എനിക്കും കിട്ടി 2,400

സെബാസ്റ്റ്യന്‍ പോള്‍

ചുള്ളിക്കാട് പറഞ്ഞതും മന്ത്രി മനസിലാക്കിയതും തമ്മില്‍ വലിയ അന്തരമുണ്ട്. കേരള സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആശാന്‍ കവിതയെക്കുറിച്ച് രണ്ടു മണിക്കൂര്‍ പ്രഭാഷണം നടത്തിയതിന് ലഭിച്ച 2,400 രൂപ വണ്ടിക്കൂലിക്ക് തികഞ്ഞില്ലെന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതി. ബാലചന്ദ്രനെപ്പോലെ കൊച്ചിയില്‍നിന്ന് തൃശൂരിലെത്തി ആശാന്‍ കവിതയേക്കാള്‍ സമകാലികമായി പ്രാധാന്യമുള്ള ഭരണഘടനയെക്കുറിച്ച് മുപ്പതു മിനിറ്റ് പ്രഭാഷണം നടത്തിയ എനിക്ക് ലഭിച്ചതും 2,400 രൂപയായിരുന്നു. ട്രഷറിയില്‍ ഉദ്യോഗസ്ഥനായിരുന്ന ബാലചന്ദ്രന് സര്‍ക്കാരിന്റെ കണക്ക് നന്നായി മനസ്സിലാകും. അതുകൊണ്ട് ബാലചന്ദ്രന്‍ ഉന്നയിക്കുന്ന പരാതിയില്‍ കണക്കറിയാത്ത ഞാനും പങ്ക് ചേരുന്നു. ഭരണഘടനയെ കുന്തവും കുടച്ചക്രവുമായി കാണുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി പരാതിക്ക് പരിഹാരമായി ബാലചന്ദ്രന് കൂട്ടിക്കൊടുത്തത് എനിക്ക് കൂടി ബാധകമാക്കാനിടയില്ല. അങ്ങനെയൊരു ആവശ്യം ഞാന്‍ ഉന്നയിക്കുന്നുമില്ല. കരയാത്ത കുട്ടിക്ക് പാല് തരണമെന്നില്ല.

സാഹിത്യ അക്കാദമിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ പ്രതിഫലമായി ഒന്നും വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ബാലചന്ദ്രന്‍. അദ്ദേഹത്തിന്റെ നട്ടെല്ലിന്റെ പ്രശ്‌നമാണത്.  സീരിയലില്‍നിന്നും ട്രഷറിയില്‍നിന്നും വരുമാനമുള്ളതുകൊണ്ട് അദ്ദേഹത്തിന് അത്തരം സ്വാതന്ത്ര്യപ്രഖ്യാപനങ്ങളാകാം. അതിന് പ്രാപ്തിയില്ലാത്തവര്‍ക്ക് യോഗാനന്തരം ലഭിക്കുന്ന കവര്‍ പ്രധാനപ്പെട്ടതാണ്. സ്വന്തം കാറില്‍ ഡ്രൈവറുമായി കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്നിരുന്ന സുകുമാര്‍ അഴീക്കോട് പ്രസംഗത്തിന് പ്രതിഫലം വാങ്ങുന്നതിനെ വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചിട്ടുണ്ട്. വാക്കിന്റെ മൂല്യവും വിടുവായത്തത്തിന്റെ മൂല്യവും തിരിച്ചറിയാവുന്ന സമൂഹം തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുന്നു. പെന്‍ഷന്‍ തുകയില്‍നിന്ന് പെട്രോള്‍ അടിച്ച് പ്രസംഗിക്കാന്‍ ചെല്ലണമെന്ന് ആരും അഴീക്കോടിനോട് ആവശ്യപ്പെട്ടില്ല. അഴീക്കോടിന്റെ അഭാവത്തില്‍ നഷ്ടബോധം അനുഭവിക്കുന്നവരാണ് മലയാളികള്‍.

അമേരിക്കയിലും യൂറോപ്പിലും പ്രസംഗം നല്ല നിലയില്‍ പ്രതിഫലമുള്ള പണിയാണ്. വര്‍ഷങ്ങള്‍കൊണ്ട് ആര്‍ജിക്കുന്ന അറിവാണ് ഒരാള്‍ ശ്രോതാക്കളുമായി പങ്ക് വയ്ക്കുന്നത്. സമയത്തിനും അധ്വാനത്തിനും മൂല്യമുണ്ട്. പ്രതിഫലം നല്‍കുന്നയാളിന്റെ ഇംഗിതത്തിനൊത്തല്ല പ്രസംഗിക്കുന്നത്. പ്രസംഗം വരുമാനമാര്‍ഗമാക്കിയവരെ പ്രയാസത്തിലാക്കിയ കാലമായിരുന്നു കൊവിഡ് വ്യാപനത്തിന്‍റേത്. ഓണ്‍ലൈന്‍ പ്രഭാഷണത്തിന്റെ കാലം വന്നപ്പോഴും കവര്‍ തിരിച്ചു വന്നില്ല. ജനങ്ങളെ കണാനിറങ്ങിയ മന്ത്രിമാര്‍ക്ക് സ്‌പെഷല്‍ ബത്ത അനുവദിക്കുമ്പോള്‍ ജനങ്ങളിലേക്കെത്തുന്ന പാവം പ്രഭാഷകരെ എന്തിനാണ് വിലയില്ലാത്തവരാക്കുന്നത്. സീരിയല്‍ നടനേക്കാള്‍ കവിക്ക് മൂല്യമുണ്ടെന്ന് നടനും കവിയുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുമ്പോള്‍ നാം അംഗീകരിക്കുക. പക്ഷേ കവിയെ കാണാന്‍ ആള്‍ക്കൂട്ടമുണ്ടാവില്ല; നടനെ കാണാന്‍ ആള്‍ക്കൂട്ടമുണ്ടാകും. കവിതയെക്കുറിച്ച് രണ്ടു മണിക്കൂര്‍ പ്രസംഗിച്ചാല്‍ കേള്‍ക്കാന്‍ ആളുണ്ടാവില്ല. മിമിക്രി രണ്ടു മണിക്കൂര്‍ നീണ്ടാലും മുഷിയില്ല.

സര്‍ക്കാരും അക്കാദമി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും പിശുക്ക് കാണിക്കുമ്പോള്‍ പണം പിരിച്ചും കടം പറഞ്ഞും പരിപാടി നടത്തുന്ന ചെറുപ്പക്കാര്‍ പ്രഭാഷകര്‍ക്ക് സാമാന്യം നന്നായി ചെലവുകാശ് നല്‍കാറുണ്ടെന്ന കാര്യവും ഓര്‍മിക്കുന്നു. അത് സച്ചിദാനന്ദനും അറിയാത്തതല്ല. പരിപാടി കഴിഞ്ഞ് വെറുംകൈയോടെ മടങ്ങുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പരിപാടി നടത്തുന്നവര്‍ക്കേ അതിന്റെ പങ്കപ്പാടറിയൂ.

സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അന്തസ്സോടെ പ്രവര്‍ത്തിക്കണം. കേരള മീഡിയ അക്കാദമിയുടെ സമീപനം ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. സച്ചിദാനന്ദനില്‍നിന്ന് വ്യത്യസ്തനാണ് ആര്‍ എസ് ബാബു. ക്ഷണിക്കുന്നവരോട് അന്തസായി പെരുമാറണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. സര്‍ക്കാരിന്റെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസ്ഥാപനങ്ങളാണ് അക്കാദമികള്‍. അക്കാദമിക്കെതിരെ ചുള്ളിക്കാടായാലും ശ്രീകുമാരന്‍ തമ്പിയായാലും പറയുന്നതിനോടെല്ലാം മന്ത്രി പ്രതികരിക്കണമെന്നില്ല. പരിപാടിക്ക് ക്ഷണിക്കപ്പെടുന്നയാള്‍ക്ക് പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കേണ്ട കാര്യമില്ല. അത് സര്‍ക്കാരിന്റെ വ്യക്തത ആവശ്യമില്ലാത്തവിധം അക്കാദമിയുടെ നയമാണ്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി