അടുത്തിടെ സോഷ്യൽ മീഡിയയിൽ രണ്ട് വീഡിയോകൾ വൈറലായിരുന്നു. അതിലൊന്ന് ഒരാൾ പശുവിനെ ഉപദ്രവിക്കുന്നതാണ് മറ്റൊന്ന് ഒരാളെ പൊലീസ് മർദ്ദിക്കുന്നതും. ഈ രണ്ട് വീഡിയോകളും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചാണ് ഷെയർ ചെയ്യപ്പെട്ടത്. കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരാൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് നടപടിയെടുക്കുകയാണെന്നായിരുന്നു വീഡിയോ ഷെയർ ചെയ്തവർ നൽകിയ വിശേഷണം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ എട്ട് ദിവസത്തിനുള്ളിൽ കന്നുകാലികളെ കഴുത്ത് ഞെരിച്ച് കൊന്നയാളെ പിടികൂടിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ നിരവധി പേർ ഏറ്റെടുത്തു. എന്നാൽ ഈ രണ്ട് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. പൊലീസ് മർദ്ദനത്തിന്റെ വീഡിയോ 2021 ലേതാണ്. ഇതിന് പശുപീഡനവുമായി ബന്ധമില്ല.
മൃഗാവകാശ സംഘടനയായ പെറ്റ സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ അന്വേഷിക്കുകയും ചെയ്തിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, പൊലീസ് മർദ്ദനത്തിന്റെ പേരിലുള്ള വീഡിയോ മോഷണ ആരോപണത്തെ തുടർന്ന് ലോക്കൽ പോലീസ് ചൗക്കി ഇൻചാർജ് ശിവാനന്ദ് വർമയും കോൺസ്റ്റബിൾ ദിലീപ് കുമാറും പ്രതികളെ മർദ്ദിക്കുന്നതാണ് .
അക്രമത്തിന്റെ വീഡിയോ അന്ന് ക്യാമറയിൽ പതിഞ്ഞതോടെ വൈറലായിരുന്നു. വകുപ്പുതല അന്വേഷണത്തിനൊടുവിൽ ഇരുവരെയും സസ്‌പെൻഡ് ചെയ്തതായി ചന്ദൗലി പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് പോലീസുകാർ യുവാവിനെ മർദിച്ചുവെന്ന അവകാശവാദത്തോടെ ഈ സംഭവം വൈറലായിരുന്നു. അന്നും ചന്ദൗലി പോലീസ് വൈറൽ അവകാശവാദം നിഷേധിച്ചിരുന്നു.