ഒച്ചവച്ച് പുറത്താകലല്ല പാര്‍ലമെന്‍ററി പ്രവര്‍ത്തനം

പ്രധാനപ്പെട്ട നിയമനിര്‍മാണം നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്നതാണ്. മെക്കാളെയുടെ ഇന്ത്യന്‍ പീനല്‍ കോഡിന് 163 വര്‍ഷം പഴക്കമായപ്പോഴാണ് അമിത് ഷായുടെ ഭാരതീയ ന്യായ സംഹിത അവതരിച്ചത്. രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന ക്രിമിനല്‍ നിയമങ്ങളുടെയും തെളിവ് നിയമത്തിന്റെയും അവതരണം നടക്കുമ്പോള്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ഇല്ലായിരുന്നു. പ്രതിപക്ഷത്തിന്റെ ശുഷ്‌കസാന്നിധ്യം മാത്രമുള്ള ലോക്‌സഭയില്‍ 97 അംഗങ്ങള്‍ രാജ്യസഭയില്‍നിന്നുള്ള 46 പേര്‍ക്കൊപ്പം പാര്‍ലമെന്റിനു പുറത്താണ്. ആ പരിസരത്തെങ്ങും കണ്ടുപോകരുതെന്നാണ് അവര്‍ക്കുള്ള ഉഗ്രശാസന. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ എതിര്‍പ്പും വിമര്‍ശനവും ഇല്ലാതെ ബില്ലുകള്‍ പാസ്സായി.

സസ്‌പെന്‍ഷന്‍ ചോദിച്ചു വാങ്ങിയതാണെന്ന് വേണമെങ്കില്‍ ആരോപിക്കാം. തെരുവോരത്തെ ബാനറുകള്‍ ഗവര്‍ണറെ അസ്വസ്ഥനാക്കുന്നതുപോലെ സഭയിലെ പ്‌ളക്കാര്‍ഡുകള്‍ സ്പീക്കറെയും അസ്വസ്ഥനാക്കും. തെരുവുകളില്‍ ബോര്‍ഡും ബാനറും പാടില്ലെന്ന് ഹൈക്കോടതിയും സഭയില്‍ പ്‌ളക്കാര്‍ഡും മുദ്രാവാക്യവും പാടില്ലെന്ന് ചട്ടവും അനുശാസിക്കുന്നു. പ്രസംഗവും വോട്ടും ഒഴികെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ സഭാതലത്തില്‍ ചട്ടം അനുവദിക്കുന്നില്ല. ഗാലറിയില്‍നിന്ന് ചാടിയവര്‍ സൃഷ്ടിച്ച പുകയില്‍നിന്ന് ഇപ്പോഴും പ്രതിപക്ഷം പുറത്തുവന്നിട്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാലിക്കുന്ന നിശ്ശബ്ദതയ്‌ക്കെതിരെ ജനങ്ങളോട് സംസാരിക്കുന്നതിന് ലഭ്യമായ ഇതരസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താതെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷം അറിയാതെയാണെങ്കിലും ഭരണപക്ഷത്തെ സഹായിക്കുകയാണ്. ഇതിനാണോ എംപിമാരെ ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്നത്.

മൊത്തം 805 എംപിമാരുളള പാര്‍ലമെന്റില്‍ 143 പേര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കേവലം ഒരു വോട്ടിന് വിശ്വാസപ്രമേയം പരാജയപ്പെട്ട ചരിത്രമുള്ള പാര്‍ലമെന്റാണിത്. തുമ്മിയാല്‍ പ്രതിപക്ഷത്തിന്റെ മൂക്ക് തെറിപ്പിക്കുന്ന സ്പീക്കര്‍ക്ക് നിര്‍ണായകഘട്ടങ്ങളില്‍ സസ്‌പെന്‍ഷനിലൂടെ ഭരണപക്ഷത്തിന് അനുകൂലമായി ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയും. എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്യുന്ന രീതി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ ഇല്ല. എവിടെയെങ്കിലും സമാനമായ എന്തെങ്കിലും കാണണമെന്നുണ്ടെങ്കില്‍ നമ്മുടെ ലോക്‌സഭയിലേക്ക് തന്നെ വരണം. 1989ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 63 എംപിമാരെയാണ് ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത്. ഇന്ദിര ഗാന്ധിയുടെ വധത്തെക്കുറിച്ചന്വേഷിച്ച ഠക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭമാണ് അവര്‍ക്കെതിരെ നടപടിക്കു കാരണമായത്.

ഇപ്രകാരം ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തോടെ പ്രവര്‍ത്തിക്കാനുള്ളതല്ല പാര്‍ലമെന്റ്. വിയോജിപ്പിനും സമവായത്തിനുമുള്ള വേദിയാണത്. ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍വമ്പിച്ച ഭൂരിപക്ഷം കരസ്ഥമാക്കിയ രാജീവ് ഗാന്ധിക്ക് അത് നിലനിര്‍ത്താനോ കാലാവധി പൂര്‍ത്തിയാക്കാനോ കഴിഞ്ഞില്ല. പുറത്താക്കലിന് അനുബന്ധമായി പ്രതിപക്ഷം ഒന്നടങ്കം രാജിവച്ചു. അവരെ ഒരുമിപ്പിക്കാന്‍ വി പി സിങ്ങുണ്ടായിരുന്നു. വി പി സിങ്ങിനൊപ്പമായിരുന്നു അന്ന് ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷമില്ലെങ്കില്‍ കാര്യങ്ങള്‍ ശരിയായി നടക്കുമെന്ന ധാരണ ഭരണപക്ഷത്തിനുണ്ടെങ്കില്‍ അത് തെറ്റാണ്. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ പാര്‍ലമെന്റ് മൗനത്തിലാകും. മൗനം മഹാനിദ്രയായി മാറും. പ്രതിപക്ഷത്തിന്റെ ക്രിയകളിലും വിക്രിയകളിലും ശബ്ദമുഖരിതമായിരുന്ന പാര്‍ലമെന്റ് നിശ്ശബ്ദതയില്‍ യക്ഷിക്കോട്ടയായി മാറും. ഇങ്ങനെയാണ് ഭാര്‍ഗവീനിലയങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെ സംഭവിക്കാതിരിക്കുന്നതിനുള്ള ഉത്തരവദിത്വം സര്‍ക്കാരിനും ഭരണപക്ഷത്തിനും ഉണ്ട്. പ്രതിപക്ഷം ആവശ്യപ്പെടുന്ന വിഷയത്തില്‍ പത്തു മിനിറ്റ് സംസാരിക്കാന്‍ പ്രാപ്തിയില്ലാത്തവരാണോ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. എഴുതപ്പെട്ടതുപോലെതന്നെയാണ് എല്ലാം സംഭവിക്കുന്നത്. വെടക്കാക്കി തനിക്കാക്കുക എന്നത് പഴയ തന്ത്രമാണ്. പ്രതിപക്ഷത്തെ
വിജ്രംഭിതവീര്യര്‍ ആക്കാനുള്ള തറവേലകള്‍ അമിത് ഷായ്ക്കറിയാം. ആ കെണിയില്‍ പ്രതിപക്ഷം വീഴരുതായിരുന്നു. പാര്‍ലമെന്റില്‍ അമിത് ഷായോ നരേന്ദ്ര മോദിയോ നടത്തുന്ന പ്രസംഗത്തേക്കാള്‍ മൂല്യവത്താകുമായിരുന്നു നിയമനിര്‍മാണവേളയിലെ പ്രതിപക്ഷ സാന്നിധ്യം.

സൂകരപ്രസവംപോലെ സുകരമായി നടക്കാനുള്ളതല്ല നിയമനിര്‍മാണം. എല്ലാ അഭിപ്രായങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് അവധാനതയോടെ നടത്തേണ്ട സൂക്ഷ്മപ്രവൃത്തിയാണത്. നിയമനിര്‍മാണം ഭരണപക്ഷത്തിന് പ്രധാനപ്പെട്ടതായതുകൊണ്ടാണ് കേരളത്തില്‍ ഗവര്‍ണര്‍ ബില്ലുകളില്‍
ഒപ്പിടാതെ വഴി മുടക്കി നില്‍ക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ബില്‍ പാസാക്കുന്നത്, വനിതാസംവരണത്തിന്റെ കാര്യത്തിലെന്നപോലെ, അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ചുമതല. ഇതിന് അവസരം ഉണ്ടാകുമ്പോഴാണ് നിര്‍മിതനിയമത്തിന് സമൂഹത്തിന്റെ അംഗീകാരവും സ്വീകാര്യതയും അവകാശപ്പെടാന്‍ കഴിയുക.

ഈ പ്രവര്‍ത്തനത്തിന് തടസമാകുന്ന രീതിയില്‍ പാര്‍ലമെമെന്‍റിന്‍റെ പ്രവര്‍ത്തനത്തെ പ്രഹസനമാക്കിക്കൊണ്ടാണ് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നത്. സംസാരമാണ് സാമാജികരുടെ ചുമതല. പാര്‍ലമെന്‍റില്‍ ആവുന്നത്ര സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യം നിയന്ത്രിതമാണ്. നിയന്ത്രണത്തിന്‍റെ ചുക്കാന്‍ സ്പീക്കറുടെ കൈകളിലാണ്. പ്രക്ഷുബ്ധമായ രംഗങ്ങള്‍ പലവട്ടം ലോക്‌സഭയില്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍. പി എ സാങ്മ, മനോഹര്‍ ജോഷി, സോമനാഥ് ചാറ്റര്‍ജി എന്നിങ്ങനെ പരിണതപ്രജ്ഞരായ സ്പീക്കര്‍മാര്‍ സഭ നിയന്ത്രിച്ചിരുന്നത് ഓം ബിര്‍ലയ്ക്ക് അനുകരിക്കാന്‍ കഴിയാത്ത വ്യത്യസ്തതയോടെയായിരുന്നു. അവര്‍ ക്ഷോഭിക്കും; ആക്രോശിക്കും; ചിലപ്പോള്‍ വടിയെടുക്കും. പക്ഷേ സഭയിലെ പ്രതിപക്ഷസാന്നിധ്യത്തിന്റെ മൂല്യം അവര്‍ നന്നായി അറി ഞ്ഞിരുന്നു.

സമൂഹത്തെയും വ്യക്തിയെയും ബാധിക്കുന്ന സുപ്രധാനമായ നിയമങ്ങള്‍ ഏകപക്ഷീയമായി പാസാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതായിരുന്നു. ഏത് തപാല്‍ ഉരുപ്പടിയും രാജ്യസുരക്ഷയുടെ പേരില്‍ തുറന്നു പരിശോധിക്കാനും പിടിച്ചെടുക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന പോസ്റ്റ് ഓഫീസ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു. ഈ ബില്ലാണ് രാജീവ് ഗാന്ധിയുടെ കാലത്ത് രാഷ്ട്രപതി സെയില്‍ സിങ് ഒപ്പിടാതെ മടക്കിയത്. സ്വകാര്യത മൗലികാവകാശമല്ലായിരുന്ന കാലത്തെ കോലാഹലം സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്തുണ്ടായില്ല. ടെലികോം ബില്ലിന്റെ അവസ്ഥയും ഇതുതന്നെ. ജനങ്ങള്‍ക്ക് അപകടസൂചന നല്‍കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷം നിശ്ശബ്ദമാകുമ്പോള്‍ ഭരണപക്ഷം ഒരുക്കുന്ന കെണിയില്‍ ജനം തടസമേതുമില്ലാതെ നിപതിക്കും. ബഹളംകൂട്ടി സസ്‌പെന്‍ഷനിലാകുന്നതിനും ഗാന്ധി പ്രതിമയുടെ മുന്നില്‍ വട്ടമിട്ടിരിക്കുന്നതിനുമല്ല നമ്മുടെ പ്രതിനിധികളെ നാം പാര്‍ലമെന്റിലേക്കയച്ചിരിക്കുന്നത്.

നിയമനിര്‍മാണത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനുള്ള പ്രാപ്തി പ്രതിപക്ഷത്തിനില്ല. ഉള്ളതുതന്നെ ഉപയോഗിക്കപ്പെട്ടതുമില്ല. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തപ്പോള്‍ എതിര്‍വാക്കോ മറുവാക്കോ ഉണ്ടായില്ലെന്നത് ഈ നിയമങ്ങളെക്കുറിച്ച് ഗവേഷണം നടത്താനെത്തുന്ന വിദ്യാര്‍ത്ഥിയെ തെല്ലൊന്നുമായിരിക്കില്ല അമ്പരപ്പിക്കുന്നത്.

Latest Stories

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്