ചെടികളുടെ വളർച്ച ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന 'ഇലക്ട്രോണിക് മണ്ണ്'!

കാലാവസ്ഥാ വ്യതിയാനവും പരിമിതമായ വിഭവങ്ങളും കടുത്ത വെല്ലുവിളികൾ സൃഷ്ടിക്കുന്നതിനാൽ, കാർഷിക ഉൽപാദനക്ഷമതയും വിളവും മെച്ചപ്പെടുത്തുന്നതിന് വ്യത്യസ്ത രീതികൾ പരീക്ഷിച്ചുവരികയാണ് ഗവേഷകർ. ഇത്തരത്തിൽ ഗവേഷകർ വികസിപ്പിച്ചെടുത്ത ഒരു മാർഗമാണ് ‘ഇലക്ട്രോണിക് സോയിൽ’ അഥവാ ‘വൈദ്യുത മണ്ണ്’.

കാർഷിക ഉത്പന്നങ്ങളെ വെറും 15 ദിവസത്തിനുള്ളിൽ ഇരട്ടിയാക്കാൻ സാധിക്കുന്ന മണ്ണാണ് ഇതെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. സ്വീഡനിലെ ലിങ്കോപ്പിംഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇലക്ട്രോണിക് സോയിൽ വികസിപ്പിച്ചെടുത്തത്. ഇതിലൂടെ ലഭിക്കുന്ന വിള കാലാവസ്ഥയുടെ വ്യതിയാനങ്ങളിൽ നിന്ന് സുരക്ഷിതമായി നിലനിൽക്കുമെന്നും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

കാർഷിക മേഖലയിൽ ഹൈഡ്രോപോണിക് സാങ്കേതികവിദ്യയിലെ ഈ വികസനം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയെയാണ് ഹൈഡ്രോപോണിക്‌സ് എന്നു പറയുന്നത്. ഇതിൽ മണ്ണ് ഉപയോഗിക്കില്ല. പോഷകലായനിയിലാണ് ഇവ വളർത്തിയെടുക്കുന്നത്. എങ്കിലും കയർ പിത്ത്, തെർമോകോൾ, വെള്ളാരം കല്ലുകൾ എന്നിവ ഇവയിൽ ഉപയോഗിക്കുന്നുണ്ട്.

കൃഷിയിൽ വൈദ്യുതിയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ എല്ലാവർക്കും മെച്ചപ്പെട്ട വിളവും മികച്ച ഭക്ഷ്യസുരക്ഷയും നൽകുന്ന കൂടുതൽ സുസ്ഥിരമായ രീതികൾ വികസിപ്പിച്ചെടുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ സാങ്കേതികതയിൽ വൈദ്യുത പ്രവാഹം നടത്തി കൃഷിക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് മണ്ണ് തയ്യാറാക്കിയെടുക്കുന്നത്.

ഇത് ചെടികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും വിളകളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ രീതിയിലൂടെ ജലത്തെ സംരക്ഷിക്കുകയും പോഷകങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. സാധാരണ മണ്ണിനേക്കാൾ വളക്കൂറുള്ള തരത്തിലാണ് ഗവേഷകർ മണ്ണ് തയ്യാറാക്കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന മാറ്റങ്ങളും നമ്മൾ കണ്ടുതുടങ്ങിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ വിളകൾ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കില്ല. പരമ്പരാഗത രീതിയിലുള്ള കൃഷിക്ക് വർദ്ധിച്ചുവരുന്ന ജനസംഖ്യയെ പോഷിപ്പിക്കാൻ കഴിയില്ലെന്നും ഉറപ്പാണ്. എന്നാൽ ഇലക്ട്രോണിക് മണ്ണിലൂടെ ഉൽപ്പാദനം വർധിപ്പിച്ച് ഭാവിയിലെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ബാർലി ചെടികളിലാണ് ഗവേഷകർ ഇലക്ട്രോണിക്‌സ് മണ്ണ് ഉപയോഗിച്ചു പരീക്ഷിച്ചത്. ഇവ കൂടാതെ വെള്ളത്തിൽ ചെടികൾ വളർത്തുന്ന രീതിയായ ഹൈഡ്രോപോണിക്‌സിലും ഈ രീതി ഉപയോഗിച്ചു. ഈ രീതി ഉപയോഗിച്ച് ബാർലി, ഔഷധസസ്യങ്ങൾ, ചില പച്ചക്കറികൾ വളർത്തുന്നതിൽ വിജയിച്ചതായാണ് ഗവേഷകർ പറഞ്ഞത്. ഇലക്ട്രിക് ബാർലി തൈകൾ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ മറ്റ് തൈകളേക്കാൾ 50 ശതമാനം വളർന്നതായാണ് ഗവേഷകർ പറയുന്നത്.

ഒരു തരം ബയോപോളിമർ ‘സെല്ലുലോസ്’ ഉപയോഗിച്ചാണ് ഇലക്ട്രോണിക്‌സ് കളിമണ്ണ് നിർമ്മിക്കുന്നത്. ഇലക്ട്രോണിക് മണ്ണ് ഉപയോഗിച്ച് വേഗത്തിൽ തൈകൾ വളർത്താൻ സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മണ്ണിലെ ഈർപ്പത്തിൻ്റെ അളവ് നിരീക്ഷിക്കുന്നതിലൂടെ കർഷകർക്ക് ജലപാനങ്ങൾ കുറയ്ക്കാനും ജലസേചന ഷെഡ്യൂളുകൾ ഒപ്റ്റിമൈസ് ചെയ്യാനും കഴിയും. ഇലക്‌ട്രോണിക് മണ്ണ് സാങ്കേതികവിദ്യ കർഷകർക്ക് അനുയോജ്യമായ വളർച്ചാ സാഹചര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ഇത് വിളകളുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നു.

കുറഞ്ഞ രാസ ഉപയോഗമാണ് മറ്റൊരു പ്രയോജനം. കൃത്യമായ വളപ്രയോഗവും കീടനിയന്ത്രണവും രാസപ്രയോഗം കുറയ്ക്കുകയും പരിസ്ഥിതി ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. ഇലക്‌ട്രോണിക് മണ്ണ് സാങ്കേതികവിദ്യ സുസ്ഥിരമായ മണ്ണ് പരിപാലനത്തെ പ്രോത്സാഹിപ്പിക്കുകയും മണ്ണൊലിപ്പും മണ്ണിൻ്റെ നശീകരണവും കുറയ്ക്കുകയും ചെയ്യുന്നു. ഇവയാണ് ഇലക്ട്രോണിക് സോയിൽ ടെക്നോളജിയുടെ പ്രയോജനങ്ങൾ.

ഇലക്‌ട്രോണിക് സോയിൽ ടെക്‌നോളജി സുസ്ഥിര കൃഷിയിൽ സുപ്രധാനമായ ഒരു കുതിച്ചുചാട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇലക്ട്രോണിക് സെൻസറുകളുടെയും ഉപകരണങ്ങളുടെയും ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ കർഷകർക്ക് മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാലിന്യങ്ങൾ കുറയ്ക്കാനും വിളവ് വർദ്ധിപ്പിക്കാനും കഴിയും.