പ്രിയ പി ശ്രീനിവാസന്‍
’60 സെന്റ് സ്ഥലത്ത് ജിയോ ടാഗ് ചെയ്ത 100 മരങ്ങളാണുള്ളത്. തടി വെട്ടലില്ല. പകരം ശിഖരം കോതി കൊടുക്കും.’ മരം വെട്ടാതെ തന്നെ വര്‍ഷം 5000 രൂപ വരുമാനം ലഭിച്ച സന്തോഷത്തിലാണ് മീനങ്ങാടി കണിയാംകുന്ന് സ്വദേശി മിനി ബാലരാമന്‍ . കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ രാജ്യാന്തര ശ്രദ്ധ നേടിയ വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലെ ട്രീ ബാങ്കിംഗ് ഗുണഭോക്താവാണ് മിനി. മിനിയെപ്പോല പരിസ്ഥിതി സംരക്ഷണത്തിലൂടെ അധിക വരുമാനം നേടുന്ന നൂറുകണക്കിന് കര്‍ഷകരുണ്ട് മീനങ്ങാടി പഞ്ചായത്തില്‍.
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ട്രീ ബാങ്കിംഗ് ആവിഷ്‌ക്കരിച്ചത്. മീനങ്ങാടി മോഡല്‍ എന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മീനങ്ങാടിയില്‍ നിന്ന് അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനവും സ്വാംശീകരണവും തുല്യമാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയ്ക്കായി കഴിഞ്ഞ ഭരണ സമിതി ഏറ്റെടുത്ത നയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോവുകയാണ് പുതിയ ഭരണസമിതി. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി തുടക്കമിട്ട പദ്ധതി 19 വാര്‍ഡുകളിലും വ്യാപിപ്പിക്കും. 9, 11, 13, 14 വാര്‍ഡുകളെ കോര്‍ത്തിണക്കി ജൈവ ഇടനാഴി നിര്‍മ്മിക്കും. സമ്പൂര്‍ണ്ണ സോളാര്‍ പഞ്ചായത്താകാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിലെ കാര്‍ബണ്‍ തുലനം എങ്ങനെ സാധിക്കുമെന്നറിയാന്‍ നിരവധി പഠനങ്ങളാണ് നടത്തിയത്. മാലിന്യനിര്‍മാര്‍ജനം, ഗതാഗതം, ഊര്‍ജ ഉപഭോഗം, ഭൂവിനിയോഗം എന്നിവ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കി. എല്ലാ വാര്‍ഡുകളിലെയും മണ്ണിലെ കാര്‍ബണ്‍ അളവ് പരിശോധിച്ചു. പഞ്ചായത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം 33375 ടണ്‍ വരുമെന്ന് കണ്ടെത്തിയിരുന്നു. ഓരോ വീടുകളിലെയും വൈദ്യുതി ഉപഭോഗം, വാഹനങ്ങളുടെ എണ്ണം എന്നിവ വിശകലനം നടത്തി. കാലഹരണപ്പെട്ട വൈദ്യുതി ബള്‍ബുകള്‍ മാറ്റി എല്‍ ഇ ഡി സംവിധാനമൊരുക്കി. മാലിന്യസംസ്‌കരണം കുറ്റമറ്റതാക്കി.
ഭൂമിക്കൊരു ഹരിത കവചം
2016 ജൂണ്‍ അഞ്ചിനാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ കാര്‍ബണ്‍ ന്യൂട്രല്‍ അഥവാ കാര്‍ബണ്‍ തുലിതമാക്കുക എന്ന വേറിട്ട ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ ആദ്യത്തേതായിരുന്നു ട്രീ ബാങ്കിംഗ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിര്‍വീര്യമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് മരങ്ങള്‍ നടുക എന്നത്. തണല്‍ എന്ന പരിസ്ഥിതി സംഘടനയെയാണ് സാങ്കേതിക പിന്തുണ നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
‘വെറും മൂന്ന് മരങ്ങള്‍ മാത്രമുള്ള ഗുണഭോക്താക്കള്‍ വരെ പദ്ധതിയുടെ ഭാഗമായി ചേര്‍ന്നിട്ടുണ്ട്. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പരിസ്ഥിതി യോടുള്ള ആഭിമുഖ്യമാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന്’ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ടോമി പറഞ്ഞു. 2018ലാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ട്രീ ബാങ്കിങ്ങ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം 1.75 ലക്ഷം തൈകള്‍ നട്ടു. രണ്ടരലക്ഷം മരങ്ങള്‍ നട്ടാലേ കാര്‍ബണ്‍ നിര്‍വീര്യമാക്കാന്‍ കഴിയൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മരം നടാന്‍ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതാണ് പദ്ധതി. നടാനുള്ള തൈകള്‍ പഞ്ചായത്ത് നല്‍കും. മഹാഗണി, വെള്ളമരുത്, വേപ്പ്, ഐനി, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് വിതരണം ചെയ്യുന്നത്. മരം ഒന്നിന് 50 രൂപ വര്‍ഷംതോറും വായ്പ നല്‍കും. സംസ്ഥാനസര്‍ക്കാര്‍ 2018ല്‍ അനുവദിച്ച പത്ത് കോടി രൂപയും പലിശയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുവര്‍ഷം പൂര്‍ത്തിയായ മരങ്ങള്‍ക്ക് ജിയോടാഗ് നല്‍കും. മരം വെട്ടുന്നുണ്ടെങ്കില്‍ അക്കാലത്ത് ‘മുതല്‍’ തിരിച്ചടച്ചാല്‍ മതിയാവും. പലിശ പഞ്ചായത്താണ് വഹിക്കുക.
പത്ത് വര്‍ഷത്തേക്കാണ് മരത്തിന് പണം നല്‍കുക. സ്വന്തമായുള്ള ഒരേക്കര്‍ മുഴുവന്‍ കാര്‍ഷിക വിളകള്‍ക്കിടയില്‍ മരങ്ങള്‍ നടാന്‍ തയ്യാറാണെന്നാണ് ചൂതുപാറ സ്വദേശി പി.കെ മാധവന്‍ പറയുന്നത്. ‘കൃഷിയാണ് വരുമാന മാര്‍ഗ്ഗം. മറ്റു വിളകള്‍ക്ക് വെയില്‍ കിട്ടാന്‍ പാകത്തില്‍ കമ്പുകള്‍ വെട്ടി നിര്‍ത്തും. ഇപ്പോ 84 വയസ്സുണ്ടെനിക്ക്. എന്റെ 14-ാം വയസ്സില്‍ തൊടുപുഴയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് കാര്‍ന്നോമ്മാര് . ആദ്യം നെല്ലും കപ്പയുമായിരുന്നു. ഇപ്പോ കാപ്പിയും കവുങ്ങും കൊടിയുമെല്ലാമുണ്ട്. മരങ്ങള്‍ ഏറെ നട്ടതോടെ പെരയ്ക്കാത്ത് ഫാന്‍ വേണ്ട, നല്ലോണം കാറ്റ് കിട്ടും – മാധവന്‍ പറയുന്നു.
മരങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കാര്‍ബണ്‍ സ്വാംശീകരണത്തിന്റെ തോതില്‍ വലിയ മാറ്റമുണ്ടായെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും തണല്‍ പ്രതിനിധിയുമായ എസ്. ഉഷ പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് തുമ്പൂര്‍ മുഴി മോഡല്‍ ഉറവിട മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ വിതരണം ചെയ്തു.പ്ലാസ്റ്റിക് മാലിന്യം ഷ്രെഡ് ചെയ്ത് ടാറില്‍ ചേര്‍ത്ത് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കും.
ഇനി കാര്‍ബണ്‍ ന്യൂട്രല്‍ കോഫിയുടെ വരവാണ്
കാപ്പിക്ക് പേരു കേട്ട വയനാടന്‍ മേഖല കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ഏറെ കേമനായ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ കാപ്പി കര്‍ഷകര്‍. ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയാണ് ബ്രഹ്‌മഗിരി വയനാട് കോഫിയെന്ന പേരില്‍ വയനാടിന്റെ തനത് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പുറത്തിറക്കുക.
പദ്ധതിയുടെ ഭാഗമായി പാതിരിപ്പാലത്ത് പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണെന്ന് ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍ ജുബുനു പറഞ്ഞു. ഒരു പ്രദേശം കാര്‍ബണ്‍ ന്യൂട്രല്‍ ആവുക എന്നത് അവിടെ മികച്ച ജീവിത നിലവാരം സൃഷ്ടിക്കപ്പെടുക എന്നതാണെന്ന് വരും ദിനങ്ങളില്‍ മീനങ്ങാടി സാക്ഷ്യപ്പെടുത്തും. കാര്‍ബണ്‍ ന്യൂട്രല്‍ കോഫി കൂടാതെ പഴങ്ങളും പച്ചക്കറികളും മീനങ്ങാടിയില്‍ നിന്നും രാജ്യാന്തര വിപണിയിലേയ്‌ക്കെത്തുന്ന കാലം വിദൂരമല്ല.