ഒടുവിൽ ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രവും എത്തി!

ടെക് ലോകത്ത് എഐയുടെ വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിരവധി പുതിയ കണ്ടുപിടിത്തങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അത്തരത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഒരു വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ക്രിസ്റ്റീന ഏൺസ്റ്റനാണ് ഇതിന് പിന്നിൽ. ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രമാണിത് എന്നാണ് റിപോർട്ടുകൾ. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ മെഡൂസയുടെ പേരാണ് വസ്ത്രത്തിന് നൽകിയിരിക്കുന്നത്.

ഈ വസ്ത്രം നിർമ്മിക്കുന്നതിന്റെ വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ‘റോബോട്ടിക് മെഡൂസ ഡ്രെസ്സ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വസ്ത്രം നിർമ്മിക്കുന്ന ഘട്ടങ്ങൾ ഉൾപ്പടെ ഇതിൽ വിശദീകരിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള ഗൗണിന്റെ അരയിൽ സ്വർണനിറത്തിലുള്ള മൂന്ന് പാമ്പുകളും കഴുത്തിൽ ചുറ്റിയ ഒരു പാമ്പും ഉണ്ട്.

എഐയുടെ സഹായത്തോടെയാണ് ഇവ ചലിക്കുന്നത്. ഇതും വീഡിയോയിൽ കാണാം. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ക്രിസ്റ്റീന ഈ വസ്ത്രം നിർമ്മിച്ചത്.