സെബാസ്റ്റ്യൻ പോൾ
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ തിരഞ്ഞെടുപ്പ്കാല പ്രവർത്തനത്തെക്കുറിച്ച് രണ്ട് ഹൈക്കോടതികൾ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. സ്ഥാനാർത്ഥിയായ തോമസ് ഐസക്കിന് ഈഡിയുടെ ശല്യപ്പെടുത്തലിൽനിന്ന് തിരഞ്ഞെടുപ്പ് കഴിയുംവരെ കേരള ഹൈക്കോടതി മുക്തി നൽകി. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ പ്രവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് നല്ല ബോധവും അവബോധവും ഉള്ള ആളാണ് താനെന്ന് ജസ്റ്റിസ് ടി ആർ രവി തെളിയിച്ചു. വർത്തമാനത്തിൽ മുന്നിലും പ്രവൃത്തിയിൽ പിന്നിലുമാണ് നമ്മുടെ മിക്ക ജഡ്ജിമാരും. കിഫ്ബി മസാല ബോണ്ട് വിനിമയം സംബന്ധിച്ച അന്വേഷണത്തിൻെറ ഭാഗമായി ചോദ്യം ചെയ്യാൻ ഈഡി നിരന്തരം സമൻസ് അയക്കുന്നതിനെതിരെ തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രവിയുടെ ഉത്തരവുണ്ടായത്. ഒരു മാസം തികച്ചില്ലാത്ത തിരഞ്ഞെടുപ്പിൻെറ ഈ വേളയിൽ സ്ഥാനാർത്ഥിയെ ശല്യം ചെയ്യുന്നത് അനുചിതമാണെന്ന് പറയാനുള്ള ധൈര്യം ജസ്റ്റിസ് രവിക്കുണ്ടായി. അത്യപൂർവമാണ് പ്രതീക്ഷാനിർഭരമായ ഇത്തരം സന്ദർഭങ്ങൾ. തിരഞ്ഞെടുപ്പിൽ കോടതിക്കെന്തു കാര്യം എന്ന പ്രത്യക്ഷത്തിൽ നിർദ്ദോഷമായ ചോദ്യത്തിൻെറ മറവിൽ കൈ കഴുകുന്നവരാണ് മിക്ക ജഡ്ജിമാരും.
ജസ്റ്റിസ് രവി ഈഡിക്ക് ചില വിലപ്പെട്ട പാഠങ്ങൾ നൽകുമ്പോൾത്തന്നെയാണ് ഡൽഹി ഹൈക്കോടതി ഈഡിയുടെ നിലപാടുകൾ പൂർണമായി ശരിവച്ചുകൊണ്ട് അരവിന്ദ് കേജരിവാളിൻെറ ഹർജി തള്ളിയത്. പിഎംഎൽഎ നിയമമനുസരിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടത്തിയ അറസ്റ്റിൽ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നുവെങ്കിൽ അംഗീകരിക്കാമായിരുന്നു. പക്ഷേ ജസ്റ്റിസ് സ്വർണ കാന്ത ശർമ അതിനപ്പുറം കടന്ന് ഏതാണ്ട് അന്തിമവിധിക്ക് സമാനമായ ഉത്തരവ് കേജരിവാളിൻെറ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് നൽകി. സെഷൻസിൽ നടക്കാനിരിക്കുന്ന വിചാരണപോലും ഈ ഉത്തരവോടെ അപ്രസക്തമായിക്കഴിഞ്ഞു. മദ്യനയം ഉൾപ്പെടെ ഏതു നയവും രൂപീകരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട്. അത് ഈഡിയുടെ അന്വേഷണവിഷയമല്ല. കൈകാര്യം ചെയ്യുന്ന വിഷയം ഭരണഘടനയിലെ വിഷയവിഭജനത്തിന് അനുസൃതമായി സംസ്ഥാനവിഷയം ആയിരിക്കണം എന്നു മാത്രം. കേരളത്തിലും മദ്യനയം ചർച്ചയ്ക്കും വിവാദത്തിനും കാരണമായിട്ടുണ്ട്. പക്ഷേ ഈഡി ഉമ്മൻ ചാണ്ടിയെ തേടി വന്നില്ല. നയരൂപീകരണത്തിന് പ്രത്യുപകാരമായി അരവിന്ദ് കേജരിവാൾ പണം വാങ്ങിയെന്ന ആക്ഷേപം ഈഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. തൊണ്ടിയുമില്ല; ദൃക്സാക്ഷിയുമില്ല. ആകെയുള്ളത് മാപ്പുസാക്ഷികളാണ്. അറസ്റ്റിന് തെളിവ് ആവശ്യമില്ലെന്നും പ്രതിഫലം പറ്റിയ മാപ്പുസാക്ഷികളുടെ മൊഴി കേസിന് അടിസ്ഥാനമായി നിൽക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേൾക്കേണ്ടവർ അത് കേൾക്കുന്നുണ്ടെന്ന് സ്വർണ കാന്ത ശർമയ്ക്ക് സമാശ്വസിക്കാം. എല്ലാറ്റിനും പ്രതിഫലം ഉണ്ടെന്ന കാര്യവും അദ്ദേഹത്തിന് ഓർത്തിരിക്കാം.
കേരളത്തിലെ മസാല ബോണ്ടായാലും ഡൽഹിയിലെ മദ്യനയത്തിലെ പണം കൈമാറ്റമായാലും അടുത്ത കാലത്ത് സംഭവിച്ചതോ അടിയന്തരനടപടി ആവശ്യമുള്ളതോ ആയ വിഷയങ്ങളല്ല. രണ്ടു വർഷം മുൻപ് സിബിഐ രജിസ്റ്റർ ചെയ്തതും അവർക്ക് ഒരു എത്തും പിടിയും കിട്ടാതെ കിടന്നിരുന്നതുമായ കേസാണ് ഇപ്പോൾ ഈഡിക്ക് കൈമാറിക്കിട്ടിയിരിക്കുന്നത്. ഈഡിക്ക് ആരെയും അറസ്റ്റ് ചെയ്യാം. അങ്ങനെയാണ് കേജരിവാൾ അറസ്റ്റിലായത്. പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ അമരക്കാരൻ ജയിലിലാകുന്നത് പാകിസ്ഥാനിൽ കണ്ടും കേട്ടും പരിചയമുള്ള കാര്യമാണ്. അവിടെ ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പടുത്തപ്പോൾ ജയിലിലായി. അദ്ദേഹത്തിൻെറ പാർട്ടിക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. പാകിസ്ഥാനോട് വിയോജിപ്പുള്ള നരേന്ദ്ര മോദി പൊടുന്നനെ പാകിസ്ഥാൻെറ അനുകർത്താവായി. ആദ്യം രാജ്യം പാകിസ്ഥാൻ മോഡലിൽ മതറിപ്പബ്ളിക്കായി. പിന്നെ അവർ പൗരത്വത്തിന് മതം അടിസ്ഥാനഘടകമാക്കി. ഇപ്പോൾ സ്ഥാനാർത്ഥികളെയും പ്രതിപക്ഷത്തെയും ജയിലിലാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുന്നു. പാർട്ടി ഫണ്ട് അടിച്ചുമാറ്റി പ്രതിപക്ഷത്തെ നിശ്ചേതനമാക്കുന്ന കലാപരിപാടിയുമുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങളിൽനിന്ന് രക്ഷിച്ച് തിരഞ്ഞെടുപ്പ് സംശുദ്ധവും ഭയരഹിതവും നീതിപൂർവകവുമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം കോടതിക്കുണ്ട്. അത് നിറവേറ്റുകയാണ് ജസ്റ്റിസ് രവി ചെയ്തത്. ■