കാലാവസ്ഥാ വ്യതിയാനം: പൊതുഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെന്ത്?

കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ അപായസാധ്യതകൾ ഭൂമിയേയും മനുഷ്യരാശിയെയും ഒന്നാകെ പൊതിയുന്നൊരു കാലമാണിത്. വിഭവങ്ങളുടെയും വിഭവസ്രോതസ്സുകളുടെയും യുക്തിസഹവും സുസ്ഥിരവുമായ വിനിയോഗവും പുനരുത്പാദനപരമായ പ്രാകൃതിക ചാക്രികതയോട് ചേർന്നുനിൽക്കലും ഈ പ്രശ്നത്തെ നേരിടുന്നതിൽ ഏറെ നിർണ്ണായകമാണ്. പൊതു വിഭവ സ്രോതസ്സുകളും വിഭവങ്ങളും ഇതിന്റെ വലിയൊരു ഭാഗമാണ്.പൊതു ഭൂമി (Land commons) എന്നത് ഇത്തരത്തിൽ നിർണ്ണായകമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകേണ്ട ഒന്നാണ്. വനം, മേച്ചിൽപ്പുറങ്ങൾ, കാർഷികേതര ഭൂമി എന്നിവ എല്ലാം ഈ പൊതു ഭൂമി എന്നതിന് കീഴിൽ വരുന്നു. സുപ്രധാനമായ പാരിസ്ഥിതിക മൂല്യമുള്ളതും ആഗോളതലത്തിൽ ശതകോടിക്കണക്കിനു മനുഷ്യരുടെ ഉപജീവനോപാധിയുമാണ് ഇത്.

ഇന്ത്യയിലെ പൊതു ഭൂമിയുടെ സംരക്ഷണവും സുസ്ഥിരമായ നിലനിൽപ്പും വിനിയോഗവും ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് Commons Convening 2024 എന്ന പരിപാടി Common Ground, Foundation for Ecological Security (FES), Landstack, Tata Institute of Social Sciences (TISS) Mumbai, United Nations Development Programme (UNDP) India എന്നീ സംഘടനകൾ ചേർന്ന് 2023 ആഗസ്റ്റ് 27 മുതൽ 29 വരെ ഡൽഹിയിലെ ഡോക്ടർ അംബേദ്ക്കർ ഇന്റർനാഷണൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഇരുപതിലേറെ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. പ്രാദേശിക ജനസമൂഹങ്ങളിൽ നിന്നുള്ളവർ, നയരൂപകർത്താക്കൾ, വിദ്യാഭ്യാസ പണ്ഡിതർ, പൗര സമൂഹ സംഘടനകൾ , മാധ്യമ പ്രവർത്തകർ, വ്യാപാര സമൂഹത്തിൽ നിന്നുള്ളവർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ തട്ടിലുള്ള ഗുണഭോക്താക്കൾ പരിപാടിയെ സമ്പന്നമാക്കി.

പൊതു ഭൂമിയുടെ സാമ്പത്തിക മൂല്യം കണക്കാക്കുക എന്നത് വളരെ നിർണ്ണായകമാണ്. മൂല്യ കൈമാറ്റ രീതി (value transfer method) ഇത്തരത്തിലുള്ള മൂല്യം കണക്കാക്കുന്നു. ഈ രീതിയിൽ, പൊതു ഭൂമിയിൽ നിന്നും ലഭിക്കുന്ന വരുമാനം, അവയുടെ സാമൂഹ്യ,സാമ്പത്തിക അനന്തര ഫലങ്ങൾ എന്നിവയെല്ലാം കണക്കിലെടുക്കുന്നു. ഗ്രാമീണ സമൂഹങ്ങളെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും നിലനിർത്തുന്നതിൽ പൊതു ഭൂമിക്കുള്ള പങ്കിനെത്തന്നെയാണ് ഈ രീതി വാസ്തവത്തിൽ അംഗീകരിക്കുന്നത്.

പരിസ്ഥിതിയുമായുള്ള പാരസ്പര്യത്തിലൂന്നിയ മനുഷ്യരുടെ സാമൂഹ്യജീവിതത്തിൽ പൊതുഭൂമി വഹിക്കുന്ന പങ്കിന്റെ പ്രകടമായ സാക്ഷ്യങ്ങൾ നമുക്കിതിൽ അളക്കാനാവും. ഇന്ധനം, കാലിത്തീറ്റ,വെള്ളം എന്നീ അവശ്യവിഭവങ്ങൾ നൽകിക്കൊണ്ട് പൊതുഭൂമി ഗ്രാമീണ കുടുംബങ്ങളുടെ വരുമാനമാർഗമാകുന്നു. മൂല്യ കൈമാറ്റ രീതിയിലൂടെ ഇതിന്റെ സാമ്പത്തിക ഘടകങ്ങൾ കണക്കാക്കുന്നുണ്ട്. ഇത്തരത്തിൽ സമൂഹത്തിന്റെ നിലനില്പിനെത്തന്നെ പല മട്ടിൽ സ്വാധീനിക്കുന്ന പൊതു ഭൂമിയുടെ സുസ്ഥിരമായ നിലനിൽപ്പും കൈകാര്യവും ഉറപ്പുവരുത്തുന്നതിനും അതിനെ സംരക്ഷിക്കുന്നതിനും വേണ്ട നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. അവയുടെ ഗുണപരവും അളവുപരവുമായ മൂല്യം കണക്കാക്കുന്നത് നയതീരുമാനങ്ങളെടുക്കുന്നതിൽ നിർണ്ണായകമാണ്.

എന്താണ് പൊതുഭൂമി എന്നതിലെ വ്യക്തത വളരെ പ്രധാനമാണ്. ഒരു സമൂഹത്തിലെ എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്യമായതും തമ്മിൽ പങ്കുവെക്കപ്പെടുന്നതുമായ ഒന്നാണ് പൊതു ഭൂമി. അതുകൊണ്ടാണ് പൊതു ഉടമസ്ഥതയിലുള്ള എന്ന് പറയാവുന്ന വനങ്ങളും, മേച്ചിൽസ്ഥലങ്ങളും, കൃഷി ചെയ്യാത്ത ഭൂമിയുമടക്കമുള്ള നിർണ്ണായകമായ ആവാസവ്യവസ്ഥ സേവനങ്ങൾ നൽകുന്ന ഭൂപ്രദേശങ്ങൾ ഇതിലുൾപ്പെടുന്നത്. ഇന്ത്യയിൽ വിഭവസ്രോതസ്സുകൾ അവയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥ സേവനങ്ങളാൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും പരിസ്ഥിതിയിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.

ഇന്ത്യയിൽ ഇത്തരത്തിൽ പൊതു ഭൂമിയായി കണക്കാക്കാവുന്ന 66.5 ദശലക്ഷം ഹെക്ടർ ഭൂമിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക,പാരിസ്ഥിതിക സുസ്ഥിരതയിൽ ഇത് നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ കാൽഭാഗം വരുന്ന -205 ദശലക്ഷം ഏക്കർ- വരുന്ന പൊതുഭൂമി പ്രതിവർഷം 4% എന്ന കണക്കിൽ നഷ്ടപ്പെടുകയോ ശോഷിക്കുകയോ ആണെന്നത് വലിയ വെല്ലുവിളിയാണുയർത്തുന്നത്. Commons Convening -ലൂടെ ഇതിനെ നേരിടാനുള്ള മാർഗങ്ങളും ശ്രമങ്ങളും സാധ്യമാക്കുന്ന നിരവധി സംവാദങ്ങൾ നടന്നു. പ്രാദേശിക സർക്കാരുകൾ, അധികാര വികേന്ദ്രീകരണം, ഗ്രാമ-നഗര അന്തരം കുറയ്ക്കുക എന്നിവയെല്ലാം ഇതിൽ ചർച്ചയായി വന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളുടെയും കാലാവസ്ഥ മാറ്റത്തിന്റെയുമൊക്കെ ഭാഗമായി പൊതു ഭൂപ്രദേശങ്ങൾ വലിയ അസ്തിത്വ ഭീഷണിയാണ് നേരിടുന്നത്. അത്യധികമായ ചൂഷണം, കയ്യേറ്റം, വേണ്ട രീതിയിലുള്ള മേൽനോട്ടമില്ലായ്മ എന്നിവ അവയിൽ ചിലതാണ്. ഇതാകട്ടെ അതീവമൂല്യമുള്ള ആവാസവ്യവസ്ഥ സേവനങ്ങളെ അപായപ്പെടുത്തുന്നു എന്ന് മാത്രമല്ല ഈ വിഭവസ്രോതസ്സുകളെ ആശ്രയിച്ചു കഴിയുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവന മാർഗങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പൊതുഭൂമിയുടെ ശോഷണം ജൈവവൈവിധ്യ ശോഷണത്തിനും വലിയ അളവിലുള്ള മണ്ണൊലിപ്പിനും ജല ഗുണനിലവാരം താഴുന്നതിനുമൊക്കെ ഇടയാക്കും. ഇത് പാരിസ്ഥിതിക പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഒന്നുകൂടി രൂക്ഷമാകുകയും ചെയ്യും.

ഈ വിഭവസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമാവശ്യമായ നയങ്ങളും നടപടികളുമെടുക്കുന്നതിന് പൊതു ഭൂമിയുടെ കണക്കുകളും അവയുടെ സാമ്പത്തിക മൂല്യവും കണക്കാക്കേണ്ടതുണ്ട്. സാമ്പത്തികമായും സാമൂഹ്യവുമായുള്ള പൊതുഭൂമിയുടെ സംഭാവന എത്രത്തോളമാണെന് മനസ്സിലാക്കാൻ ഈ അളവുപരമായ കണക്കെടുപ്പിലൂടെ കഴിയും.

ലഭ്യമായ കണക്കുകൾ തന്നെ ഇതിന്റെ നിർണ്ണായക പ്രാധാന്യം വ്യക്തമാക്കുന്നവയാണ്. നാം നേരത്തേ കണ്ട പോലെ ഇന്ത്യയിൽ ഏതാണ്ട് 66.5 ദശലക്ഷം ഹെക്ടർ പൊതു ഭൂമിയുണ്ട്. ഇതിൽ നിന്നുള്ള വാർഷിക വരുമാനം ഏതാണ്ട് 6,64,056 കോടി രൂപയോളം 990.5 ബില്യൻ ഡോളർ) വരും.

എന്തുതരത്തിലുള്ള സേവനങ്ങളാണ് ആവാസവ്യവസ്ഥ സേവനങ്ങളെന്നത് അറിയേണ്ടതുണ്ട്. മനുഷ്യ ജീവിതത്തെ സാധ്യമാക്കുന്നതിനും അതിനെ മൂല്യവത്താക്കുന്നതിനും സഹായിക്കുന്ന ആവാസവ്യവസ്ഥയിൽ അനുകൂലഘടകങ്ങളെയാണ് നമ്മൾ ആവാസ വ്യവസ്ഥ സേവനങ്ങൾ എന്ന് വിളിക്കുന്നത്. ഇത്തരം സേവനങ്ങളെ പലതായി തിരിക്കാം. മൂർത്തമായ വിഭവങ്ങൾ നൽകുന്ന തരത്തിലുള്ള സേവനങ്ങൾ (provisioning services). ഭക്ഷണം, വെള്ളം, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നു. ഇന്ത്യയിലെ പൊതു ഭൂമിയെക്കുറിച്ച് പറയുന്ന പശ്ചാത്തലത്തിൽ ഇതിൽ വൃക്ഷേതര വനവിഭവങ്ങൾ, വിറക്, കാലിത്തീറ്റ, വെള്ളം എന്നിവ ഉൾപ്പെടുന്നു. ഇതിന്റെ മൂല്യം ഒരു ഹെക്ടറിന് പ്രതിവർഷം 65,441 രൂപ (891.81 യു.എസ് ഡോളർ) എന്നാണ് കണക്കാക്കുന്നത്.

നിയന്ത്രണ സേവനങ്ങളാണ് (Regulating Service) മറ്റൊന്ന്. ആവാസവ്യവസ്ഥകളെ നിയന്ത്രിക്കുന്നതിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെ അല്ലെങ്കിൽ ഗുണങ്ങളെയാണ് നിയന്ത്രണ സേവനങ്ങൾ എന്ന് വിളിക്കുന്നത്. കാലാവസ്ഥ നിയന്ത്രണങ്ങൾ, മണ്ണിന്റെ ഫലഭൂയിഷ്ഠത, ജല ശുദ്ധീകരണം എന്നിവയെയെല്ലാം ഇതിലുൾപ്പെടുത്താം. ഒരു ഹെക്ടറിന് പ്രതിവർഷം 60,698 രൂപയാണ് (827.74 യു.എസ് ഡോളർ) ഇതിന്റെ മൂല്യം.

പിന്തുണ സേവനങ്ങൾ (Supporting services) ആണ് അടുത്തത്. മറ്റെല്ലാ ആവാസവ്യവസ്ഥ സേവനങ്ങളും ഉത്പ്പാദിപ്പിക്കുന്നതിന് ആവശ്യമായ സേവനങ്ങളെയാണ് പിന്തുണ സേവനങ്ങൾ എന്ന് വിളിക്കുന്നത്. മണ്ണിന്റെ രൂപപ്പെട്ടത്, വാസസ്ഥല സൗകര്യങ്ങൾ, ജീൻ ശേഖരത്തിന്റെ (Gene pool) സംരക്ഷണം എന്നിവ ഇതിലുൾപ്പെടും. ഇവയുടെ മൂല്യം ഒരു ഹെക്ടറിന് പ്രതിവർഷം 24,078 രൂപയോളം (328.27 യു.എസ് ഡോളർ) വരുമെന്നാണ് കണക്ക്.

സാംസ്ക്കാരിക സേവനങ്ങളാണ് (Cultural services) ഇതിലുൾപ്പെടുന്ന അടുത്ത ഘടകം. ആത്മീയമായ സംപുഷ്‌ടീകരണം, ബോധ വികാസം, തിരിച്ചറിവ്, വിനോദം, സൗന്ദര്യബോധാനുഭൂതികളുടെ അനുഭവം എന്നിവയിലൂടെ, ആവാസവ്യവസ്ഥയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന ഭൗതികേതര ഗുണഫലങ്ങളെയാണ് സാംസ്കാരിക സേവനങ്ങൾ എന്ന് വിളിക്കുന്നത്. ഇവയുടെ മൂല്യം ഒരു ഹെക്ടറിന് പ്രതിവർഷം 4456 രൂപ (60.79 യു.എസ് ഡോളർ) വരും.

ആവാസ വ്യവസ്ഥ സേവനങ്ങളുടെ നിർണ്ണായകമായ പ്രാധാന്യം മനസിലാക്കുന്നതിനും അവയുടെ സുസ്ഥിരമായ നിലനിൽപ്പ് സാധ്യമാക്കുന്നതിനും നയപരമായ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും വേണം. ഇതിന് സുസ്ഥിരമായ ഒരു നിർവ്വഹണ നയമുണ്ടാകണം. അതില്ലാത്തതുകൊണ്ട് സംഭവിക്കുന്ന വാർഷിക നഷ്ടം 5500 കോടി രൂപയോളം വരും. മെച്ചപ്പെട്ട ഭരണ നിർവ്വഹണം, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം, സംരക്ഷണ പരിപാടികൾ, എന്നിവ ഇതിനാവശ്യമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനും ഉപജീവന മാർഗങ്ങൾ, പാരിസ്ഥിതികാരോഗ്യം എന്നിവ ശക്തിപ്പെടുത്തുന്നതിനും വേണ്ട തരത്തിൽ ആവാസ വ്യവസ്ഥ സേവനങ്ങളെ വികസിപ്പിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥ സേവനങ്ങളുടെ സാമ്പത്തിക മൂല്യങ്ങളെ ദേശീയ സാമ്പത്തിക കണക്കുകളിലേക്ക് സന്നിവേശിപ്പിക്കണം. ജനകീയ പങ്കാളിത്തത്തോട് കൂടിയല്ലാതെ ഇത് സാധ്യമാകില്ല. പ്രാദേശിക സമൂഹ പങ്കാളിത്തത്തോടെ പൊതുഭൂമിയുടെ സംരക്ഷണവും വിനിയോഗവും ശക്തിപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യണം. ഇതിനു വേണ്ടി പ്രാദേശിക ജനസമൂഹത്തെ അറിവും അനുബന്ധ സാമഗ്രികളുംകൊണ്ട് ശാക്തീകരിക്കുകയും വേണം.

ശക്തമായ നിയമ, സ്ഥാപന പരിഷ്ക്കരണങ്ങൾ നടത്തേണ്ടതുണ്ട്. പ്രാദേശിക ജനസമൂഹങ്ങളുടെ അവകാശവും ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശവും കാലപരിധിയുമെല്ലാം ഉറപ്പാക്കുകയും പാരമ്പര്യ അറിവിനെ സുസ്ഥിര വികസനത്തിനുള്ള ഉപയോഗിക്കുന്നത് അംഗീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിയമ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരിക എന്നത് ഒഴിവാക്കാനാകാത്തതാണ്. ഇത്തരത്തിൽ പൊതുഭൂമി സംരക്ഷിക്കുന്നതിന് ജനസമൂഹങ്ങളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പല പദ്ധതികളുമുണ്ടായാൽ മാത്രമേ അത്തരത്തിലൊരു പ്രയത്നത്തെ പ്രാവർത്തികമാക്കാൻ അവരെ പ്രേരിപ്പിക്കുന്നതിന് കഴിയൂ.

ഈ മേഖലയിൽ നിരന്തരമായ ഗവേഷണവും അതിന്റെ മേൽനോട്ടവും ഉണ്ടാകേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് നയങ്ങൾക്ക് കാലികമായ പുതുക്കലുകൾ ഉണ്ടാക്കാനും അതാത് സമയങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള നടപടികളെടുക്കാനും കഴിയുകയുള്ളു. നയനിർമ്മാതാക്കൾ, ഗുണഭോക്താക്കൾ, പൊതുസമൂഹം എന്നിവരെയെല്ലാം പൊതു ഭൂമിയുടെ പ്രാധാന്യവും അതിന്റെ ആവാസ വ്യവസ്ഥ സേവനങ്ങളും അവ എങ്ങനെയാണ് സംരക്ഷണ നയങ്ങളെ ശക്തിപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചെല്ലാം ബോധവാന്മാരാക്കുന്നതിന് വിവിധ തലത്തിലുള്ള ബോധവത്ക്കരണ,വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌ക്കരിച്ചാൽ മാത്രമാണ് ഇത് ഒരു ജനകീയ സാമൂഹ്യ പദ്ധതിയായി മാറുകയുള്ളൂ.

Commons Convening 2024-ന്റെ ആഗസ്റ്റ് 23-നു നടന്ന സമ്മേളനത്തിൽ കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഊന്നിപ്പറഞ്ഞത് സമൂഹത്തെയും പ്രകൃതിയേയും സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും സർക്കാരും വിപണിയും ഊന്നിയാൽ മാത്രമേ പൊതുഭൂമി സംരക്ഷിക്കാൻ കഴിയൂ എന്നാണ്. “സമാജ്,സർക്കാർ, ബാസാർ” എന്ന വിഷയത്തിലായിരുന്നു സംവാദസദസ്സ്. “നമ്മളൊരു ആഗോള സമ്പദ് വ്യവസ്ഥയിലാണ് ജീവിക്കുന്നത്, ഒരു പ്രാദേശിക സമൂഹത്തിനും ആഗോള വിപണിയിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാകില്ല. പ്രാദേശിക സമൂഹങ്ങൾക്കായി ഇന്ത്യയിൽ വളരെ ശക്തമായൊരു ഭരണഘടനാ ഭരണനിർവ്വഹണ സംവിധാനം നിലവിലുണ്ട്. എന്നാൽ പൊതുഭൂമി സംരക്ഷിക്കുന്നതിന് പ്രാദേശിക ജനസമൂഹങ്ങളും തദ്ദേശ ഭരണസ്ഥാപനങ്ങളും തമ്മിലുള്ള പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും വേണം. വിഭവസ്രോതസ്സുകൾക്ക് മുകളിൽ പ്രാദേശിക ജനസമൂഹങ്ങൾക്കുള്ള അധികാരത്തെ ഇതുറപ്പാക്കും,” എന്ന് ജനസമൂഹങ്ങൾ, സർക്കാരുകൾ, വിപണികൾ എന്നിവ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് ഐസക് പറഞ്ഞു.

മുൻ ആസൂത്രണ കമ്മീഷൻ അംഗം അരുൺ മെയ്‌റ നിയന്ത്രിച്ച ചർച്ചയിൽ ജാഹ്നവി അന്ധാരിയ (Director and Research Fellow Institute of Social Studies Trust) മേഖല കൃഷ്ണമൂർത്തി (പ്രൊഫസർ, അശോകൻ സർവ്വകലാശാല) എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സമ്മേളനത്തിൽ നിന്നും പൊതുവായി സുപ്രധാനമായ പല നിർദ്ദേശങ്ങളും രൂപപ്പെട്ടു. 2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന്റെ ഭാഗമായി പൊതുവിഭവങ്ങൾക്കുള്ള പ്രാധാന്യം വർധിപ്പിക്കേണ്ടതുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനം, ലിംഗ നീതി, കാലാവസ്ഥ ദൗത്യം തുടങ്ങിയവയിൽ പൊതു വിഭവങ്ങളുടെ പങ്ക് നിർണ്ണായകമാണ്. രാഷ്ട്രീയ, ഭരണനിർവഹണ അതിർത്തികളെ ഉല്ലംഘിക്കുന്ന ഒരു ഘടകമെന്ന നിലയിൽ പൊതുവിഭവങ്ങളെ അംഗീകരിക്കുമ്പോൾ വിവിധ മേഖലകളുടെ പരസ്പരബന്ധം സാധ്യമാകുന്ന പങ്കാളിത്തം കാര്യക്ഷമമായ ഭരണനിർവ്വഹണത്തിനും പ്രാദേശിക ജനസമൂഹ പങ്കാളിത്തത്തോട് കൂടിയ ദൗത്യങ്ങൾക്കും ആവശ്യമാണ്.

കൂട്ടായ ഉത്തരവാദിത്തം, തീരുമാനങ്ങളെടുക്കുന്നതിലെ പങ്കാളിത്തം, വിഭവ വിനിയോഗത്തിലെ നീതി എന്നിവ ഉറപ്പാക്കുന്നതിന് പൊതുവിഭവങ്ങളെ ഒരു ഭരണ നിർവ്വഹണ മാനദണ്ഡമാക്കിമാറ്റാനാകും. ജനസമൂഹങ്ങൾ, സർക്കാർ, വിപണി എന്നിവ തമ്മിലുള്ള പരസ്പര സഹകരണവും പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തലും പൊതുവിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗത്തെ സഹായിക്കും.

ഏതൊരു ജനസമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നാൽ സ്ത്രീകളുടെ പങ്കാളിത്തത്തെ ഉറപ്പുവരുത്തുക എന്നുകൂടിയാണ്. പ്രത്യേകിച്ചും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും വിഭവ വിനിയോഗത്തിലും. പരമ്പരാഗത അറിവുകളുടെ സൂക്ഷിപ്പുകാർ എന്ന നിലയിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. പൊതുവിഭവങ്ങളുടെ വിനിയോഗത്തിൽ ലിംഗ വിവേചനത്തിന്റെ വാർപ്പുമാതൃകകകളെ വെല്ലുവിളിക്കാനും മറികടക്കാനും പൊതുമണ്ഡലത്തിൽ സ്ത്രീകളുടെ ശബ്ദം കേൾപ്പിക്കുന്നതിനും അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമുണ്ട്.

കാലാവസ്ഥ മാറ്റത്തിന്റെ വെല്ലുവിളികളെ നേരിടാതെയും അതിന്റെ ആഘാതങ്ങളെ ലഘൂകരിക്കുന്നതിനും നേരിടുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങളിലൂടെയുമല്ലാതെ ലോകത്തിന് ഇനി മുന്നോട്ടു പോകാനാകില്ല എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ പ്രാദേശിക തലത്തിൽ നടപ്പാക്കുന്ന, കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്ന പൊതുവിഭവ സൃഷ്ടിക്കായുള്ള നൂതനമായ സാമ്പത്തിക പിന്തുണ സംവിധാനങ്ങൾ ഉണ്ടാകണം. ഇത്തരത്തിലൊരു കാഴ്ചപ്പാടിലാണ് പൊതുവിഭവങ്ങളുടെ പ്രാധാന്യത്തിൽ പൊതുവിഭവ വിനിയോഗത്തെ പ്രാദേശിക, തദ്ദേശ ഭരണ സംവിധാനം, വികേന്ദ്രീകരണം എന്നിവയുമായി Commons Convening ബന്ധിപ്പിച്ചത്. കാലാവസ്ഥ മാറ്റം, വർദ്ധിച്ചുവരുന്ന സാമൂഹ്യ അസന്തുലിതാവസ്ഥ എന്നീ ഇരട്ട പ്രശ്നങ്ങളെ നാം നേരിടുമ്പോൾ ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പ്, സാമൂഹ്യ നീതി എന്നിവയ്ക്കുള്ള ഒരു പൊതുതലമായി പൊതുവിഭവങ്ങൾക്ക് മാറാനാകും. ഇത്തരത്തിലൊരു സമീപനത്തിന്റെ ഭാഗമായി ഭക്ഷ്യ വ്യവസ്ഥ, ഗ്രാമീണ വരുമാനം, ശുദ്ധജല ആവാസവ്യവസ്ഥ, ജൈവ വൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ചെല്ലാം വലിയ സംവാദങ്ങൾ നടന്നു.

പൊതുവിഭവങ്ങളിൽ നിന്നുള്ള വരുമാനവും അവയുടെ സാമൂഹ്യ-സാമ്പത്തിക സ്വാധീനവും കണക്കിലെടുത്തുകൊണ്ട് പൊതുവിഭവങ്ങളുടെ സാമ്പത്തിക മൂല്യത്തെക്കുറിച്ച് വിശദമാക്കുന്ന ‘National Level Brief on Economic Valuation of Land Commons in India’, എന്ന ലഘു പഠനവും Commons Convening ചർച്ച ചെയ്തു. Common Ground, Foundation for Ecological Security (FES), Federation University, International Food Policy Research Institute എന്നിവ ചേർന്നാണ് പഠനം തയ്യാറാക്കിയത്. പൊതുവിഭവങ്ങൾ, പൊതുവിഭവ വിനിയോഗം, പ്രാദേശിക സമൂഹ പങ്കാളിത്തം, ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു, ജനസമൂഹങ്ങൾ എങ്ങനെ ഇതുമായി ബന്ധപ്പെടുന്നു എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന Our Commons കൈപ്പുസ്തകം സമ്മേളനം ചർച്ച ചെയ്തു. വനം, ജല സ്രോതസ്സുകൾ എന്നിവയിൽ നിന്നുള്ള പ്രാകൃതിക വിഭവങ്ങൾ മുതൽ സാംസ്ക്കാരിക, ഡിജിറ്റൽ പൊതുവിഭവങ്ങളെക്കുറിച്ചു വരെ അതിൽ പ്രതിപാദിക്കുന്നു.

ഇന്ത്യയിലെ 350 ദശലക്ഷം ഗ്രാമീണ ജനതയുടെ ഉപജീവന മാർഗങ്ങൾ പൊതുവിഭവങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ ഗോത്ര ജനതയുടെ 40-60 % വരുമാനവും വന വിഭവങ്ങളിൽ നിന്നാണ്. അതിലേറെയും ശേഖരിക്കുന്നത് സ്ത്രീകളാണ്. പാലിനുള്ള ഇന്ത്യയുടെ ആവശ്യത്തിന്റെ 53%വും ഇറച്ചിയുടെ 74%വും ലഭ്യമാക്കുന്ന ഇന്ത്യയിലെ കന്നുകാലികളുടെ 77%വും ആശ്രയിക്കുന്നത് പൊതുഭൂമിയെയാണ്.
ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയുടെ സാമൂഹ്യ, സാമ്പത്തിക വളർച്ചയുടെയും നിലനില്പിന്റെയും അവിഭാജ്യ ഘടകമാണ് പൊതുവിഭവങ്ങളുടെ വിനിയോഗവും അതിന്റെ ഉടമസ്ഥതയും അതിന്മേലുള്ള പ്രാദേശിക ജനസമൂഹങ്ങളുടെ അധികാരവും എന്നതാണ്. കാലാവസ്‌ഥ മാറ്റമടക്കമുള്ള വലിയ പ്രതിസന്ധികളെ നാം നേരിടുന്ന കാലത്ത് പൊതുവിഭവങ്ങളുടെ സൂക്ഷ്മവും കാര്യക്ഷമവുമായ വിനിയോഗം എന്നത് ഒഴിച്ചുകൂടാനാകാത്ത ഒരു ചുമതലയും ദൗത്യവും കൂടിയാണ്. അത് മുന്നോട്ടുവെക്കുന്ന പാരിസ്ഥിതിക മൂല്യങ്ങളുടെയും സാമൂഹ്യനീതിയുടെയും പ്രാധാന്യത്തെ നമുക്ക് ഇനിയും അവഗണിക്കാനാകില്ല.

വികെ ഷാഹിന

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ