അഴിയുന്ന വിലങ്ങുകള്‍ അണിയിക്കാനുള്ളതല്ല

ഭരണഘടനയെ സംബന്ധിച്ച് സുപ്രീംകോടതി എഴുതിയിട്ടുള്ള വിധിന്യായങ്ങളില്‍ പ്രസിദ്ധവും പ്രസ്താവ്യവും ആയവ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ളതാണ്. 1950-ലെ റൊമേഷ് ഥാപ്പര്‍ കേസില്‍ നിന്നും  തുടങ്ങിഎഴുപത്തിമൂന്നാമത്തെ വര്‍ഷത്തില്‍ മീഡിയ വണ്‍  വരെ നീണ്ടുകിടക്കുന്നു സുദീര്‍ഘമായ ആ പരമ്പര. ക്രോസ്‌റോഡ്‌സ് എന്ന ഇടതുപക്ഷപ്രസിദ്ധീകരണത്തെ നിരോധിക്കുന്നതിനും ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് പ്രസിദ്ധീകരണത്തെ നിയന്ത്രിക്കുന്നതിനുമുള്ള ജനാധിപത്യവാദിയായ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നീക്കങ്ങള്‍ക്ക് തടയിട്ടു കൊണ്ടാണ് റൊമേഷ് ഥാപ്പര്‍ കേസിലെ വിധിയുണ്ടായത്. അതിനോടുള്ള നെഹ്‌റുവിന്റെ പ്രതികരണമായിരുന്നു അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതിനുള്ള ന്യായീകരണമായി എട്ടു സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച അനുച്ഛേദം 19(2) അഥവാ ഭരണഘടനയുടെ ഒന്നാം ഭേദഗതി.

എപ്പോഴും അതങ്ങനെയാണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്ന പാറയിലാണ് ജനാധിപത്യസൗധത്തിന്റെ അസ്തിവാരം ഉറപ്പിച്ചിരിക്കുന്നത്. അത് ദുര്‍ബലമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഏകാധിപതികള്‍ നിരന്തരം ഏര്‍പ്പെടുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മീഡിയ വണ്‍  ചാനലിനുമേല്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ച നിരോധനം. ദേശസുരക്ഷ എന്ന പൊതുന്യായം പറഞ്ഞ് യഥാര്‍ത്ഥകാരണം രഹസ്യമാക്കി വെയ്ക്കാനാവില്ലെന്ന്  സുപ്രീം കോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. എതിര്‍കക്ഷിയെ അറിയിക്കുകയും വിശദീകരണത്തിന് അവസരം നല്‍കുകയും ചെയ്യുന്നതിനു പകരമുള്ള  അടക്കംപറച്ചില്‍ സീല്‍ഡ് കവര്‍ ജൂറിസ്പ്രുഡന്‍സ് എന്ന് പരിഹസിച്ച് കോടതി തള്ളുകയും ചെയ്തു. കാരണം വെളിപ്പെടുത്താതെ ആരെയും ആരോപിതനോ കുറ്റക്കാരനോ ആക്കരുത്. സുതാര്യതയിലാണ് കോടതിയുടെ വിശ്വാസ്യത.

വികര്‍ണനെ പോലെ അരുത് എന്നു പറയുതിനും നാഥാനെ പോലെ വിരല്‍ ചൂണ്ടുന്നതിനും ജനാധിപത്യത്തില്‍ വിമതരും വിമര്‍ശകരും ഉണ്ടാകണം. അതില്ലാത്ത ഇടങ്ങളെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളാണ്. വിമര്‍ശകര്‍ രാജാവിന് അനഭിമതരാകും. പക്ഷേ അവര്‍ രാജ്യദ്രോഹികളല്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയപ്പെടുന്ന ഈ സത്യം മീഡിയ വണ്‍  കേസില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും ജസ്റ്റിസ് ഹിമ കോലിക്കും ആവര്‍ത്തിക്കേണ്ടി വന്നു. ആവര്‍ത്തനത്തില്‍ നിന്നും ദുരന്തത്തില്‍ നിന്നും  ഏകാധിപതികള്‍ ഒരു പാഠവും പഠിക്കുന്നില്ല.

അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷികളുടെ പരമ്പര സോക്രട്ടീസില്‍ നിന്ന്  ആരംഭിച്ചത് ഇനിയും അവസാനിക്കുന്നില്ല. അതുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ സമാശ്വസിക്കാന്‍ വരട്ടെ ,  നിങ്ങള്‍ക്കായി അണിയറയില്‍ പുതിയ ആമങ്ങള്‍ തീര്‍ക്കപ്പെടുന്നുണ്ട്.

ഭരണകൂടവുമായി ഐക്യപ്പെടുക എന്ന പ്രായോഗികതയില്‍ സുരക്ഷിതത്വം കണ്ടെത്തുന്നവരാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരില്‍ അധികവും. ഭയപ്പെടുന്നു  എന്നു  സമ്മതിക്കാതെ ഭയപ്പെട്ടു കഴിയുവരാണ് അവര്‍. മര്‍ദ്ദകന്റെ പക്ഷം ചേരുന്ന സ്‌റ്റോക്‌ഹോം സിന്‍ഡ്രത്തിനു വിധേയരാകുന്ന മര്‍ദ്ദിതരാണവര്‍. ആര്‍ രാജഗോപാലിനെ പോലെ അപൂര്‍വം പത്രപ്രവര്‍ത്തകരെയാണ് അപവാദമായി കാണാന്‍ കഴിയുന്നത്. ദ ടെലിഗ്രാഫിന്റെ എഡിറ്ററാണ് മലയാളിയായ രാജഗോപാല്‍. ഈ അപൂര്‍വതയില്‍ ജ്വലിക്കുന്ന അധ്യായമായി മീഡിയ വണ്‍ നടത്തിയ പോരാട്ടം  മാറിയിരിക്കുന്നു.

ഇത് മീഡിയ വണ്‍ തനിച്ച് നേടിയ വിജയമല്ല. കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ മീഡിയ വണ്‍ നിരോധനത്തെ ശരിവെയ്ക്കുകയാണുണ്ടായത്. സ്വാതന്ത്ര്യങ്ങളെ സംബന്ധിച്ച് ചന്ദ്രചൂഡിന് വ്യക്തമായ നിലപാടുള്ളതിനാല്‍ അതിനനുസൃതമായ വിധിയുണ്ടായി എന്നു മാത്രം. നഗരേഷും ചന്ദ്രചൂഡും വായിച്ചത് ഒരേ ഭരണഘടനയാണ്. നഗരേഷ് വായിച്ച രീതിയില്‍ ഭരണഘടനയെ വായിക്കുകയും അത്രി സംഹിതയെ ആശ്രയിക്കുകയും ചെയ്യുന്ന ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ തീരെയില്ലെന്ന്  പറയാനാവില്ല. മീഡിയ വണിനു ലഭിച്ച സ്വാതന്ത്ര്യം സാധ്യമാകുന്നതിനുള്ള പരിസരം സൃഷ്ടിച്ചതില്‍ പൊതുസമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  ആ പ്രവര്‍ത്തനംകൂടി കൃതജ്ഞതയോടെ ഈ ഘട്ടത്തില്‍ സ്മരിക്കപ്പെടണം.

മധുരം നുണഞ്ഞുകൊണ്ടാണ് മീഡിയ വണ്‍  പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. മധുരം അവര്‍ക്ക് അവകാശപ്പെട്ടതാണ്. അപ്പോഴും നാവില്‍ കയ്പ് നിറയുന്ന ചിലരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ആളാണ് ഞാന്‍. മീഡിയ വണ്‍  വിലക്കിനെതിരെ പ്രതിഷേധിക്കുകയും പ്രസംഗിക്കുകയും ചെയ്തതിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഞാന്‍ പ്രതിയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അപ്രകാരം പ്രതികളാക്കപ്പെട്ടവരുണ്ട്. മീഡിയ വണിന്റെ വിലങ്ങ് അഴിയുമ്പോള്‍ അതിനുവേണ്ടി ഞങ്ങളുടെ കൈകള്‍ നീട്ടേണ്ടി വരുന്ന അവസ്ഥയുണ്ടാകരുത്. സുപ്രീംകോടതി പ്രഖ്യാപിച്ച ശരിക്കു വേണ്ടിയുള്ളതായിരുന്നു ആ പ്രതിഷേധമെന്നതിനാല്‍ പ്രസംഗിച്ചതിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള മര്യാദ സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. എന്റെ കേസ് ക്രൈം 2022ല്‍ 188. പാസ്‌പോര്‍ട്ട്  പുതുക്കുന്നതിന് അപേക്ഷ നല്‍കിയപ്പോഴാണ് എന്റെ പേരിലും ഒരു ക്രൈം ഉണ്ടെന്ന കാര്യം വെളിവായത്. ഒന്നല്ല പല സ്‌റ്റേഷനുകളിലായി പല കേസുകള്‍. എല്ലാം പ്രസംഗങ്ങളുടെ പേരില്‍. നീര്‍ക്കോലിയാണെങ്കിലും അത്താഴം മുടക്കാന്‍ അതുമതി. ന്യായമായും മര്യാദയോടെയും പ്രസംഗിച്ചാല്‍ പ്രതിയാകുന്ന അവസ്ഥ കേരളത്തില്‍ തുടരരുത്. അങ്ങനെയെങ്കില്‍ പിന്നെ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ എന്തു വ്യത്യാസം.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്