ഒരേ സമയം എക്‌സിക്യൂട്ടീവിന്റെയും ലെജിസ്‌ളേച്ചറിന്റെയും ഭാഗമാണ് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. ഭരണം നടത്തുന്നത് ഗവര്‍ണറല്ലെങ്കിലും അദ്ദേഹത്തിന്റെ പേരിലാണ് അത് നടക്കുന്നത്. നിയമസഭയുടെ ഭാഗം കൂടിയാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കൊപ്പം കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ കൂടി ചേര്‍ന്നതാണ് നിയമസഭ. സഭാസമ്മേളനം വിളിച്ചുകൂട്ടുന്നത് ഗവര്‍ണറാണ്. ഓരോ വര്‍ഷത്തെയും ഒന്നാമത്തെ സമ്മേളനത്തില്‍ ഗവര്‍ണറുടെ വിശേഷാല്‍ അഭിസംബോധന ഉണ്ടാകേണ്ടതാണ്. പത്രഭാഷയില്‍ ഇത് നയപ്രഖ്യാപനപ്രസംഗം എന്നറിയപ്പെടുന്നു. മന്ത്രിസഭ തയാറാക്കുന്ന പ്രസംഗം ഗവര്‍ണര്‍ ഔപചാരികമായി വായിക്കുന്നതോടെയാണ് സഭാനടപടികള്‍ ആരംഭിക്കുന്നത്. വായിച്ചില്ലെങ്കിലും വായിച്ചതായി കണക്കാക്കിയാല്‍ മതി.
ഗവര്‍ണറുടെ അനുമതിയോടെയാണ് പ്രസംഗം സഭയില്‍ അവതരിപ്പിക്കുന്നത്. മര്യാദയുള്ള ഗവര്‍ണര്‍മാര്‍ ആരോഗ്യം അനുവദിക്കുമെങ്കില്‍ അത് മുഴുവന്‍ വായിക്കും. രാഷ്ട്രീയമായോ വ്യക്തിപരമായോ വിയോജിപ്പുള്ള കാര്യങ്ങളുണ്ടെങ്കില്‍ ചില ഗവര്‍ണര്‍മാര്‍ അതൊഴിവാക്കി വായിക്കും. സഭാവേദിയില്‍ എഴുന്നേറ്റുനിന്ന് അച്ചടിച്ച പ്രസംഗം കൈയിലെടുക്കുകയെന്നതാണ് പ്രധാനം. അതോടെ പ്രസംഗം വായിച്ചതായി കണക്കാക്കപ്പെടും. തുറന്ന കോടതിയില്‍ പ്രസ്താവിക്കുന്നു എന്ന പ്രഖ്യാപനത്തോടെ പുറപ്പെടുവിക്കുന്ന വിധികള്‍ ജഡ്ജി പൂര്‍ണമായും വായിക്കാറില്ല. പക്ഷേ പൂര്‍ണമായും വായിച്ചതായി കണക്കാക്കപ്പെടും. കോടതിയില്‍ എല്ലാവരും കാണ്‍കേ ഒപ്പിടണമെന്നു മാത്രം.
ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ നയപ്രഖ്യാപനപ്രസംഗം പൂര്‍ണമായി വായിക്കാതിരുന്നതുകൊണ്ട് സഭാനടപടികള്‍ക്ക് ഒരു വിഘ്‌നവും സംഭവിക്കുന്നില്ല. മിഠായിത്തെരുവില്‍ സജീവമായിരുന്ന സ്വനതന്തുക്കള്‍ക്ക് സഭാവേദിയിലെത്തിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന കൗതുകം മാത്രമാണ് അവശേഷിക്കുന്നത്. മന്ത്രിമാരോടുള്ള പ്രീതി നഷ്ടപ്പെട്ടതായി പ്രഖ്യാപിക്കുകയും അവരെ ക്രിമിനലുകളായി കാണുകയും ചെയ്യുന്ന ഗവര്‍ണര്‍ എന്റെ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കുന്നത് കോമഡിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രീതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഗവര്‍ണറായി തുടരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കുന്നത് അതിനേക്കാള്‍ വലിയ കോമഡിയാണ്. ആരിഫ് മുഹമ്മദ് ഖാന്റെ നിശ്ശബ്ദതയില്‍ രാഷ്ട്രീയമായ വാചാലതയുണ്ട്.
ആരിഫ് മുഹമ്മദ് ഖാന്റെ വൈക്‌ളബ്യം അപ്രതീക്ഷിതമല്ല. സദാ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ചുറ്റിത്തിരിയുന്ന ഖാന്‍ തിരുവനന്തപുരത്തുള്ളപ്പോള്‍ ഗവര്‍ണറുടെ അന്തസ് പാലിച്ച് സംയമനത്തോടെ ജീവിക്കുന്നയാളല്ല. മുഖ്യമന്ത്രിയെ മിതവ്യയം പഠിപ്പിക്കേണ്ട ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഔദാര്യത്തില്‍ 20 ലക്ഷം രൂപ റിപ്പബ്‌ളിക് ദിനത്തിലെ ചായകുടിക്ക് വാങ്ങി. ഹൈ ടീ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇരുപത് ലക്ഷത്തിന്റെ സല്‍കാരം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ആശ്ചര്യപ്പെടുന്നു. ട്രഷറി നിയന്ത്രണം നീക്കുന്ന പ്രത്യേക അനുമതിയോടെ 20 ലക്ഷം വാങ്ങാതിരിക്കാന്‍ കഴിയാത്ത രീതിയില്‍ രാജ് ഭവന്‍ ദാരിദ്ര്യത്തിലാണോ? ദിവസവും പല്ല് തേപ്പിക്കുന്നതിനുവേണ്ടിയാവാം ഡെന്റല്‍ ക്‌ളിനിക് രാജ്ഭവനില്‍ പ്രത്യേകമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ഖാന്‍. ഇത്തരം ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാത്തതു കൊണ്ടാവാം ബാലഗോപാല്‍ അദ്ദേഹത്തിന്റെ പ്രീതി നഷ്ടപ്പെട്ട മന്ത്രിയായത്. ഭൂരിപക്ഷം നഷ്ടപ്പെടാത്ത ജനകീയ മന്ത്രിസഭയെ പിരിച്ചുവിടുന്നതിന് ശിപാര്‍ശ ചെയ്ത രാമകൃഷ്ണ റാവു ഉള്‍പ്പെടെ പല തരം ഗവര്‍ണര്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇന്നത്തേതു പോലെ ഒരു ഗവര്‍ണര്‍ നമ്മുടെ അനുഭവത്തില്‍ നടാടെയാണ്. ഫെഡറലിസത്തില്‍ അധിഷ്ഠിതമായ നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തില്‍ ഗവര്‍ണര്‍ എന്നത് അനുപേക്ഷണീയമല്ലാത്ത ആഡംബരവും അസൗകര്യവുമാണ് എന്ന വാദത്തെ ശരിവയ്ക്കുന്ന പ്രവൃത്തികളാണ് ആരിഫ് മുഹമ്മദ് ഖാന്‍റേത്.
പാതി ആരിഫ് മുഹമ്മദ് ഖാന്‍റെ വികൃതിയും പാതി കേന്ദ്ര സര്‍ക്കാരിന്‍റെ ഇംഗിതവുമാണ് രാജ്ഭവനിലെ തോന്ന്യാസങ്ങള്‍ക്ക് കാരണം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയോട് എൈക്യപ്പെടാത്ത പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടങ്കോലിടല്‍ പതിവായിരിക്കുന്നു. ഫെഡറലിസത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും നിരക്കുന്ന കാര്യമല്ലിത്. ഒന്നുമറിയാത്തതുപോലെ പ്രതിഷ്ഠയ്ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന പ്രധാനമന്ത്രി കണ്ണു തുറക്കുമ്പോള്‍ ഇത്തരം ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്തേണ്ടതാണ്. കുനിഷ്ടല്ല, ഭരണഘടനാപരമായ സദ്ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
അനിവാര്യമായ അസൗകര്യമെന്ന നിലയില്‍ ഗവര്‍ണറുമായി അനുനയത്തില്‍ പോകാന്‍ ശ്രമിക്കുന്ന മുഖ്യമന്തിയെ പരിഹസിക്കുന്ന കോണ്‍ഗ്രസ് സമീപനത്തിലും പിശകുണ്ട്. ഗവര്‍ണറെ സഹായിക്കുവാനും ഉപദേശിക്കുവാനും നിയുക്തനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഗവര്‍ണറോട് നിരന്തരം കലഹത്തില്‍ കഴിയേണ്ടവരല്ല. സംഘര്‍ഷമില്ലെങ്കില്‍ ഉടന്‍ ഒത്തുതീര്‍പ്പെന്ന് ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്‍േറത് അത്ര നല്ല സമീപനമല്ല. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോള്‍ കേരളത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ വിദൂരഭാവിയിലോ അനതിവിദൂരഭാവിയിലോ കോണ്‍ഗ്രസിന അവസരം കിട്ടിയാല്‍ ഇതേ പ്രതിസന്ധി അപ്പോഴുമുണ്ടാകും. ഒപ്പിടാനും പ്രസംഗം വായിക്കാനും കഴിയാത്ത അവസ്ഥയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയെങ്കില്‍ അദ്ദേഹം ഗവര്‍ണറായി തുടരണമോ എന്ന് അദ്ദേഹത്തെ അയച്ചവര്‍ ഗൗരവമായി ആലോചിക്കണം.