ഇന്ന് ലോകം അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ അത്ര സന്തുഷ്ടരാണോ? അല്ല എന്നതാണ് അതിനുത്തരം. അന്താരാഷ്ട്ര സന്തോഷ ദിനത്തോട് അനുബന്ധിച്ച് പുറത്തുവന്ന ഐക്യ രാഷ്ട്രസഭയുടെ ഹാപ്പിനസ് ഇന്‍ഡക്‌സ് കണക്കുകള്‍ അനുസരിച്ച് ഇന്ത്യക്കാര്‍ തീരെ സന്തുഷ്ടരല്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത്തവണയും പതിവുപോലെ ഫിന്‍ലന്റ് തന്നെയാണ് ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായി ഇത് എട്ടാം തവണയാണ് ഫിന്‍ലന്റ് ഒന്നാം സ്ഥാനം നേടുന്നത്. രണ്ടാം സ്ഥാനത്ത് ഡെന്മാര്‍ക്കും മൂന്നാം സ്ഥാനത്ത് ഐസ്‌ലാന്റുമാണ്. സ്വീഡന്‍ ഇത്തവണ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്.
അഞ്ചാം സ്ഥാനത്ത് നെതര്‍ലാന്റ് തുടരുമ്പോള്‍, യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന ഇസ്രായേല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് പട്ടികയില്‍ ഇത്തവണ 24ാം സ്ഥാനത്ത് തുടരുമ്പോള്‍ അയല്‍രാജ്യമായ മെക്‌സിക്കോ പട്ടികയില്‍ പത്താം സ്ഥാനമാണ് നേടിയിരിക്കുന്നത്. 147 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 118ാം സ്ഥാനത്താണ്.
2024ല്‍ 126ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ പട്ടികയില്‍ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ യുക്രെയ്ന്‍, മൊസാംബിക്, ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍, പലസ്തീന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ഗാംബിയ, വെനസ്വേല തുടങ്ങിയ സംഘര്‍ഷ ബാധിത രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് മുകളിലാണ്.
Read more
പ്രതിശീര്‍ഷ വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സ്വന്തം ജീവിതത്തില്‍ സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, അവസര സമത്വം, സഹജീവികളോടുള്ള ഇടപെടല്‍, അഴിമതി, സാമൂഹിക സുരക്ഷ തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ളത്.