ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രധാന പ്രഖ്യാപനം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോഷഹാരക്കുറവ് പരിഹരിക്കുന്നതിനായി 2024 ആകുമ്പോഴേക്കും ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണം ലഭ്യമാക്കും എന്നാണ്. റേഷന്‍ കടകള്‍ വഴിയും സ്‌കൂളിലെ ഉച്ചഭക്ഷണ സംവിധാനത്തിലൂടെയും ഐസിഡിഎസ് വഴിയും ഫോര്‍ട്ടിഫൈ ചെയ്ത അരി കൊടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അനീമിയ മാറ്റാന്‍ അരിയില്‍ അയണ്‍ (ഇരുമ്പ്) ഫോര്‍ട്ടിഫൈ ചെയ്ത് നല്‍കുകയെന്നത് ഒരു പൊതുജനാരോഗ്യ നടപടിയാണെന്ന് സര്‍ക്കാര്‍ കരുതുന്നു.
എന്നാല്‍ ഈ തീരുമാനം ഒരുപാട് ആരോഗ്യ വിദഗ്ദ്ധരേയും പോഷക ശാസ്ത്രജ്ഞരേയും ഞെട്ടിച്ചിരിക്കുകയാണ്. അവര്‍ പറയുന്നത് കൃത്രിമമായി രാസവസ്തുക്കള്‍ വച്ച് നടത്തുന്ന ഇത്തരം പദ്ധതികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല ഇത് പിന്നീട് നഷ്ടത്തില്‍ കലാശിക്കുമെന്നുമാണ്.
കാര്‍ഷിക മേഖലയിലും ഭക്ഷ്യ സുരക്ഷ മേഖലയിലും പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ആഷാ (ASHA Alliance for Sustainable and Holistic Agriculture) ഈ വിഷയത്തില്‍ നേരത്തേ തന്നെ തങ്ങളുടെ പ്രതികരണം ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുമായി പങ്ക് വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങള്‍ തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആഷ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് ഒരുകത്തയച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുന്‍പായിരുന്നു ഇത്.
പോഷകാഹാരക്കുറവ് ഒരു സങ്കീര്‍ണ്ണ പ്രശ്‌നമാണ്
പ്രോട്ടീന്‍, കലോറി എന്നിവയുടെ അപര്യാപ്തത മൂലമുള്ള പോഷകാഹാരക്കുറവ് ഇന്ത്യയിലെ ഒരു അടിസ്ഥാന പ്രശ്‌നമാണെന്ന് എല്ലാവര്‍ക്കും അറിയാം. വിറ്റാമിന്‍, ധാതുക്കളുടെ കുറവ് എന്നിവ പരിഹരിക്കുന്നതിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഏതെല്ലാമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിപാദിക്കുന്നുമുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് പ്രോട്ടീന്‍ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് 6 മുതല്‍ 8 ശതമാനം മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മതിയായ കലോറിയുടെയും പ്രോട്ടീന്‍ ഉപഭോഗത്തിന്റെയും അഭാവത്തില്‍ ഒന്നോ രണ്ടോ സിന്തറ്റിക് വിറ്റാമിനുകളോ ധാതുക്കളോ കൂട്ടിച്ചേര്‍ക്കുന്നത് വാസ്തവത്തില്‍ ഭക്ഷണത്തെ വിഷമയമാക്കുകയും പോഷകാഹാരക്കുറവുള്ള ജനതയില്‍ പ്രതികൂല ഫലങ്ങളുണ്ടാക്കുകയുമാകും ചെയ്യുക എന്ന് ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നു. ഉദാഹരണത്തിന് പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ അയണ്‍ ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണം നല്‍കുന്നതുമൂലം കുടല്‍ വീക്കം, കുടല്‍പുണ്ണ് എന്നിവ ഉണ്ടാകാം.
ഒന്നോ രണ്ടോ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഒരു പോഷകത്തിന്റെ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു പോഷകത്തിന്റെ ലഭ്യതയെ ഇത് സ്വാധീനിക്കാം. ഹീമോഗ്ലോബിന്‍ രക്തത്തില്‍ ഉണ്ടാകണമെങ്കില്‍ അയണ്‍ മാത്രം പോരാ. അതിന്റെ അളവ് മാത്രം പരിഹരിച്ചതുകൊണ്ടായില്ല. നല്ല ഗുണമുള്ള പ്രോട്ടീനുകളും മറ്റ് പല മൈക്രോ ന്യൂട്രിയന്റുകളും കൂടി ഇതിനാവശ്യമാണ്. വിറ്റാമിന്‍ എ, സി, ഇ, ബി 2, ബി 6, ബി 12, മഗ്നീഷ്യം, സെലീനിയം, സിങ്ക് തുടങ്ങിയവയൊക്കെ ഇതിനാവശ്യമാണ്. പോഷകാഹാരക്കുറവുള്ള ജനതയില്‍ ഇതിന്റെയൊക്കെ കുറവുണ്ടാകാം. അതുകൊണ്ട് ചില സൂക്ഷ്മ പോഷകങ്ങള്‍ ഫോര്‍ട്ടിഫൈ ചെയ്ത് അരി കൊടുത്തതുകൊണ്ട് പ്രശ്‌ന പരിഹാരം ഉണ്ടാകുന്നില്ല. ഇത്തരം കൂട്ടിച്ചേര്‍ക്കലിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഐ.സി.എം.ആര്‍ (Indian Council of Medical Research), ആരോഗ്യ മന്ത്രാലയം, എയിംസ് എന്നിവയിലെ വിദഗ്ദ്ധര്‍ പഠിക്കുകയും 2021-ല്‍ അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഫോര്‍ട്ടിഫിക്കേഷന്റെ കാര്യക്ഷമതയെ ഇത് ചോദ്യം ചെയ്യുന്നു. പൊതുവിതരണ ശൃംഘലയിലൂടെയും ഉച്ച ഭക്ഷണ പരിപാടികളിലൂടെയും സര്‍ക്കാര്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന ഡബിള്‍ ഫോര്‍ട്ടിഫൈഡ് ഉപ്പ് ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങളോ തെളിവുകളോ ഇല്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട ആശങ്ക ഇന്ത്യയിലെ ഉയര്‍ന്ന അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗമാണ്. ഇത് പ്രമേഹം, രക്താതി സമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ധാന്യങ്ങളില്‍, പ്രത്യേകിച്ചും അരിയില്‍ അതും പോളിഷ് ചെയ്ത അരിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവയില്‍ പോഷകങ്ങള്‍ നിര്‍ബന്ധമായി കൂട്ടിച്ചേര്‍ക്കുന്നത് വിവേകശൂന്യമാണ്. പോഷക സുരക്ഷയ്ക്ക് ഇത് മതി എന്ന തെറ്റിദ്ധാരണ സാധാരണ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കാന്‍ ഇത് ഇടയാക്കും. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 5.4 ശതമാനം കുട്ടികളും 38.1 ശതമാനം സ്ത്രീകളും 45.3 ശതമാനം പുരുഷന്‍മാരും അമിതവണ്ണം ഉള്ളവരാണ്.
സൂക്ഷ്മ പോഷക കുറവുകളെക്കുറിച്ചുള്ള ഡാറ്റ വിശ്വസനീയമോ?
ഇന്ത്യയില്‍ വിറ്റാമിന്‍, ധാതുക്കളുടെ കുറവ് എന്നിവയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, സെന്റ് ജോണ്‍സ്, സീതാറാം ഭാരതീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് റിസര്‍ച്ച് എന്നിവയില്‍ നിന്നുള്ള 2021ലെ മറ്റൊരു പഠനവും ഏറ്റവും പുതിയ സമഗ്ര ദേശീയ പോഷകാഹാര സര്‍വേ (2018-19) ഡാറ്റയും അടിസ്ഥാനമാക്കി ലഭ്യമാകുന്നത് കൊച്ചുകുട്ടികളിലെ വിറ്റമിന്‍ എ യുടെ കുറവ് ഇപ്പോള്‍ ഒരു പൊതു ആരോഗ്യ പ്രശ്‌നമല്ല എന്നതാണ്. കൂടാതെ സപ്ലിമെന്റേഷന്‍ പ്രോഗ്രാമുകള്‍ തുടരുന്നതും നിര്‍ബന്ധമായി പോഷകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതും ഹൈപ്പര്‍ വിറ്റാമിനോസിസിന് കാരണമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം പഠനങ്ങള്‍ ദേശീയ തലത്തിലെ പോഷക കുറവുകളെകുറിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി നല്‍കുന്ന വിവരങ്ങള്‍ക്ക് വിപരീതമാണ്. പോഷക കുറവുകളുടെ
വ്യാപ്തിയെ കുറിച്ച് ഇത്തരം ആശയക്കുഴപ്പം നില നില്‍ക്കുമ്പോള്‍ ഏതെങ്കിലും വലിയ പോഷകങ്ങള്‍ വലിയ തോതില്‍ നിര്‍ബന്ധമായി കൂട്ടിച്ചേര്‍ക്കുന്നത് എങ്ങനെ നടപ്പിലാക്കാനാകും?
വാസ്തവത്തില്‍ വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയുടെ കുറവ് ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ ചെറുക്കാന്‍ വ്യത്യസ്തമായ പ്രാദേശിക സമീപനങ്ങള്‍ ആവശ്യമാണ്. എങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ശാശ്വതമായ പരിഹാരമുണ്ടാകൂ. പോഷക വിദഗ്ദ്ധരും പൊതു ജനാരോഗ്യ വിദഗ്ദ്ധരും പറയുന്നത് അയണിന്റെയും വിറ്റമിന്‍ എയുടെയും ആവശ്യം പകുതിയായി കുറഞ്ഞിരിക്കുന്നു എന്നാണ്. ഉദാഹരണത്തിന് 30എംജി ആയിരുന്നു അയണ്‍ ദിവസവും സ്ത്രീകള്‍ക്ക് ദിവസവും ലഭിക്കേണ്ടിയിരുന്നത്. അത് പകുതിയായി കുറഞ്ഞിരിക്കുന്നു. അത്രയും മതി. ഇത് നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ തന്നെ ലഭിക്കും. പിന്നെ എന്തിനാണ് ഫോര്‍ട്ടിഫിക്കേഷന്‍?
ആഫ്രിക്കയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണം കൊടുത്ത് തുടങ്ങിയ ശേഷം അവരുടെ മലത്തിലെ സൂക്ഷ്മ ജീവികളുടെ കാര്യത്തില്‍ മോശമായ മാറ്റം വന്നതായി കണ്ടെത്തുകയുണ്ടായി. ഒരു ജനതയുടെ യഥാര്‍ത്ഥ ഭക്ഷ്യ സുരക്ഷയ്ക്ക് അതിനാല്‍ വേണ്ടത് ക്ലിനിക്കല്‍ സമീപനമല്ല. നല്ല ഭക്ഷണം, വൈവിധ്യമാര്‍ന്ന ഭക്ഷണം വേണ്ടത്ര അളവില്‍ ലഭ്യമാക്കുന്ന സമീപനമാണ് വേണ്ടത്.
പ്രാദേശിക സമ്പദ് വ്യവസ്ഥയെയും ഉപജീവനത്തെയും നിര്‍ബന്ധ ഫോര്‍ട്ടിഫിക്കേഷന്‍ നയം ബാധിക്കും
ഭക്ഷ്യ വസ്തുക്കള്‍ (ധാന്യങ്ങള്‍, എണ്ണകള്‍, പാല്) നിര്‍ബന്ധമായും ഫോര്‍ട്ടിഫൈ ചെയ്യണമെന്നുവന്നാല്‍ ഇത് ഒട്ടു വളരെ ചെറുകിട സംരംഭകരെയും വ്യവസായികളെയും മോശമായി ബാധിക്കാനിടയുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കേരളത്തില്‍ തന്നെ നോക്കിയാല്‍ ഇന്ന് വളര്‍ന്നു വരുന്ന സംരംഭങ്ങളില്‍ എണ്ണ ചക്ക്/ കോള്‍ഡ് പ്രസ്സ് ഓയില്‍ മില്ലുകള്‍, ചെറിയ അരിമില്ലുകള്‍, ഡയറികള്‍ തുടങ്ങിയവ പ്രധാനമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ്സാണ്. ഉപഭോക്താക്കള്‍ നല്ല ഭക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകുമ്പോള്‍ ഇത്തരം സംരംഭങ്ങള്‍ വളരാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഫോര്‍ട്ടിഫിക്കേഷന്‍ ഇവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അതിനുവേണ്ട സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ പണം ചില വാക്കേണ്ടിവരും. ഇത് ചെറുകിട സംരംഭകര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്.
കോര്‍പ്പ റേഷനുകളാണ് ഫോര്‍ട്ടിഫൈ ചെയ്യാനുള്ള ആഗോള അനുമതി നേടിയിട്ടുള്ളത്. ഇവര്‍ നല്ല വിലയ്ക്കാണ് ഫോര്‍ട്ടിഫൈ ചെയ്യാനുള്ള വസ്തുക്കള്‍ നല്‍കുന്നത്. ഇത് ചെറുകിട മില്ലുകാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ഇടത്തരം മില്ലിന് ഫോര്‍ട്ടിഫൈ ചെയ്യാനുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഏകദേശം 3.2 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും റൈസ് മില്ലേഴ്‌സ് അസോസിയേഷനുകള്‍ ഫോര്‍ട്ടിഫിക്കേഷനെതിരെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്.
ആഗോളതലത്തിലും ഇന്ത്യയിലും നടത്തിയ ഫോര്‍ട്ടിഫിക്കേഷന്‍ പദ്ധതികള്‍ ഔപചാരിക മേഖലയുടെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനും അനൗപചാരിക മേഖലയുടെ വിപണിവിഹിതം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തു വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വലിയ തോതിലുള്ള പ്രോസസ്സിംഗ് സ്ഥാപനങ്ങള്‍, വലിയ നിര്‍മ്മാതാക്കള്‍ എന്നിവരുമായി കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് തെളിവുകള്‍ കാണിക്കുന്നു. ഇത് വളര്‍ന്നു കൊണ്ടിരിക്കുന്ന ചെറുകിട സംരംഭകര്‍ക്ക് തിരിച്ചടിയാകും.
എന്തുകൊണ്ട് ഭക്ഷണ വൈവിധ്യം ഉറപ്പാക്കുന്നില്ല?
നിര്‍ബന്ധ ഫോര്‍ട്ടിഫിക്കേഷനെ പൂര്‍ണ്ണ മനസ്സോടെ പിന്തുണക്കുന്ന ഭക്ഷ്യ സുരക്ഷ അതോറിറ്റി എന്തുകൊണ്ട് ഭക്ഷ്യ വൈവിധ്യം ഉറപ്പാക്കുന്നത് നിഷ്‌കര്‍ഷിക്കുന്നില്ല? വിളര്‍ച്ചക്കുള്ള പരിഹാരമായി അയണ്‍ കൂട്ടിച്ചേര്‍ത്ത അരി വിറ്റു തുടങ്ങിയാല്‍ സ്വാഭാവികമായും അയണ്‍ സംപുഷ്ടമായ മില്ലറ്റ്, പലതരം ഇലക്കറികള്‍, മാംസം, മുട്ട, പാല്‍ തുടങ്ങിയ വ്യത്യസ്തതരം ആഹാരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പുറകോട്ടോടിക്കപ്പെടും. ഇത് പ്രാദേശിക ബദലുകളായ അടുക്കളത്തോട്ട ങ്ങള്‍, കോഴി, കന്നുകാലി, മത്സ്യം വളര്‍ത്തല്‍ സംരംഭങ്ങളെയും തളര്‍ത്തും. മഹാരാഷ്ട്രയില്‍ നടന്നൊരു പദ്ധതി ഗ്രാമീണ തലത്തില്‍ അനീമിയ ഇല്ലാതാക്കിയതായി ആ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ശ്രീമതി ദില്‍നവാസ് വരിയാവ പറയുന്നു. ചിലവു കുറഞ്ഞ സ്ഥായിയായി പോഷക വസ്തുക്കള്‍ ലഭിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. തുടക്കത്തില്‍ 26 ഗ്രാമങ്ങളില്‍ ആരംഭിച്ച ഈ പദ്ധതി എല്ലാ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാക്കാനും അതിലുണ്ടാകുന്ന വ്യത്യസ്ത തരം പച്ചക്കറികള്‍ വീടുകളില്‍ ഉപയോഗിക്കാനുമാണ് ഊന്നല്‍ കൊടുത്തത്. പിന്നീട് കോഴി വളര്‍ത്തലും ആരംഭിച്ചു. വില്‍പന ഈ പദ്ധതിയുടെ ഉദ്ദേശമായിരുന്നില്ല. 15 ഓളം വ്യത്യസ്തയിനം പച്ചക്കറികളാണ് ഇതില്‍ നിന്ന് വീട്ടുകാര്‍ക്ക് ലഭിക്കുക. 4ഉം 5ഉം ഒക്കെയായിരുന്ന ഹീമോഗ്ലോബിന്‍ ലെവല്‍ 10 ല്‍ കൂടുതലായി ഉയര്‍ത്താന്‍ അടുക്കളത്തോട്ടത്തിലൂടെ മാത്രം സാധിച്ചു. സ്വന്തം ഉത്തരവാദിത്തത്തില്‍ ഈ കൃഷി തുടരാന്‍ സ്ത്രീകള്‍ തയ്യാറായി. കൂണ്‍ കൃഷി പരിശീലനവും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചിലവ് കുറഞ്ഞതും പ്രാദേശിക സമൂഹങ്ങള്‍ക്ക് തന്നെ മാനേജ് ചെയ്യാന്‍ പറ്റുന്നതുമായ പദ്ധതികള്‍ പോഷക സുരക്ഷക്കായി ചെയ്യാമെന്നിരിക്കേ ചില വന്‍കിട കമ്പനികള്‍ നിയന്ത്രിക്കുന്ന ചിലവ് കൂടിയ, സാങ്കേതികമായി ഗുണം ചെയ്യില്ലെന്ന് വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന ഫോര്‍ട്ടിഫിക്കേഷന്‍ പദ്ധതിയിലേക്ക് എന്തുകൊണ്ടാണ് ഭക്ഷ്യ സുരക്ഷ അതോറിറ്റി എടുത്തു ചാടുന്നത്? പ്രധാനമന്ത്രി
അതിനെ പിന്തുണക്കുന്നത്? ഇന്ത്യയെ ഇങ്ങനെയാണോ സ്വയം പര്യാപ്തമാക്കുന്നത്? നമുക്ക് സ്വായക്തമാക്കേണ്ട നല്ലൊരു ആരോഗ്യകരമായ ഭക്ഷ്യ സംസ്‌ക്കാരത്തില്‍ നിന്ന് സാധാരണ ജനങ്ങളെ കൂടുതല്‍ കൃത്രിമമായ ഭക്ഷ്യ ശീലങ്ങളിലേക്ക് തള്ളിവിടുന്നത് നല്ലതാണോ?
വൈവിധ്യമാര്‍ന്ന നെല്ലിനങ്ങള്‍ ഉള്ള നാടാണ് ഇന്ത്യ. 1400 ഓളം നെല്ലിനങ്ങള്‍ സംരക്ഷിക്കുകയും അതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും ചെയ്യുന്ന ഡോ. ദേബല്‍ ദേബ് പറയുന്നത് ഈ നാടന്‍ നെല്ലിനങ്ങളില്‍ ഉയര്‍ന്ന അളവില്‍ പോഷകങ്ങള്‍ ഉണ്ടെന്നതാണ്. പ്രത്യേകിച്ചും അയണ്‍, സിങ്ക്, വിറ്റമിന്‍ ബി തുടങ്ങിയവ. എന്നാല്‍ ഇവ ഇന്ന് സാധാരണ ജനങ്ങള്‍ക്ക് ലഭ്യമല്ല. അരിയുടെ പോഷകങ്ങള്‍ ഉള്ളത് അതിന്റെ തവിടിലാണ്. അത് മുഴുവന്‍ മാറ്റി പോളിഷ് ചെയ്ത അരിയാണ് ഇന്ന് ഭൂരിപക്ഷം ആളുകളും കഴിക്കുന്നത്. അതു തന്നെ അരി കഴിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാം. ഈ അരിയിലാണ് ഫോര്‍ട്ടിഫൈ ചെയ്ത് അയണും മറ്റും കൂട്ടിച്ചേര്‍ത്ത് പോഷക സമൃദ്ധമാക്കി നല്‍കാമെന്ന് സര്‍ക്കാര്‍ പറയുന്നത്. ഇതിലും വലിയ അസംബന്ധം വേറെ ഉണ്ടോയെന്ന് ഡോ.ദേബല്‍ ദേബ് ചോദിക്കുന്നു.
കേരളത്തില്‍ നാടന്‍ നെല്ലിനങ്ങള്‍ക്ക് പ്രചാരം ഏറി വരികയാണ്. തൊണ്ടി, കുറുവ, തവളക്കണ്ണന്‍, രക്തശാലി, മുള്ളന്‍ കഴമ, ചിറ്റേനി തുടങ്ങി വിവിധ ഇനം അരികള്‍ ഇന്ന് ഓര്‍ഗാനിക് വിപണിയില്‍ ലഭ്യമാണ്. ഇവ കൂടുതല്‍ കൃഷി ചെയ്ത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചാല്‍ വന്‍കിട ഫോര്‍ട്ടിഫിക്കേഷന്‍ കമ്പനികള്‍ക്ക് നല്‍കുന്ന പണം നെല്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയും. നമ്മുടെ നാട്ടിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം കുട്ടികളും
മാതാപിതാക്കളും തിരിച്ചറിയുകയും ചെയ്യും. ഇതിനു പുറമേ ഓര്‍ഗാനിക് വയലുകളില്‍ നിന്നുള്ള ഇലക്കറികളും, മത്സ്യം, കക്ക തുടങ്ങിയ വ്യത്യസ്തതരം ഭക്ഷണങ്ങളും പ്രാദേശിക ജനങ്ങള്‍ക്ക് വില കൊടുക്കാതെ തന്നെ ലഭ്യമാക്കാന്‍ കഴിയും.
സംസ്ഥാനത്തിന് അതിന്റേതായ പോഷക നയം വേണം
പോഷകാഹാര കുറവ്, വിറ്റമിന്‍, ധാതുക്കളുടെ കുറവ് എന്നിവക്കുള്ള സമഗ്രമായ പരിഹാരം മൃഗങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നുമുള്ള ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള കലോറി ഉപഭോഗത്തെ കേന്ദ്രീകരിച്ചു കൊണ്ടാണുള്ളത്. പ്രാദേശിക സമൂഹങ്ങളെ അവരുടെ പോഷകാഹാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസവും അതിനെ സഹായിക്കുന്ന പദ്ധതികളും ആണ് ഇനി കേരളത്തില്‍ വരേണ്ടത്. ഭക്ഷ്യ പരമാധികാരത്തിലൂടെ മാത്രമേ സ്ഥായിയായ ഭക്ഷ്യ സുരക്ഷ നമുക്ക് കൈവരിക്കാന്‍ കഴിയുകയുള്ളൂ. കാര്‍ഷിക ആവാസവ്യവസ്ഥകള്‍ക്കും പ്രാദേശിക ഭക്ഷണ രീതികള്‍ക്കും അനുസരിച്ചുള്ള ഉല്‍പ്പാദന സംവിധാനങ്ങളിലൂടെയാണ് ഇത് നമുക്ക് നേടിയെടുക്കാന്‍ കഴിയുക. വര്‍ഷം മുഴുവനും ഒരേ ഭക്ഷണം കഴിക്കുന്നതിനു പകരം വ്യത്യസ്ത സീസണില്‍ വ്യത്യസ്ത ഭക്ഷണം (പ്രത്യേകിച്ചും പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുകള്‍ തുടങ്ങിയവ) ലഭ്യമായാല്‍ അതായിരിക്കും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള കേരളത്തിന്റെ വലിയൊരു കാല്‍വെയ്പ്.
ചില സംസ്ഥാനങ്ങള്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒറീസ്സ മില്ലറ്റ് മിഷന്‍ ഇതിനൊരു ഉദാഹരണമാണ്. റേഷന്‍ കടകളിലൂടെയും അംഗന്‍വാടികളിലൂടെയും മില്ലറ്റും പച്ചക്കറികളും മറ്റ് വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ ആലോചിക്കുന്നു. ഇത് ഭക്ഷ്യ മേഖലയിലെ കോര്‍പ്പറേറ്റുകളുടെ കടന്നുവരവിന് തടയിടാനും സഹായിക്കും. പോഷക സുരക്ഷ ഉറപ്പാക്കാനുള്ള പ്രാദേശികമായ മറ്റൊരു ഇടപെടലാണ് പ്രാദേശികമായി നിര്‍മ്മിച്ച പലതരം പലഹാരങ്ങള്‍, സിറപ്പുകള്‍, പൊടികള്‍ തുടങ്ങിയവ. ഇത്തരം ചെറിയ സംരംഭങ്ങള്‍ പ്രാദേശിക സാമ്പത്തിക സ്ഥിതിയെയും മെച്ച പ്പെടുത്തും. ചെറുകിട ബിസിനസ്സുകള്‍ വളരും. പഞ്ചായത്തുതല കാര്‍ഷിക പദ്ധതികള്‍ ഇത്തരം സംരംഭങ്ങളിലേക്ക് വളര്‍ന്നാലേ ഈ മാറ്റം കൊണ്ടുവരാന്‍ കഴിയൂ. കുറഞ്ഞ ഭൂമിയുള്ളവര്‍ക്കും പാട്ടകൃഷിക്കാര്‍ക്കുമൊക്കെ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെയും ഭക്ഷ്യ പരമാധികാരത്തെയും സംരക്ഷിക്കുന്നതില്‍ പങ്കാളികളാകാം.
Read more
രാജ്യത്ത് നിലവിലുള്ള പോഷക സൂചകങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് ഏതെങ്കിലും ഒരു വിറ്റാമിന്റെയോ ധാതുവിന്റെയോ പോഷക കുറവല്ല പ്രശ്‌നമെന്നും പോഷക സംപുഷ്ടമായ ഭക്ഷണം ആവശ്യമായ അളവില്‍ സാധാരണക്കാര്‍ക്ക് കിട്ടാത്തതാണ് പ്രശ്‌നമെന്നുമാണ്. ഫോര്‍ട്ടിഫൈ ചെയ്ത അരി എത്തിച്ച തുകൊണ്ട ് പ്രശ്‌ന പരിഹാരമാകുന്നില്ല. കേരളത്തിലെ ഒരു ജില്ലയില്‍ ഫോര്‍ട്ടിഫൈ ചെയ്ത അരി റേഷന്‍ കടകളിലൂടെ കൊടുക്കാന്‍ തയ്യാറാകുന്നതായി അറിയുന്നു. ഇത് കൂടുതല്‍ വ്യാപകമാക്കുന്നതിനു മുന്‍പ് വിദഗ്ദ്ധ ചര്‍ച്ചകള്‍ ആവശ്യമാണ്. മെച്ചപ്പെട്ട പോഷകാഹാരത്തിനുള്ള ആഗോള അലയന്‍സ് (GAIN) ആണ് ഈ ആശയത്തെ സര്‍ക്കാറുകളെകൊണ്ട് സ്വീകരിപ്പിക്കാനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വന്‍കിട ഭക്ഷ്യ വ്യവസായ കമ്പനികളാണ് ഇവരെ പിന്തുണക്കുന്നത്. അപ്പോള്‍ ആരുടെ താല്‍പര്യങ്ങള്‍ക്കാണ് ഗെയിന്‍ മുന്‍തൂക്കം കൊടുക്കുക എന്ന് ഊഹിക്കാമല്ലോ.