ഓര്‍മ്മദിനം ആകാതിരിക്കട്ടെ

ഡോ. സെബാസ്റ്റ്യന്‍ പോള്‍

ഇന്ന് നവംബര്‍ 26. ഇന്ത്യയില്‍ ഭരണഘടനാദിനം.

ആതന്‍സില്‍ ഞാന്‍ താമസിച്ച തെരുവിന്റെ പേര് തേഡ് സെപ്റ്റംബര്‍ എന്നായിരുന്നു. അമേരിക്കയിലെ സെപ്റ്റംബര്‍ 17 പോലെ, നോര്‍വേയിലെ മെയ് 17 പോലെ ഗ്രീസിലെ ഭരണഘടനാദിനമാണത്. അരിസ്‌റ്റോട്ടില്‍ തയാറാക്കിയ ഭരണഘടനയില്‍നിന്നു തുടങ്ങി 1975ലെ ജനകീയ ഭരണഘടനവരെ സുദീര്‍ഘമായ ഭരണഘടനാചരിത്രമുള്ള രാജ്യമാണ് ജനാധിപത്യത്തിനു താരാട്ടു പാടിയ ഗ്രീസ്. ലിഖിത ഭരണഘടന ഇല്ലാത്തതിനാല്‍ പാര്‍ലമെന്റുകളുടെ മാതാവെന്നറിയപ്പെടുന്ന ബ്രിട്ടനില്‍ ഭരണഘടനാദിനമില്ല. എഴുതാത്ത ഭരണഘടനയുടെ അര്‍ത്ഥമറിഞ്ഞുള്ള വായന സാധ്യമാക്കിയവരാണ് ബ്രിട്ടീഷുകാര്‍. ഇന്ത്യയില്‍ ജനങ്ങളായ നമ്മള്‍ നമുക്കുവേണ്ടി തയാറാക്കിയ ഭരണഘടന നമ്മള്‍തന്നെ സ്വീകരിച്ച് നിയമമാക്കി നമുക്കുതന്നെ പ്രദാനംചെയ്ത ദിവസമാണ് നവംബര്‍ 26. അതാണ് നമ്മുടെ ഭരണഘടനാദിനം.

ആഘോഷത്തിനും പുനഃസമര്‍പ്പണത്തിനുമുള്ള ദിനമാണ് ഭരണഘടനാദിനം. ക്രാന്തദര്‍ശിയായ അംബേദ്കറുടെ സമര്‍ത്ഥമായ നേതൃത്വത്തില്‍ 395 അനുഛേദങ്ങളോടെ ചിട്ടപ്പെടുത്തിയ ഭരണഘടനയ്ക്ക് 103 ഭേദഗതികള്‍ക്കുശേഷം ഇപ്പോള്‍ 25 ഭാഗങ്ങളിലായി 448 അനുഛേദങ്ങളും 12 പട്ടികകളുമുണ്ട്. ഉടയാതെയും രൂപമാറ്റം വരാതെയും നവീകരിക്കപ്പെടുന്നതിനുള്ള സാധ്യതയാണ് ഭരണഘടനയുടെ സവിശേഷത. മൗലികഭാവത്തിനും അടിസ്ഥാനഘടനയ്ക്കും മാറ്റം വരാതെയായിരിക്കണം ഭേദഗതി കൊണ്ടുവരേണ്ടതെന്ന് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റിലെ കരുത്തില്‍ ഭരണഘടനയ്‌ക്കെതിരെ ഉണ്ടായേക്കാവുന്ന അത്യാചാരങ്ങള്‍ തടയുന്നതിനുള്ള കരുതലാണ് സുപ്രീം കോടതി നടത്തിയത്.

ജനാധിപത്യത്തെ സംരക്ഷിച്ച വിധിയെന്നാണ് കേശവാനന്ദ ഭാരതി അറിയപ്പെട്ടത്. പക്ഷേ കേശവാനന്ദ ഭാരതിയുടെ രണ്ടാം വര്‍ഷം അടിയന്തരാവസ്ഥയുണ്ടായി. നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ ഭരണഘടനയുടെ അലകും പിടിയും മാറി. പ്രൊക്രൂസ്റ്റസിന്റെ ശസ്ത്രക്രിയാശയ്യയില്‍നിന്ന് ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിച്ചത് ‘നമ്മള്‍ ജനങ്ങള്‍’- ആയിരുന്നു. വി എന്ന ഇംഗ്‌ളിഷ് പദത്തിന് മലയാളത്തില്‍ വാക്കുകള്‍ രണ്ടുള്ളതുകൊണ്ട് ആരും ഞങ്ങള്‍ എന്ന അവകാശവാദം ഉന്നയിക്കരുത്. സ്രഷ്ടാക്കളും സംരക്ഷകരും നമ്മളാണ്. പ്രത്യക്ഷത്തിലുള്ള ഭേദഗതിയില്ലാതെ ലേസര്‍ ശസ്ത്രക്രിയയിലൂടെ ഭരണഘടനയുടെ അകം പൊള്ളയാക്കുന്ന യന്തിരന്‍മാരാണ് ഇപ്പോള്‍ ഭരണഘടനയ്ക്ക് ഭീഷണിയായിരിക്കുന്നത്. അവരാണ് ഭരണഘടനയെ കൈകാര്യം ചെയ്യുന്നത്.

ഭരണഘടന കാണാതെ അടിയന്തരാവസ്ഥാ വിളംബരത്തില്‍ ഒപ്പിട്ട ഫക്രുദിന്‍ അലി അഹമദും ഗവര്‍ണറെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ പഠിക്കാതെ ഹാലിളകി നടക്കുന്ന ആരിഫ് മൊഹമ്മദ് ഖാനും നമുക്ക് പരിചിതരാണ്. ഭരണഘടനയെ നിലനിര്‍ത്തുകയും രക്ഷിക്കുകയും പാലിക്കുകയും ചെയ്യുമെന്ന പ്രതിജ്ഞയ്ക്ക് അനുസൃതമായ പ്രവര്‍ത്തനമല്ല ഇവര്‍ നടത്തുന്നത്. ഇത്തരക്കാരില്‍നിന്ന് ഭരണഘടനയെ രക്ഷിക്കുകയെന്ന ഉത്തരവാദിത്വം ഭരണഘടനയുടെ സ്രഷ്ടാക്കളായ ജനങ്ങള്‍ക്കുണ്ട്. ജനങ്ങള്‍ക്ക് കാവലാകുന്ന ഭരണഘടനയ്ക്ക് ആരു കാവലാകുമെന്ന ചോദ്യമാണ് ഓരോ ഭരണഘടനാദിനത്തിലും ഭരണഘടനയെ സംബന്ധിച്ച് പ്രസക്തമായി ഉയരുന്ന ചോദ്യം.

വിസ്താരത്തില്‍ പറഞ്ഞിട്ടും ഭരണഘടന പറയാതെ പറഞ്ഞുവയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഫെഡറലിസം അക്കൂട്ടത്തില്‍പ്പെടുന്നു. സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന ഋജുവും ലഘുവുമായ പ്രസ്താവനയില്‍ ഫെഡറലിസത്തിന്റെ സങ്കീര്‍ണതകള്‍ അടങ്ങിയിരിക്കുന്നു. യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധവും ഇടപെടലുകളും എവ്വിധമായിരിക്കണമെന്ന ഭരണഘടനാവ്യവസ്ഥകള്‍ നിരവധിയായ ജുഡീഷ്യല്‍ വ്യാഖ്യാനങ്ങള്‍ക്കും കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കും വിഷയമായിട്ടുണ്ട്. യൂണിയന്റെ ഏജന്റെന്ന് ഭരണഘടനാപരമായി ശരിയായ രീതിയില്‍ വിവക്ഷിക്കപ്പെടുന്ന ഗവര്‍ണര്‍ ജനഹിതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെമേല്‍ കുതിര കയറുമ്പോള്‍ ചവിട്ടേല്‍ക്കുന്നത് ഭരണഘടനയ്ക്കാണ്. യൂണിയന്‍ ഭരണകക്ഷിയുടേതില്‍നിന്ന് വ്യത്യസ്തമായ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അനഭിമതനാകുന്നത് ഭരണഘടന എന്ന വിളക്ക് കരിന്തിരി കത്തുന്നതുകൊണ്ടാണ്. നിരവധി ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടന വ്യാഖ്യാനിച്ചുകൊടുക്കുകയും ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന വായിച്ചുകൊടുക്കുകയും ചെയ്യുന്ന ശ്രമകരമായ വ്യായാമത്തിലാണ് സുപ്രീം കോടതിക്ക് ഏര്‍പ്പെടേണ്ടി വന്നിരിക്കുന്നത്.

അക്ഷരത്തോടൊപ്പം ആത്മാവുമുള്ള ജൈവരേഖയാണ് ഭരണഘടന. അക്ഷരത്തെ അനുസരിക്കുന്നതിനൊപ്പം ആത്മാവിനെ ഉള്‍ക്കൊള്ളണം. ഭരണഘടനയുടെ ചൈതന്യം റിപ്പബ്‌ളിക്കന്‍ ഗാത്രത്തിലേക്ക് ആവാഹിക്കപ്പെടുന്നത് അങ്ങനെയാണ്. സൃഷ്ടിക്കപ്പെട്ടതിലേക്ക് നിശ്വസിക്കപ്പെട്ട സ്രഷ്ടാവിന്റെ ജീവവായുവാണത്. അഭിഭാഷകരുടെ പറുദീസ എന്നു വിളിക്കപ്പെട്ട ഭരണഘടന അവരുടെ ഉപജീവനത്തിനുവേണ്ടിയുള്ളതല്ല. അത് ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ഭരണഘടനാപരമായ ധാര്‍മികതയെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞത് ശബരിമല കേസില്‍ ചന്ദ്രചൂഡ് ആവര്‍ത്തിച്ചു. ധാര്‍മികത കേവലം മതാധിഷ്ഠിതം മാത്രമല്ല, മൂല്യാധിഷ്ഠിതം കൂടിയാണ്. മാനവികതയില്‍നിന്നുതിരുന്ന മൂല്യങ്ങളാണ് ഭരണഘടനയിലെ പ്രകാശം പരത്തുന്ന ദീപങ്ങള്‍. അവയുടെ സാരാംശമാണ് പ്രതിഷ്ഠിതമായ ആമുഖം.

ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. കാണപ്പെടുന്ന വെല്ലുവിളികള്‍ പുറമേനിന്നും കാണപ്പെടാത്ത വെല്ലുവിളികള്‍ അകമേനിന്നുമുണ്ട്. ചരിത്രത്തിന്റെ സവിശേഷവും അത്യപൂര്‍വവുമായ ദശാസന്ധിയില്‍ നമുക്ക് ലഭിച്ച സൗഭാഗ്യമാണ് ഭരണഘടനാ നിര്‍മാണസഭ. 1787ലെ ഫിലഡല്‍ഫിയ കണ്‍വെന്‍ഷന്‍ നവാര്‍ജിതസ്വാതന്ത്ര്യത്തോടൊപ്പം അമേരിക്കന്‍ ജനതയ്ക്കു ലഭിച്ച സൗഭാഗ്യമാണ്. മാഗ്ന കാര്‍ട്ട മുതല്‍ ഇംഗ്‌ളണ്ടില്‍ സംഭവിച്ച പാര്‍ലമെന്ററി വികാസപരിണാമങ്ങളുടെ അസ്തിവാരത്തില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് വിശിഷ്ടമായ അമേരിക്കന്‍ ഭരണഘടന. അതിനുശേഷമുള്ള ഒന്നര നൂറ്റാണ്ടിന്റെ അനുഭവംകൂടി നമ്മുടേതാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞു. സാമൂഹ്യനീതിയും രാഷ്ട്രീയനീതിയും മാത്രമല്ല സോവിയറ്റ് ഭരണഘടനയില്‍നിന്ന് സാമ്പത്തികനീതി എന്ന ആശയവും നാം സ്വീകരിച്ചു.

ഭരണഘടനയെ ഭാരതീയമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് നാഗരേഷിനു പിന്നാലെ ഡല്‍ഹി ഹൈക്കോടതിയിലും ഒരു ജഡ്ജി ഈ ആവശ്യമുന്നയിച്ചു. മനു സ്മൃതിയിലും അത്രി സംഹിതയിലും അധിഷ്ഠിതമായ പുണ്യപുരാണ ഭരണഘടനയാണ് ഇവരുടെ ലക്ഷ്യം. സമത്വവും സാഹോദര്യവും അസ്പൃശ്യതയില്ലായ്മയും അംബേദ്കറുടെ ഭരണഘടനയുടെ മുഖമുദ്രകളാണെങ്കില്‍ അവയ്ക്ക് കടകവിരുദ്ധമായ പ്രാകൃതാശയങ്ങളാണ് ഈ സംഹിതകള്‍ അവതരിപ്പിക്കുന്നത്. ബഹുവര്‍ണശോഭയുള്ള ഭരണഘടനയില്‍നിന്ന് ചാതുര്‍വര്‍ണ്യത്തിന്റെ കാളിമയിലേക്കാണ് പ്രാകൃതരായ പാരമ്പര്യവാദികള്‍ ഇന്ത്യന്‍ സമൂഹത്തെ നയിക്കുന്നത്. സമാശ്‌ളേഷത്തിന്റെ സുവിശേഷമായ ഭരണഘടനയെ അവര്‍ വെറുപ്പിന്റെയും അകല്‍ചയുടെയും ഉപകരണമാക്കി മാറ്റുന്നു.

ഇത് സാങ്കല്പികമായ വിഭ്രാന്തിയില്‍നിന്നുണ്ടാകുന്ന കേവലമായ ആശങ്കയല്ല. ഹിന്ദുത്വ ഭരണഘടനയുടെ കരട് അടുത്തിടെ പ്രസിദ്ധീകൃതമായി. പ്രായപൂര്‍ത്തിയായ ഹിന്ദു പുരുഷന്‍മാര്‍ക്കുമാത്രം വോട്ടവകാശമുള്ള സംവിധാനമാണ് അവരുടെ സങ്കല്പത്തിലുള്ളത്. മതാധിഷ്ഠിതമായ പൗരത്വം നിയമഭേദഗതിയിലൂടെ നടപ്പാക്കാന്‍ സങ്കോചമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതും ഇതിലപ്പുറവും ചെയ്യാന്‍ കഴിയും. ഹിന്ദുക്കളല്ലാത്തവര്‍ രാജ്യംവിട്ട് പോകണമെന്ന് പറയുന്നില്ല. പക്ഷേ അവര്‍ക്ക് ഹിന്ദുക്കള്‍ക്കൊപ്പം തുല്യതയോ അവകാശങ്ങളോ ഉണ്ടാവില്ല. നിര്‍ദ്ദിഷ്ട ഹിന്ദു രാഷ്ട്രത്തിനുവേണ്ടിയുള്ള ഹിന്ദുത്വഭരണഘടനയാണ് കാണാമറയത്തെ നിര്‍മാണശാലകളില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ജഡ്ജിമാര്‍ വായിച്ചു പറയുന്നതെന്തോ അതാണ് ഭരണഘടന എന്ന് പ്രസിദ്ധമായ പ്രസ്താവനയുണ്ട്. ജഡ്ജിമാര്‍ വായിക്കുന്നത് അക്ഷരങ്ങളാണ്. അവരെ നയിക്കുന്നത് മുന്‍വിധികളാണ്. ഭരണഘടനയുടെ ആത്മാവിനെ കണ്ടെത്തുന്ന ജനതയിലാണ് ഭരണഘടനയുടെ രക്ഷ. ഭരണഘടന സ്വാതന്ത്ര്യവും അതേസമയം നിയന്ത്രണവുമാണ്. നിയന്ത്രണരേഖകള്‍ അനുസരിക്കാനുള്ളതാണ്. അധികാരത്തെ പരിമിതപ്പെടുത്തുകയെന്നതാണ് ഭരണഘടനയുടെ ലക്ഷ്യം. വ്യക്തിയുടെ അവകാശങ്ങള്‍ക്ക് അത് പരമമായ പ്രാധാന്യം നല്‍കുന്നു. റിപ്പബ്‌ളിക്കിന് ആധാരമായ വിശുദ്ധ ഗ്രന്ഥമാണത്. നമ്മള്‍ നമുക്കുവേണ്ടി രചിച്ച ഗ്രന്ഥം. നമ്മള്‍ നമുക്കുവേണ്ടി ഉയര്‍ത്തിയ സീനായ് മലയില്‍നിന്ന് നമ്മള്‍ നമുക്കുവേണ്ടി നടത്തിയ അരുളപ്പാടുകളാണ് ഭരണഘടനയുടെ കല്‍പനകള്‍. ദിനാചരണത്തില്‍ പരിമിതപ്പെടുത്താവുന്നതല്ല ഭരണഘടനയെക്കുറിച്ചുള്ള അറിവും ഓര്‍മയും. ഭരണഘടന ഓര്‍മയും നവംബര്‍ 26 ഓര്‍മദിനവും ആയി മാറാതിരിക്കുന്നതിനുള്ള ജനജാഗ്രതയാണ് ഭരണഘടനാദിനത്തെ സവിശേഷമാക്കുന്നത്. ഭരണഘടനയുടെ ആയുസ് ഏതാനും വര്‍ഷം മാത്രമെന്ന് ഐവര്‍ ജെന്നിങ്‌സ് പ്രവചിച്ചു. പ്രവചനം തെറ്റിച്ചുകൊണ്ട് ഭരണഘടന 74 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നാം നന്ദി പറയേണ്ടത് നമ്മോടുതന്നെയാണ്.

Latest Stories

നാടകത്തിന് താല്ക്കാലിക അവസാനം; ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങി

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

നിറം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം ഖബറടക്കി

"രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ"; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്', ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാൽ വർമ്മ

പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ