നെല്ലിയില്‍ നിന്ന് ധാരങ്ങിലേക്ക്, മുസ്ലിം വിരുദ്ധതയുടെ അസം മാതൃക

ഇന്നലെ( വ്യാഴാഴ്ച) അസമിലെ ധാരങ്ങില്‍ നിന്ന് പുറത്തുവന്ന ഒരു വീഡിയോ, സാധാരണ മനുഷ്യരെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നതാണ് നിരായുധനായ ഒരു സാധു മനുഷ്യനെ ഒരു കൂട്ടം പൊലീസുകാര്‍ നെഞ്ചില്‍ വെടിവെച്ച് വീഴ്ത്തുന്നു. അതിന് ശേഷം അയാളുടെ ദേഹത്തിലേക്ക് പാഞ്ഞടുത്ത പൊലീസുകാര്‍ അയാളെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നു. മരിച്ചെന്ന് ഉറപ്പു വരുത്തി അവര്‍ മാറിയപ്പോള്‍, പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ മരിച്ചുകിടക്കുന്ന ആളുടെ ശരീരത്തില്‍ ആഞ്ഞു ചവിട്ടുന്നു. മൃതശരീരത്തോടുള്ള അയാളുടെ രോഷം തണുത്തുവെന്ന ഘട്ടത്തില്‍ പൊലീസ് ഇടപെട്ട് മാറ്റുന്നു. ഇത്രയുമാണ് ദൃശ്യങ്ങളിലുളളത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയിലെ ദൃശ്യം

ഈ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ബിജോയ് ബോനിയ എന്ന പൊലീസിനൊപ്പം വന്ന ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ഇന്നലെ വൈകി വന്ന റിപ്പോര്‍ട്ട്. ഈ മാസം 20 മുതല്‍ ആരംഭിച്ച ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് പൊലീസിന്റെ വെടിവെയ്പ്പുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കാനുളള സാദ്ധ്യതകളാണ് അവിടെ നിന്നുള്ള മറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അസമിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നാണ് ധാരങ്ങ് ജില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കിഴക്കന്‍ ബംഗാളില്‍ നിന്ന് തോട്ടങ്ങളിലും മറ്റും കൂലിവേല ചെയ്യാന്‍ വന്നവരുടെ പിന്‍മുറക്കാര്‍. ഇവര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് താമസിക്കുന്നതെന്ന് പറഞ്ഞാണ് കുടിയൊഴിപ്പിക്കല്‍ നടപ്പിലാക്കുന്നത്. വെടിവെയ്പ്പും മരണവും ഉണ്ടായെങ്കിലും കുടിയൊഴിപ്പിക്കലുമായി മുന്നോട്ടു പോകുമെന്ന് ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫോട്ടോഗ്രാഫര്‍ മൃതദേഹത്തിന് മുകളിലേക്ക് ചാടുന്നു

ഈ മാസം 20-ാം തിയതി നടന്ന കുടിയൊഴിപ്പിക്കലില്‍ 800 കുടുംബങ്ങളെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് മാറ്റിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതിന് മുമ്പ് ജൂണ്‍ മാസത്തിലും ഇവിടെ കുടിയൊഴിപ്പിക്കല്‍ നടത്തിയിരുന്നു. ഈ പ്രദേശം സന്ദര്‍ശിച്ച വസ്തുതാന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത് ജൂണില്‍ 49 മുസ്ലിം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചതെന്നാണ്. 120 ബിഗാ ഭൂമി (ഒരു ബിഗാ-900 ചതുരശ്ര അടി) ഭൂമിയും സര്‍ക്കാര്‍ തങ്ങളുടെതാക്കി എന്ന് അന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോഴത്തെ കുടിയൊഴിപ്പിക്കല്‍ അതിനെക്കാള്‍ കൂടുതല്‍ ശക്തമാണ്. ഇതിനകം 20,000 പേരെ കുടിയൊഴിപ്പിക്കല്‍ ബാധിച്ചിട്ടുണ്ടെന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുടിയൊഴിപ്പിക്കല്‍ നടന്നത്് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കാലത്താണെന്നത് സര്‍ക്കാര്‍ നീക്കത്തിലെ മനുഷ്യത്വവിരുദ്ധതയുടെ ആഴം ബോദ്ധ്യപ്പെടുത്തുന്നതാണ്.

വികസന പദ്ധതികള്‍ക്ക് വേണ്ടി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഏറ്റെടുക്കുകയെന്നത് അവരെ നിസ്സഹായരാക്കാന്‍ പ്രയോഗിക്കുന്ന ഒരു അടവാണ്. അസം എന്നത് ഇന്ത്യയില്‍ ഹിന്ദുത്വം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ പദ്ധതിയുടെ ഏറ്റവും വലിയ പരീക്ഷണശാലയായും മാറിയിട്ട് കുറച്ചേറെ വര്‍ഷങ്ങളായി. ഇതാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കണ്ടത്. 19 ലക്ഷം ജനങ്ങളെ പൗരത്വം ഇല്ലാത്തത്തിന്റെ പേരില്‍ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാനുള്ള നീക്കം. ഇത് സംബന്ധിച്ചുള്ള ആശങ്കകളും പരാതികളും ഇപ്പോഴും അവസാനിച്ചിട്ടില്ല.

അസാമിലെ മുസ്ലിം വിരുദ്ധതയ്ക്ക് കൊളോണിയല്‍ കാലത്തേക്ക് നീളുന്ന പഴക്കമുണ്ട്. അസമിലെ തേയില തോട്ടങ്ങളിലേക്ക് കിഴക്കന്‍ ബംഗാളില്‍നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും കൂട്ടത്തോടെ തൊഴിലാളികളെ (അവരില്‍ ബഹുഭൂരിപക്ഷവും ദരിദ്രരായ മുസ്ലിങ്ങളായിരുന്നു) കൊണ്ടുവരികയായിരുന്നു. പതിറ്റാണ്ടുകളായും തലമുറകളായും അവിടെ ജീവിച്ചെങ്കിലും അസമിലെ ഭൂരിപക്ഷ സമുദായത്തിലെ ഒരു വിഭാഗം ഇവരോട് ഇടപഴകിയത് വംശീയമായ മുന്‍വിധികളോടെയായിരുന്നു. നിരന്തര സംഘര്‍ഷത്തിന്റെ ഈ സാദ്ധ്യതകളാണ് സംഘ്പരിവാരം ഫലപ്രദമായി തന്നെ ഉപയോഗിച്ചത്. ഈ തന്ത്രങ്ങളെ രാഷ്ട്രീയമായി ഇച്ഛാശക്തിയോടെ നേരിടാനുളള ശേഷി കോണ്‍ഗ്രസിനുണ്ടായുമില്ല. വിഭജനത്തിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള സംഘ്പരിവാര ശ്രമങ്ങള്‍ക്ക് അനുയോജ്യമായ മണ്ണായി അസം പരുവപ്പെടുകയായിരുന്നു.

നെല്ലി കുട്ടക്കൊല (1983)

ഇതാണ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗീയ ആക്രമണങ്ങളിലൊന്നായി കരുതപ്പെടുന്ന നെല്ലി കുട്ടക്കൊലയിലേക്ക് നയിച്ചത്. 1983 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളാണ് വര്‍ഗീയ ആക്രമണത്തിലേക്ക് നയിച്ചത്. 1983 ഫെബ്രുവരി 18- നായിരുന്നു സായുധരായ സംഘം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ടത്.

2000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മറ്റ് പല സ്വതന്ത്ര്യ ഏജന്‍സികളും 3000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ആറ് മണിക്കുറോളമാണ് ആക്രമണം നീണ്ടുനിന്നത്. അലിസിംങ്ക, കുലപതാര്‍ ബസുന്ദരി, ബുഗ്ദുപ ബീല്‍ ബുഗ്ദുപ ഹബി ബോര്‍ജോല ബുടുനി, ഇന്ദ്രുമുരി, മുലധരി, ബോര്‍ബോരി, നെല്ലി എന്നി പ്രദേശങ്ങളാണ് പൂര്‍ണമായും ആക്രമണത്തില്‍ ഇല്ലാതായത്.

അക്രമത്തെ അതീജീവിച്ചവര്‍ പിന്നീട് കുറച്ചുകാലം കഴിഞ്ഞത് നെല്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. അങ്ങനെയാണ് ഈ പ്രദേശങ്ങളിലെല്ലാം അരങ്ങേറിയ കൂട്ടക്കൊല നെല്ലി എന്ന സ്ഥലപേരുമായി ബന്ധപ്പെടുത്തി അറിയാന്‍ തുടങ്ങിയത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രസിഡന്റ് ഗ്യാനി സെയില്‍ സിംഗും ഉള്‍പ്പെടെയുളളവര്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5000 രൂപയും പരിക്കേറ്റവര്‍ക്ക് 3000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്!

സംഭവവുമായി ബന്ധപ്പെട്ട് 688 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെട്ടുവെന്നാണ് ഒരു കണക്ക്. ( Caravan Magazine : Thirty two years later, the Nellie massacre remains all but forgotten Subasri Krishnan) എന്നാല്‍ ഇരുന്നൂറില്‍ പരം എണ്ണത്തില്‍ മാത്രമെ കുറ്റപത്രം തയ്യാറാക്കപ്പെട്ടുള്ളൂ. അതില്‍ തന്നെ ആരും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടുമില്ല. പിന്നീട് 1983ല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിവാരി കമ്മീഷനെ നിയമിച്ചു. 1984 റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും ഒരിക്കലും അത് നിയമസഭയില്‍ വെച്ചില്ല.

അസാം പൊലീസ് (ഫയല്‍ ചിത്രം)

പലപ്പോഴായി ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ക്രിമിനല്‍ കേസുകളില്‍ നടപടി ആവശ്യപ്പെട്ടും കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടും അധികൃതരെ സമീപിച്ചെങ്കിലും അതൊന്നും നടന്നില്ല. 2007 ല്‍ ഖൈറുദ്ദീനെന്ന വ്യക്തി ഇതേ ആവശ്യമുന്നയിച്ച് ഗുവാഹതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

നെല്ലി കൂട്ടക്കൊല അസമിനെ സംബന്ധിച്ച് വലിയ പ്രത്യാഘാതം ഉണ്ടാക്കിയ സംഭവമായിരുന്നു. എ ബി വാജ്‌പേയ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രകോപന പ്രസംഗത്തിലൂടെ കൂട്ടക്കൊലയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുകയായിരുന്നു എന്നും വിമര്‍ശനം ഉണ്ടായിരുന്നു. അസമിലെ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ വിഭാഗീയത സാഹചര്യം ശക്തിപ്പെടുത്തുന്നതില്‍ നെല്ലി കൂട്ടക്കൊല പങ്ക് വഹിച്ചു. പിന്നീട് അസം കരാറിലേക്കും, പൗരത്വ പരിശോധനയിലേക്കും അതുണ്ടാക്കിയ വിഭാഗീയതയുടെ തെളിച്ചത്തില്‍ ബിജെപിയ്ക്ക് അധികാരം പിടിച്ചെടുക്കുന്നതിനും കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അവ്യക്തമായ നിലപാടുകള്‍ ബിജെപിയ്ക്ക് തങ്ങളുടെ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമായി. മുസ്ലിങ്ങളെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ വെടിവെച്ചു വീഴ്ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതിന്റെ വേരുകള്‍ രാജ്യം കാര്യമായി ചര്‍ച്ച ചെയ്യാത്ത നെല്ലി കൂട്ടക്കൊലയിലും അതിന് കാരണമായ വംശീയ വിദ്വേഷത്തിലുമാണുള്ളത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ

ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

IND VS AUS: രോഹിതിനോട് ആദ്യം അത് നിർത്താൻ പറ, എന്നാൽ അവന് രക്ഷപെടാം; തുറന്നടിച്ച് സുനിൽ ഗവാസ്കർ

'പ്ലാസ്റ്റിക് തിന്നും പുഴുക്കൾ'; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: ബിജെപി രാഷ്ട്രീയം കളിക്കുന്നു; ഇത് വെറും അശ്രദ്ധയല്ല അനീതി; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി