ഭയമില്ലാത്ത മുനഷ്യർ ഈ ലോകത്തുണ്ടോ എന്ന് സംശയമാണ്. വന്യമൃഗങ്ങൾ, ഇരുട്ട്, ജീവികൾ എന്നിങ്ങനെ പോകുന്നു പലർക്കും പേടിയുള്ള കാര്യങ്ങളുടെ ലിസ്റ്റ്. ചിലർക്ക് പാമ്പിനെ പേടിയാണെങ്കിൽ ചിലർക്ക് കടുവയെ ആയിരിക്കും പേടി. ചിലർ പാറ്റയെയും പല്ലിയെയും പോലും ഭയക്കുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും മാരകമായ ജീവി ഏതാണെന്ന് നിങ്ങൾക്കറിയാമോ? പാമ്പുകളോ തേളുകളോ സിംഹങ്ങളോ സ്രാവുകളോ ആണെങ്കിൽ നിങ്ങളുടെ ഉത്തരം തെറ്റാണ്.
ഈ ഭൂമിയിൽ മറ്റേതൊരു മൃഗത്തേക്കാളും കൂടുതൽ ജീവനെടുക്കുന്നത് ഒരു ചെറിയ ജീവിയാണ്. ഇതിന്റ പേര് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ അപഹരിക്കുന്ന ഏറ്റവും മാരകമായ ജീവി കൊതുകുകളാണ്. കൊതുകുകൾ ഓരോ വർഷവും 7 ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
ലോകമെമ്പാടും 3000-ലധികം ഇനം കൊതുകുകൾ ഉണ്ട്. ഇതിൽ തന്നെ പെൺകൊതുകുകൾ മനുഷ്യന് മാരകമായ വിവിധ ഗുരുതരമായ രോഗങ്ങൾ പരത്തുന്നു. മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മസ്തിഷ്കജ്വരം, ആനപ്പനി, മഞ്ഞപ്പനി, വെസ്റ്റ് നൈൽ വൈറസ്, സിക്ക വൈറസ് എന്നിവയാണ് കൊതുകുകൾ പരത്തുന്ന രോഗങ്ങൾ. കൊതുകുകൾ കടിച്ചതിന് ശേഷമാണ് മനുഷ്യർക്ക് ഇത്തരം ഗുരുതരമായ രോഗങ്ങൾ പിടിപെടുന്നത്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) റിപ്പോർട്ട് അനുസരിച്ച്, നിലവിലെ ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും ഈ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യതയിലാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് കൊതുകുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൊതുകുകൾ പരത്തുന്ന രോഗങ്ങൾ മൂലമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത്തരം രോഗികളിൽ 95 ശതമാനവും ആഫ്രിക്കയിൽ നിന്ന് മാത്രമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. കൊതുക് പരത്തുന്ന രോഗങ്ങൾ മൂലമുള്ള ലോകമെമ്പാടുമുള്ള മരണങ്ങളിൽ 96 ശതമാനവും ഇതേ മേഖലയിൽ നിന്നാണ്.
കൊതുകു കടിച്ചു എന്നാണ് നാം സാധാരണയായി പറയുക. എന്നാൽ യഥാർത്ഥത്തിൽ കൊതുകുകള്‍ കടിക്കുകയല്ല ചെയ്യുന്നത്. തൊലിയിലേക്ക് രണ്ടു കുഴലുകള്‍ കുത്തിയിറക്കി രക്തം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു കുഴല്‍ കൊണ്ട് തൊലി മരവിപ്പിക്കുന്നതിനുള്ള എന്‍സൈം കുത്തി വെച്ച ശേഷം മറ്റേ കുഴല്‍ കൊണ്ട് രക്തം വലിച്ചെടുക്കും.
ഈ സമയത്ത് കൊതുകുകള്‍ കുത്തിവയ്ക്കുന്ന ഉമിനീരാണ് തൊലിപ്പുറത്ത് തടിപ്പ് പോലെ കാണപ്പെടുന്നത്. പെണ്‍കൊതുകുകള്‍ മാത്രമാണ് രക്തം കുടിക്കുക. മുട്ടയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് കൊണ്ടാണ് രക്തം കുടിക്കുന്നത്. അതേസമയം സസ്യങ്ങളുടെ നീരാണ് ആണ്‍കൊതുകുകളുടെ ആഹാരം.
കൊതുകുകൾ വഴിയുള്ള രോഗങ്ങൾ പടരുന്നത് തടയാൻ കൊതുക് കടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും പതിവായി കീടനാശിനികൾ ഉപയോഗിക്കുകയും വേണം. അപകടകരമായ രോഗങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഓടകള്‍ വൃത്തിയാകുന്നതിലൂടെയും വീടുകളുടെ പരിസരങ്ങളിലും വീടിനുള്ളിലും മറ്റും വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിലൂടെയും കൊതുകിനെ പരമാവധി അകറ്റി നിർത്താൻ സാധിക്കും.
ബിബിസിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, നമ്മുടെ ഗ്രഹത്തിൽ ഏകദേശം 12 ലക്ഷം സ്പീഷീസുകളുണ്ട്. അപകടകരമായ നിരവധി മൃഗങ്ങൾ ഉണ്ടായിരുന്നിട്ടും, ഒരു ചെറിയ കൊതുകിന് നിങ്ങളുടെ ജീവൻ എളുപ്പത്തിൽ എടുക്കാൻ കഴിയും എന്നതാണ് ഇപ്പോൾ ഏവരെയും ഭയപ്പെടുത്തുന്നത്.