ഉക്രൈന്‍: വന്‍ശക്തികളുടെ കളിക്ക് പിന്നില്‍

റഷ്യന്‍ സൈന്യം ഇന്ന് ഉക്രൈയിനിലേക്ക് ഇരച്ചു കയറിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. 2001- ല്‍ വേള്‍ഡ് ട്രേഡ് സെന്റര് ആക്രമണത്തിന് ശേഷം താലിബാനെ തുടച്ചു നീക്കാന്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാൻ ആക്രമിച്ചതായിരുന്നു ഈ നൂറ്റാണ്ടിലെ ആദ്യത്തെ സമഗ്രമായ സൈനിക നീക്കം. എന്നാല്‍ ഭീകരതക്കെതിരായ ആക്രമണം എന്ന് അമേരിക്ക പേരിട്ടു വിളിച്ച ആ സൈനികനീക്കത്തെ ഇന്നത്തെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോട് ഒരിക്കലും താരതമ്യപ്പെടുത്തുക വയ്യ.

1922 മുതല്‍ 1991 ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെടുന്നത് വരെ ഉക്രൈന്‍ സോഷ്യലിസ്റ്റ് റിപ്പബ്‌ളിക് എന്ന രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗം തന്നെയായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ശാഖയായ ഉക്രൈനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇവിടെ ഭരണം നടത്തിക്കൊണ്ടിരുന്നത്. 1991- ലെ സോവിയറ്റ് ശിഥിലീകരണത്തിന് ശേഷം ഉക്രൈന്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി മാറി. ആ സമയത്ത് അന്നത്തെ സോവിയറ്റ് യൂണിയന്റെ കൈയിലുണ്ടായിരുന്ന ആണവായുധങ്ങളുടെ 30 ശതമാനവും ഉക്രൈനിന്റെ കൈവശമായിരുന്നു. അമേരിക്ക നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ 1994-ല്‍ ബുഡാപെസ്റ്റ് മെമ്മോറാണ്ടം ഓഫ് സെക്യൂരിറ്റി അഷ്വറന്‍സ് എന്ന കരാറില്‍ ഉക്രൈന്‍ ഒപ്പ് വെയ്കുകയും, അതോടെ തങ്ങളുടെ കൈയിലിരുന്ന ആണവായുധങ്ങള്‍ പകുതിയിലേറെ നശിപ്പിക്കാനും ബാക്കിയുള്ള റഷ്യക്ക് കൈമാറാനും  തീരുമാനിച്ചു. ഇതാണ് ഉക്രൈനിപ്പോള്‍ തിരിച്ചടിയായതെന്ന് വിശ്വസിക്കുന്ന അന്താരാഷ്ട്ര വിദഗ്ധരുമുണ്ട്.

1992 മുതല്‍ ഉക്രൈന്‍ അമേരിക്കയ്ക്ക് കീഴിലുള്ള നോര്‍ത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍ റഷ്യ ഇതിനെ അതിശക്തമായി എതിര്‍ത്തു. നാറ്റോയില്‍ അംഗമായാല്‍ തങ്ങളുടെ തൊട്ടടുത്ത് കിടക്കുന്ന ഉക്രൈന്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും സഖ്യ കക്ഷിയാകും ഇത് റഷ്യയുടെ സൈനിക സാമ്പത്തിക താത്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന നിലപാടാണ് അവര്‍ തുടക്കം മുതല്‍ കൈക്കൊള്ളുന്നത്.

കരിങ്കടല്‍ തീരത്തുള്ള ഉക്രൈനിന്റെ ഭാഗം തന്നെയായിരുന്ന ക്രീമിയയെ 2014 ല്‍ റഷ്യ ബലമായി തങ്ങളോട് കൂട്ടിച്ചേര്‍ത്തു. ഉക്രൈനിന്റെ ചുറ്റമുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം അമേരിക്കയുടെയും നാറ്റോയുടെയും സൈനിക സാന്നിദ്ധ്യമുണ്ട്. അത് കൊണ്ട് വലിയ രാജ്യമായ ഉക്രൈന്‍ കൂടി നാറ്റോയില്‍ അംഗമായാല്‍ അമേരിക്കയുടെയും നാറ്റോയുടെയും സൈന്യം റഷ്യന്‍ അതിര്‍ത്തി വരെ എത്തും. അത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ ജി ബി യിലെ  ലഫ്റ്റനന്‍് കേണല്‍ പദവയില്‍ നിന്ന് വിരമിച്ച റഷ്യന്‍ പ്രസിഡന്‍് വ്‌ളാദിമിര്‍ പുടിന്‍.

2008-ല്‍ ഉക്രൈന്‍ നാറ്റോയില്‍ അംഗമാകുന്നതിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും അവിടെ റഷ്യന്‍ അനുകൂലിയായ വിക്ടര്‍ യനുക്കോവിച്ചിനെ പ്രസിഡന്റായി വാഴിച്ച് കൊണ്ട് റഷ്യ ആ നീക്കത്തിന് തടയിട്ടു. 1999 മുതല്‍ ഈ നിമിഷം വരെ റഷ്യയില്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായുമൊക്കെ ഭരിച്ചിരുന്നത് വ്‌ളാദിമിര്‍ പുട്ടിന്‍ തന്നെയായിരുന്നു. 2014 ല്‍ ക്രീമിയയെ പൂര്‍ണമായി കൈക്കലാക്കിയതോടെ പുടിന്‍, ഉക്രൈനെതിരെ തിരിഞ്ഞ് തുടങ്ങിയിരുന്നു. 2017 മുതല്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കി.മീ അകലെ വരെ റഷ്യന്‍ സൈന്യം നിലയുറപ്പിക്കുകയും കര- വ്യോമ മിസൈല്‍ സംവിധാനങ്ങളും സംയോജിത മിസൈല്‍ സിസ്റ്റവും തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നു.

അതോടൊപ്പം ഉക്രൈനിന്റെ കിഴക്കന്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന റഷ്യന്‍ വിമതരെ സൈനികപരമായി റഷ്യ സഹായിക്കുകയും ചെയ്തു. റഷ്യന്‍ വംശജര്‍ ഉക്രൈനിലെ പ്രബല ന്യൂനപക്ഷമാണ്. ഇവര്‍ ഉള്‍പ്പെടുന്ന റഷ്യന്‍ വിമതര്‍ ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും രണ്ട് പ്രധാന നഗരങ്ങള്‍ കീഴടക്കുകയും ചെയ്തു. റഷ്യന്‍ വിമതര്‍ക്കെതിരെ നീങ്ങുന്നതില്‍ ഉക്രൈന്‍ ഭരണകൂടം പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉക്രൈന്‍ ഏത് സഖ്യത്തില്‍ ചേരും എന്ന് തങ്ങള്‍ തീരുമാനിക്കുമെന്നാണ് റഷ്യ പറയുന്നത്. ഉക്രൈന്‍ നാറ്റോ സഖ്യത്തില്‍ ചേര്‍ന്നാല്‍ നാറ്റോയുടെ സൈന്യം റഷ്യന്‍ അതിര്‍ത്തികളില്‍ എത്തും, അത് കൊണ്ട് തന്നെ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നിന്നും മുന്നോട്ട് നീങ്ങില്ലെന്ന കരാര്‍ നാറ്റോ, റഷ്യയുമായി ഉണ്ടാക്കണമെന്നും പുടിന്‍ വാദിക്കുന്നു. നാറ്റോയില്‍ ചേരാനുള്ള ഉക്രൈന്റെ നീക്കമാണ് റഷ്യയെ ചൊടിപ്പിച്ചതെന്ന് വ്യക്തം.

എന്നാല്‍ ഇതില്‍ അമേരിക്ക കളിക്കുന്ന കളി വേറെയാണ്. ഉക്രൈയിനുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക മനഃപൂര്‍വം ശ്രമിക്കാത്തതാണെന്നാണ് പലരും വിശ്വസിക്കുന്നത്. അതിന് കാരണവുമുണ്ട്. 1200 കി മീ ദൂരത്തില്‍ ബാള്‍ട്ടിക്ക് കടലിനടിയിലൂടെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും, ജര്‍മ്മനിയിലെ ലുബ്മിന്‍ വരെ നീളുന്ന ഗ്യാസ് പൈപ്പ് ലൈനിന്റെ നിര്‍മ്മാണം കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതോടെ യൂറോപ്പിലെ പ്രകൃതിവാതക വിതരണത്തില്‍ റഷ്യയ്ക്ക് മുന്‍കൈ ഉണ്ടാകുന്ന നിലയാണ് ഇപ്പോഴുള്ളത്. ഇതിനെ തടയിടാനുള്ള ഒരു സുവര്‍ണാവസരമായി അമേരിക്ക റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ കാണുന്നു. ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്ക്ക് എതിരെ അന്താരാഷ്ട്ര ഉപരോധം ഉണ്ടായാല്‍ റഷ്യയ്ക്ക് പിന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രൃകൃതിവാതകവും ഇന്ധനവും വില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഈ മേഖലയിലുള്ള തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കാന്‍ കഴിയുമെന്നും അമേരിക്ക കരുതുന്നു.

ഉക്രൈനില്‍ നാറ്റോ മേധാവിത്വം വന്നാല്‍ അവര്‍ ഈ പൈപ്പ് ലൈനിനെ അട്ടിമറിച്ചേക്കാമെന്ന ഭയവും റഷ്യയ്ക്കുണ്ട്. ചുരുക്കത്തില്‍ റഷ്യയുടെയും അമേരിക്കയുടെ സൈനിക സാമ്പത്തക താത്പര്യങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍   ഉക്രൈന്‍ എന്ന മനോഹര രാജ്യത്തെ യുദ്ധക്കെടുതിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി