ഏകതയിലെ അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും

ഡോ. സെബാസ്റ്റ്യൻ പോള്‍

ഏകരൂപമായ സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുന്നതിന് രാഷ്ട്രം യത്‌നിക്കേണ്ടതാണെന്ന് ഭരണഘടന നിര്‍ദേശിക്കുന്നു. കോടതിക്ക് നടപ്പാക്കാന്‍ കഴിയാത്തതും എന്നാല്‍ രാജ്യഭരണത്തില്‍ മൗലികമായിരിക്കുന്നതുമായ കാര്യങ്ങളാണ് നിര്‍ദേശകതത്ത്വങ്ങള്‍ എന്ന പേരില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപ്രകാരം 17 മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ ഭാഗം നാലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമനിർമ്മാണവേളയില്‍ അനുവര്‍ത്തിക്കേണ്ടതായ നിര്‍ദേശമെന്ന നിലയില്‍ പ്രസക്തമായതിനാലാണ് ഏക സിവില്‍ കോഡിനു വേണ്ടിയുള്ള ശ്രമം അഭിലഷണീയമാണെന്ന നിലപാട് ഇഎംഎസ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തിനിയമങ്ങളുടെ ഭരണഘടനാനുസൃതമായ നവീകരണത്തിനുവേണ്ടിയുള്ള ആഹ്വാനമായിരുന്നു ഭരണഘടനയോട് വിധേയപ്പെടുന്ന നിലപാട്.

ഭരണഘടനയുടെ ഭാഗം 3 ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും നിരാസമാകരുത് നിര്‍ദേശകതത്ത്വങ്ങളുടെ പ്രയോഗം. ഏകീകരണം ഭിന്നിപ്പിനും ധ്രുവീകരണത്തിനും കാരണമാകരുത്. ജാതിയും ഉപജാതിയും വര്‍ഗവും ഗോത്രവും എല്ലാമായി മുന്നൂറോളം വിഭാഗങ്ങളെ എണ്ണിപ്പറയാവുന്ന രാജ്യത്ത് എല്ലാവര്‍ക്കും എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല തനിമയും സ്വത്വവും നിലനിര്‍ത്താന്‍ അവകാശമുള്ളതിനാല്‍ എല്ലാവര്‍ക്കും ഒരേ നിയമം എന്ന തത്ത്വം പ്രായോഗികമാക്കുന്നതില്‍ പ്രയാസങ്ങളുണ്ടാകും. നീക്കം ദുരുദ്ദേശ്യത്തോടെയാകുമ്പോള്‍ അപകട സാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിക്കും.
നിർമ്മിച്ചവരുടെ ഉദ്ദേശ്യമെന്തെന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതികള്‍ നിയമത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നത്. ആലോചനാവേളയില്‍ തന്നെ ആ പരിശോധന നടത്തുന്നതിനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. നിയമത്തിന്റെ സാധുതയും നിലനില്‍പും അതിന്റെ സ്വീകാര്യതയിലാണ്. കര്‍ഷകനിയമങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭം അതിനു തെളിവാണ്. ആശങ്കകള്‍ അകറ്റി നിയമത്തിന് സ്വീകാര്യതയുണ്ടാക്കുന്നതിനുവേണ്ടിയാണ് നിയമനിര്‍മ്മാണം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം മാത്രമായി പരിമിതപ്പെടുത്താത്തത്. ജനങ്ങളുടെ ശബ്ദത്തിനും ഇടപെടലിനും അവിടെ ഇടമുണ്ട്. ജനങ്ങളാല്‍ സ്വീകരിക്കപ്പെടാത്ത നിയമങ്ങളും നിയമനിർമ്മാണ നിര്‍ദേശങ്ങളും സ്വീകരിക്കാന്‍മാത്രം വ്യാപ്തി പാര്‍ലമെന്റിലെ ചവററുകുട്ടയ്ക്കുണ്ട്.

അടിയന്തരപ്രാധാന്യത്തോടെ സമയബന്ധിതമായി നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല അനുഛേദം 44 ഭരണഘടനയില്‍ ചേര്‍ത്തതെന്ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്‌ളി ഡിബേറ്റുകള്‍ വായിച്ചാല്‍ മനസിലാകും. ഭരണഘടനയ്ക്കുമുന്നേ ഹിന്ദു വ്യക്തിനിയമങ്ങളും കുടുംബനിയമങ്ങളും നവീകരിക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ശ്രമം തുടങ്ങിയിരുന്നു. അവയെ എതിര്‍ത്ത യാഥാസ്ഥിതികരെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി തയാറാക്കിയതാണ് അനുഛേദം 44. ഹിന്ദു വ്യക്തിനിയമങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ട് ഹിന്ദു കോഡ് നിയമങ്ങള്‍ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമമന്ത്രി ബി ആര്‍ അംബേദ്കര്‍ അനുഛേദം 44 നല്‍കുന്ന നിര്‍ദേശം അവഗണിച്ചു. അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെ പ്രധാനമന്ത്രി നെഹ്‌റു അനുനയിപ്പിച്ച് മെരുക്കിയെടുത്തു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പാര്‍ലമെന്റിനോട് ഉത്തരവാദിത്വമുള്ള പ്രധാനമന്ത്രി നല്‍കുന്ന നിര്‍ദേശത്തിന് വിധേയമായാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതെന്ന പാഠവും ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവരെ നെഹ്‌റു പഠിപ്പിച്ചു. അതിനെത്തുടര്‍ന്നാണ് ഹിന്ദു കോഡില്‍ രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചത്.

അനുഛേദം 44 രാഷ്ട്രീയ അജണ്ടയിലെ മുഖ്യ ഇനമായിരുന്നുവെങ്കില്‍ ഹിന്ദു കോഡ് ബില്ലുകള്‍ക്കു പകരം ഏകരൂപമായ സിവില്‍ നിയമസംഹിതയ്ക്ക് അംബേദ്കള്‍ രൂപം നല്‍കുമായിരുന്നു. സങ്കീര്‍ണവും ഗഹനവുമായ ഭരണഘടന തയാറാക്കിയ അംബേദ്കറിന് എല്ലാവര്‍ക്കും ബാധകമായ വ്യക്തിനിയമം  രൂപപ്പെടുത്താന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ച, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ബാധകമാകുന്ന സമഗ്രമായ നിയമനിര്‍മാണത്തിനുമാത്രം തയാറായ അംബേദ്കര്‍ മറ്റ് മതങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അവരുടേതായ രീതികളും ആചാരങ്ങളും അനുവര്‍ത്തിക്കുന്നതിന് അനുവാദം നല്‍കുകയായിരുന്നു. ചില പ്രദേശങ്ങളെപ്പോലും അദ്ദേഹം ഏകനിയമത്തിന്റെ പരിധിയില്‍നനിന്ന് ഒഴിവാക്കി.

പുരാതനമായ സ്മൃതികളിലും സംഹിതകളിലും അധിഷ്ഠിതമായി പ്രാകൃതമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും സാധുത നല്‍കിയിരുന്ന ഹിന്ദു നിയമങ്ങളില്‍ മാറ്റം അനിവാര്യമായിരുന്നു. രാജാ റാംമോഹന്‍ റായ് മുന്‍കൈയെടുത്ത് യാഥാര്‍ത്ഥ്യമാക്കിയ സതി നിരോധനം അതിന്റെ തുടക്കമായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ നൂറ്റാണ്ടില്‍ ഹിന്ദു സ്ത്രീകള്‍ അനുഭവിച്ചിരുന്ന അവശതയും അവഗണനയും അപമാനവും വിവരണാതീതമായിരുന്നു. ഇതരമതങ്ങളിലെ അവസ്ഥയും ഭിന്നമായിരുന്നില്ല. എല്ലാം ഏകദണ്ഡുപയോഗിച്ച് പരിഹരിക്കാന്‍ കഴിയുമായിരുന്നില്ല. വ്യത്യസ്തകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പരിഹാരശ്രമമാണ് പിന്നീട് നടന്നത്. ഇന്ത്യന്‍ രാഷ്ട്രഗാത്രത്തിന്റെ അഴകാണ് ഈ വ്യത്യസ്തതകള്‍. ഇവയുടെ സങ്കലനത്തിലാണ് ജനാധിപത്യത്തിന്റെ ശുഭ്രകാന്തി തെളിയുന്നത്.

ഭരണഘടനയുടെ ചൈതന്യത്തില്‍ വ്യക്തിനിയമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീം കോടതി നല്‍കിയ വിധികള്‍ പല വഴികളിലൂടെ അനുഛേദം നാല്‍പത്തിനാലിന്റെ സാക്ഷാത്കാരത്തിലേക്കുള്ള സഫലമായ യാത്രകളായിരുന്നു. യാത്രകള്‍ ചിലപ്പോള്‍ വഴി തെറ്റുകയും തുടങ്ങിയേടത്തുതന്നെ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഏക വ്യക്തിനിയമത്തിനുവേണ്ടി സരള മുഡ്ഗല്‍ കേസില്‍ തങ്ങള്‍ നടത്തിയ ആഹ്വാനം കല്പനയായിരുന്നില്ലെന്നും ഓബിറ്റര്‍ ഡിക്ട എന്നറിയപ്പെടുന്ന സാന്ദര്‍ഭികമായ പരാമര്‍ശം മാത്രമായിരുന്നുവെന്നും സുപ്രീം കോടതിക്ക് വിശദീകരിക്കേണ്ടി വന്നു. ദിശാബോധത്തിനുവേണ്ടി ഭരണഘടനയെ ആശ്രയിക്കുന്ന ജഡ്ജിമാര്‍ ഏക സിവില്‍ നിയമത്തെക്കുറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഉത്തരത്തിനുവേണ്ടി സര്‍ക്കാര്‍ നിയമ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കമ്മീഷനാകട്ടെ ഇക്കാര്യത്തില്‍ ഇതഃപര്യന്തം വ്യക്തത വരുത്തിയിട്ടുമില്ല. നിര്‍ദിഷ്ട നിയമനിര്‍മാണത്തിന്റെ കരട് പോലും പുറത്തു വന്നിട്ടില്ല. തെരഞ്ഞെടുപ്പ് തെരുവിലെത്തിയപ്പോള്‍ തിരക്കിട്ട് പാചകക്കൂട്ടുകള്‍ തെരയുന്ന സര്‍ക്കാരിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ചിലപ്പോള്‍ ഒന്നും സംഭവിക്കാതെ അവസാനിച്ചേക്കാവുന്ന വൃഥായജ്ഞമായി എല്ലാം അവസാനിച്ചുകൂടെന്നുമില്ല.

കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണഘടനാപരമായ അത്യാചാരങ്ങള്‍ക്ക് വിശങ്കം മുതിര്‍ന്നിട്ടുള്ള ബിജെപി ദുരുപദിഷ്ടമായ ഏത് കടുംകൈയ്ക്കും തയാറായേക്കും. ബാബറി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ കണ്ണടച്ചുതുറക്കുംമുമ്പ് അവര്‍ നിഗ്രഹം പൂര്‍ത്തിയാക്കും. അതുകൊണ്ടാണ് ജനങ്ങളെ ജാഗ്രത്താക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്‍കൂട്ടി നടത്തുന്നത്. ഏക വ്യക്തിനിയമത്തോട് വിയോജിപ്പുള്ളവര്‍ക്ക് യോജിച്ചൊരു പ്‌ളാറ്റ്‌ഫോമില്‍ ജനങ്ങളോട് സംസാരിക്കാന്‍ കഴിയാത്തത് ഭരണകൂടവൈതാളികരുടെ നീക്കങ്ങള്‍ക്ക് കരുത്താകും.വ്യക്തിനിയമങ്ങളിലെ വ്യത്യസ്തകള്‍ക്കുള്ള അംഗീകാരം അനുഛേദം നാല്‍പത്തിനാലില്‍ത്തന്നെ വ്യക്തമായുണ്ടെന്ന് 1952ല്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം സി ഛഗ്‌ള ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്ക് മാത്രം ബഹുഭാര്യാത്വം വിലക്കുന്ന 1946ലെ ബോംബെ നിയമത്തിന്റെ സാധുത ശരിവച്ചുകൊണ്ടാണ് ഛഗ്‌ള ഇപ്രകാരം പറഞ്ഞത്. ജസ്റ്റിസ് ഗജേന്ദ്രഗാഡ്കര്‍ ഈ അഭിപ്രായത്തോട് യോജിച്ചു. അനുഛേദം 44 നിലനില്‍ക്കെത്തന്നെ ഹിന്ദുക്കള്‍ക്ക് മാത്രമായി ബഹുഭാര്യാത്വം നിഷേധിക്കുന്ന നിയമമാണ് ശരിവയ്ക്കപ്പെട്ടത്. ക്രിസ്ത്യന്‍ വിവാഹനിയമം നിലനില്‍ക്കെത്തന്നെ കാനന്‍ നിയമം അനുസരിച്ചാണ് ക്രിസ്തീയവിവാഹം ശുശ്രൂഷ ചെയ്യപ്പെടേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. മൗലികാവകാശങ്ങള്‍ വ്യക്തിനിയമങ്ങളെ നിഷേധിക്കുകയോ ഹനിക്കുകയോ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി പലവട്ടം പറഞ്ഞു.

വ്യക്തിനിയമത്തിനുപരി പൊതുനിയമത്തെ സുപ്രീം കോടതി  പ്രതിഷ്ഠിച്ച രണ്ടു സന്ദര്‍ഭങ്ങളാണ് ഷബാനു ബീഗം ജീവനാംശക്കേസും മേരി റോയ് പിന്തുടര്‍ച്ചാവകാശക്കേസും. അനുഛേദം 44 വ്യക്തമായി പരാമര്‍ശിച്ചുകൊണ്ട് ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലീം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് വൈ വി ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിധിയുടെ ഗുണഫലം രാജീവ് ഗാന്ധിയുടെ ദുരുപദിഷ്ടമായ നിയമനിര്‍മാണത്തിലൂടെ പാര്‍ലമെന്റ് ചോര്‍ത്തിക്കളഞ്ഞെങ്കിലും ഏക സിവില്‍ കോഡിലേക്ക് കോടതി വേറിട്ട വഴി വെട്ടുകയായിരുന്നു. വ്യക്തിനിയമത്തേക്കാള്‍ മുസ്‌ലീങ്ങള്‍ക്ക് ബാധകമാകുന്നത് രാജ്യത്തെ ക്രിമിനല്‍ നിയമമാണെന്ന പ്രഖ്യാപനം പിന്നീടുണ്ടായി. പിതൃസ്വത്തില്‍ സഹോദരന്‍മാര്‍ക്കൊപ്പം അവകാശമുണ്ടെന്ന് സ്ഥാപിച്ച മേരി റോയ് പിന്തുടര്‍ച്ചയെ സംബന്ധിച്ച കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിനും പ്രാദേശികനിയമത്തിനും മേലെയാണ് ഇന്ത്യന്‍ പിന്തുടര്‍ച്ചാ നിയമം എന്ന വിധി സമ്പാദിച്ചു.

ഷബാനു മുതല്‍ മുത്തലാഖ് വരെ നിരവധിയായ കേസുകളില്‍, മേരി റോയ് ഉള്‍പ്പെടെ, സുപ്രീം കോടതി ശ്രമിച്ചത് വ്യക്തിനിയമങ്ങളുടെ ഭരണഘടനാനുസൃതമായ നവീകരണമാണ്. ശരിഅത്തിന്റെ പേരിലോ കാനന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലോ ഈ പ്രവര്‍ത്തനത്തിനെതിരെ ഫലപ്രദമായ എതിര്‍പ്പുണ്ടാകുന്നില്ല. ഇനി തരണം ചെയ്യാനുള്ള ദൂരം കുറവാണ്. ലഭ്യമാകുന്ന സന്ദര്‍ഭങ്ങള്‍ ഉചിതമായി പ്രയോഗിച്ച് ജുഡീഷ്യറിയും പാര്‍ലമെന്റും ചേര്‍ന്ന് ആ ദൗത്യം പൂര്‍ത്തിയാക്കും. അതിനു പകരം അവ്യക്തതയില്‍ ആവൃതവും ദുരുദ്ദേശ്യത്താല്‍ സംശയാസ്പദവുമാകുന്ന നിയമനിര്‍മാണം ഭരണഘടന വിഭാവന ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന വൈവിധ്യത്തിനു ഹാനികരമാകും. വൈവിധ്യം ഒഴിവാക്കി ഏകത്വത്തിനുവേണ്ടി ശ്രമിക്കുന്നത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ ശോഭ കെടുത്തും. ആചാരങ്ങളുടെ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടാവണം അനാചാരങ്ങള്‍ അവസാനിപ്പിക്കേണ്ടത്. ആചാരങ്ങള്‍ നിലനില്‍ക്കുമ്പോഴും വിവാഹം ഇന്ന് സ്‌റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നിയമപരമായ പ്രവൃത്തിയായിട്ടുണ്ട്. പള്ളിയില്‍നിന്നോ ക്ഷേത്രത്തില്‍നിന്നോ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിനല്ല, വിവാഹ രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനാണ് ഔദ്യോഗികമായി സാധുതയുള്ളത്. മെല്ലെ മെല്ലെ, ആരുമറിയാതെ, നാം ഏക വ്യക്തിനിയമ ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.

അപകടകരമായ മതാധിഷ്ഠിത ദേശീയത വിനാശകരമായി പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രസംവിധാനത്തില്‍ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷത്തിന്റെ നിയമത്തെ സംയോജിപ്പിക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. വ്യത്യസ്തത ഭരണഘടന വിഭാവന ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആദര്‍ശയോഗ്യമായ അവസ്ഥയാണ്. ഏകതാവാദം അതിനു തടസമാണ്.

നാനാത്വത്തില്‍നിന്നാണ് ഏകത്വം ഉണ്ടാകേണ്ടത്. പൊതുനിയമത്തിലായാലും വ്യക്തിനിയമത്തിലായാലും ഭരണഘടനയ്ക്ക് നിരക്കാത്ത നീതിരാഹിത്യമുണ്ട്. അത് വിവേചനത്തിനു കാരണമാകുന്നു. ഏക വ്യക്തിനിയമം എന്ന ആശയത്തിലൂടെ എല്ലാ നിയമങ്ങളും ഭരണഘടനയ്ക്ക് അനുസൃതമാക്കുകയെന്ന നിലപാടാണ് ഭരണഘടന വെളിപ്പെടുത്തുന്നത്. അതാണ് ഗുണപരവും സര്‍ഗാത്മകവുമായ ഏകീകരണം. ന്യൂനപക്ഷത്തിനുമേല്‍ ഭൂരിപക്ഷത്തിന്റെ ആധിപത്യവും അധിനിവേശവും എന്ന ആശങ്ക അസ്ഥാനത്താക്കിക്കൊണ്ട് പാര്‍ലമെന്റും ജുഡീഷ്യറിയും ചേര്‍ന്ന് അവധാനതയോടെ നടത്തേണ്ട കാര്യമാണത്. പ്രൊക്രൂസ്റ്റസിന്റെ രാക്ഷസശയ്യയില്‍ വലിച്ചു നീട്ടിയോ വെട്ടിച്ചുരുക്കിയോ ക്രമീകരിക്കാവുന്നതല്ല ആ പ്രക്രിയ. രണ്ട് പ്രവര്‍ത്തനവും സമത്വത്തിന് കാരണമാകുന്നില്ല.

Read more

 ഭരണഘടനാപരമായ ധാര്‍മികതയെക്കുറിച്ച് ഭരണഘടനാ നിര്‍മാണവേളയില്‍ അംബേദ്കറും ശബരിമല വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡും പറഞ്ഞു. ധാര്‍മികതയുടെ അടിസ്ഥാനം നീതിയാണ്. നീതിക്ക് നിരക്കാത്ത വ്യവസ്ഥകള്‍ ഏത് നിയമത്തിലുണ്ടെങ്കിലും നീക്കം ചെയ്യണം. ഭരണഘടനയുടെ വെളിച്ചത്തില്‍ ചിന്തേരിട്ട് മിനുക്കിയെടുക്കുന്ന നിയമങ്ങള്‍ പ്രശോഭിതമാകും. ആ വെളിച്ചത്തില്‍ വ്യത്യാസങ്ങള്‍ ഇല്ലാതാകും. സ്വയം സംഭവിക്കുന്ന ജൈവപരമായ ഏകീകരണത്തിലൂടെ അനുഛേദം 44 യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്ന അത്ഭുതകരമായ തിരിച്ചറിവ് അപ്പോള്‍ രാഷ്ട്രത്തിനുണ്ടാകും. വെട്ടിനിരത്തലിനു സമാനമായ നിര്‍ദ്ദിഷ്ട ഏകീകരണം ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ടയിലേക്കുള്ള പ്രവേശകം മാത്രമാണ്.