സെബാസ്റ്റ്യന്‍ പോള്‍
ഒരു നന്‍പകല്‍ മയക്കത്തില്‍ നാമറിയാതെ നമ്മുടെ റിപ്പബ്‌ളിക്കിന് വലിയ മാറ്റം സംഭവിച്ചു. നമ്മുടെ അഭിമാനമായിരുന്ന മതനിരപേക്ഷരാഷ്ട്രം മതരാഷ്ട്രമായി മാറിയെന്നതാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന മാറ്റം. ഹിന്ദു റിപ്പബ്‌ളിക് ഓഫ് ഇന്ത്യ എന്ന് പാകിസ്ഥാനെ അനുകരിച്ച് പാസ്‌പോര്‍ട്ടില്‍ ആലേഖനം ചെയ്യപ്പെടുന്നത് എന്നാണെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. അടുത്ത മയക്കം വിടുമ്പോള്‍ അത് സംഭവിച്ചിരിക്കും.
ചെറിയമ്മയ്ക്കു തന്റെ പിതാവ് നല്‍കിയ വാക്ക് പാലിക്കാന്‍ സിംഹാസനം ഉപേക്ഷിച്ച് വനവാസത്തിനു പോയ ഉത്തമനായ മകനാണ് ശ്രീരാമന്‍. അദ്ദേഹം പരിത്യാഗിയാണ്. വീണ്ടെടുത്തതും വീണ്ടും നഷ്ടപ്പെടുത്തിയതും സ്വന്തം പത്‌നിയെ മാത്രമാണ്. അദ്ദേഹത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഭക്തര്‍ അന്യായമായ മാര്‍ഗത്തിലൂടെ അയോധ്യയില്‍ ഭൂമി സമ്പാദിച്ചു. ക്ഷേത്രം നിലനിന്നിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത ഭൂമിയില്‍ നിലനില്‍ക്കുന്നതായി പ്രചരിപ്പിക്കപ്പെട്ട മസ്ജിദ് നമ്മുടെ കണ്‍മുന്നിലാണ് തകര്‍ക്കപ്പെട്ടത്. ചെയ്തത് തെറ്റാണെങ്കിലും ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് അത് ചെയ്തവര്‍ക്കുതന്നെ ഇരിക്കട്ടെ എന്ന അതിവിചിത്രമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. നോണ്‍ ജുഡീഷ്യല്‍ സ്റ്റാംപ് പോലെ നോണ്‍ ജുഡീഷ്യല്‍ വിധിയും ചിലപ്പോള്‍ ഉണ്ടാകും. എല്ലാം ഇതോടെ തീരുന്നെങ്കില്‍ തീരട്ടെ എന്ന നിസഹായാവസ്ഥയില്‍ സുപ്രീം കോടതി നല്‍കിയ നോണ്‍ ജുഡീഷ്യല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് അയോധ്യയില്‍ ലോകവിസ്മയമായി മാറിയേക്കാവുന്ന രാമക്ഷേത്രം ഉയര്‍ന്നത്.
സോമനാഥ ക്ഷേത്രത്തിന്റെ കാര്യത്തില്‍ പ്രഥമ പ്രധാനമന്ത്രി സ്വീകരിച്ചതും മാതൃകായോഗ്യമെന്ന നിലയില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്നതുമായ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ അയോധ്യാ വിഷയത്തിലെ നിലപാട്. അതില്‍ അത്ഭുതപ്പെടേണ്ടതില്ല. നെഹ്‌റു നാസ്തികനും മോദി പരമഭക്തനുമാണ്. വ്യക്തിപരമായിരിക്കേണ്ടതായ അവസ്ഥ രാഷ്ട്രത്തിന്റെ ഭാവവും സ്വഭാവവും ആക്കിത്തീര്‍ക്കുമ്പോഴാണ് പ്രശ്‌നമാകുന്നത്. അയോധ്യയിലെ പ്രതിഷ്ഠാസമയം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇനി ഏതെല്ലാം വഴികളിലൂടെ എന്തെല്ലാം സംഭവിക്കുമെന്ന് പറയാനാവില്ല.
അവസാനിക്കുമെന്ന് സുപ്രീം കോടതി കരുതിയത് അവസാനിക്കുന്നില്ല. ശ്രീരാമനുശേഷം ശ്രീകൃഷ്ണന്റെ ഊഴമായി. അയോധ്യയ്ക്കുശേഷം മഥുര. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് അലഹാബാദ് ഹൈക്കോടതി അനുവദിച്ച പരിശോധന സുപ്രീം കോടതി സ്റ്റേ ചെയ്തത് താത്കാലികമായെങ്കിലും ആശ്വാസമായി. നിര്‍ദോഷമെന്നു തോന്നിപ്പിക്കുന്ന ഒരു അഭിഭാഷക കമ്മീഷന്റെ വരവ് പല കുഴപ്പങ്ങളുടെയും തുടക്കമാകും. അതിരിലെ ആഞ്ഞിലി അപ്പുറത്തോ ഇപ്പുറത്തോ എന്ന് പരിശോധിക്കുന്നതുപോലെ പരിശോധിക്കാവുന്നതാണോ ശ്രീകൃഷ്ണ ജന്മഭൂമി സംബന്ധമായ തര്‍ക്കം. എന്താണ് പരിശോധിക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെയാണ് ഹൈക്കോടതി കമ്മീഷണറെ അയച്ചത്.
അധികാരകൈമാറ്റം നടന്ന 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങള്‍ എപ്രകാരമായിരുന്നുവോ അപ്രകാരം തുടരണമെന്ന് അനുശാസിക്കുന്ന 1991ലെ ആരാധനാലയങ്ങളെ സംബന്ധിക്കുന്ന നിയമം നിലനില്‍ക്കെയാണ് ഈദ് ഗാഹ് മസ്ജിദില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. അയോധ്യ ശാന്തമാകുമ്പോള്‍ മഥുര ഉണരുകയാണ്. ഒരിക്കലും അവസാനിക്കാത്ത തര്‍ക്കങ്ങളിലേക്കാണ് അയോധ്യയ്ക്കുശേഷം ഇന്ത്യ പ്രവേശിക്കാന്‍ പോകുന്നത്. വമ്പിച്ച ജനപിന്തുണയോടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി കേവലം അമ്പലക്കമ്മിറ്റിയുടെ നിലവാരത്തിലേക്ക് താഴുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ഭൂഷണമല്ല. നാല് ശങ്കരാചാര്യമാര്‍ ഉള്‍പ്പെടെ നിരവധി സന്യാസിശ്രേഷ്ഠര്‍ ഹിന്ദുവിന്റെയും ഹിന്ദുമതത്തിന്റെയും കാര്യം നോക്കാനുള്ളപ്പോള്‍ എന്തിനാണ് പ്രധാനമന്ത്രി സന്യാസിയാകുന്നത്.
Read more
രാജ്യം ഭരിക്കുന്നത് തത്ത്വജ്ഞാനിയാകണമെന്ന് പ്‌ളാറ്റോ പറഞ്ഞിട്ടുള്ളതല്ലാതെ സന്യാസി രാജ്യം ഭരിക്കണമെന്ന നിര്‍ദേശം ആരും നല്‍കിയിട്ടില്ല. പ്രാണപ്രതിഷ്ഠയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി അനുചിതമാണ്. ഇങ്ങനെയായാല്‍ അവധികള്‍കൊണ്ട് കലണ്ടര്‍ നിറയും. വാല്മീകിയുടെ പേരില്‍ അവധിയുണ്ട്. അതിനപ്പുറം അവധി അയോധ്യയുടെ പേരില്‍ വേണ്ട.