ലെഹങ്കയും ക്രോപ് ടോപ്പും അണിഞ്ഞ്, പൊട്ടും തൊട്ട്, വളകളും കമ്മലുമണിഞ്ഞ് ഇത്തവണ നിറങ്ങളുടെ ആഘോഷങ്ങളായ ദീപാവലി കളറാക്കാൻ എത്തിയിരിക്കുകയാണ് കളിപ്പാട്ടങ്ങളിലെ രാജകുമാരിയായ ബാർബി പാവകൾ. ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനിയായ മാറ്റ്ലും ഇന്ത്യൻ ഫാഷൻ ഡിസൈനറായ അനിത ഡോംഗ്രയുമാണ് ‘ബാർബി ദീപാവലി ഡോൾ’ വിപണിയിൽ എത്തിച്ചത്. ഇതാദ്യമായാണ് മാറ്റ്ൽ ദീപാവാലി ബാർബിയെ അവതരിപ്പിക്കുന്നത്.
പുതിയ ബാർബിയെ അവതരിപ്പിച്ചതോടെ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാവയെ കാണാൻ പ്രിയങ്ക ചോപ്രയെ പോലെയാണ്. ഞാൻ വളരുമ്പോൾ അവൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്, എൻ്റെ മകൾക്ക് വേണ്ടി ബാർബിയെ വാങ്ങാൻ കാത്തിരിക്കാനാവില്ല എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് പോസ്റ്റിൽ വരുന്നത്.
അനിത ഡോംഗ്ര ഒരുക്കിയ മനോഹരമായ, നീലനിറത്തിലുള്ള ‘മൂൺലൈറ്റ് ബ്ലൂം ലഹങ്ക’യാണ് ബാർബിയുടെ വസ്ത്രം. കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വർണനിറത്തിലുള്ള ആഭരണങ്ങൾ ദീപാവലിയുടെ ശോഭയാണ് പ്രതിഫലിപ്പിക്കുന്നത്. ‘ദീപാവലി ആഘോഷത്തിൽ, ബാർബിയും ഞാനും ഇന്ത്യൻ ഫാഷൻ്റെയും സംസ്കാരത്തിൻ്റെയും മനോഹരമായ പൈതൃകം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കുകയാണ്’ എന്നാണ് ഡോംഗ്രെ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞത്.
വോഗിന് നൽകിയ അഭിമുഖത്തിൽ ബാർബി ജനറേഷൻ -Z ആണോ അതോ മില്ലേനിയൽ ആണോ എന്ന് ചോദ്യത്തിന് അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജനറേഷൻ Z ൻ്റെ താത്‌പര്യങ്ങളെല്ലാം അവൾ അവളുടെ വ്യക്തിത്വത്തോടൊപ്പം വഹിക്കുന്നുണ്ടെന്നും എന്നാൽ എല്ലാ തലമുറകളും ഇഷ്ടപെടുന്ന കാര്യങ്ങളിൽ അവൾക്കുണ്ട് എന്നും അനിത പറഞ്ഞു. പ്രായത്തെ മറികടക്കുന്ന കാലാതീതമായ സൗന്ദര്യം ബാർബിക്കുണ്ടെന്നും അനിത പറഞ്ഞു.
‘പെൺകുട്ടികളുടെ ശാക്തീകരണത്തിൻ്റെ പ്രതീകമാണ് അവൾ. നോക്കൂ നമ്മുടെ രാജ്യത്ത് എത്രമാത്രം മാറ്റം സംഭവിക്കുന്നു. അവൾ ഇന്നത്തെ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഓരോ ദക്ഷിണേഷ്യൻ കുട്ടിയും ഈ ഇന്ത്യൻ ബാർബിയെ അഭിമാനത്തോടെ നോക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു’ എന്നും ഡിസൈനർ പറഞ്ഞു.
മാറ്റലിന്റെ വെബ്‌സൈറ്റിലും വാൽമാർട്ടിലും ആമസോണിലും ദീപാവലി ബാർബി ലഭിക്കും. ഈ വർഷത്തെ ദീപാവലി ഉത്സവത്തിന് ഏകദേശം ഒരു മാസം മുമ്പാണ് പാവയുടെ അരങ്ങേറ്റം. 1959 മാർച്ച് 9 നാണ് ലോകവിപണിയിൽ ബാർബി പാവകൾ പുറത്തിറക്കിയത്. റൂത്ത് ഹാൻഡ്‌ലർ, ഇലിയറ്റ് ദമ്പതികളാണ് ബാർബി പാവകൾക്ക് പിന്നിൽ. ലോകത്ത് ഓരോ സെക്കന്റിലും രണ്ട് ബാർബി പാവകൾ വീതം വിൽക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ആദ്യമായി പുറത്തിറക്കിയ പാവയ്‌ക്ക് മൂന്ന് ഡോളർ ആയിരുന്നു വിലയെങ്കിൽ ഇന്ന് ലക്ഷങ്ങൾ വിലയുള്ള പാവകൾ വരെ വിപണിയിൽ ലഭ്യമാണ്.