'ദുരന്തഭൂമിയില്‍ കല്ലെറിയുന്നവരോട്' ഞങ്ങളും മനുഷ്യരാണ്, ഇതാണ് ഞങ്ങളുടെ തൊഴില്‍

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന ഒരു വീഡിയോ ദൃശ്യമുണ്ട്. പ്രകൃതി താണ്ഡവമാടിയ കോട്ടയം കൂട്ടിക്കലിലെ പ്രളയബാധിത പ്രദേശത്ത് നിന്നും മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ദേഷ്യപ്പെടുന്ന ഗൃഹനാഥന്റെ വീഡിയോ ആണത്. മീഡിയാവണ്‍ ചാനലിന്റെ കോട്ടയം റിപ്പോര്‍ട്ടര്‍ തത്സമയ റിപ്പോട്ടിംഗിനിടെ പ്രളയത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രദേശത്ത് എത്തുകയായിരുന്നു. അവിടെ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പ്രതികരണം എടുക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഗൃഹനാഥനാകട്ടെ പ്രതികരിക്കാന്‍ തയ്യാറാകാതെ വരുന്നു, അതേസമയം ലൈവില്‍ തന്നെ റിപ്പോര്‍ട്ടര്‍ പറയുന്നു അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല എന്ന്. ഇതാണ് സമൂഹ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകരുടെ നെഞ്ചത്തു കേറാന്‍ ചിലര്‍ ഉപയോഗിക്കുന്നത്.

2018ലെ മഹാപ്രളയം റിപ്പോര്‍ട്ട് ചെയ്ത ഒരാളാണ് ഞാന്‍. രാപ്പകലില്ലാതെ ഏതാണ്ട് പത്തു ദിവസത്തിലേറെ പ്രളയത്തിന്റെ കെടുതികളും, ഭീകരതയും നേരില്‍കണ്ട സമയമായിരുന്നു അത്. സഹപ്രവര്‍ത്തകന്റെ വീട് വെള്ളം കയറി, വീട്ടുകാരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമ്പോഴും, അവധി പോലും ലഭിക്കാതെ തൊഴില്‍ മേഖലയായ മാധ്യമ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന ഒത്തിരി പേരുണ്ടായിരുന്നു അന്ന്. ഉള്ളില്‍ ആശങ്കയുമായി പ്രളയമേഖലയില്‍ അകപ്പെട്ടവരുടെ മുന്നില്‍ മൈക്ക് നീട്ടുമ്പോഴും, ക്യാമറ ചലിപ്പിക്കുമ്പോഴും പുറത്ത് അതൊന്നും കാണാറില്ല. അല്ലെങ്കില്‍ കാണിക്കാറില്ല.

വാര്‍ത്തകള്‍ തത്സമയമായതോടെയാണ് ഓരോ പ്രതികരണത്തിന്റെയും, വാര്‍ത്തയുടെയും ദുഷ്‌കരമായ വഴി ജനങ്ങള്‍ കണ്ടു തുടങ്ങിയത്. കുത്തിയൊലിക്കുന്ന മലവെള്ളത്തിനിടയിലും, ദുരിതം തീര്‍ത്ത അവശേഷിപ്പുകള്‍ക്കിടയിലും ഓരോ വാര്‍ത്തകളും തേടി, ദിവസങ്ങളോളവും, ആഴ്ചകളോളവും അലഞ്ഞ് തിരിയേണ്ടി വരുന്ന ഒരു സമൂഹമാണ് മാധ്യമ പ്രവര്‍ത്തകര്‍. കഴിഞ്ഞ പ്രളയകാലത്താണ് ആലപ്പുഴയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ തോണി മുങ്ങി മരണത്തിന്  കീഴടങ്ങിയത്. കോവിഡെന്ന മഹാമാരി സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിലേറെയായി തുടരുകയാണ്. ജീവന്‍ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരും, രോഗത്തെ അതിജീവിച്ചവരുമായവര്‍ നിരവധിപേര്‍. മഹാമാരിക്കിടയിലും നിതാന്ത ജാഗ്രതയോടെ പത്രപ്രവര്‍ത്തകര്‍ മുന്നണിപോരാളികളിലൊരാളായി ഉണ്ടായിരുന്നു.

വീട്ടില്‍ അച്ഛനെയും, അമ്മയെയും ഭാര്യയേയും മക്കളെയും സഹോദരങ്ങളെയും വിട്ട് ഇറങ്ങുമ്പോള്‍ എപ്പോള്‍ തിരിച്ചെത്താനാകുമെന്ന് പോലും പറയാനാകാത്ത തൊഴില്‍ മേഖലയാണിത്. ദുര്‍ഘടമായ എല്ലാ ഘട്ടങ്ങളിലും കരുത്താകുന്നത് ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ്. പല മാധ്യമ സ്ഥാപനങ്ങളിലും വേതനമെന്നത് തുച്ഛമെന്ന് പൊതുജനം അറിയണമെന്നില്ല. പലപ്പോഴും വൈകി വരുന്ന ശമ്പളം. ജോലിയുടെ അമിതഭാരം. കുടുംബകാര്യം. സംഘര്‍ഷഭരിതമായ മനസ്സിനൊപ്പമാണ് ഓരോ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊക്കെ മുന്നിലുള്ളപ്പോഴും ഇത്തരം കാര്യങ്ങളെ ആഘോഷമാക്കുന്ന ശീലം നല്ലതാണോ എന്ന് ഇനിയെങ്കിലും മലയാളി പരിശോധിക്കണം.

യുദ്ധഭൂമിയിലെ റിപ്പോര്‍ട്ടര്‍മാരാണ് മറ്റൊരു കൂട്ടര്‍. എത്രയെത്രപേര്‍ യുദ്ധഭീകരതയ്ക്ക് സ്വജീവന്‍ വരെ ബലിയര്‍പ്പിച്ച് മടങ്ങേണ്ടി വരുന്നു. ഏറ്റവുമൊടുവില്‍ ഡാനിഷ് സിദ്ദിഖിയെന്ന റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറും യുദ്ധത്തിനിടെ മരണത്തിന് കീഴടങ്ങിയതാണ്. ഇതൊക്കെ ജനങ്ങളിലെത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതിനിടെയുണ്ടാകുന്ന ചില ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാണിച്ച് ആഘോഷിക്കുകയെന്നത് ഈയിടെ തുടങ്ങിയ കാര്യമല്ല. ഭരണകൂടങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന പല സംഭവങ്ങളും വാര്‍ത്തയിലൂടെ പരിഹരിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യങ്ങളൊക്കെ ചിലപ്പോള്‍ മറന്നുപോകാറുണ്ട്. സ്‌നേഹത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ തരണമെന്നല്ല പറയുന്നത്, കല്ലെറിയാതിരുന്നൂടെ….

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം