സിംഹപ്പേരിലും വ്രണപ്പെടുന്ന വികാരമുണ്ട്

സെബാസ്റ്റ്യൻ പോൾ

സീതയും അക്ബറും സഹവസിച്ചാൽ ആർക്കാണ് പ്രശ്നം. സഹവാസം കൂട്ടിലായതുകൊണ്ടും സഹവസിക്കുന്നത് സിംഹങ്ങളായതുകൊണ്ടും മൃഗശാലയുടെ പരിപാലകനല്ലാതെ മറ്റാർക്കും ഒരു പ്രശ്നവും ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ സാധാരണ മനുഷ്യർ കാണുന്നതുപോലെ സംഘികൾ കാര്യങ്ങൾ അത്ര ലഘൂകരിച്ച് കാണുന്നവരല്ല. അതുകൊണ്ട് ത്രിപുരയിൽനിന്ന് സിലിഗുരി സഫാരി പാർക്കിൽ എത്തി രമ്യതയിൽ സഹവസിക്കുന്ന    സിംഹങ്ങളെ വേർപെടുത്തണമെന്നാവശ്യപ്പെട്ട് ബംഗാളിലെ വിശ്വ ഹിന്ദു പരിഷത്ത് കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്കീട്ട്  ബെഞ്ചിനെ സമീപിച്ചിരിക്കുന്നു.  അങ്ങ് ദൂരെയായതുകൊണ്ട് നമുക്ക് അതിൽ താത്പര്യം ഇല്ലാതിരിക്കാൻ കഴിയില്ല.  വന്യമൃഗങ്ങളും ക്ഷുദ്രജീവികളും കേരളത്തിൽ നമ്മെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന കാലമായതിനാൽ സിംഹങ്ങളുടെ കാര്യം എന്നു പറഞ്ഞ് വിഷയത്തെ നിസ്സാരവൽക്കരിക്കാനാവില്ല. സീതയും അക്ബറും കേവലം പേരു മാത്രമല്ലാത്തതിനാൽ സംഗതിക്ക് വേറെയും മാനമുണ്ട്. ഇന്ന് അക്ബറെങ്കിൽ നാളെ അത് രാവണനാകാം. രാമൻെറ കൂട്ടിൽ ആരാണെത്തുക എന്നും പറയാനാവില്ല. അക്ബറിൻെറ ഭാര്യമാരിലൊരാൾ ഹിന്ദുവായിരുന്നു എന്നതും ചരിത്രം. മുസ്ലിം പുരുഷസിംഹവും ഹിന്ദു സ്ത്രീസിംഹവും സഹവസിച്ചാൽ ലവ് ജിഹാദിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എർന സോൾബെർഗ് നോർവേ പ്രധാനമന്ത്രിയായിരിക്കേ ബെർഗനിലെ അനിമൽ ഫാം ഞാൻ സന്ദർശിക്കുകയുണ്ടായി. എർന വനിതയാണ്. ബെർഗൻ അവരുടെ സ്ഥലമാണ്. വിസ്തൃതമായ ഫാമിലേക്ക് ജോർജ് ഓർവെലിനെ ഓർത്തുകൊണ്ട് കടന്നപ്പോൾ ആദ്യം കണ്ടത് ഒരു പന്നിക്കൂടാണ്. ഒരു പെൺപന്നിയും ഒരു ആൺപന്നിയും കൂട്ടിലുണ്ട്. രണ്ട് പന്നികളുടെയും പേരെഴുതിയ മരപ്പലകയുണ്ട്. തടിച്ചുകൊഴുത്ത പെൺപന്നിയുടെ പേരാണ് എർന. സ്വന്തം മണ്ഡലത്തിലെ ഫാം എന്ന നിലയിൽ എർന സോൾബെർഗ് ആ ബോർഡ് കണ്ടിരിക്കാനിടയുണ്ട്. പക്ഷേ ആർക്കും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. സർഗാത്മകമായ ഈ നിസ്സംഗതയാണ് ജനാധിപത്യത്തിൻെറ ആഗോളസൂചികയിൽ നോർവേയെ ഒന്നാം സ്ഥാനത്തു നിർത്തുന്നത്. പന്നിയുടെ പേര് പന്നിയുടെ പേരായും തൻെറ പേര് തൻെറ പേരായും കാണുന്നതിനുള്ള വിവേകം ഉള്ളതുകൊണ്ടാണ് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിൻെറ സൂചികയിലും നോർവേയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കാൻ എർന സോൾബെർഗിനു കഴിഞ്ഞത്.

നമ്മുടെ നാട്ടിൽ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വന്തമായി ആനയുള്ളവരാണ്. പക്ഷേ സ്വന്തം വിശ്വാസത്തിന് അനുസൃതമായി ആനയ്ക്ക് പേരിടാൻ അവർക്കാവില്ല. കേശവൻ മുതൽ രാമചന്ദ്രൻ വരെ എല്ലാം ഹിന്ദു പേരുകാരാണ്. ആനയുടെ പ്രധാന വാണിജ്യോദ്ദേശ്യം ക്ഷേത്രസംബന്ധിയായതിനാലും അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലാത്തതിനാലും ആനയെ പേരുകൊണ്ട് ഹിന്ദുവാക്കി നിലനിർത്തണം. സുലൈമാൻ, സെബാസ്റ്റ്യൻ എന്നൊക്കെ ആനയ്ക്ക് പേരിട്ടാൽ തിടമ്പ് എഴുന്നള്ളിക്കാൻ പറ്റില്ല. കാട്ടാനയ്ക്കുപോലും പേരും മേൽവിലാസവുമുണ്ട്. റേഡിയോ കോളർ പിടിപ്പിച്ച് കാട്ടിൽ വിഹരിക്കുന്ന ആനയുടെ പേരാണ് ബേലൂർ മഖ്ന. പേരിലെന്തിരിക്കുന്നുവെന്ന് ഷേക്സ്പിയർ ചോദിച്ചതുപോലെ ആനയുടെ കാര്യത്തിൽ നിസ്സാരമായി ചോദിക്കാനാവില്ല. മഹാഭാരതയുദ്ധത്തിൻെറ ഗതി തിരിഞ്ഞത് അശ്വത്ഥാമാവ് മരിച്ചുവെന്ന അറിയിപ്പ് കേട്ടതോടെയാണ്. ഭീമൻ വാസ്തവത്തിൽ കൊന്നത് അശ്വത്ഥാമാവ് എന്നു പേരുള്ള ആനയെ ആയിരുന്നു. ആ പേരുള്ള തൻെറ മകൻ കൊല്ലപ്പെട്ടുവെന്നാണ് ദ്രോണർ മനസ്സിലാക്കിയത്.

ജീവികൾക്കായാലും ഉത്പന്നങ്ങൾക്കായാലും ദൈവങ്ങളുടെ പേരിടുന്നതിൽ ചില പ്രശ്നങ്ങളുണ്ട്.  മതപരവും സാമുദായികവുമായ ധ്വനി പേരിലുണ്ടാകും. മദ്യത്തിന് പൊതുവെ ക്രിസ്റ്റ്യൻ പേരുകളാണുള്ളത്.  ജോണി വാക്കറും പീറ്റർ സ്കോട്ടും മുതൽ ബ്ളഡി മേരി വരെയുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കോക് ടെയിലാണ് ബ്ളഡി മേരി. ട്യൂഡർ രാജ്ഞിയായിരുന്ന മേരിയുടെ പേരിലാണ് വോഡ്കയുടെ അതിതീവ്രരൂപത്തിലുള്ള ചുമന്ന മദ്യക്കൂട്ട് അറിയപ്പെടുന്നത്. വേറെയും വിശദീകരണങ്ങളുണ്ട്. ബാറിൽ രക്തനിറത്തിലുള്ള മദ്യം സെർവ് ചെയ്തിരുന്ന മേരിയുടെ പേരിൽനിന്നാണ് ബ്ളഡി മേരി എന്ന പേരുണ്ടായതെന്നും കഥയുണ്ട്. കാനായിലെ കലവറയിൽ വീഞ്ഞിൻെറ ശേഖരം തീർന്നപ്പോഴുണ്ടായ പ്രതിസന്ധി തന്നോടൊപ്പം അതിഥിയായെത്തിയ മകൻെറ ശ്രദ്ധയിൽപ്പെടുത്തിയതല്ലാതെ മദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കന്യകാമറിയത്തെ ബ്ളഡി മേരി കഴിക്കുന്നവരാരും ഓർക്കുന്നില്ല. 

ക്രിസ്റ്റ്യൻ ബ്രദേഴ്സ് വിപണിയിൽ പ്രസിദ്ധമായ മദ്യമാണ്. പേര് ക്രിസ്ത്യാനികൾക്ക് ആക്ഷേപകരമായതിനാൽ അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേസ് കൊടുക്കാൻ ലോനപ്പൻ നമ്പാടൻ എന്നെ സമീപിച്ചു. കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തപ്പോൾ തെളിവായി കൊണ്ടുവന്ന ക്രിസ്റ്റ്യൻ ബ്രദേഴ്സ് എൻെറ മുറിയിൽ വച്ചതിനുശേഷം അദ്ദേഹം പോയി. മദ്യപിക്കാത്ത മാഷ് എന്തിനാണ് ഒരു ഫുൾ ബോട്ടിൽ ബ്രാണ്ടി വാങ്ങിപ്പിച്ചത് എന്ന കാര്യം മാഷിൻെറ ഡ്രൈവർക്ക് ഇന്നും മനസിലായിട്ടില്ല.

വാഹനങ്ങൾക്ക് ദൈവികമായ പേരുകളാണ് പൊതുവെ ഇടാറുള്ളത്. നിരത്തിൽ കൃഷ്ണനും ക്രിസ്തുവും തമ്മിൽ ഉരസിയാൽ യാത്രക്കാർക്ക് പരിക്ക് പറ്റിയേക്കാമെന്നല്ലാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടില്ല. പേര് അനുയോജ്യമാകുന്നത് നന്നായിരിക്കുമെങ്കിലും എപ്പോഴും അങ്ങനെയാകണമെന്നില്ല. ഈയിടെ സെൻറ് മേരീസ് ലോണ്ട്രി എന്ന ബോർഡ് കണ്ടു. സ്വന്തം വീട്ടിലെ ജോലിയല്ലാതെ മറ്റുള്ളവരുടെ തുണിയോ പണമോ വെളുപ്പിക്കുന്ന പണി മാതാവ് ചെയ്തിട്ടില്ല. സെൻറ് മേരീസ് എന്ന് കോളജിനു പേരിടാം. ചിട്ടിക്കമ്പനിക്ക് മാതാവിൻെറ പേരിടുമ്പോഴും സെയ്ൻറ് എന്നു ചേർക്കുന്നതിൽ അപാകതയുണ്ട്. കമ്പനി പൊളിയുമ്പോൾ വിശുദ്ധർക്ക് പേരുദോഷമുണ്ടാകും.

ത്രിപുരയിൽനിന്നെത്തിയ ആൺസിംഹത്തിന് അക്ബർ എന്നും പെൺസിംഹത്തിന് സീത എന്നും പേരിട്ടത് സിംഹങ്ങളല്ല. ത്രിപുരയിലെ വനംവകുപ്പ് ഇട്ട പേരിൽ ആറേഴു വർഷമായി ആ സിംഹങ്ങൾ  അറിയപ്പെടുന്നു. മനുഷ്യൻ തോന്നിയതുപോലെ പേരിട്ടതിനുശേഷം അവയുടെ സഹവാസവും ഇണചേരലും പേരിൻെറ പേരിൽ വിലക്കുന്നത് ശരിയല്ല. മനുഷ്യന് സ്വയം വികസിപ്പിച്ചെടുത്ത അവകാശങ്ങൾ ഉള്ളതുപോലെ മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. സഹജീവികളുടെ അവകാശങ്ങളെന്നപോലെ മൃഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിലും മനുഷ്യന് വൈമുഖ്യമില്ല. സ്വർണക്കൂട്ടിലാണെങ്കിലും ബന്ധനം മരണംതന്നെയെന്ന് കവി പാടിയത് സമസ്ത ജീവജാലങ്ങൾക്കും ബാധകമാണ്. 

Latest Stories

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്