിയെ രാഷ്ട്രീയമായി പരാജയപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ആണ് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖ്യ തീരുമാനമായി വരേണ്ടത്. ആ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിലേക്ക് കനയ്യ കുമാര്‍ പോകുന്നത് ബിജെപിയിതര രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പറയാന്‍ കഴിയില്ല. കാരണം ഇന്നും അതിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലും രാജ്യത്തെമ്പാടും സാന്നിധ്യമെങ്കിലുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് ഫലപ്രദമായി ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ പാടെ മാറ്റി നിര്‍ത്തി ഒരു ആര്‍എസ്എസ് വിരുദ്ധ നീക്കം ഇപ്പോള്‍ കഴിയുമെന്ന് തോന്നുന്നില്ല. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു പരിമിതിയാണങ്കില്‍ പോലും.

എന്നാല്‍ കനയ്യ പോകുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഇടതുപക്ഷത്തെ എങ്ങനെ ബാധിക്കും. വ്യക്തികളല്ല, പ്രസ്ഥാനമാണ് പ്രത്യയശാസ്ത്രമാണ് വലുതെന്നും, കടലിലാണ് തിര എന്നൊക്കെയുള്ള സംഘടനാ വിശ്വാസികളില്‍ രോമാഞ്ചം ഉണ്ടാക്കുന്ന വാക്കുകള്‍ നേതാക്കള്‍ ഇത്തരം അവസരങ്ങളില്‍ ചെയ്യാറുള്ളത് ഇത്തവണയും ആവര്‍ത്തിച്ചെന്നിരിക്കും. അതുകൊണ്ട് കാര്യമില്ല. ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷത്തിന് സമീപകാലത്ത് ഹിന്ദി മേഖലയില്‍ കിട്ടിയ ഏറ്റവും നല്ല രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കനയ്യ കുമാര്‍. സിപിഐയ്ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം നല്‍കിയ ആശ്വാസം ചെറുതാവില്ല. അതാണ് നഷ്ടമാകുന്നത്.

1964ല്‍, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തിനായിരുന്നുവെന്ന് സംശയിക്കാവുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രഗല്‍ഭരായ 32 പേര്‍ ഇറങ്ങി പോന്ന പ്രസ്ഥാനമാണ് സിപിഐ. കുറച്ചുകാലം ദേശീയതലത്തില്‍ സാമാന്യം സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പിന്നീട് തീര്‍ത്തും തീര്‍ത്തും അപ്രസക്തമായി പോയ അവസ്ഥയാണ് ഉണ്ടായത്. ഉള്ള എംപിമാര്‍ മറ്റു പാര്‍ട്ടികളുടെ ഔദാര്യത്താല്‍ മാത്രം ജയിച്ചവര്‍. കേരളത്തില്‍ പോലും ഒരു നിയമസഭാ സീറ്റിലെങ്കിലും തനിച്ച് ജയിക്കാന്‍ ശേഷിയില്ലാതായി പോയവര്‍. എന്‍.ഇ ബലറാമിനെയും, കെ ദാമോദരനെയും പോലുള്ള ചിന്തകരും തെളിമയാര്‍ന്ന രാഷ്ട്രീയ ജീവിതം പുലര്‍ത്തിയ എത്രയോ നേതാക്കളുമുണ്ടായിരുന്ന പ്രസ്ഥാനം എത്തി നില്‍ക്കുന്ന അവസ്ഥ അതാണ്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പവും, പിന്നീട് അതു മാറ്റി ഇടത് ഐക്യത്തിനായും പ്രവര്‍ത്തിച്ച പാര്‍ട്ടി. ഇപ്പോള്‍ പ്രായോഗികാര്‍ത്ഥത്തില്‍ സിപിഎമ്മില്‍നിന്ന് ഒരു സമീപനവുമില്ലാത്ത പാര്‍ട്ടിയായി പരിണമിച്ചിരിക്കുന്നു.

കനയ്യ കുമാര്‍ പോകുന്നതു കൊണ്ട് മാത്രം ഇപ്പോഴത്തെ ഐഡന്റിറ്റിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. എന്നാല്‍ പുതിയ കാലത്ത്, രാഷ്ട്രീയ യുവാക്കളെ ആകര്‍ഷിക്കാന്‍ പറ്റാത്ത (അധികാരമുള്ള കേരളത്തില്‍ പാര്‍ട്ടിയിലെ അനുഭാവി വൃന്ദം ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്താണ്), പാര്‍ട്ടിയിലെത്തിയ സംവേദന ശേഷിയുള്ള നേതാക്കളെ ഉള്‍ക്കൊള്ളാനും നിലനിര്‍ത്താനും പറ്റാത്ത, ചരിത്രത്തിന്റെ പ്രൗഡിയില്‍ മാത്രം ഒരു കമ്മ്യൂണിസ്റ്റ് എന്ന് പറയുന്ന പാര്‍ട്ടി എന്തിനാവും നിലനില്‍ക്കുന്നത്. എന്താണ് അതുകൊണ്ടുളള പ്രയോജനം. രാജ്യത്ത് ഇടതുപക്ഷ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിക്കുമ്പോഴാണ് ദുരവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റാതെ ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഐ കൂടുതല്‍ അപ്രസക്തമാകുന്നെതന്നാണ് വൈരുദ്ധ്യം. കനയ്യ അതിന്റെ ലക്ഷണം മാത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം