കര്‍ണാടകയില്‍ നിന്നുള്ള 72കാരിയായ പരിസ്ഥിതി പ്രവര്‍ത്തക തുളസി ഗൗഡയെ നവംബര്‍ 8ന് രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയത്.
പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയിലുള്ള ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണ്. രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ഇന്നലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുളസി ഗൗഡയ്ക്ക് സമ്മാനിച്ചു. ആദിവാസി വിഭാഗത്തിന്റെ പരമ്പാരാഗത വേഷത്തിൽ നഗ്നപാദയായാണ് പുരസ്‌കാരം വാങ്ങാന്‍ അവർ വേദിയിലേയ്ക്ക് എത്തിയത്.
കര്‍ണാടകയിലെ ഹലക്കി ഗോത്രത്തിൽ പെട്ടയാളാണ് തുളസി ഗൗഡ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ വളര്‍ന്ന തുളസിയ്ക്ക് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. എങ്കിലും പ്രതിബന്ധങ്ങളെ മറികടന്ന് സസ്യങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് അറിവ് അവർ സമ്പാദിച്ചു.
മരങ്ങള്‍ നട്ടുവളര്‍ത്തി കൊണ്ട് ചെറുപ്പം മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങി തിരിച്ച തുളസിയ്ക്ക് ലോകമെമ്പാടുമുള്ള സസ്യലതാദികളെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ കാടിന്റെ വിജ്ഞാനകോശം എന്നാണ് തുളസി അറിയപ്പെടുന്നത്. 10 വയസ്സ് മുതല്‍ ഒന്നിലധികം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 12-ാം വയസ്സില്‍ അമ്മയ്ക്കൊപ്പം ഒരു നഴ്സറിയില്‍ ജോലി ചെയ്യുമ്പോഴാണ് അവര്‍ ഇന്ത്യയിലെ വനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തന്റെ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവെച്ച തുളസി ഇതുവരെ 30,000-ത്തിലധികം തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി അവര്‍ വനം വകുപ്പില്‍ താത്കാലിക വോളണ്ടിയറായി ചേര്‍ന്നു. പിന്നീട് അവരുടെ പ്രയത്‌നങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും വനംവകുപ്പില്‍ സ്ഥിരമായി നിയോഗിക്കപ്പെടുകയും ചെയ്തു. എഴുപത്തിരണ്ടാം വയസ്സിലും തുളസി ഗൗഡ പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമാണ്.