ജിത്തു ജോസഫിന്റെ നേര് സിനിമയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കേടുപാടില്ലാതെ ഹൈക്കോടതി അവസാനിപ്പിച്ചതു നന്നായി. ഹര്‍ജിക്കാരനായ ദീപു കെ ഉണ്ണിയുടെ തിരക്കഥ ജിത്തു ജോസഫ് അടിച്ചുമാറ്റിയെന്ന വാദം ജിത്തുവിന്റെ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ക്രൂരമായി തോന്നും. സിനിമ കണ്ടതിനുശേഷവും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ ഹര്‍ജിക്കാരനോട് സിവില്‍ കോടതിയില്‍ പോയി ആരോപണമുന്നയിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടപടികള്‍ അവസാനിപ്പിച്ചത്. അനുഛേദം 226 അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണഘടനാ കോടതി മോഷണക്കേസുകള്‍ പരിഗണിക്കുന്ന കോടതി അല്ലാത്തതിനാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കുറേക്കൂടി നേരത്തെ ഈ നിലപാടില്‍ എത്തണമായിരുന്നു. മറ്റൊരു കോടതി ആയിരുന്നുവെങ്കില്‍ ഒരു സ്‌റ്റേ ഓര്‍ഡര്‍ നല്‍കി സിനി
മയുടെ ജാതകം വേറൊന്നാക്കുമായിരുന്നു.
കോടതി സിനിമയുടെ അന്തകനാകുന്നുവെന്ന കുറ്റപ്പെടുത്തല്‍ ശരിയായ അനുഭവമായി മലയാള സിനിമാ ചരിത്രത്തിന്റെ ആരംഭം മുതല്‍ നമ്മോടൊപ്പമുണ്ട്. വിഗതകുമാരനു ശേഷം ഏറെ വൈകാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു മാര്‍ത്താണ്ഡവര്‍മ. ആദ്യത്തേത് കുടുംബചിത്രമായിരുന്നെങ്കില്‍ രണ്ടാമത്തേത് ചരിത്രസിനിമയായിരുന്നു. രണ്ടും സംസാരിക്കാത്ത ചിത്രങ്ങള്‍. പതിവുരീതിയനുസരിച്ച് പുണ്യപുരാണ കഥാതന്തുക്കള്‍ക്ക് പിന്നാലെ പോകാതെ കേരളചരിത്രത്തെ ആസ്പദമാക്കി സിനിമയെടുക്കാന്‍ നിര്‍മാതാവ് പ്രകടിപ്പിച്ച ധൈര്യം പ്രശംസനീയമാണ്. സി വി രാമന്‍ പിള്ളയുടെ സാമാന്യം വിസ്തരിച്ചുള്ള ആഖ്യായികയായിരുന്നു തിരക്കഥയ്ക്ക് അടിസ്ഥാനം. അതുതന്നെയാണ് സിനിമയ്ക്ക് വിനയായതും.
സി വി രാമന്‍ പിള്ളയുടെ രചനയുടെ പകര്‍പ്പവകാശം പ്രസാധകരായ കമലാലയം ബുക് ഡിപ്പോയില്‍ നിക്ഷിപ്തമായിരുന്നു. അത് കണക്കിലെടുക്കാതെയാണ് സിനിമയുടെ നിര്‍മാണം നടന്നത്. സിനിമ തയാറായപ്പോള്‍ പ്രദര്‍ശനം തടഞ്ഞുകൊണ്ട് തിരുവനന്തപുരം മുന്‍സിഫ് കോടതിയുടെ ഉത്തരവുണ്ടായി. ഫിലിം പെട്ടി കണ്ടുകെട്ടി. ഇന്‍ജങ്ഷന്‍ ഉത്തരവ് നീക്കി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ശ്രമം വിജയിച്ചില്ല. കമലാലയം ബുക് ഡിപ്പോയുടെ ഉപയോഗരഹിതമായ ഗോഡൗണില്‍ നിന്ന് അടുത്തിടെ ആര്‍ക്കും ഉപകാരപ്പെടാത്ത നിലയില്‍ ആ പെട്ടി കണ്ടെടുക്കപ്പെട്ടു. രണ്ടാമത്തെ സിനിമ ആര്‍ക്കും കാണാന്‍ അവസരമുണ്ടായില്ലെന്നതാണ് മലയാളസിനിമയുടെ ചരിത്രം.
മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ എന്നത് അക്കാലത്തെ പ്രസിദ്ധമായ ചൊല്ലായിരുന്നു. തിരുവനന്തപുരത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു മള്ളൂര്‍. വിഗതകുമാരന്റെ പ്രഥമപ്രദര്‍ശനത്തില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് മള്ളൂരിനെയായിരുന്നു. കരപ്രമാണിമാരുമൊത്ത് സിനിമ കാണാനെത്തിയ മള്ളൂരിന്റെ സാന്നിധ്യത്തില്‍ ചിത്രത്തിലെ നായികയായ റോസിക്ക് ഹാളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധം അവര്‍ ആ പുലയപ്പെണ്ണിനെ പുറത്തെ ഇരുട്ടിലേക്ക് ആട്ടിപ്പായിച്ചു. റോസിക്ക് തന്റെ രൂപവും അഭിനയവും സ്‌ക്രീനില്‍ കാണുന്നതിന് അവസരം നിഷേധിച്ച മള്ളൂര്‍ തന്നെയാണ് മാര്‍ത്താണ്ഡ വര്‍മയുടെ ദര്‍ശനം സമൂഹത്തിനാകെ നിഷേധിച്ചത്.
കോടതിയും സിനിമയും തമ്മിലുള്ള ബന്ധം അന്നും ഇന്നും അത്ര ആശാസ്യമോ സ്വാഗതാര്‍ഹമോ അല്ല. അചേതനമായ ഏതെങ്കിലും വസ്തുവിനെ സംബന്ധിക്കുന്ന തര്‍ക്കം കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ ഉദാസീനമായാണ് അത്രയൊന്നും പരിണതപ്രജ്ഞനാകാന്‍ പ്രായമായിട്ടില്ലാത്ത മുന്‍സിഫ് സിനിമാസംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. തര്‍ക്കം പകര്‍പ്പവകാശം സംബന്ധിച്ചാണെങ്കില്‍ ആദ്യമേ ജില്ലാ കോടതിയില്‍ എത്തുമെന്നത് ആശ്വാസകരമാണെങ്കിലും അവിടെയും അപകടങ്ങളുണ്ട്. സിനിമയുടെ പ്രദര്‍ശനവിജയം ടൈമിങ് ഉള്‍പ്പെടെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നറിയാതെയാണ് ചോദിച്ചാലുടന്‍ നിരോധന ഉത്തരവ് കോടതികള്‍ ന കുന്നത്.
പബ്‌ളിസിറ്റിയുടെ വമ്പിച്ച പിന്‍ബലത്തോടെ ജേസിയുടെ ബിഗ് ബജറ്റ് ചിത്രം പുറപ്പാട് പ്രദര്‍ശനം ആരംഭിക്കേണ്ടതിന്റെ രണ്ടു ദിവസം മുമ്പാണ് പ്രദര്‍ശനം തടഞ്ഞുകൊണ്ട് പത്തനംതിട്ട ജില്ലാ കോടതിയുടെ ഉത്തരവുണ്ടായത്. അതേ പേരി ബ്‌ളാക് ആന്‍ഡ് വൈറ്റ് ചിത്രമെടുത്ത് പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഒരു നിര്‍മാതാവായിരുന്നു ഹര്‍ജിക്കാരന്‍. പുറപ്പാടിന്റെ നിര്‍മാതാക്കളായ മാക് പ്രൊഡക്ഷന്‍സിനുവേണ്ടി ഞാന്‍ കോടതിയില്‍ ഹാജരായി. സവിശേഷമായ പേരല്ലെങ്കില്‍ സിനിമയുടെ പേരില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ലെന്ന എന്റെ വാദം കോടതി സ്വീകരിച്ചു. വിലക്ക് പിന്‍വലിച്ചു. പക്ഷേ ഉത്തരവ് വാങ്ങി പ്രദര്‍ശനത്തിനു തയാറായപ്പോള്‍ ഷെഡ്യൂള്‍ ആകെ തെറ്റി. നല്ല നിലയില്‍ പ്രദര്‍ശനവിജയം നേടേണ്ടിയിരുന്ന സിനിമയെ പരാജയപ്പെടുത്തുന്നതിന് കോടതിയുടെ ഇടപെടല്‍ കാരണമായി. ആയിരം ആളിന്റെ അധ്വാനവും കോടികളുടെ ചെലവുമുള്ള വമ്പിച്ച സംരംഭമാണ് ആദ്യവസാനം അനിശ്ചിതത്വത്തില്‍ ഉഴലുന്ന സിനിമ എന്ന കാര്യം ഇന്‍ജങ്ഷന്‍ ഉത്തരവ് അതിലാഘവത്തോടെ നല്‍കുന്ന ജഡ്ജിക്കറിയില്ലല്ലോ. തിയതി തെറ്റിയാല്‍ നിശ്ചയിക്കപ്പെട്ട തിയേറററുകള്‍ കൈവിട്ടുപോകുന്ന അവസ്ഥ അന്നുണ്ടായിരുന്നു.
കട ഒഴിപ്പിക്കുന്നതിനോ മതില്‍ പൊളിക്കുന്നതിനോ എത്ര വേണമെങ്കിലും ഉത്തരവുകള്‍ ഇടാം. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ ആരെയും ദോഷകരമായി ബാധിക്കില്ല. ബാധിച്ചാല്‍ത്തന്നെ ദോഷത്തിന് പരിഹാരമുണ്ടാക്കാം. സിനിമ ഉള്‍പ്പെടെയുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ കോടതിക്ക് അതിസൂക്ഷ്മമായ അവധാനത ഉണ്ടാകണം. സമൂഹത്തിന് ലഭ്യമാകുന്ന വലിയ സംഭാവനയായിരിക്കും കോടതിയുടെ അലക്ഷ്യമായ ഇടപെടല്‍ നിമിത്തം നഷ്ടമാകുന്നത്.
കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ അനുഭവംകൂടി ഇതൊന്നിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മുപ്പതു കൊല്ലം മനോരമ ആഴ്ചപ്പതിപ്പില്‍ ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പരമ്പര വരച്ച ടോംസ് മനോരമയില്‍ നിന്ന് പിരിഞ്ഞതിനുശേഷം എവിടെയും ആ കഥാപാത്രങ്ങളെ ഉപയോഗിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കരുതെന്ന് വിലക്കുണ്ടായി. മലയാള മനോരമ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജില്ലാ ജഡ്ജി എ ഗോവിന്ദന്‍േറതായിരുന്നു എക്‌സ് പാര്‍ട്ടി ഉത്തരവ്. ഈ കേസില്‍ ടോംസിനുവേണ്ടി, അഥവാ ആ കുട്ടികള്‍ക്കുവേണ്ടി, ഹാജരാകുന്നതിനുള്ള അവസരം എനിക്കുണ്ടായി. പ്രസിദ്ധീകരണത്തെ സംബന്ധിച്ച നിബന്ധനകള്‍ക്കു വിധേയമായി ആ കഥാപാത്രങ്ങളെ ഉപയോഗിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള അനുവാദം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചു. ഒന്നും രണ്ടും വര്‍ഷമല്ല മുപ്പതു വര്‍ഷം ആ ഉത്തരവിന്റെ ബലത്തില്‍ ടോംസ് കാര്‍ട്ടൂണ്‍ വരച്ചു. ഗോവിന്ദന്റെ നിരുത്തരവാദപരമായ ഉത്തരവ് ടോംസിന്റെ സര്‍ഗാത്മകതയ്ക്ക് തടസമായിരുന്നെങ്കിലോ? എന്തു വലിയ നഷ്ടമാകുമായിരുന്നു കൈരളിക്ക് സംഭവിക്കുക? ഇതൊന്നും തിരിച്ചറിയുന്നതിനുള്ള പ്രാപ്തിയും ലോകജ്ഞാനവും നമ്മുടെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കില്ല. കോടതിയുടെ നേരല്ല സത്യത്തിന്റെ നേര്. ഈ തിരിച്ചറിവിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ജിത്തു ജോസഫിന്റെ നേരിനെ തളയ്ക്കാതിരുന്നത്.