ഇന്ന് ദിവ്യ; നാളെ ഞാൻ അല്ലെങ്കിൽ നീ

സെബാസ്റ്റ്യൻ പോൾ

പ്രാകൃതമായ അധമവാസനയുടെ ലജ്ജിപ്പിക്കുന്ന പ്രകടനമാണ് പി പി ദിവ്യയോടുള്ള സമീപനത്തിൽ കേരളസമൂഹവും ആ സമൂഹത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും നടത്തിയത്. കൂടത്തായി സയനൈഡ് കേസിലെ പ്രതി ജോളിയോടുണ്ടായ അനുകമ്പപോലും ഒരു എഡിഎമ്മിൻെറ കാരണമറിയാത്ത ആത്മഹത്യയെത്തുടർന്ന് വേട്ടയാടപ്പെടുന്ന ദിവ്യയോട് ആരും കാണിച്ചില്ല. യാത്രയയപ്പ് യോഗത്തിലെ എട്ടു മിനിറ്റ് നീണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൻെറ പ്രസംഗത്തിലെ പരാമർശം എഡിഎം എന്ന ഉന്നത ഉദ്യോഗസ്ഥനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചു എന്ന യുക്തിസഹമല്ലാത്ത ആരോപണം വിചാരണക്കോടതി മുതൽ സുപ്രീം കോടതി വരെയുള്ള ഘട്ടങ്ങളിൽ തകർന്ന് തരിപ്പണമാകുന്ന കാഴ്ച ഞാൻ ഇപ്പോൾത്തന്നെ മനസ്സിൽ കാണുന്നുണ്ട്. നാട്ടിലേക്കുള്ള വണ്ടിയിൽ കയറാതെ റെയിൽവേ സ്റ്റേഷനിലും പരിസരത്തും അസ്വസ്ഥത കാണിച്ച എഡിഎമ്മിന് സ്വന്തം വാസസ്ഥലത്ത് തിരിച്ചെത്തി ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി കാരണം കാണിച്ചുകൊണ്ട് ഒരു കുറിപ്പ് എഴുതിവയ്ക്കാമായിരുന്നു. ആത്മഹത്യയുടെ പൊതുവായ രീതി അതാണ്. മനംനൊന്ത് ആത്മഹത്യ ചെയ്തു എന്ന് എല്ലാവരും പ്രചരിപ്പിക്കുന്ന സംഭവത്തിൽ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ ആ കുറിപ്പ് സഹായകമാകുമായിരുന്നു. അതിൻെറ അഭാവത്തിൽ ദിവ്യയുടെ പ്രസംഗമാണ് നവീൻ ബാബുവിൻെറ ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന കെട്ടുകഥ ആരുടെ സൃഷ്ടിയാണ്?

കേസായാൽ പ്രതി വേണം. പ്രതിയാക്കുന്നതിന് പൊലീസ് ഒരാളെ കണ്ടെത്തും. അവിവേകത്തിൻെറ പ്രതീകമായ ആൾക്കൂട്ടവും ആൾക്കൂട്ടത്തിൻെറ ആരവവുമാണ് ദിവ്യയെ പ്രതിയാക്കിയത്. ആൾക്കൂട്ടത്തിൻെറ ആരവത്തിനും ആക്രോശത്തിനും ന്യായാധിപൻ വഴങ്ങിയാൽ എന്തു സംഭവിക്കുമെന്ന് രണ്ടായിരം വർഷം മുമ്പ് നാം കണ്ടതാണ്. ദിവ്യയുടെ ദർശനം ദിവ്യദർശനമായി കണ്ട് അവർക്കു പിന്നാലെ അഴിയുന്ന മുണ്ടുമായി ഓടുന്ന കോൺഗ്രസുകാരും ബിജെപിക്കാരും പ്രകടിപ്പിക്കുന്ന മനോവൈകൃതം വിശദീകരിക്കാൻ സിഗ്മണ്ട് ഫ്രോയിഡിൻെറ സെക്ഷ്വാലിറ്റി തിയറിയുടെ പുനർവായന വേണ്ടിവരും. ആ വികാരങ്ങളെ ഉലയൂതിപ്പെരുപ്പിക്കാൻ ക്യാമറയുമായി ജുഗ്പ്സാവഹമായി ഓടുന്ന ചാനലുകളും ന്യൂസ് റൂമുകളിലെ വിവേകവും വിവേചനബുദ്ധിയും ഇല്ലാത്ത ആങ്കർമാരും അറപ്പുളവാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചത്. ട്വന്റിഫോറിലെ പുരുഷനേക്കാൾ മനോരമയിലെ വനിതയാണ് ആവേശത്താലും വികാരത്താലും വിജ്രംഭിതയായത്. സാമ്പത്തികക്കുറ്റം ആരോപിച്ച് വ്യക്തിവൈരാഗ്യത്തിൻെറ പേരിൽ ദിവാൻ സർ സിപി രാമസ്വാമി അയ്യർ അറസ്റ്റ് ചെയ്ത് ഭക്തിവിലാസത്തിലെ പുല്ലുപറിക്കാൻ നിയോഗിക്കപ്പെട്ട മാമ്മൻ മാപ്പിളയുടെ പേര് സംവഹിക്കുന്ന മാമ്മൻ മാത്യു ചീഫ് എഡിറ്ററായുള്ള മനോരമയും അദ്ദേഹത്തിൻെറ നിയന്ത്രണത്തിലുള്ള ന്യൂസ് ചാനലും കുറ്റം ചുമത്തപ്പെടുന്ന തടവുകാരോട് അല്പം കാരുണ്യം കാണിക്കണം. അന്യഥാ ആ സ്ത്രീശരീരത്തിൽ സ്പർശിക്കാൻ കഴിയാത്ത കാമവെറിയരാണ് വ്യഭിചാരക്കുറ്റം ചുമത്തി ആ ശരീരത്തിൽ സ്പർശിക്കുന്നതിനുള്ള കല്ലുമായി യേശുവിനോട് ചോദ്യം ചോദിച്ചത്. അവരെ എപ്രകാരമാണ് യേശു നിരായുധരാക്കി മടക്കിയെന്നത് നാം ബൈബിളിൽ വായിക്കുന്നു.

ദിവ്യയുടെ പേരിലുള്ള പ്രേരണക്കുറ്റം ശരിവയ്ക്കപ്പെട്ടാൽ ആദ്യം അപകടത്തിലാകുന്നത് മാധ്യമങ്ങളാണ്. വാർത്തയിലെ പരാമർശം പ്രേരണയായി മാറാം. ലോഡ്ജിലെ അനാശാസ്യത്തിന് പിടിയിലായ തഹസിൽദാർ മനോരമയിലെ വാർത്ത വായിച്ച് ചകിതനായി നാട്ടിലേക്ക് മടങ്ങാതെ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും വിമർശിക്കേണ്ടിവരും. അത് ഉദ്യോഗസ്ഥർക്ക് അപകീർത്തിയാകുന്നില്ലെന്ന് ന്യൂയോർക് ടൈംസ് കേസിൽ യുഎസ് സുപ്രീം കോടതിയും നക്കീരൻ കേസിൽ ഇന്ത്യൻ സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. ദിവ്യ മുനവച്ച് സംസാരിച്ചപ്പോൾ എഡിഎമ്മിൻെറ ഉള്ളം തകർന്നെങ്കിൽ ഏതോ കുറ്റബോധം ആ ഉദ്യോഗസ്ഥനെ അലട്ടുന്നുണ്ടായിരുന്നു എന്ന് സംശയിച്ചുകൂടേ? കലക്ടറുടെ മൊഴിയിൽ ആ സൂചനയുണ്ട്. സാധ്യതകൾ പലതിന് സാധ്യതയുള്ളപ്പോൾ കാഴ്ചക്കാർ വിധിയാളരാകരുത്. അവസാനത്തെ കോടതിയുടെ അവസാനത്തെ വിധിയും പ്രസ്താവിക്കപ്പെട്ടതിനുശേഷവും സാധ്യതകൾ പൂർണമായി അടയുന്നില്ല. അതുകൊണ്ടാണ് രാജീവ് ഗാന്ധി വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനിയും കൂട്ടുപ്രതികളും ഇന്ന് സ്വതന്ത്രരായി കഴിയുന്നത്.

കുറ്റാരോപിതർക്ക് നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അവസരവും പൊലീസിൻെറ മൂന്നാം മുറയിൽനിന്ന് പരിരക്ഷയും നൽകുന്ന നിയമവ്യവസ്ഥയാണ് നമ്മുടേത്. നിശബ്ദത ചോദ്യം ചെയ്യപ്പെടുന്നയാളിൻെറ അവകാശമാണ്. പൊലീസിന് തൃപ്തികരമാകുന്ന മറുപടി നൽകിയില്ലെങ്കിൽ അന്വേഷണവുമായി പ്രതി നിസ്സഹകരിക്കുന്നുവെന്ന് പൊലീസിനു പറയാം; മാധ്യമങ്ങൾ പറയരുത്. പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പീഡനമുറ പ്രയോഗിക്കുന്നതിനുവേണ്ടിയാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഒരു പക്ഷേ നമ്മുടെ മജിസ്ട്രേട്ടുമാർക്ക് അതറിയില്ലായിരിക്കാം. മുൻകൂർ ജാമ്യം ഉൾപ്പെടെ നിയമത്തിൻെറ എല്ലാ പരിരക്ഷയും തേടുന്നതിനുള്ള അവകാശം കുറ്റാരോപിതർക്കുണ്ട്. ദിവ്യയ്ക്കും സിദ്ദിഖിനും അത് നിഷേധിക്കുന്ന മാധ്യമപ്രവർത്തകർ തങ്ങളുടെ മുതലാളിമാർ സമാനമായ അവസ്ഥയിൽ അകപ്പെട്ടാൽ എന്തു ചെയ്യുമെന്ന് ആലോചിക്കാൻ രസമുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അകപ്പെട്ടിരിക്കുന്ന മുതലാളിമാർ ചാനൽ ചർച്ചയിൽ വന്നിരുന്ന് പൊതുജനാഭിപ്രായം രൂപീകരിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. എന്തിനേറെ,​ മാധ്യമപ്രവർത്തകർതന്നെ പ്രതികളാകാമല്ലോ. പരിധിയും പരിമിതിയുമില്ലാത്ത അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളാണ് ഞാൻ. അതിൽനിന്ന് വേറിട്ട് ഒരു സ്വാതന്ത്ര്യത്തിനും നിലനിൽപില്ല. അങ്ങനെ ചിന്തയില്ലാത്തവരാണ് മാധ്യമപ്രവർത്തകർ. അതുകൊണ്ടാണ് കാതലായ മൗലികവിഷയങ്ങൾ മറന്നുകൊണ്ട് അവർ ദിവ്യയുടെ പിന്നാലെ പാത്തും പതുങ്ങിയും നിന്നത്. പണ്ട് സരിതയുടെ പിന്നാലെ കൂടുതൽ നാണംകെട്ട ഹൈവേ പാച്ചിൽ നടത്തിയവരാണ് സമ്മാനിതരും സമ്മാന്യരുമായ നമ്മുടെ മാധ്യമപ്രവർത്തകർ.

മാധ്യമങ്ങൾ തെളിക്കുന്ന വഴിയേ നടക്കുന്നില്ലെന്ന് അഭിമാനത്തോടെ അവകാശപ്പെടുന്ന പാർട്ടിയാണ് സിപിഎം. അടിസ്ഥാനമില്ലാത്ത അവകാശവാദമാണത്. തങ്ങളെ എതിർക്കുന്നുവെന്ന് അവർ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളുടെ അടിമയാണ് പാർട്ടി. കൂടെ നിൽക്കുന്നവരെ മാധ്യമങ്ങൾ അപകടത്തിലാക്കുമ്പോൾ നാവിനും നട്ടെല്ലിനും പാർട്ടി കരുത്ത് കാണിക്കണം. ഉപതിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ എ കെ ബാലനും എം ബി രാജേഷും മാധ്യമസമ്മർദ്ദത്തിനു വഴങ്ങി പൊതുജനാഭിപ്രായത്തിൻെറ കമ്പിളിക്കെട്ടിനുള്ളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ചാനൽ ചർച്ചകളിൽ പാർട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ഒരാളെ അയക്കാൻപോലും പാർട്ടിക്ക് കഴിയുന്നില്ല.

ദിവ്യ കുറ്റാരോപിത മാത്രമാണ്. എന്താണ് കുറ്റമെന്ന് ഇനിയും വ്യക്തമായിട്ടില്ല. നീചമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നവർപോലും ജയിൽ കവാടത്തിൽ അവരുടെ മൗലികാവകാശങ്ങൾ സമ്പൂർണമായും ജയിലറെ ഏൽപിക്കുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സും സ്വകാര്യതയും തടവുകാർക്കൊപ്പമുണ്ട്. അറസ്റ്റ് ചെയ്യുന്നയാളെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ട്. കാണികൾക്ക് കൂവിവിളിക്കുന്നതിനും കല്ലെറിയുന്നതിനുമുള്ള ഇരകളല്ല അവർ. മംഗളം ചാനലിൻെറ അധിപനായിരുന്ന അജിത്കുമാറിനെ അപകീർത്തികരമായ സംപ്രേഷണത്തിൻെറ പേരിൽ അറസ്റ്റ് ചെയ്ത് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ നിയമവാഴ്ചയുടെ സംരക്ഷകരായ അഭിഭാഷകർ കൂട്ടംകൂടിനിന്ന് കൂവുകയും അസഭ്യം പറയുകയും ചെയ്ത അനുഭവം നമ്മുടെ ഓർമയിലുണ്ട്. ഇന്ന് ദിവ്യയെങ്കിൽ നാളെ ഞാൻ അല്ലെങ്കിൽ നീ. പറയുകയും എഴുതുകയും ചെയ്യുന്ന എല്ലാവർക്കും ദിവ്യ അനുഭവപാഠമാകണം. സംസാരിക്കുന്നവർ മാത്രമല്ല,​ സംസാരത്തെ പ്രാകൃതമായി നേരിടുന്ന സമൂഹവും അല്പംകൂടി സംസ്കൃതചിത്തമാകേണ്ടിയിരിക്കുന്നു.

Latest Stories

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി